മക്കളെ വളര്‍ത്തുന്ന മാതാപിതാക്കളറിയാന്‍

മക്കളെ വളര്‍ത്തുന്ന മാതാപിതാക്കളറിയാന്‍

സണ്ണി കുറ്റിക്കാട്ട് സി.എം.ഐ.
ധര്‍മ്മാരാം കോളേജ്,
ബാംഗ്ലൂര്‍

പറഞ്ഞാല്‍ അനുസരിക്കാത്ത കുട്ടിയെ എന്താണു ചെയ്യുക?

എല്ലാ കുട്ടികളും ചില സമയങ്ങളില്‍ കുസൃതിയും അനുസരണക്കേടും കാണിക്കും. കൗമാരപ്രായത്തിലാണ് നിഷേധകസ്വഭാവം ഏറ്റവുമധികം പ്രകടമാക്കുന്നത്. വളരുന്ന വ്യക്തിയുടെ സ്വാതന്ത്ര്യവും ആത്മലക്ഷ്യം നേടുന്നതിന്‍റെ പ്രകടനവുമായി ഒരു പരിധിവരെയുള്ള അനുസരണക്കേട് ആരോഗ്യപരമായ ഒരു പ്രവണതയായി കണക്കാക്കുന്നതില്‍ തെറ്റില്ല. പറയുന്ന ഒരു കാര്യം ചെയ്യാന്‍ പറ്റില്ല എന്ന് ഒരു കുട്ടി പറയുമ്പോള്‍ അത് വ്യക്തിപരമായി കണക്കാക്കരുത്. നമ്മിലുള്ള പോരായ്മ മൂലം കുട്ടി നമ്മെ ദേഷ്യപ്പെടുത്താനോ ധിക്കരിക്കാനോ ആക്ഷേപിക്കാനോ അങ്ങനെ ചെയ്യുന്നതായി എപ്പോഴും അനുസരണക്കേടിനെ വ്യാഖ്യാനിക്കുന്നതും ശരിയല്ല.

അനുസരണമില്ലായ്മയെ മൂന്നു വിധത്തില്‍ വ്യാഖ്യാനിക്കാമെന്നു തോന്നുന്നു. ഒന്നാമതായി, ആജ്ഞയനുസരിക്കാനുള്ള വിസമ്മതം തുറന്നു പ്രകടമാക്കാതെ, പറഞ്ഞതനുസരിക്കാന്‍ താമസം വരുത്തുകയും കൊഞ്ഞനം കുത്തുകയും മുഖം വീര്‍പ്പിച്ചിരിക്കുകയും താന്‍ അനുഭവിക്കു ന്ന പ്രയാസങ്ങളെക്കുറിച്ച് പിറുപിറുക്കുകയും ചെയ്യുന്നവര്‍. പറയുന്ന കാര്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അനുസരിച്ചെങ്കിലും, അതിന്‍റെ പൊരുള്‍ മനസ്സിലാകാത്തമട്ടില്‍ പെരുമാറുന്നതും അനുസരണക്കേടിന്‍റെ പ്രകടനം തന്നെയാണ്. രണ്ടാമതായി, തുറന്ന വിരോധ പ്രകടനത്തോടെ അനുസരിക്കില്ല എന്ന് തീര്‍ത്തും പറഞ്ഞ് തന്‍റെ വാദം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നവര്‍. ഇനി മൂന്നാമത്തെ ഗണത്തില്‍പ്പെടുന്ന കുട്ടികളാകട്ടെ പറയുന്നതിനു നേരെ വിപരീതം ചെയ്യും. ഒച്ചവയ്ക്കാതിരിക്കാന്‍ പറഞ്ഞുപോയാല്‍ ഉറക്കെ അലറുകയും പാടുകയും ചെയ്തു ബഹളമുണ്ടാക്കുന്നവര്‍.

അനുസരണക്കേട് ഒരു നിത്യ ശീലമാക്കുമ്പോള്‍ എന്തിനോടും ഏതിനോടും ഒരു വിപരീതസ്വഭാവം ഒരു ജീവിതരീതിയായിത്തീരുന്നു. യുക്തിഹീനമാണെന്നറിയാമെങ്കിലും, മറ്റുള്ളവര്‍ പറയുന്നതെല്ലാം കണ്ണടച്ചെതിര്‍ക്കുകയും, അനുസരിക്കാതിരിക്കുകയും ചെയ്യും. നിരന്തരമുള്ള അനുസരണക്കേടിന് പ്രേരകമായി പല കാരണങ്ങളും ചൂണ്ടിക്കാണിക്കാന്‍ പറ്റും.

ചില മാതാപിതാക്കള്‍ മക്കളെ ഒരു കാരണവശാലും വേദനിപ്പിക്കരുതെന്നു കരുതി, അവരുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും വഴങ്ങിക്കൊടുത്തും, അരുത് എന്ന് ഒരിക്കലും താക്കീത് നല്കാതെ വളര്‍ത്തിയും മക്കള്‍ക്ക് ശിക്ഷണബോധം ഇല്ലാതാക്കിത്തീര്‍ക്കുന്നു.

അപ്പന്‍റെയോ അമ്മയുടെയോ വാക്കിന് ഇനിയൊരു മറുവചനമില്ല എന്നു വിചാരിക്കുന്ന അധികാരഭ്രാന്തുള്ള രക്ഷിതാക്കളും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അവരുടേതായ പങ്കുവഹിക്കുന്നുണ്ട്. മക്കളുടെ ഏതു പ്രവൃത്തിയും അവര്‍ക്കെതിരായി വിലയിരുത്തി, നൂറു ശതമാനം മേന്മ പ്രതീക്ഷിച്ച്, അവരെ സ്ഥിരം വഴക്കു പറയുകയും, അധികാരം അടിച്ചേല്പിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ അനുനിമിഷം മക്കളില്‍നിന്ന് അനുസരണം ആവശ്യപ്പെടുന്നു.

മാതാപിതാക്കള്‍ക്കുതന്നെ ശിക്ഷണ രീതികളെക്കുറിച്ച് ഭിന്നാഭിപ്രായം ഉണ്ടാകുമ്പോള്‍ ഇത് അവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും അത് മക്കളുടെ ശിക്ഷണത്തിലും വ്യക്തിത്വവികസനത്തിലും കരിനിഴല്‍ വീഴ്ത്തുകയും ചെയ്യും. അതുപോലെ ജീവിതത്തിലെ വിവിധ സമ്മര്‍ദ്ദങ്ങള്‍ മൂലം പല മാതാപിതാക്കളും കുട്ടികളുടെ വ്യക്തിജീവിതത്തെ പ്രതികൂലമായി ബാധിക്കത്തക്കരീതിയില്‍ ജോലി സ്ഥലത്തെ പ്രശ്നങ്ങള്‍ കൊണ്ടോ അനാരോഗ്യം മൂലമോ ദാമ്പത്യ പ്രയാസങ്ങള്‍ തുടങ്ങിയ വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണമോ രക്ഷകര്‍ത്താവ് എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ അവര്‍ക്ക് നിറവേറ്റാന്‍ കഴിയാതെ പോകുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ ക്രിയാത്മകതയോ മനഃശക്തിയോ ഉള്ള കുട്ടികള്‍, അവരവരുടെ വാസനകളനുസരിച്ച് താന്തോന്നികളായി വളരാന്‍ ഇടയാകുന്നു.

വികൃതികളിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഒരു കൂട്ടര്‍ ശ്രമിക്കുമ്പോള്‍ പൊരുത്തക്കേടുകള്‍ ഉള്ളിലൊതുക്കി മറ്റുള്ളവര്‍ക്ക് കൂടുതല്‍ ശാന്തമായ ജീവിതാന്തരീക്ഷം ലഭ്യമാക്കാന്‍ ചില കുട്ടികള്‍ സ്വയം നിസ്സഹകരണഭാവം ഒരു ശീലമാക്കാറുണ്ട്. ഇത്തരക്കാര്‍ മറ്റുള്ളവരുടെ കോപപ്രകടനങ്ങള്‍ക്ക് ഇരയായിത്തീരാനുള്ള സാധ്യത വളരെ കൂടുതലാണ്. താന്‍ ജീവിക്കുന്ന സമൂഹത്തിലെ മൂല്യങ്ങളോടും നിയമങ്ങളോടും ഒട്ടുംതന്നെ ആദരവു കാണിക്കാത്ത മാതാപിതാക്കളുടെ മക്കളും മുതിര്‍ന്നവരോട് പൊതുവേ അനാദരവ് കാണിക്കുന്നവരായിരിക്കും.

മക്കളില്‍ സഹകരണ മനോഭാവവും വിശാലമായ കാഴ്ചപ്പാടുകളും വളര്‍ത്തിയെടുക്കാന്‍ അവരെ അമിതമായ ലാളനയില്‍നിന്നും അമിതമായ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കുകയാണ് മാതാപിതാക്കള്‍ പ്രധാനമായും ചെയ്യേണ്ടത്.

മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുമായി സ്ഥാപിക്കുന്ന സൗഹൃദത്തിനെ ആശ്രയിച്ചായിരിക്കും അവര്‍ മാതാപിതാക്കള്‍ക്കു നല്കുന്ന അംഗീകാരവും അവരില്‍ അര്‍പ്പിക്കുന്ന വിശ്വാസവും. എല്ലാ ദിവസവും കുറച്ചുസമയമെങ്കിലും മക്കളെ ശ്രദ്ധിക്കാനും അവരുമായി അവര്‍ക്ക് സന്തോഷമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടാനും മാതാപിതാക്കള്‍ക്ക് സാധിക്കണം. രാത്രി ഉറങ്ങുന്നതിനു മുമ്പ് അല്പസമയം മക്കളുമായി സംസാരിച്ചിരിക്കണം. ശാന്തമായ അന്തരീക്ഷത്തില്‍ സന്ദര്‍ഭോചിതമായ രീതിയില്‍ ചില പെരുമാറ്റ തത്ത്വങ്ങള്‍ അവര്‍ക്കു പറഞ്ഞുകൊടുക്കുകയും ചെയ്യണം.

തങ്ങളുടെ മക്കളുടെ വ്യക്തിത്വത്തെ മാതാപിതാക്കള്‍ ബഹുമാനിക്കുകയും, അവരുടെ ആശയങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും തക്കതായ പ്രാധാന്യം നല്കി, അവയുമായി കഴിയുന്നതും സഹകരിക്കാന്‍ അവര്‍ സന്നദ്ധരാകണം. ഇങ്ങനെ മാതാപിതാക്കള്‍ നല്കുന്ന സഹകരണത്തിനും അംഗീകാരത്തിനും മക്കള്‍ മടക്കി നല്‍കുന്നത് അവരുടെ അനുസരണശീലവും സഹകരണവുമായിരിക്കും. മറ്റൊരു പ്രധാനപ്പെട്ട കാര്യം തങ്ങളുടെ സംരക്ഷണത്തില്‍ വളരുന്ന മക്കളെ തങ്ങളുടെ മനോഭാവങ്ങള്‍ വളരെ ആഴമായ രീതിയില്‍ സ്വാധീനിക്കുന്നുണ്ട് എന്ന തിരിച്ചറിവ് മാതാപിതാക്കള്‍ക്ക് ഉണ്ടായിരിക്കണം എന്നതാണ്. സാമൂഹ്യനിയമങ്ങളും ചട്ടങ്ങളും മൂല്യങ്ങളും വേണ്ട രീതിയില്‍ ഉള്‍ക്കൊള്ളാതെ, ജീവിതത്തില്‍ അവയ്ക്ക് മുന്‍തൂക്കം നല്കാതെ അവയ്ക്ക് വിരുദ്ധമായ രീതിയില്‍ മാതാപിതാക്കള്‍ പ്രവര്‍ത്തിച്ചാല്‍ മക്കള്‍ അതുകണ്ട് പഠിക്കുകയും അവര്‍ സാമൂഹ്യനിയമങ്ങളോടും ചിട്ടകളോടും മൂല്യങ്ങളോടും അവഗണനയും പുച്ഛവും കാണിക്കുകയും ചെയ്യും.

എപ്പോഴും മക്കളെ കൂടുതലായി മനസ്സിലാക്കാന്‍ കഴിയുന്നത് അവരുടെ മാതാപിതാക്കള്‍ക്കാണ്. അവരുടെ വ്യക്തിത്വവളര്‍ച്ചയുടെ തോതും പക്വതയും പ്രത്യേക ജീവിതകാഴ്ചപ്പാടുകളും മനസ്സിലാക്കായിട്ടുള്ള അവരുടെ മാതാപിതാക്കള്‍ തന്നെയാണ് അവര്‍ക്ക് അനുയോജ്യമായ ഉപദേശങ്ങള്‍ നല്കാന്‍ ഏറ്റവും പ്രാപ്തരായ വ്യക്തികള്‍.

മാതാപിതാക്കള്‍ മക്കള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കുമ്പോള്‍ കാരണങ്ങള്‍ കഴിയുന്നത്ര വിശദമായി പറയുക. ഒരു നിര്‍ദ്ദേശം നല്കുമ്പോള്‍ അതിനടിസ്ഥാനമായ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നതാണ് നല്ലത്. യുക്തിപൂര്‍വ്വം മനസ്സിലാക്കിയാല്‍ കുട്ടികള്‍ സ്വയം ചിന്തിച്ച് അനുസരിക്കുവാന്‍ സന്നദ്ധരാകും. കൂടാതെ തങ്ങളുടെ മുതിര്‍ന്നവര്‍ തങ്ങള്‍ക്കും ഒരു സ്ഥാനം നല്കുന്നു എന്നു മനസ്സിലാക്കിയാല്‍ അവരുടെ ആത്മവിശ്വാസം വളരും.

ക്രൂരമായ ശിക്ഷകള്‍ ഒരിക്കലും മക്കള്‍ക്ക് നല്കരുത്. ശിക്ഷയുടെ കാരണം അവര്‍ക്ക് മനസ്സിലാകണം. അതേസമയം നിങ്ങള്‍ അവരെ സ്നേഹിക്കുന്നുവെന്നും; അവര്‍ ചെയ്ത തെറ്റായ പ്രവൃത്തിക്കാണ് തങ്ങള്‍ ശിക്ഷിക്കപ്പെടുന്നതെന്നും അവര്‍ മനസ്സിലാക്കിയിരിക്കണം. മറ്റുള്ളവരുടെ മുമ്പില്‍ തരം താഴ്ത്തുകയോ തല്ലുകയോ ഉച്ചത്തില്‍ ദ്വേഷ്യപ്പെടുകയോ ചെയ്യുന്നത് അവരുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. അതേ സമയം അവരുടെ അനുസരണശീലത്തെ പ്രോത്സാഹിപ്പിക്കുകയും പ്രശംസിക്കുകയും വേണം. അനുസരണക്കേടിന് ശിക്ഷിക്കുകയും അനുസരണയെ അവഗണിക്കുകയും ചെയ്യുന്നത് ശരിയായ കാഴ്ചപ്പാടല്ല.

കുട്ടികള്‍ക്ക് അംഗീകാരവും അവരുടെ വ്യക്തിത്വത്തിന് വേണ്ടത്ര പരിഗണനയും നല്കിയാല്‍ അവര്‍ തങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുകയും അവരുടെ ആഗ്രഹങ്ങളെ മാനിക്കുകയും ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org