
മാതൃപാഠങ്ങള്‍
ഷൈനി ടോമി
മക്കളുടെ സ്വഭാവരൂപീകരണത്തില്‍
മാതാപിതാക്കള്‍ എടുക്കേണ്ട
നിലപാടുകളെക്കുറിച്ചും കരുതലിനെക്കുറിച്ചും
ഒരമ്മയുടെ ജീവിതകാഴ്ചകളുടെ പംക്തി….
സ്കൂളില്‍ പോയ കുഞ്ഞ് കൂട്ടുകാരന്‍റെ ബാഗില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു. കൂട്ടുകാരനും മോഷ്ടിച്ചതാണത്; സ്വന്തം വീട്ടില്‍നിന്ന്. അറിഞ്ഞും പറഞ്ഞും അന്വേഷണം തുടങ്ങിയത് ഒരാഴ്ച കഴിഞ്ഞാണ്. ഒടുവില്‍ കള്ളനെ പിടിച്ചു. പ്രിന്‍സിപ്പാള്‍ മാതാപിതാക്കളെ വിളിച്ചുവരുത്തി. സ്വന്തം കുഞ്ഞിന്‍റെ തെറ്റ് തിരുത്തുന്നതിനു പകരം അവര്‍, മൊബൈല്‍ കൊണ്ടുവന്ന കുട്ടിയുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തി. 'മോഷണ'ത്തെ കൗതുകംമൂലം കുട്ടി എടുത്തുപോയി എന്നു നിസ്സാരവത്ക്കരിച്ചു.
ആരൊക്കെയാണു തെറ്റുകാര്‍ എന്ന അന്വേഷണം അല്ല ഇന്നത്തെ ചിന്താവിഷയം.
"എന്‍റെ കാല്‍ വഴുതുന്നു എന്നു ഞാന്‍ വിചാരിച്ചപ്പോഴേക്കും കര്‍ത്താവേ അങ്ങയുടെ കാരുണ്യം എന്നെ താങ്ങിനിര്‍ത്തി." ഈ വചനത്തിന്‍റെ അനുഭവം എന്തുകൊണ്ടാണ് നമുക്കു കിട്ടാതെ പോകുന്നത് എന്നാണ് ഇന്നന്വേഷിക്കുന്നത്. "വ്യര്‍ത്ഥബിംബങ്ങളില്‍ അഭിമാനം കൊള്ളുന്ന വിഗ്രഹാരാധകര്‍ ലജ്ജിതരാകും…. കാരണം അവരുടെ അകൃത്യം അവരിലേക്കു തന്നെ തിരിച്ചുവരും." ശാസ്ത്രം കണ്ടെത്തിയ തത്ത്വം കൂടിയാണിത്; Every action has an equal and opposite reaction.
ലൈംഗികാരോപണങ്ങളില്‍ തട്ടിയുടയുന്ന വിഗ്രഹങ്ങളെത്രയാണ് നമുക്കു ചുറ്റും. കുറെ നുണക്കഥകള്‍ ആവാം. പക്ഷെ, അതിലേറെ സത്യവുമുണ്ട് എന്നതു മറന്നുകൂടല്ലോ. ക്രൂരമായ നിയമലംഘനങ്ങള്‍ പുറത്തുപറയാന്‍ ഒരാള്‍ക്ക് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നത് നിയമവ്യവസ്ഥയുടെ ദയനീയ പരാജയം തന്നെയാണ്. ശക്തരെന്നു സമൂഹം ആഘോഷിക്കുന്നവര്‍ക്കു പോലും സഹിച്ച പീഡനം തുറന്നു പറയാന്‍ കഴിയുന്നില്ല.
പ്രകൃതിതന്നെ സ്വരക്ഷയ്ക്കുള്ള കഴിവുകള്‍ ജീവികള്‍ക്കുള്ളില്‍ നിക്ഷേപിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ നാനാജാതി മൃഗങ്ങള്‍ കാടുകളില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ശാരീരികശേഷി സ്ത്രീക്ക് പുരുഷനേക്കാള്‍ കുറവാണെങ്കിലും ബുദ്ധിശക്തിയും വിവേകപൂര്‍ണ്ണമായ പെരുമാറ്റവും വഴി, സ്ത്രീക്ക് സ്വരക്ഷ ഉറപ്പാക്കാന്‍ കഴിയും എന്നു കരുതുന്നതില്‍ തെറ്റുണ്ടോ? ടീനേജ് പ്രായത്തില്‍ പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലാത്ത നമ്മുടെ സമൂഹത്തിന്‍റെ വൈകല്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തേണ്ട കടമ അമ്മയ്ക്കുണ്ട്. തനിക്കു നേരെ നീളുന്ന സംശയകരമായ നോട്ടങ്ങളേയും കൈകളേയും കുറിച്ച് അമ്മയോടു പറയാനുള്ള 'സ്പേസും' അവളുടെ അവകാശമാണെന്നു ഞാന്‍ വിചാരിക്കുന്നു. എത്ര കുട്ടികള്‍ക്ക് തങ്ങളുടെ പരാജയം അമ്മയോടു തുറന്നു പറയുവാന്‍ ധൈര്യമുണ്ട്? മറ്റുള്ളവരുടെ മുമ്പില്‍ 'സ്യൂഡോ ഇമേജുണ്ടാക്കുവാന്‍ അമ്മമാര്‍ കുട്ടികളെ പ്രേരിപ്പിക്കാനേ പാടില്ല. തുറന്നു പറച്ചിലുകള്‍, നിലവിളികള്‍, ആക്രോശങ്ങള്‍, ഓടി ഒളിക്കലുകള്‍, എല്ലാം ഉപയോഗിക്കേണ്ടി വരും. ഹിംസ്ര ജന്തുക്കളില്‍ നിന്ന് മാന്‍കുട്ടിക്കു രക്ഷപ്പെടാന്‍. ഇത് യഥാകാലം അറിയിച്ചു കൊടുക്കുക എന്നത് അമ്മയുടെ ഉത്തരവാദിത്വം തന്നെയാണ്. കാരണം നമ്മുടേത് അംഗവൈകല്യങ്ങള്‍ വളരെ ഏറെയുള്ള ഒരു സമൂഹമാണ്. അതിനെ ആരോഗ്യമുള്ള സമൂഹമായി തെറ്റിദ്ധരിക്കുന്നത് അപകടമുണ്ടാക്കും.
അഞ്ചു വയസ്സില്‍ മൊബൈല്‍ മോഷ്ടിക്കുന്ന കുട്ടി, പത്തു വയസ്സില്‍ മറ്റു പലതും മോഷ്ടിച്ചേക്കും. അതുപോലെ തന്നെ അവരുടെ മാതാപിതാക്കള്‍ അവരെ ന്യായീകരിക്കുകയും ചെയ്തേക്കാം.
പാപമില്ലാത്തവനായി യേശുക്രിസ്തു മാത്രമേയുള്ളൂ. അവനുവേണ്ടി അവന്‍റെ അമ്മയും കളങ്കമില്ലാത്തവളായി. ബാക്കിയുള്ള സകലമനുഷ്യരും പാപത്തിനു സാധ്യതയുള്ളവരാണ്. അതുകൊണ്ടു എനിക്കും തെറ്റുപറ്റാം, എന്‍റെ കുട്ടിക്കും തെറ്റുപറ്റാം എന്നു തിരിച്ചറിഞ്ഞു ജീവിക്കുവാനുള്ള സാമാന്യബോധം ഉണ്ടാക്കിയെടുക്കുകയാണ് അത്യാവശ്യം. ഞാനും, എന്‍റെ ആള്‍ക്കാരും, മാത്രമാണു ശരി, ഞങ്ങള്‍ പൂര്‍ണ്ണമായും ശരിയാണ്, ഞങ്ങള്‍ക്ക് തെറ്റു പറ്റുകയേ ഇല്ല എന്നിങ്ങനെയുള്ള മിഥ്യാധാരണകള്‍ നമ്മള്‍ ഓരോരുത്തരും ഉപേക്ഷിക്കണം. ഓരോ നിമിഷത്തിലും, ഒരു ശരിക്കും, ഒരു തെറ്റിനുമുള്ള സാധ്യത ഒളിഞ്ഞിരിപ്പുണ്ട്; അതു വിവേചിച്ച് ശരിയിലൂടെ മുന്നേറുവാനുള്ള വിവേകമാണ് സ്വരക്ഷയ്ക്കുള്ള ഏറ്റവും ഉറപ്പുള്ള വഴി. ഈ വഴി കണ്ടെത്തുവാന്‍ കുട്ടികളെ മുതിര്‍ന്നവര്‍ സഹായിച്ചേ പറ്റൂ.
നമ്മുടെ ഉള്ളില്‍ നമ്മുടെതന്നെ ഒരു വിഗ്രഹമുണ്ട്. ആ വിഗ്രഹം ഉടച്ചുകളഞ്ഞാല്‍ നമ്മുടെ കുറവുകളും പോരായ്മകളും സ്വയം തിരിച്ചറിയാന്‍ കഴിയും. അതാണ് നന്മയിലേക്കുള്ള ആദ്യത്തെ ചുവടുവയ്പ്.