മറിയത്തിന്റെ മുറിപ്പാടുകൾ

മറിയത്തിന്റെ മുറിപ്പാടുകൾ

തന്നിലെ ശില്പത്തെ മെനയുവാന്‍ ശില്പിയുടെ കരത്തിലെ കൊത്തുളി ഉള്ളില്‍ സ്വീകരിച്ചവളാണു മറിയം. കൊത്തുളി ഉള്ളിലൂടെ തുളച്ചിറങ്ങിയപ്പോള്‍ പുളയാതെ അടരാതെ അവള്‍ നിലയുറപ്പിച്ചു നിന്നു. അവളെ കൊത്തിയൊരുക്കാനായി ഒരുങ്ങിയിരുന്നതു വെറുമൊരു ചെറുകൊത്തുളിയായിരുന്നില്ല. പിന്നെയോ വലിയൊരു വാള്‍! വിശ്വശില്പത്തെ മെനയുവാനുള്ള ആ ആയുധമാദ്യം മറിയത്തിന് എടുത്തുകാട്ടിയതു ശിമയോനാണ്. ജെറുസലേം ദേവാലയത്തില്‍ മറിയം തന്‍റെ കുഞ്ഞിനെ കാഴ്ചവച്ച നാളില്‍ ശിമയോന്‍ കുഞ്ഞിനെ കൈകളിലെടുത്തു. ദൈവത്തെ വാഴ്ത്തി. എന്നിട്ടു മറിയത്തോട് ആ വിളംബരം നടത്തി. 'നിന്‍റെ ആത്മാവിലൂടൊരു വാള്‍ തുളച്ചു കയറും.' ഈ വചനത്തില്‍ 'സീക്കേ' എന്നാണ് ആത്മാവിനുള്ള ഗ്രീക്ക് വാക്ക്. അതിനു ജീവനെന്നര്‍ത്ഥം. മറിയത്തിന്‍റെ ജീവനെ പിളര്‍ക്കുന്ന വാള്‍ എന്നതായിരുന്നു ശിമയോന്‍റെ വെളിപ്പെടുത്തല്‍. ശിമയോന്‍ ഈ വചനം ഉരുവിട്ടപ്പോള്‍ തന്നെ മറിയത്തിന്‍റെ പ്രാണനില്‍ക്കൂടി ഒരു വാള്‍ കടന്നുപോകുന്ന അനുഭവം അവള്‍ക്കുണ്ടാകാതിരുന്നിരിക്കില്ല. പിത്തഗോറസ് പറഞ്ഞതുപോലെ നാവുകൊണ്ടുള്ള മുറിവേല്പിക്കല്‍ വാളുകൊണ്ടുള്ളതിനേക്കാള്‍ കഠിനമാണ്.

വിശ്വശില്പമാകാനുള്ള വിളിയിലൊരു വാളിന്‍റെ നിഴലാട്ടമുണ്ട്. പുരുഷനെ അറിയാത്തവള്‍ ഗര്‍ഭിണിയാവുന്നുവെന്ന് അറിയിച്ചപ്പോള്‍ വാളിന്‍റെ മൂര്‍ച്ചയുള്ള ചിന്തകളാലവള്‍ നിറഞ്ഞുനിന്നു. മനുഷ്യബുദ്ധിക്കു നിരക്കാത്തതു സംഭവിക്കാന്‍ പോകുന്നു. ഇതില്‍ നാട്ടുകാരും വീട്ടുകാരും എങ്ങനെ പ്രതികരിക്കും? പ്രതിശ്രുതവരന്‍ തള്ളിപ്പറയില്ലേ? ഇത്തരം വേദനിപ്പിക്കുന്ന ചിന്തകള്‍ അവളെ അലട്ടി. വേദനിപ്പിക്കുന്ന കൂര്‍ത്തുമൂര്‍ത്ത ചിന്തകള്‍ക്കു വാളിന്‍റെ മൂര്‍ച്ചയുണ്ട്. അല്ല, വാളിനേക്കാള്‍ മൂര്‍ച്ചയുണ്ട്.

അപ്പത്തിന്‍റെ ഭവനമായ ബെത്ലഹേമും മറിയത്തിനു സമ്മാനിക്കുന്നതു വേദനകളുടെ വാളുകളാണ്. ഈറ്റുനോവിനൊപ്പം തല ചായ്ക്കാനൊരിടമില്ലാതെ അലയുന്ന അവസ്ഥ. നെഞ്ചകം പിളരാന്‍ വേറെന്തു വേണം? നിറവയറുമായി നെഞ്ചുനീറി നടക്കേണ്ടി വന്നവള്‍ മറിയം മാത്രമാണ്. അഭയം തേടുമ്പോള്‍ അപ്പത്തിന്‍റെ ഭവനങ്ങള്‍ കൊട്ടിയടയ്ക്കപ്പെടുന്നു.

കാനായിലെ കല്യാണനാളില്‍ സഹായം യാചിക്കുമ്പോള്‍ അവള്‍ അവഗണിക്കപ്പെടുകയായിരുന്നു. 'സ്ത്രീയേ എന്‍റെ സമയമായിട്ടില്ല' എന്ന പരുഷമായ വാക്കുകള്‍. അതിനു തീവ്രതയേറ്റാനായി, 'എനിക്കും നിനക്കുമന്തെന്ന' കൂട്ടിചേര്‍ക്കലും. എന്തിനു നമ്മള്‍ ആവശ്യമില്ലാതെ മറ്റുള്ളവരുടെ കാര്യത്തില്‍ തലയിടണമെന്നൊരു ഭാവം ആ ചോദ്യത്തിലുണ്ടായിരുന്നു. വാള്‍മുന വെച്ച ചോദ്യം. പക്ഷേ, മറിയം പിന്‍മാറിയില്ല. പരിചാരകരോടവള്‍ പറഞ്ഞു: 'അവന്‍ പറയുന്നതു നിങ്ങള്‍ ചെയ്യുക.'

വിശ്വശില്പി വിശ്വശില്പത്തിന് അവസാന കൊത്തുപണി നല്കിയതു വേദനയുടെ കാല്‍വരിയിലാണ്. അതൊരു ഉടച്ചുവാര്‍ക്കലായിരുന്നു. കുശവന്‍ താന്‍ മെനഞ്ഞുണ്ടാക്കിയ മണ്‍കലത്തെ ഉടച്ച് തനിക്കിഷ്ടപ്പെട്ട രൂപത്തില്‍ മെനയുന്നുവെന്ന ജെറെമിയായുടെ പ്രവചനമവിടെ (18:4) നിറവേറുകയായിരുന്നു. പെറ്റമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതു സ്വന്തം കുഞ്ഞുതന്നെ. കാല്‍വരിയില്‍ കുഞ്ഞിനെ അമ്മയില്‍ നിന്നും അടര്‍ത്തിമാറ്റുകയാണ്. സ്വന്തമായ അവസാനചീളും അവളില്‍ നിന്നും എടുത്തുമാറ്റുന്നു. ശില്പം പൂര്‍ണത കൈവരിക്കാന്‍ അവളുടെ മകന്‍ കുരിശില്‍ മരിക്കുമ്പോള്‍ സ്വന്തമെന്നു കരുതി നെഞ്ചിലേറ്റിയതെല്ലാം അവള്‍ക്കു നഷ്ടപ്പെടുകയാണ്. ആ നഷ്ടപ്പെടലിനു മറിയമേറ്റ വേദന കഠോരമാണ്. കാല്‍വരിക്കുന്നിലായിരുന്നില്ല അന്നു കുരിശുയര്‍ന്നത്, ആദ്യം അവളുടെ നെഞ്ചിലായിരുന്നു.

വേദനിക്കുന്ന മാനസങ്ങള്‍ക്കു സാന്ത്വനസങ്കേതമാണു മറിയം. രോഗക്കിടക്കയില്‍, വേദനയുടെ മുനമ്പുകളില്‍, തനിച്ചാകുന്ന വേളകളില്‍, ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുംപോലെ മാറാരോഗങ്ങള്‍ മാറാതെ പിന്തുടരുമ്പോള്‍, വേണ്ടപ്പെട്ടവര്‍ നമ്മെ വേണ്ടെന്നു കരുതുമ്പോള്‍ പരിശുദ്ധ അമ്മയെന്നും കൂട്ടിനുണ്ടാകും. നമ്മെ അവളൊരിക്കലും തനിച്ചാക്കില്ല. വേദനിച്ച അവള്‍ വേദനിക്കുന്നവരോടൊപ്പം ഇപ്പോഴും എപ്പോഴും മരണസമയത്തും അരികത്തുതന്നെയുണ്ടാകും. മരണശേഷവുമതിനു മാറ്റമുണ്ടാവില്ല. അതിനാലാണല്ലോ മരിയഭക്തനും സുപ്രസിദ്ധ വാഗ്മിയുമായിരുന്ന ബിഷപ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ അമ്മയെക്കുറിച്ചിങ്ങനെ പറഞ്ഞത്: 'ഞാന്‍ മരിച്ചു സ്വര്‍ഗത്തിലെത്തുമ്പോള്‍ കര്‍ത്താവെന്നോടു പറയും, എന്‍റെ അമ്മ താങ്കളെക്കുറിച്ച് ഇവിടെ പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്.'

അതേ മറിയമെന്നും എനിക്കൊപ്പമുണ്ടാകും. മദ്ധ്യസ്ഥയായി ദൈവരാജ്യ കുടുംബകൂട്ടായ്മയില്‍ പ്രവേശിക്കുമ്പോള്‍ അവള്‍ അരികിലുണ്ടാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org