മതബോധനത്തിന്‍റെ വെല്ലുവിളി

മതബോധനത്തിന്‍റെ വെല്ലുവിളി

ഒരു ക്രൈസ്തവനും മതബോധനപ്രക്രിയയില്‍നിന്ന് മാറിനില്‍ക്കാന്‍ ആവില്ല. അത് സ്വീകരിക്കുന്നതിലും കൊടുക്കുന്നതിലും പങ്കുവഹിച്ചേ പറ്റൂ. കുട്ടികള്‍ക്ക് എവിടെയാണ് വഴിതെറ്റിപ്പോകുന്നത്? എവിടെയാണ് ബന്ധങ്ങള്‍ പ്രത്യേകിച്ച്, ദാമ്പത്യബന്ധങ്ങളുടെ കണ്ണികള്‍ അറ്റുപോകുന്നത്? എവിടെയാണ് പ്രായമായവര്‍ ബാധ്യതയാകുന്നത്? എവിടെയാണ് ക്രിസ്തീയ കൂട്ടായ്മകള്‍ക്ക് സ്നേഹത്തിന്‍റെ മുഖം നഷ്ടപ്പെടുന്നത്? എന്തുകൊണ്ടാണ് എന്‍റെ അയല്‍വാസിയെക്കുറിച്ച് എനിക്ക് ഒന്നും അറിയാതെ വരുന്നത്? എവിടെയാണ് അന്യമതസ്ഥരോട് എനിക്ക് സ്നേഹവും സഹിഷ്ണുതയും കുറഞ്ഞുപോകുന്നത്? എന്തുകൊണ്ടാണ് അസമത്വത്തിന്‍റെ മുമ്പില്‍ ചൂഷണത്തിന്‍റെ മുമ്പില്‍ അധാര്‍മ്മികതയുടെ മുമ്പില്‍ എനിക്കു പ്രതികരിക്കാന്‍ പറ്റാത്തത്? ഉത്തരം കിട്ടാത്ത ഒത്തിരി ചോദ്യങ്ങള്‍. ഇവിടെയൊക്കെ മതബോധനത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ ചോദ്യം ചെയ്യപ്പെടുന്നു. ക്രിസ്തുഭാവത്തിലേക്ക് ഓരോ ക്രൈസ്തവനെയും രൂപപ്പെടുത്തുകയെന്നത് മതബോധനത്തിന്‍റെയും അതിനു നേതൃത്വം കൊടുക്കുന്നവരുടെയും കര്‍ത്തവ്യമാണ്. നമ്മുടെ കുട്ടികളില്‍ ക്രിസ്തു രൂപപ്പെടാന്‍ സഹായിക്കണം.

മതബോധനം അതിന്‍റെ തനിമ പ്രകടിപ്പിക്കാനും അതു കാര്യക്ഷമമാക്കാനും താഴെ വിവരിക്കുന്ന വെല്ലുവിളികളും രീതികളും ഏറ്റെടുക്കണമെന്ന് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം നമ്മെ ഉദ് ബോധിപ്പിക്കുന്നു.

മതബോധനം സഭയുടെ സുവിശേഷവത്കരണത്തിനുള്ള സാധുവായ ഒരു സേവനമായി കാണണം. മതബോധനം അതിന്‍റെ സവിശേഷ സ്വീകര്‍ത്താക്കളായിരുന്നവരെയും സ്വീകര്‍ത്താക്കളായി തുടരുന്നവരെയും അഭിസംബോധന ചെയ്യണം. കുട്ടികള്‍, കൗമാരപ്രായക്കാര്‍, യുവജനം, മുതിര്‍ന്നവര്‍, വിവിധ ജീവിതാന്തസ്സിലുള്ളവര്‍ എന്നിവരെയെല്ലാം മതബോധനം സംബോധന ചെയ്യണം. അതു വിശ്വാസികളുടെ വ്യക്തിത്വം രൂപപ്പെടുത്തണം. അതു ക്രൈസ്തവ അധ്യാപനവിദ്യയുടെ യഥാര്‍ത്ഥവും ഉചിതവുമായ വിദ്യാലയമായിരിക്കണം. അതു ക്രിസ്തുമതത്തിന്‍റെ മൗലികതത്ത്വങ്ങള്‍ അറിയിക്കണം. വിശ്വാസത്തിന്‍റെ അഗാധമായ സമ്പന്നതകളില്‍ വേദോപദേശകരെ സജ്ജരാക്കുകയും രൂപപ്പെടുത്തുകയും ചെയ്യുകയെന്നത് അതിന്‍റെ പ്രാഥമിക കടമയായി കരുതണം (നമ്പര്‍ 33). ഇത്തരത്തില്‍ കാലത്തിന്‍റെ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് വിശ്വാസികളെ രൂപപ്പെടുത്തി ലോകത്തില്‍ പ്രേഷിതരാക്കുകയെന്നത് മതബോധനത്തിന്‍റെ ഇന്നത്തെ സാധ്യതയും വെല്ലുവിളിയുമാണ്.

സ്വഭാവത്താലേ പ്രേഷിതയായ സഭയുടെ ആകമാനമായ സുവിശേഷവത്കരണ പ്രക്രിയയിലെ സുപ്രധാന ഘടകമാണ് മതബോധനം. മതബോധനം മാറ്റിനിറുത്തിയുള്ളൊരു അസ്തിത്വം സഭയ്ക്കില്ല. സഭയുടെ വലിയ ശുശ്രൂഷയും കടമയും ആണ് മതബോധനം. ഓരോ ക്രിസ്തുശിഷ്യന്‍റെയും അവകാശമായി മതബോധനത്തെ കാണുമ്പോള്‍ ഈ ശുശ്രൂഷയുടെ ഗൗരവം സഭ മനസ്സിലാക്കുന്നു. ഈ വലിയ ശുശ്രൂഷയില്‍ എല്ലാ സഭാതനയരും ഭാഗഭാഗിത്വം വഹിക്കേണ്ടവരാണ്. മതബോധനം സ്വീകരിക്കാനും മതബോധകരാകാനുള്ള വിളി ക്രിസ്തുശിഷ്യന്മാര്‍ക്ക് എല്ലാവര്‍ക്കുമുണ്ട്. ഈ വിളി സ്വീകരിച്ച് സഭയുടെ വളര്‍ച്ചയില്‍ നമുക്കും പങ്കുചേരാം ക്രിസ്തുവിന് സാക്ഷികളാകാന്‍ നമുക്ക് ഒരുങ്ങാം. അങ്ങനെ ക്രിസ്തു ശിഷ്യന്‍ സഭയോടൊത്ത് ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന കൂദാശകളായി മാറട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org