കരുണ വറ്റരുതേ

കരുണ വറ്റരുതേ

മാതൃപാഠങ്ങള്‍

ഷൈനി ടോമി

'പെറ്റ' എന്നൊരു അന്താരാഷ്ട്ര സംഘടനയുണ്ട്. പെറ്റ മൃഗങ്ങളോടു കാരുണ്യം പ്രകടിപ്പിക്കുന്ന സംഘടനയാണ്. കംപാഷനേറ്റ് കിഡ് (കരുണയുള്ള കുട്ടി) എന്നൊരു അവാര്‍ഡ് നല്കുന്നുണ്ട്. ഇതിനുമുമ്പ് ഇന്ത്യയിലെ കുട്ടികള്‍ക്കാര്‍ക്കും ഈ അവാര്‍ഡ് കിട്ടിയതായി അറിവില്ല. പക്ഷേ, ഇത്തവണ അതു സംഭവിച്ചിരിക്കുന്നു. മിസ്സോറാം സ്വദേശിയായ ഡെറിക് ആണ് ആ ജേതാവ.് ഡെറിക് ഒന്നാം ക്ലാസ്സിലാണു പഠിക്കുന്നത്. അവന്‍ സൈക്കിള്‍ ചവിട്ടി രസിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഒരു കോഴിക്കുഞ്ഞ് അവന്‍റെ സൈക്കിളിനു കുറുകെ ചാടി; ആക്സിഡന്‍റ്!! കുഞ്ഞു ഡെറിക് വല്ലാതെ വിഷമിച്ചു. അവന്‍ കോഴിക്കുഞ്ഞിനെയുമെടുത്തു തൊട്ടടുത്ത ആശുപത്രിയിലേയ്ക്കോടി. പോക്കറ്റിലെ പത്തു രൂപ എടുത്തു നീട്ടിക്കൊണ്ട് അവന്‍ അവരോടു കോഴിക്കുഞ്ഞിനെ സുഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ഈ പ്രവൃത്തി അവന് അന്താരാഷ്ട്ര പുരസ്കാരം നേടിക്കൊടുത്തു. കാരുണ്യം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. സൃഷ്ടികളിലെല്ലാം ദൈവകരുണ വ്യാപിച്ചിട്ടുണ്ട്. പക്ഷേ, ഇന്നു മനുഷ്യന്‍ കരുണയെ ഗൗരവമായെടുക്കുന്നില്ലെന്നു കരുതണം. കനിവ് എല്ലാ കുഞ്ഞുങ്ങളിലും സ്വാഭാവികമായി ഉണ്ട്. എങ്കിലും നമ്മള്‍ മുതിര്‍ന്നവര്‍ അതിനെ മുളയിലെ നശിപ്പിക്കാറുണ്ട്. കടുത്ത മത്സരബുദ്ധി കുത്തിവച്ച്.

ശ്രീലങ്കയിലെ പീഡിപ്പിക്കപ്പെട്ട ക്രൈസ്തവ സമൂഹത്തിന്‍റെ സംയമനം പാര്‍ലമെന്‍റില്‍ പ്രശംസിക്കപ്പെട്ടു എന്നു വാര്‍ത്ത കാണുമ്പോള്‍ എന്താണു തോന്നുന്നത്? ക്രിസ്തുവിനെ നോക്കുന്നവര്‍ക്കല്ലാതെ ആര്‍ക്കാണ് ഇത്രമാത്രം കാരുണ്യം ചൊരിയാന്‍ കഴിയുക എന്നല്ലേ!

ലങ്കയിലെ പള്ളിയില്‍ പൊട്ടിത്തെറിച്ച ചാവേര്‍ അരക്ഷിത യുവാവായിരുന്നില്ലത്രേ: സമ്പന്നനും അഭ്യസ്തവിദ്യനും ഭാര്യയും കുഞ്ഞും അനുജനും മാതാപിതാക്കളുമൊക്കെയുള്ള ഒരു അരോഗദൃഢഗാത്രന്‍. പക്ഷേ, രോഗാതുരമായിരുന്നു ആത്മാവ്. കടുത്ത അജ്ഞതയിലായിരുന്നു അവന്‍റെ മനസ്സ്. അന്ധവിശ്വാസത്താല്‍ കരുണ വറ്റിയ ഹൃദയവും ഏതു പ്രതികൂലത്തിലും കരുത്തു പകരുന്ന ഉയിര്‍പ്പനുഭവം ആഘോഷിക്കുന്നവരോടുള്ള കടുത്ത അസൂയ അവനില്‍ ആത്മനിന്ദ ഉളവാക്കിയിരിക്കണം. അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും പ്രേരണയാല്‍ സാധുക്കളായ കുറേ ശുദ്ധാത്മാക്കളെ കൊല്ലാന്‍വേണ്ടി സ്വന്തം ജീവന്‍ നശിപ്പിക്കുമോ? പ്രേരിപ്പിക്കുന്ന അങ്ങ് എന്തുകൊണ്ടാണു ചാവേര്‍ ആകാത്തത് എന്നെങ്കിലും ചോദിക്കേണ്ടതല്ലേ?

ഭൗതിക സമൃദ്ധിയും സുഭിക്ഷതയുമൊക്കെ ആരെയും സംതൃപ്തരാക്കുന്നില്ല. ജ്ഞാനവചനങ്ങള്‍ക്കേ മനസ്സിനെ സംതൃപ്തമാക്കാന്‍ കഴിയുകയുളളൂ. സത്യസന്ധമായ ജ്ഞാനവാക്കുകളുടെ ഇല്ലായ്മയാണ് ഈ യുഗത്തിന്‍റെ ദൈന്യം.

പണ്ടും ഇതാണു നടന്നത്. അജ്ഞതമൂലം അന്ധരായിപ്പോയ, സത്യം അതിന്‍റെ അധികാരികള്‍, സത്യത്തെ (ക്രിസ്തുവിനെ) പീഡിപ്പിച്ചു കൊന്ന സത്യത്തിന് മരണമില്ല എന്നറിയാനുള്ള വിവേകം അവര്‍ക്കില്ലാതെ പോയി. അടച്ചു പൂട്ടിയ കല്ലറ ഭേദിച്ച് സത്യം ഉയിര്‍ത്തു. സത്യസന്ധരായ, നിഷ്കളങ്കരായ എല്ലാ പീഡിതര്‍ക്കും പ്രത്യാശയും ക്ഷമയും കാരുണ്യവും ലഭിക്കുന്നത് ഈ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവില്‍ നിന്നാണ്. എത്ര പേര്‍ക്കു വേണമെങ്കിലും സ്വീകരിക്കാന്‍ കഴിയുന്നത്ര ഊര്‍ജ്ജം ഉത്ഥിതന്‍റെ പക്കലുണ്ട്. അതറിയാതെ പോയതുകൊണ്ടാണു ചാവേറുകളായി അവര്‍ ചിതറിയത്. ആ ഊര്‍ജ്ജം ഉള്‍ക്കൊണ്ടതുകൊണ്ടാണ് ചിന്നിച്ചിതറിയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ കണ്‍മുമ്പില്‍ കണ്ടിട്ടും ക്ഷമിക്കാനും പൊറുക്കാനും സഭയ്ക്കു സാധിച്ചത്.

…എങ്കിലും സ്നേഹിക്കുന്നതിനേക്കാള്‍ വെറുക്കാന്‍ പഠിക്കുന്നു. ക്ഷമയേക്കാള്‍ അക്ഷമ പഠിക്കുന്നു. കനിവിനേക്കാള്‍ സ്വാര്‍ത്ഥത പരിശീലിക്കുന്നു. സത്യത്തേക്കാള്‍ കാപട്യം ഇഷ്ടപ്പെടുന്നു. ഇന്നത്തെ ശീലങ്ങള്‍ സ്വായത്തമാക്കി വളരുന്ന നമ്മുടെ മക്കള്‍ക്ക് എന്തു നന്മയാണു സമൂഹത്തിനു നല്കാനാകുക? ഭൂമിക്കും പ്രകൃതിക്കും സഹജീവികള്‍ക്കും നല്കാനാകുക?

നാളെ നമ്മുടെ വാര്‍ദ്ധക്യത്തില്‍ അവര്‍ക്ക് എങ്ങനെ നമ്മോടു കരുണ കാണിക്കാന്‍ കഴിയും? ക്രിസ്ത്യാനികള്‍ എന്നഭിമാനിക്കുന്ന നമുക്കു ക്രിസ്തുവിനെ പ്രതിധ്വനിപ്പിക്കാനും പ്രതിബിംബിക്കാനുമുള്ള ചുമതലയുണ്ട്. ഗാന്ധിജി ക്രിസ്തുവിനെയാണ് അനുകരിച്ചത്.

ഗാന്ധിജിയുടെ ക്ഷമ, ലാളിത്യം, സഹനശക്തി, സ്നേഹം ഒക്കെ ക്രിസ്തുവിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഇപ്പോഴും. അസത്യത്തില്‍നിന്ന് ഇനിയെങ്കിലും സത്യത്തിലേക്കു നമ്മുടെ കുഞ്ഞുങ്ങളെ വഴിനടത്താം. മൃത്യുവില്‍ നിന്ന് അമര്‍ത്യതയിലേക്കും കാപട്യം ഹീനമാണെന്നും അസത്യം പറയരുതെന്നും ദ്രോഹം ചെയ്യരുതെന്നും മുലപ്പാലിനൊപ്പം ഓതിഓതി കുഞ്ഞുകാതുകളില്‍ ജ്ഞാനവചസ്സുകളുടെ മുഴക്കം നിറയ്ക്കാന്‍ അമ്മയ്ക്കു കഴിയും. അമ്മയ്ക്കേ കഴിയൂ! കരുണ വറ്റരുതേ, കുഞ്ഞിളം മനതാരില്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org