അമ്മ ആരാണ്?

അമ്മ ആരാണ്?

മാതൃപാഠങ്ങള്‍

ഷൈനി ടോമി

കാമുകനോടൊപ്പം രണ്ടു മക്കളുടെ അമ്മ ഒളിച്ചോടിപ്പോയി. പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം ചവറുകൂനയില്‍ കണ്ടു. ഭര്‍ത്താവിനേയും മക്കളെയും ഉപേക്ഷിച്ച് സ്ത്രീ കാമുകനോടൊപ്പം പോയി. ആസൂത്രിതമായി സ്വന്തം കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. ഈയടുത്ത പത്രവാര്‍ത്തകളാണിതൊക്കെയും. ഇപ്പോള്‍ ഇതൊക്കെ സാധാരണ വാര്‍ത്തകള്‍ ആയിരിക്കുന്നു.

അയലത്തെ പൂച്ച എന്‍റെ പുറം പുരയില്‍ വന്നു പെറ്റു. മൂന്നു കുഞ്ഞുങ്ങള്‍. എനിക്കു പൂച്ചയെ ഇഷ്ടമല്ല. ഞാനതിനെ പേടിപ്പിച്ചു. ഞാന്‍ മാറിയപ്പോള്‍ തള്ളപ്പൂച്ച ഓരോ കുഞ്ഞിന്‍റെയും കഴുത്തു കടിച്ചുപിടിച്ച് മതിലുചാടി സ്വന്തം വീടിന്‍റെ കാര്‍ഷെഡ്ഡില്‍ കൊണ്ടുപോയി സുരക്ഷിതമായി കിടത്തി. ഇത് എല്ലാ മൃഗങ്ങളുടെയും കുഞ്ഞുങ്ങളോടുള്ള പൊതു വികാരമാണ്. കുഞ്ഞു വളരുംവരെ പെണ്‍പൂച്ച ആണ്‍പൂച്ചകളെ ഒഴിവാക്കിയാണു നടപ്പ്. ഇത്തരം സ്വാഭാവിക പ്രവണതകള്‍ പോലും മനുഷ്യ അമ്മമാര്‍ക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണോ? ഇതാണോ ശാസ്ത്രം പറയുന്ന പുതിയ പരിണാമം; മനുഷ്യന്‍ പുതിയ രാക്ഷസ സൃഷ്ടിയായി പരിണമിക്കുമോ?

പരീക്ഷയില്‍ തോറ്റുപോയെങ്കിലോ എന്നു ഭയന്ന് റിസള്‍ട്ടു വരുന്നതിന്‍റെ തലേന്ന് ആത്മഹത്യ ചെയ്ത ഒരു പെണ്‍കുട്ടിയെ ഓര്‍മ്മ വരുന്നു. അത്രയേറെ ലോലഹൃദയരാണു മനുഷ്യക്കുഞ്ഞുങ്ങള്‍. അവര്‍ക്കു സംരക്ഷണമേകാനാണ് പ്രകൃതി അമ്മമാരെ, സൃഷ്ടിച്ചിരിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങള്‍ എന്തെല്ലാം അപകടകരമായ സാഹചര്യങ്ങളിലൂടെയാണു കടന്നുപോകുന്നത്. മയക്കു മരുന്നു കാരിയറുകള്‍, ലൈംഗിക ചൂഷകര്‍, പലതരം മാഫിയാ സംഘങ്ങള്‍….

വീടുകളില്‍ അമ്മമാര്‍ ഇല്ലാത്തവര്‍ക്ക് സ്കൂളുകളില്‍ അമ്മമാരെ കിട്ടാറുണ്ടായിരുന്നു. ഇപ്പോഴും കിട്ടുന്നുണ്ട്. പക്ഷെ, എല്ലാ അദ്ധ്യാപകര്‍ക്കും അതിനു കഴിയണമെന്നില്ല. പാഠ്യപദ്ധതിയുടെ പകുതിഭാഗം വ്യക്തിത്വ പരിക്കുകള്‍ പരിഹരിച്ച് സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യം വച്ചുള്ളതായാല്‍ കുറെ കുഞ്ഞുങ്ങളെ കൂടി, അമ്മ സ്നേഹം അനുഭവിപ്പിക്കുവാന്‍ കഴിയും.

അമേരിക്കന്‍ മാഗസിനായ ന്യൂസ് വീക്ക് 2013-ല്‍ ഒരു സര്‍വ്വേ നടത്തി. ലോകത്തെ ഏറ്റവും സമര്‍ത്ഥരായ 25 വിദ്യാര്‍ത്ഥിനികളെ തെരഞ്ഞെടുത്തു. മലാല യൂസഫിനൊപ്പം ആ പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യാക്കാരി ആയിരുന്നു ശ്വേത എന്ന പെണ്‍കുട്ടി. ശ്വേത ചുവന്ന തെരുവില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയാണ്. അവളുടെ അമ്മ ലൈംഗിക തൊഴിലാളിയും. അവിടെ സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരദ്ധ്യാപിക ശ്വേതയുടെ പഠിക്കുവാനുള്ള കഴിവ് ശ്രദ്ധിച്ചു. അവളുടെ സാഹചര്യം അറിയാമായിരുന്ന അവര്‍ അവളെ പഠിക്കുവാന്‍ സഹായിച്ചു. പത്താം ക്ലാസ് പാസ്സായ ശ്വേതയെ സഹായിക്കുവാന്‍ ഒരു അമ്മ വന്നു. ചുവന്ന തെരുവിലെ കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ക്രാന്തി എന്ന സംഘടനയുടെ സ്ഥാപകയായ റോബിന്‍. റോബിന്‍ ശ്വേതക്കു കൗണ്‍സിലിംഗ് നല്കി. വേണ്ട സഹായങ്ങള്‍ നല്കി പതിനൊന്നാം ക്ലാസ്സില്‍ ചേര്‍ത്തു. പന്ത്രണ്ടാം ക്ലാസ്സ് ഉയര്‍ന്ന മാര്‍ക്കോടെ ശ്വേത പാസ്സായി. റോബിന്‍, ശ്വേതയെ പിന്നീട് യു.എസില്‍. വിട്ട് പഠിപ്പിച്ചു. സത്യത്തില്‍ റോബിന്‍ അവളുടെ അമ്മ തന്നെയല്ലേ.

മറ്റൊരു സംഭവം കൂടി ഇതോടു ചേര്‍ത്തുവയ്ക്കുന്നു. ഒരു നല്ല അമ്മയുടെ സഹായം കിട്ടാതെ പോയോ ഇയാള്‍ക്ക് എന്ന സന്ദേഹത്തോടെ… വമ്പന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് മൂന്ന് എം.എ. ഡിഗ്രി എടുത്ത ഒരാള്‍ പോലീസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി വന്നു. എസ്.പി. ജോസഫ് സാറിന്‍റെ കീഴില്‍. അദ്ദേഹം പോലീസ് ട്രെയിനിംഗ് കോളേജില്‍ നിയമം പഠിപ്പിക്കുന്ന കാലം. പുതിയ അസിസ്റ്റന്‍റ് വീട്ടില്‍ വരാറില്ലെന്നും പണം തരുന്നില്ലെന്നും ഭാര്യയുടെ പരാതി. വിവരം അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി ഒരു നാഗമാണി ക്യം സംഘടിപ്പിക്കാനുള്ള ഓട്ടത്തില്‍ ആണു താന്‍ എന്നായിരുന്നത്രേ. വയസ്സനായ സര്‍പ്പം വിഷം വായിലിട്ട് ഉരുട്ടി ഉരുട്ടി വര്‍ഷങ്ങള്‍കൊണ്ട് മാണിക്യം ആകും അത്രേ. അതിന് കോടികളാണ് മൂല്യം പോലും.

ഉന്നത വിദ്യാഭ്യാസം നേടിയ, സമ്പന്നരും അഭ്യസ്ഥവിദ്യരുമായ മാതാപിതാക്കളുടെ മകനുമായ ഒരു യുവാവ്, സ്വന്തം ജീവിതം ഇരുട്ടിലാക്കിയ ഒരു വഴി.

ഇത്തരം വിവേകശൂന്യമായ വിവേചനബോധമില്ലാത്ത അഭ്യസ്ത വിദ്യരായ ധനികയുവാക്കളെ സൃഷ്ടിക്കുന്ന അമ്മമാരെ ആണോ ആവശ്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org