ഈ കൊറോണ കാലത്ത്

ഈ കൊറോണ കാലത്ത്

മാതൃപാഠങ്ങള്‍

ഷൈനി ടോമി

മക്കളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കള്‍ എടുക്കേണ്ട
നിലപാടുകളെക്കുറിച്ചും കരുതലിനെക്കുറിച്ചും ഒരമ്മയുടെ
ജീവിതകാഴ്ചകളുടെ പംക്തി….

കൊറോണാ ഭീതി, നമ്മള്‍ മാതാപിതാക്കളെയും മക്കളെയും പലതും പഠിപ്പിച്ചു! എങ്ങനെയാണ് ആരോഗ്യകരമായ സാമൂഹിക ബന്ധം നിലനിര്‍ത്തേണ്ടതെന്ന് നമുക്ക് ഇതിനു മുമ്പ് അറിയുമായിരുന്നോ? ആവശ്യമില്ലാതെ മറ്റുള്ളവരുടെ സ്വകാര്യതയെ വിറ്റു പണമുണ്ടാക്കുക, സത്യസന്ധരും നിഷ്ക്കളങ്കരുമായ മനുഷ്യരെ അപകീര്‍ത്തിപ്പെടുത്തി തമാശ ആക്കുക, ലോകം മുഴുവന്‍ ചുറ്റിക്കറങ്ങാന്‍ ആരെ ദ്രോഹിച്ചും യാത്ര തരപ്പെടുത്തുക, ഞാനാണ് ഏറ്റവും വലിയവന്‍ എന്നു കാണിക്കാന്‍ തിളങ്ങുന്ന കുപ്പായങ്ങളിലും മേക്കപ്പിലും ഒളിക്കുക തുടങ്ങി എന്തെല്ലാം തിരക്കുകളായിരുന്നു നമുക്ക്. കുട്ടികള്‍ക്ക് അവധിക്കാലമെന്നാല്‍ മാളുകളും, വീട്ടര്‍തീം പാര്‍ക്കുകളും ആയിരുന്നു. ഒരാഴ്ചകൊണ്ട് എല്ലാ ശീലങ്ങളും മാറിയിരിക്കുന്നു. ആഹാരം സ്വയം പാകം ചെയ്യുന്നത് ആളുകള്‍ ശീലമാക്കി. ജംഗ്ഫുഡ് കുട്ടികള്‍ക്ക് ഇപ്പോള്‍ ആവശ്യമില്ല. അവധിക്കാലം അച്ചടക്കത്തോടെ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നു. മാതാപിതാക്കള്‍ അവരെ വീട്ടുജോലികളില്‍ പങ്കുചേര്‍ക്കുന്നു. പരസ്പരം കലഹിക്കാതെ, യുദ്ധം ചെയ്യാതെ വീടുകളില്‍ ആയിരിക്കാന്‍ യുവാക്കളും പരിചയിച്ചു.

അച്ചടക്കമുള്ള ഒരു ജീവിതരീതി പരിചയിക്കാന്‍ ഒരു ചെറിയ ജാഗ്രതാ നിര്‍ദ്ദേശത്തിന് നമ്മെ സഹായിക്കാന്‍ കഴിഞ്ഞു. നമ്മുടെ മക്കള്‍ക്ക് അച്ചടക്കമുള്ള ഒരു ജീവിതശൈലി രൂപപ്പെടുത്താന്‍ നമുക്ക് അവരെ സഹായിച്ചു കൂടെ?

ജാഗ്രത ജീവിതത്തിലുടനീളം ആവശ്യമാണ്. ശരീരത്തിനുള്ളിലെ ജീവന്‍ സംരക്ഷിക്കുവാനുള്ള ജാഗ്രത! അനാവശ്യ യാത്രകള്‍ കുറഞ്ഞപ്പോള്‍ റോഡപകട വാര്‍ത്തകള്‍ ഇല്ലാതായിരിക്കുന്നു. ബൈക്കപകടങ്ങളില്‍ കേരളത്തില്‍ മാത്രം നിത്യേന എന്നോണം എത്ര യുവതീ യുവാക്കളാണ് മരിച്ചു കൊണ്ടിരിക്കുന്നത്. സ്വരക്ഷ ഉറപ്പാക്കി വാഹനം ഓടിക്കാനുള്ള ജാഗ്രത അവര്‍ക്കില്ലായിരുന്നു എന്നു പറഞ്ഞാല്‍ നിങ്ങളും അംഗീകരിക്കില്ലേ? ജാഗ്രത ആവശ്യമാണ് മണ്‍ചെപ്പിലെ നിധിപോലെ, സര്‍വ്വശക്തന്‍ ഒളിച്ചു വച്ചിരിക്കുന്ന നമ്മുടെ ജീവനെ സംരക്ഷിക്കാന്‍.

"അവനവന്‍ സുരക്ഷിതരായിരിക്കുക അതാണു ചെയ്യേണ്ടത്;" ആരോഗ്യപ്രവര്‍ത്തകര്‍ നല്കുന്ന നിര്‍ദ്ദേശമാണ്. ആദ്യം സ്വയം സുരക്ഷിതത്വം ഉറപ്പാക്കുക; അടുത്ത ഘട്ടമാണ് ചുറ്റുമുള്ളവരുടെ സുരക്ഷിതത്വം. ഈ പാഠം പുതിയ തലമുറ പഠിക്കേണ്ടത് അത്യാവശ്യമാണ്.

സ്വയം സുരക്ഷിതനായിരിക്കുവാനറിയാത്ത ഒരാള്‍ക്ക് മറ്റാരേയും സുരക്ഷിതനാക്കാന്‍ കഴിയില്ല. ഇതു പറയുമ്പോള്‍ ആരും സ്വയം 'ക്രിസ്തു'വിനോട് താരതമ്യം ചെയ്യരുത്. ക്രിസ്തു ദൈവമായിരുന്നു. സ്വയം സ്വീകരിച്ച ശരീരം സ്വയം നഷ്ടപ്പെടുത്തി ഒരു ജനത്തെ പാപത്തില്‍ നിന്നും ശാപത്തില്‍ നിന്നും മോചിപ്പിച്ചു. ക്രിസ്തു മോചിപ്പിച്ച മനുഷ്യര്‍ക്ക് ജീവന്‍ ഉണ്ടായിരിക്കും. ജീവന്‍ സമയത്തിന്‍റെ പൂര്‍ണ്ണത വരെ സുരക്ഷിതമായിരിക്കേണ്ടതുമാണ്.

അന്യരുടെ ജീവന്‍ എന്നതുപോലെ സ്വന്തം ജീവനും നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. സ്വന്തം ആരോഗ്യം നശിപ്പിക്കുന്നതു പ്രകൃതിവിരുദ്ധതയാണ്. മയക്കുമരുന്നുകളില്‍നിന്ന് യുവാക്കള്‍ രക്ഷപ്പെടേണ്ടത് അതുകൊണ്ടാണ്.

ഈ കൊറോണക്കാലത്തെ ജാഗ്രത നമുക്കു ശീലമാക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ മക്കളെ സമര്‍ത്ഥരാക്കിത്തീര്‍ക്കുവാന്‍ നമുക്കു കഴിയും. മനുഷ്യര്‍ കൂടുതല്‍ സമയം വീടുകളില്‍ കഴിയട്ടെ; വാഹനബാഹുല്യം താനെ കുറയും. അതു മൂലമുള്ള വായു മലിനീകരണവും, അപകടമരണങ്ങളും. യാത്രകള്‍ ആവശ്യത്തിനു മാത്രം മതി എന്ന് നമുക്ക് തീരുമാനം എടുത്താലോ?

അടുക്കളയിലുണ്ടാക്കുന്ന ഭക്ഷണം മാത്രം മതിയെന്നു വച്ചാല്‍, ആരോഗ്യം സംരക്ഷിക്കപ്പെടും. വീട്ടിലുള്ളവരുടെ എല്ലാം സഹകരണം അതിലേക്ക് നിര്‍ബന്ധമാക്കിയാല്‍, പരസ്പരമുള്ള അകലം കുറയും. വീട്ടിലുള്ളവര്‍ പരസ്പരം മനസ്സിലാക്കിയാല്‍, തിരുത്തലും സാന്ത്വനവും എളുപ്പമാകും. വീടിനു പുറത്തുപോയി വികൃതി കാട്ടുന്ന സ്വഭാവം താനെ കുറയും.

ഒറ്റതിരിഞ്ഞ് നശീകരണ സാദ്ധ്യതയുള്ള ഓണ്‍ലൈന്‍ കളികളില്‍ അഭിരമിക്കാനുള്ള പ്രേരണയും സാഹചര്യവും, വീട്ടിനുള്ളിലെ ആളനക്കംമൂലം താനെ കുറയും. തീവ്രവാദത്തിലേക്കു കുട്ടികളെ ആകര്‍ഷിക്കുന്ന കോക്കസുകള്‍ക്ക് വീടിന്‍റെ പുറംചുവരുകള്‍ തടസ്സമായിക്കൊള്ളും.

ദുരന്തമുഖത്തുനിന്നും പഠിച്ച നന്മകള്‍ കൈവിട്ടുപോകാതെ നമുക്കു സംരക്ഷിച്ചു കൂടേ?

കൊറോണയ്ക്കു ശേഷമുള്ള ലോകം കൂടുതല്‍ സുന്ദരമായിരിക്കട്ടെ! നമ്മളാരും സര്‍വ്വശക്തരല്ലെന്നും, പ്രകൃതിയുടെ തിരുത്തലിനു മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ മനുഷ്യനു കഴിയില്ലെന്നും തിരിച്ചറിഞ്ഞ് ഉള്ളിലെ സന്തോഷം കണ്ടെത്താനുമാകട്ടെ! അതുകണ്ട് നമ്മുടെ മക്കള്‍ നല്ല മാതൃകകള്‍ പരിശീലിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org