|^| Home -> Suppliments -> Familiya -> മറിയം – സ്ത്രീ ശാക്തീകരണത്തിനൊരു വഴികാട്ടി

മറിയം – സ്ത്രീ ശാക്തീകരണത്തിനൊരു വഴികാട്ടി

Sathyadeepam

ബെറ്റമ്സി ബാബു മഴുവഞ്ചേരി

നിത്യകന്യകയായവള്‍ – ദൈവസ്വരത്തിനായി ദാഹിച്ചു കാത്തിരുന്നു. പ്രവചനങ്ങളിലെ വിമോചകന്‍ നസ്രത്തിനെ സമീപിക്കുകയായിരുന്നു. വചനസ്വരം അവളുടെ പക്കലേയ്ക്ക് താണിറങ്ങി. ദൈവവചനം ശ്രവിച്ചവളാണ് മറിയം. ശ്രവിച്ച വചനത്തില്‍ വിശ്വസിച്ച് അതിനെ ഇഷ്ടപ്പെട്ടവള്‍. വെളിപ്പെട്ട ദൈവഹിതത്തെ മുപ്പത്തിമൂന്ന് വര്‍ഷം ഹൃദയത്തില്‍ സൂക്ഷിച്ചു കാത്തിരുന്നു. അവസാനം കാല്‍വരിയിലെ കുരിശുമരത്തില്‍ കണ്ണീരിന്‍റെ മഹാപ്രവാഹത്തില്‍ അവള്‍ അലിഞ്ഞുചേര്‍ന്നു. അവളാണ് മറിയം. ദൈവത്തിന്‍റെ അമ്മ.

മറിയത്തിന്‍റെ വിശ്വാസ മുഹൂര്‍ത്തങ്ങള്‍
ഗബ്രിയേല്‍ ദൈവദൂതന്‍ അവളുടെ അടുത്ത് വന്നു പറഞ്ഞു, “ദൈവ കൃപനിറഞ്ഞവളെ സ്വസ്തി!” നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം” (ലൂക്കാ 1:28). ഈ അഭിവാദന സ്വരത്തില്‍ അസ്വസ്ഥയായ മറിയം ദൈവവചനത്തെ ഹൃദയത്തില്‍ സംഗ്രഹിച്ചു. അതേപ്പറ്റി ഗാഢമായി ചിന്തിച്ച് അവള്‍ ആത്മാവിന്‍റെ അഗാധങ്ങളിലേക്കിറങ്ങി.

കേട്ട വചനങ്ങളിലെ ദൈവസ്നേഹത്തിന്‍റെ നിറവ് അവളുടെ കാല്‍പ്പാദങ്ങള്‍ക്ക് ശക്തിയേകിയെന്ന് പിന്നീടുള്ള മറിയത്തിന്‍റെ പ്രവൃത്തികളില്‍ കാണാം. ചാര്‍ച്ചക്കാരിയായ എലിസബത്ത് വാര്‍ദ്ധക്യത്തില്‍ ഗര്‍ഭിണിയായിരിക്കുന്നു എന്നറിഞ്ഞ് അവള്‍ക്ക് ശുശ്രൂഷ ചെയ്യുവാന്‍ യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേയ്ക്ക് തിടുക്കത്തില്‍ പുറപ്പെട്ടു.

ദൈവചനത്തില്‍ വിശ്വസിച്ച് മുന്നോട്ടു പോകുന്നവര്‍ക്ക് പരിശുദ്ധാത്മാവിന്‍റെ നിറവും ശക്തി യും കൈവരും എന്ന ഉറപ്പ് നമുക്ക് ഇവിടെ കാണാന്‍ കഴിയും. പ്രതിസന്ധികളില്‍ വചനത്തെ മുറുകെപിടിച്ച് മുന്നേറാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കഴിയണം.

കാനായിലെ വിശ്വാസ തീവ്രത
അവിടെ വീഞ്ഞു തികയാതെ വന്നപ്പോള്‍ മറിയം മകനോട് പറഞ്ഞു, “അവര്‍ക്ക് വീഞ്ഞില്ല.”
അവള്‍ക്ക് മകനില്‍ ആഴമായ വിശ്വാസം ഉണ്ടായിരുന്നു. അതിന്‍റെ അടയാളമാണ് അവള്‍ പറഞ്ഞ വാക്കുകള്‍. “നിങ്ങള്‍ അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍.” ജീവിതത്തിലെ സന്തോഷവും സമാധാനവുമാകുന്ന വീഞ്ഞ് തീര്‍ന്നുപോകുമ്പോള്‍ നമ്മെ രക്ഷക സവിധത്തിലേക്ക് ആനയിക്കുന്നത് പരിശുദ്ധ അമ്മയുടെ സാന്നിദ്ധ്യമാണ്.

ഒരു സ്ത്രീയുടെ പ്രഥമ കാര്യാലയം അവളുടെ കുടുംബമാണ്. തിരുകുടുംബത്തിന്‍റെ വിളക്കായ മറിയം നമ്മുടെ വഴിയില്‍ പ്രകാശം പരത്തിക്കൊണ്ട് നമ്മെ നയിച്ചു കൊണ്ടിരിക്കുകയാണ്.

ഇന്നത്തെ ലോകത്തില്‍ ‘സ്ത്രീശാക്തീകരണം” എന്നാല്‍ പലരും ധരിച്ചു വെച്ചിരിക്കുന്നത് തെറ്റായ കുറെ ധാരണകളാണ്.

സ്ത്രീകളുടെ കടമകള്‍
കുടുംബത്തെ നേര്‍വഴിക്ക് നയിക്കുന്നത്, അയല്‍ക്കാരോട് കരുണ കാണിക്കുന്നത്, സമൂഹത്തോട് കാരുണ്യം കാണിക്കുന്നത്, മക്കളെ ദൈവവിശ്വാസത്തില്‍ വളര്‍ത്തുന്നത്, മാതാപിതാക്കളെ ശുശ്രൂഷിക്കുന്നത്, ഭര്‍ത്താവിനോടൊപ്പം സ്നേഹപൂര്‍വ്വം വസിക്കുന്നത്. അങ്ങനെ അനവധി കാരുണ്യപ്രവര്‍ത്തികളിലൂടെ കടന്ന് പോകേണ്ടതാണ് ഓരോ സ്ത്രീ ജന്മങ്ങളും. മാതാവിന്‍റെ മക്കളായ നമുക്ക് ഈ പാതയിലൂടെ പോകുവാന്‍ ഇന്ധനം അവിടെ നിന്ന് ലഭിക്കും എന്ന വിശ്വാസം എന്നും നമ്മുടെ ഹൃദയത്തില്‍ സൂക്ഷിക്കാം.

രോഗിയായ ഭര്‍ത്താവ്, കുടിയനായ ഭര്‍ത്താവ്, സംശയരോഗിയായ ഭര്‍ത്താവ്, അസ്വസ്ഥരായ മാതാപിതാക്കള്‍, തെമ്മാടികളായ മക്കള്‍, വഴിതെറ്റി പോകുന്ന പെണ്‍മക്കള്‍, അപവാദ പ്രചരണങ്ങള്‍ നടത്തുന്ന അയല്‍ക്കാര്‍, അസൂയപ്പെടുന്ന സഹോദരങ്ങള്‍, സംശയദൃഷ്ടിയോടെ നോക്കുന്ന സമൂഹം… സഹനങ്ങളുടെ പല മാനങ്ങളിലൂടെ കടന്നു പോകുന്നു അമ്മ എന്ന ജന്മം. ഇവിടെ സ്നേഹപൂര്‍വ്വം ത്യാഗമനോഭാവത്തോടുകൂടി പരി. അമ്മയുടെ കൈപിടിച്ച് അതിനെ അതിജീവിക്കുന്ന സ്ത്രീയാണ് സ്ത്രീശാക്തീകരണത്തിന്‍റെ വലിയ മാതൃക.

ഇന്ന് നമ്മുടെ കുടുംബങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്താണ്? സ്വാര്‍ത്ഥരായ മാതാപിതാക്കള്‍, ഭക്ഷണം, പാര്‍പ്പിടം, ആര്‍ഭാടം ഒന്നിനും കുറവില്ലാതെ മക്കളെ വളര്‍ത്തുന്നു. മറ്റുള്ളവരുടെ ദുഃഖം കാണാന്‍ അവര്‍ക്ക് സമയമില്ല. ഭക്ഷണസാധനങ്ങളുടെ ഇല്ലായ്മയെപ്പറ്റി അവര്‍ക്ക് അറിവില്ല. മത്സരബുദ്ധിയോടെ അവരെ വളര്‍ത്തുന്നു (അവര്‍ വളരുന്നു). അവരവരുടെ സാമ്പത്തികസ്ഥിതിക്കപ്പുറമായി ആഘോഷങ്ങളെ അത്യാര്‍ഭാടങ്ങളാക്കി മാറ്റുന്നു. മൂല്യച്യുതി സംഭവിക്കുന്നത് ഈ മേഖലകളിലാണ്. ജീവിതം ആര്‍ഭാടമാണെന്ന് മക്കള്‍ കരുതുന്നു. വഴിയിലെ കല്ലുകളും മുള്ളുകളും അവര്‍ക്ക് അതിജീവിക്കാന്‍ ബുദ്ധിമുട്ടായിത്തീരുന്നു.

വിവാഹജീവിതം എത്ര മനോഹരമാണ്! കൂദാശകളില്‍ വിവാഹമെന്ന കൂദാശ വ്യത്യസ്തത പുലര്‍ത്തുന്നു. ബലിപീഠത്തി ന് മുന്നില്‍നിന്ന് ആശീര്‍വദിക്കപ്പെടുന്ന മനോഹരമായ കൂദാശയാണ് വിവാഹം.

ഓരോ വിവാഹസമയത്തും ബലിപീഠത്തിന്‍റെ ചുവട്ടിലേക്ക് നടന്നുവരുന്ന വധൂവരന്മാരോട് പരിശുദ്ധ അമ്മ പറയുന്നു: “ഇത് എന്‍റെ സ്ഥലമാണ്. ഇവിടെ നിങ്ങള്‍ക്ക് നില്‍ക്കാന്‍ സ്ഥലമില്ല. നിങ്ങള്‍ എന്‍റെ മടിയിലേക്ക് കയറി ഇരുന്നോളൂ.” അങ്ങനെ മാതാവിന്‍റെ മടിയിലിരുന്ന് കുടുംബജീവിതം ആരംഭിച്ചവരാണ് ക്രിസ്ത്യാനികളായ നാം ഓരോരുത്തരും. ഇവിടെ കുടുംബജീവിതം തുടങ്ങുന്ന ഓരോ മക്കള്‍ക്കും മാതാവിന്‍റെ മടിയിലിരുത്തി അമ്മിഞ്ഞപ്പാല്‍ കണക്കെ ആദ്യമായി തന്‍റെ മകന്‍റെ തിരുശരീരവും തിരുരക്തവും ഭക്ഷിക്കാന്‍ തരുന്നു. അമ്മയില്‍നിന്ന് കിട്ടുന്ന ആദ്യ മുലപ്പാലാണ് കുഞ്ഞിന് പ്രതിരോധശക്തി കൂട്ടുന്നത് എന്നത് പോലെ കുടുംബജീവിതത്തിന്‍റെ ആരംഭത്തില്‍ സ്വീകരിക്കുന്ന തിരുവോസ്തിയും തിരുരക്തവും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ നമ്മെ പ്രാപ്തരാക്കുന്നു. ഈശോയുടെയും മാതാവിന്‍റെയും അധിക സംരക്ഷണത്തിലാണ് വിവാഹമെന്ന കൂദാശ നടക്കുന്നത്. ഒന്ന് ഓര്‍ത്തുനോക്കൂ, എത്ര മനോഹരമായ രംഗം! സഹനശിരോമണിയായ മാതാവ് നമ്മെ സംരക്ഷിക്കും എന്ന ബോധ്യത്തോടെ മുന്നോട്ടു പോയിരുന്നെങ്കില്‍ ഒരു ഭാര്യയും ഭര്‍ത്താവും കുടുംബകോടതികളിലേക്ക് നീങ്ങുകയില്ല.

മനുഷ്യശരീരത്തെ കാര്‍ന്നുതിന്നുന്ന രോഗമാണ് കാന്‍സര്‍. കുടുംബജീവിതത്തെ പലതരത്തില്‍ കാര്‍ന്നുതിന്നുന്ന കാന്‍സറാണ് വിവാഹമോചനം. കുടുംബ ജീവിതത്തിന്‍റെ അവയവങ്ങള്‍ ആയ മക്കളെയാണ് വിവാഹമോചനമെന്ന കാന്‍സര്‍ കൂടുതല്‍ ആക്രമിച്ച് നശിപ്പിച്ചു കളയുന്നത്.

സഹനമാണ് ജീവിതത്തെ മഹത്വീകരിക്കുന്നത് എന്ന ബോധ്യം അമ്മമാരായ നാം നമ്മുടെ മക്കളിലേയ്ക്ക് പകര്‍ന്നു കൊടുക്കണം. വിവാഹത്തിന് ഒരു മാസം മുന്‍പോ, ഒരു വര്‍ഷം മുന്‍പോ കൊടുക്കേണ്ട പരിശീലനമല്ല ഇത്. മറിച്ച് കുഞ്ഞുനാളില്‍ തുടങ്ങി മറ്റുള്ളവരെ ബഹുമാനിക്കുവാനും, സ്നേഹിക്കുവാനും, എളിമപ്പെടുവാനും പ്രാപ്തരാക്കണം. തോല്‍വി അറിയാതെയുള്ള ജീവിതം ആപത്തിലേയ്ക്ക് അവരെ നടത്തും.

സഹനങ്ങളിലൂടെ കടന്നുപോയി താറുമാറായ കുടുംബാന്തരീക്ഷത്തെ നേടിയെടുക്കുന്നവള്‍ സ്ത്രീശാക്തീകരണത്തിന്‍റെ ഉത്തമമാതൃകയാണ്. സമൂഹത്തില്‍ നിരാംലംബയായവര്‍ക്കു വേണ്ടി സഹനപാതയിലൂടെ അവകാശങ്ങള്‍ നേടിയെടുത്ത സ്ത്രീജന്മങ്ങളെ ശാക്തീകരണത്തിന്‍റെ മാതൃകകളായി കാണാന്‍ നമുക്ക് കഴിയട്ടെ.

Leave a Comment

*
*