നമ്മുടെ കൗമാരക്കാർ

നമ്മുടെ കൗമാരക്കാർ

മാതൃപാഠങ്ങള്‍

ഷൈനി ടോമി

മക്കളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കള്‍ എടുക്കേണ്ട
നിലപാടുകളെക്കുറിച്ചും കരുതലിനെക്കുറിച്ചും ഒരമ്മയുടെ
ജീവിതകാഴ്ചകളുടെ പംക്തി….

ചതി ഭൂമിയില്‍ ആദ്യമുണ്ടായത് എന്നാണ്? മനുഷ്യനുണ്ടായ നാള്‍ മുതലേ ചതിയും ഉണ്ടായി എന്നു വേണം കരുതാന്‍. മൃഗങ്ങള്‍ക്ക് ആരേയും ചതിക്കാന്‍ അറിയില്ല. ആദ്യ മനുഷ്യന്‍ ആദത്തെയും, അവന്‍റെ ഭാര്യ ഹവ്വയേയും ചതിച്ചത്, സര്‍പ്പത്തിന്‍റെ രൂപത്തില്‍ വന്ന പിശാച് ആയിരുന്നു. പിന്നീട് അവരുടെ മക്കള്‍ ഒരാള്‍ മറ്റൊരാള ചതിച്ചുകൊന്നു. ഭൂമിയിലെ ചതിക്ക് ഒരവസാനമുണ്ടാകുമോ? അതോ ചതിയുടെ മോഹവലയം മനുഷ്യരെ കുടുക്കിലാക്കിക്കൊണ്ടേ ഇരിക്കുമോ?

എനിക്കില്ലാത്ത ഒരു നന്മ മറ്റൊരാള്‍ അനുഭവിക്കുന്നതു കാണുമ്പോള്‍ എന്നില്‍ അതിനോടു മോഹം ഉണ്ടാകുമ്പോള്‍ എനിക്കു മുമ്പില്‍ രണ്ടു മാര്‍ഗ്ഗമുണ്ട് അത് സ്വന്തമാക്കാന്‍.

കഠിനാദ്ധ്വാനത്തിന്‍റേയും ക്ഷമാപൂര്‍വ്വമുള്ള കാത്തിരിപ്പിന്‍റേയും സത്യമാര്‍ഗ്ഗവും, തട്ടിയെടുക്കല്‍ എന്ന ചതിയുടെ എളുപ്പമാര്‍ഗ്ഗവും. ഇതില്‍ ഏതു തിരഞ്ഞെടുക്കുന്നു എന്നത് എന്‍റെ വ്യക്തിപരമായ തീരുമാനമാണ്. കഠിനാദ്ധ്വാനത്തിലൂടെ കാത്തിരുന്നു കിട്ടുന്ന നന്മ നല്കുന്ന, ആത്മസംതൃപ്തിയും, അഭിമാനവും ആനന്ദവും ചതിച്ചു നേടിയ തിന്മയ്ക്കു തരാനാകില്ല; നേടിയതിനോടു മതിപ്പും തോന്നില്ല. മറ്റൊന്നിനോടു മോഹം തോന്നും. ഉടനെ തന്നെ അക്കരപ്പച്ചകള്‍ മനസ്സിനെ വേട്ടയാടിക്കൊണ്ടേ ഇരിക്കും. പുതിയ പുതിയ ചതിയുടെ തന്ത്രങ്ങള്‍ അയാള്‍ മെനഞ്ഞുകൊണ്ടേയിരിക്കും. ഒരുപാടു നിറമുള്ള നേട്ടങ്ങള്‍ അവര്‍ എഴുന്നള്ളിച്ചു നടക്കുന്നതു കണ്ട്, ചില കൗമാരക്കാര്‍ ഇവരുടെ വഴി തേടിപ്പോകുന്നു. ജീവിക്കാന്‍ വേണ്ടി, ചതിക്കാം എന്നൊരു തീരുമാനം അവര്‍ തിരഞ്ഞെടുക്കുന്നു.

ചതിയന്മാരുടെ എണ്ണം കൂടുമ്പോള്‍ തമ്മില്‍ തല്ലും, അന്തഃച്ഛിദ്രവും കൊലപാതകവും ഉണ്ടാകുന്നു. ഇവര്‍ക്കു ചുറ്റും ഉള്ളവരുടേയും ജീവിതത്തിന്‍റെ സ്വച്ഛതയും സൗകുമാര്യവും, ഇവരുടെ പ്രവര്‍ത്തികള്‍ വഴി ഇല്ലാതാകുന്നു. വെറുപ്പിന്‍റേയും വൈരാഗ്യത്തിന്‍റേയും അശ്രാന്തതയോടെ തന്നെയാവും ഇവര്‍ മരണത്തോളവും ജീവിക്കുന്നതും. ഇതാണു മനുഷ്യന്‍റെ ഏറ്റവും വലിയ ദുരന്തം. ജീവിതത്തിന്‍റെ സുഖശീതളിമ അനുഭവിക്കാതെ ആസ്വദിക്കാതെ മരിക്കേണ്ടി വരുന്നതു പരാജയമാണ്.

ചതിക്കാതെ സത്യസന്ധതയോടെ സ്വന്തം വിയര്‍പ്പുകൊണ്ട് ആഹാരം കഴിച്ചു ജീവിച്ചാലോ? നമുക്കാര്‍ക്കുമത് നിറമില്ലാത്ത ജീവിതമായിരിക്കാം. മണ്ടന്‍ എന്നോ, ജീവിക്കാനറിയാത്തവന്‍ എന്നോ, പരിഹാസപൂര്‍വ്വം മറ്റുള്ളവര്‍ വിഷമിപ്പിച്ചേക്കാം. പക്ഷേ, അയാള്‍ അനുഭവിക്കുന്ന ജീവിതത്തിന്‍റെ മഴവില്ലനുഭവങ്ങള്‍ സ്വന്തമാക്കാന്‍ മറ്റാര്‍ക്കും കഴിയില്ല. പൊടിപ്പും തൊങ്ങലും വച്ച് അയാളതാര്‍ക്കും വര്‍ണ്ണിച്ചു കൊടുക്കാറുമില്ല. ആത്മാഭിമാനശോഭയുള്ള ആത്മീയൗന്നത്യവും മാനസീക സന്തോഷവും സ്വച്ഛതയും മരണത്തോളം അയാള്‍ക്കു കൂട്ടിനുണ്ടാകും. തന്‍റെ പരിമിത സാഹചര്യത്തില്‍നിന്ന് അയാള്‍ ചെയ്യുന്ന പരസ്നേഹ പ്രവര്‍ത്തികള്‍ക്ക് മനുഷ്യരുടെ മുമ്പില്‍ വിലകുറഞ്ഞാലും അയാള്‍ക്കത് ആനന്ദത്തിന്‍റെ അമൂല്യ കണികകളാകും. മരണനേരത്തെ അനുഭവമാണ് ഒരാളെ വിജയിയോ പരാജിതനോ ആക്കിത്തീര്‍ക്കുന്നത്. എന്തെന്നാല്‍ മരണത്തോളമല്ലേ നമ്മുടെ ശരീരത്തിന് അനുഭവങ്ങളുള്ളൂ. സംതൃപ്തിയോടെ ശാന്തമായി മരിക്കാന്‍ കഴിയുന്നവരാണ് വിജയികള്‍.

നമ്മുടെ ചില കുഞ്ഞുങ്ങള്‍ കുഞ്ഞുങ്ങളല്ലാതായിരിക്കുന്നു. ഒരു കുഞ്ഞുവസ്തുവിനു വേണ്ടിപ്പോലും കൂട്ടുകാരനെ കൊല്ലാന്‍ തുനിയുന്നു. കൊലപാതകം ഒളിപ്പിക്കാന്‍ ബുദ്ധി ഉപയോഗിക്കുന്നു. പിടിക്കപ്പെടാതിരിക്കാന്‍ അഭിനയിക്കുന്നു. ഈ കുഞ്ഞ് എത്രപേരെയാണ് നിസ്സാരമായി ചതിക്കുന്നത്. സ്നേഹിതനെ, മാതാപിതാക്കളെ, അദ്ധ്യാപകരെ, സമൂഹത്തെ, നിയമവ്യവസ്ഥയെ…. ഒക്കെ ചതിക്കാന്‍ കൗമാരക്കാര്‍ക്കു ധൈര്യമുണ്ട്.

നമുക്കു ചുറ്റും ഒരുപാടു നല്ല കുട്ടികള്‍ ഉണ്ട്. പക്ഷെ, വ്യക്തിത്വ വൈകൃതമുള്ള കുട്ടികളുടെ എണ്ണം കൂടുന്നുണ്ട്. ഇവരെ തിരുത്തണം. സമൂഹത്തിനുപദ്രവകാരികളാകാന്‍ വിട്ടുകളയരുത്. ജാഗ്രതയോടെ, നിരീക്ഷിക്കാം. തിരുത്താം കുറ്റവാസന ഉള്ള കുട്ടികളെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org