Latest News
|^| Home -> Suppliments -> Familiya -> മാതൃകയാക്കാനൊരമ്മ-1

മാതൃകയാക്കാനൊരമ്മ-1

Sathyadeepam

മാതൃപാഠങ്ങള്‍

ഷൈനി ടോമി

കാണുന്നതും കേള്‍ക്കുന്നതും ആകര്‍ഷകമാകുമ്പോള്‍ അതു സ്വന്തമാക്കണമെന്നു മോഹം തോന്നും. ഗള്‍ഫില്‍ ജോലിക്കുപോയി മടങ്ങുന്നവരെല്ലാം അവിടുന്നു വിശാലമായ അകത്തളങ്ങളുള്ള എ.സി. വീടുകള്‍ കണ്ട് മോഹിച്ച് നാട്ടില്‍ അതുപോലൊന്ന് പണിയും. അതു കാണുന്ന നാട്ടുകാരന്‍ അതിനോടു മോഹം തോന്നി വായ്പയെടുത്ത് അതുപോലൊന്നു പണിയും. അമേരിക്കയിലും ഓസ്ട്രേലിയയിലും ഒക്കെ പണി തേടിപ്പോയവരും മോഹിക്കുന്നതും കെട്ടിപ്പടുക്കുന്നതും അവിടത്തുകാരുടെ ഭ്രമാത്മക ഭൗതീക സുഖസൗകര്യങ്ങളുടെ ആവര്‍ത്തനം മാത്രമാണ്. നമുക്കു സ്വന്തമാക്കാന്‍ കഴിയാതെ പോകുന്ന ഭൗതീക സമ്പന്നതയെ കീഴടക്കാന്‍ നമ്മുടെ മക്കളേയും നമ്മള്‍ പരുവപ്പെടുത്തുന്നു. ഒരു പോരുകാളയുടെ ശൗര്യത്തോടെ കുഞ്ഞുങ്ങള്‍ പലതും നേടുന്നു. അതുകണ്ടു കയ്യടിക്കുന്ന നമ്മള്‍ മറന്നു പോകുന്ന ഒന്നുണ്ട്: കുഞ്ഞുങ്ങളുടെ നൈര്‍മ്മല്യത്തോടും, നിസ്വാര്‍ത്ഥതയോടും സഹാനുഭൂതിയോടും കൂടി ജീവിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ലെന്ന്.

വിജയങ്ങളെല്ലാം കാപ്സ്യൂള്‍ രൂപത്തില്‍ വാങ്ങിയെടുക്കാവുന്നതാണെന്നാണ് പുതിയ തലമുറയുടെ വിചാരം. അതുകൊണ്ടാണവര്‍ സ്വന്ത ഇഷ്ടസാദ്ധ്യത്തിനായി തടസം നില്‍ക്കുന്നവരെയെല്ലാം നിര്‍വ്വികാരരായി തട്ടിക്കളയുന്നത്.

ലോകത്തിനു നന്മ നല്‍കാന്‍ കഴിഞ്ഞിട്ടുള്ളവരും അവരുടെ അമ്മമാരും വിവേകികളും ക്ഷമാശീലരും സഹിക്കാന്‍ കഴിയുന്നവരും ആയിരുന്നു എന്ന് ശ്രദ്ധിച്ചാല്‍ ആര്‍ക്കും തിരിച്ചറിയാവുന്നതേയുള്ളു. വന്‍ പരാജയങ്ങളില്‍ നിന്നും തകര്‍ച്ചകളില്‍ നിന്നും മറ്റും പാഠം പഠിച്ച് എളിമയോടെ ജീവിച്ചവരാണവരിലേറെയും.

2018-ല്‍ ഇരുന്നു ജീവിതത്തെ നോക്കുമ്പോള്‍ ഞാനാലോചിക്കുന്നത് നമ്മള്‍ അമ്മമാര്‍ക്ക് എന്തുകൊണ്ടാണ് ഒളിമങ്ങാത്ത പുഞ്ചിരിയോടെ ജീവിക്കാന്‍ കഴിയാതെ പോകുന്നത് എന്നാണ്. ടെക്നോളജി, നമ്മുടെ ശാരീരിക ക്ലേശങ്ങളെല്ലാം തള്ളിമാറ്റിയിരിക്കുന്നു. വിദ്യാഭ്യാസം നമുക്ക് സ്ത്രീ പുരുഷ സമത്വം നേടിത്തന്നു. സ്വാതന്ത്ര്യബോധം നമ്മെ ലജ്ജയില്ലാതെ തല ഉയര്‍ത്തി ജീവിക്കാന്‍ പഠിപ്പിച്ചു. എന്നിട്ടും, പരാതിയും പരിഭവവും സങ്കടങ്ങളും ഒക്കെ കൂട്ടിനില്ലാതെ നമുക്കു മുന്നേറാന്‍ കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്? നമുക്കില്ലാത്ത സന്തോഷമോ സമാധാനമോ നമ്മുടെ മക്കള്‍ക്കു കൈമാറാന്‍ നമുക്കു കഴിയുമോ?

അപ്പോള്‍ സന്തോഷമായിരിക്കുവാന്‍ കഴിയുക എന്നതാണു പ്രധാനം. എങ്ങനെയാണു സന്തോഷമായി ഇരിക്കാന്‍ കഴിയുക എന്നതുതന്നെയാണ് നമ്മുടെ ഇന്നത്തെ ചിന്താവിഷയം.

ആരോഗ്യമുള്ളപ്പോള്‍ അതോര്‍മ്മിച്ച് നമ്മള്‍ സന്തോഷിക്കില്ല. പക്ഷെ, രോഗം വന്നാല്‍ സങ്കടപ്പെടും. സമ്പത്തുള്ളപ്പോള്‍ തൃപ്തരാകില്ല. നഷ്ടം വരുമ്പോള്‍ ആധി ആയി. കുട്ടി മിടുക്കനാണെന്ന് അവനോട് സമ്മതിക്കില്ല, കൂടുതല്‍ മാര്‍ക്ക് വാങ്ങേണ്ടിട്ട്. മാര്‍ക്ക് കുറഞ്ഞാലോ, വലിയ പ്രശ്നവുമായി.

ഏറ്റവും വലിയ നഷ്ടത്തിന്‍റെ നേരത്തുപോലും സമചിത്തത കൈമോശം വരാതെ ദൈവം ദാനമായി നല്‍കിയ ജീവിതത്തെ നന്ദിപൂര്‍വ്വം സ്വീകരിച്ച ഒരമ്മയുണ്ട്. ആ അമ്മയുടെ ജീവിതവഴികളിലൂടെ ഒരു സഞ്ചാരമാകട്ടെ ഇനി. മാതൃകയാക്കാന്‍ ഒരു മനോഹരമാതൃകയുള്ളപ്പോള്‍, ഇരുട്ടില്‍ തപ്പേണ്ട കാര്യമില്ല. ചുളിവോ കറയോ ഇല്ലാത്ത ജീവിതം സ്വന്തമാക്കിയ ആ മഹതി പരിശുദ്ധ കന്യകാമറിയം തന്നെയാണ്.

മറിയം തന്‍റെ കുഞ്ഞിനെ മുലപ്പാലൂട്ടി കുഞ്ഞു തൃപ്തിയോടെ ഉറങ്ങി. അതുകണ്ട് മറിയവും സന്തോഷത്തോടെ വിശ്രമിച്ചു. താനും കുടുംബവും അപ്പോള്‍ ഇരിക്കുന്ന ഇടത്തെ പോരായ്മകളൊന്നും അവളെ അലട്ടിയില്ല. അതുകൊണ്ട് അവളുടെ ഭര്‍ത്താവിന് അസ്വസ്ഥത ഉണ്ടായില്ല. കുഞ്ഞിനും അസ്വസ്ഥത ഉണ്ടായില്ല. യാത്രകളിലെല്ലാം, മറിയം കുഞ്ഞിനെ മുലയൂട്ടി. കുഞ്ഞ് വിശപ്പ് മാറ്റി, ദാഹം മാറ്റി. പല്ലു മുളച്ചപ്പോള്‍ തന്‍റെ കൈ കൊണ്ട് മറിയം അപ്പമുണ്ടാക്കി മകനു കൊടുത്തു അവനു കഴിക്കാന്‍ പാകത്തിന്. ആ പാകം മറിയത്തിനല്ലാതെ മറ്റാര്‍ക്കാണ് അറിയാന്‍ കഴിയുക. തന്‍റെ കൊച്ചുവീട്ടില്‍ സന്തോഷകരമായ ഒരാര്‍ഭാടം അവള്‍ ഉണ്ടാക്കിയെടുത്തത് നന്ദിപൂര്‍വ്വം ദൈവം നല്‍കിയ ദാനങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ്. ഭൗതീക ആര്‍ഭാടങ്ങളൊന്നും ആ വീട്ടില്‍ ഉണ്ടാകാതിരുന്നതുകൊണ്ടാണ് ആത്മീയാനന്ദം നിലയ്ക്കാതെ അവിടെ ഒഴുകിയിറങ്ങിയത്. രാജാക്കന്മാര്‍ നല്‍കിയ പൊന്നും പണവും മറിയം തീര്‍ച്ചയായും പൊതിഞ്ഞുകെട്ടി വച്ചിട്ടുണ്ടാവില്ല. ഒക്കെ ഉപയോഗിച്ചു തീര്‍ന്നിട്ടുണ്ടാവും. ആഹാരത്തിനുള്ളതിലധികം ഉണ്ടാക്കിവക്കുന്നിടത്തുനിന്നാണ് അസന്തുഷ്ടിയുടെ ആരംഭം എന്നാണ് എന്‍റെ പൊട്ട ബുദ്ധിയില്‍ തോന്നുന്നത്.

മറിയം വച്ചുവിളമ്പിയ ആഹാരത്തിന്‍റെ ഊര്‍ജ്ജത്തിലാണ് യേശു ലോകപാപങ്ങള്‍ ശരീരത്തില്‍ ചുമന്നത്. താന്‍ ഊട്ടിവളര്‍ത്തിയ മകന്‍ ബലിയായപ്പോഴും മറിയം പരിഭവിച്ചില്ല. പരാതി പറഞ്ഞില്ല. മകന്‍റെ സഹനങ്ങള്‍ സ്വന്തം ഹൃദയത്തില്‍ സംവഹിച്ച് ദൈവേഷ്ടത്തിനു കീഴ് വഴങ്ങി. മകനെ തകര്‍ത്തവരോട് ശാപവാക്കുകളൊന്നും പറഞ്ഞില്ല. നന്മയുടെ നിറവായ അമ്മയുടെ മകനെ ഭൂമിക്ക് അഴുകിക്കാന്‍ കഴിഞ്ഞില്ല. മകന്‍റെ ഉയിര്‍പ്പിന് അമ്മയും കൂടി കാരണക്കാരിയാണ്. അമ്മ വച്ചു വിളമ്പിയ ആഹാരമാണ് മകന്‍റെ ശരീരകോശങ്ങളെന്നുംകൂടി നമുക്ക് ഓര്‍ത്തുവയ്ക്കാം.

Leave a Comment

*
*