Latest News
|^| Home -> Suppliments -> Familiya -> സ്വര്‍ഗ്​ഗം കണ്ടുവളരട്ടെ

സ്വര്‍ഗ്​ഗം കണ്ടുവളരട്ടെ

Sathyadeepam

മാതൃപാഠങ്ങള്‍

ഷൈനി ടോമി

മക്കളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കള്‍ എടുക്കേണ്ട നിലപാടുകളെക്കുറിച്ചും കരുതലിനെക്കുറിച്ചും ഒരമ്മയുടെ ജീവിതകാഴ്ചകളുടെ പംക്തി….

ഒരുകാലത്ത് ജാതിമേല്ക്കോയ്മ; തച്ചുടച്ചവര്‍ – ഭൂമിക്കുവേണ്ടി ജീവിച്ചു; ഭൂമി ചതിച്ചപ്പോള്‍ – ഉദ്യോഗത്തിനുവേണ്ടി അഭ്യസ്തവിദ്യരായി; ഉദ്യോഗസ്ഥ-വിദ്യാഭ്യാസ മാഫിയ പിടിമുറുക്കിയപ്പോള്‍ പണത്തിനു പിന്നാലെ പാഞ്ഞു; പിന്നെ സുഖം, സെക്സ് ഒക്കെയായി – മനുഷ്യനൊരു വിഷ്യസ് സര്‍ക്കിള്‍ ചുഴിയില്‍പ്പെട്ടു കിടക്കുന്നു.

ഇപ്പോഴെല്ലാവരും സ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളിക്കുന്നു. അര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യം വേണമത്രേ. പൈതങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും.

മൃഗങ്ങള്‍ കാട്ടില്‍ പരിപൂര്‍ണ സ്വതന്ത്രരാണ്. അവര്‍ തുണി ഉടുക്കുന്നില്ല. നഗ്നത പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യം. അവര്‍ക്ക് ഏതു പച്ചപ്പിലും മേഞ്ഞുനടക്കാം, ഏതു ജലവും മുത്തിക്കുടിക്കാം, ഏതു സ്ഥലത്തും വിസര്‍ജ്ജിക്കാം. എവിടെയും ഇണ ചേരാം, പ്രസവിക്കാം, മുലയൂട്ടാം. ഈ സ്വാതന്ത്ര്യമാണോ മനുഷ്യന്‍ ആഗ്രഹിക്കുന്നതെന്നു പരിശോധിക്കേണ്ട സമയമാണിതെന്നു തോന്നുന്നു.

മൃഗങ്ങള്‍ സ്വയരക്ഷയ്ക്കായി തങ്ങളുടെ സ്വാതന്ത്ര്യം വേണ്ടെന്നു വയ്ക്കുവാന്‍ അറിയുന്നവരാണ്. സിംഹം വെള്ളം കുടിക്കുന്നതു കണ്ടാല്‍ മാനുകള്‍ വെള്ളം ചവിട്ടികലക്കാന്‍ പുഴയിലിറങ്ങാറില്ല. അത്രപോലും വിവേകത്തോടെ പെരുമാറാന്‍ നമ്മുടെ യുവതീയുവാക്കള്‍ക്കറിയില്ലെന്നാണു സമീപകാലത്തെ പല സംഭവങ്ങളും തെളിയിച്ചുതരുന്നത്.

മയക്കുമരുന്നുകളുടെ ലോകത്തും പോണോഗ്രഫിയുടെ മേട്ടിലും പലതരം മാഫിയകളുടെ മുഷ്ടിക്കുള്ളിലും പെട്ടുപോകുന്നു ചിലരെങ്കിലും.

ഇതാണോ മനുഷ്യര്‍ക്കാവശ്യമുള്ള സ്വാതന്ത്ര്യം? മനഷ്യനും ഒരു മൃഗംതന്നെ. എങ്കിലും വെറും മൃഗമായി മാത്രം ജീവിച്ചു ചത്തടിയേണ്ടവരല്ല നാം. സ്വര്‍ഗം എന്ന അനന്തമായൊരു സൗഭാഗ്യം എത്തിപ്പിടിക്കാനുള്ള കഴിവു മനുഷ്യര്‍ക്കുണ്ട്. അത് ആത്മാവിന്‍റെ അനന്തസാദ്ധ്യതയാണ്. ദൈവവിശ്വാസമില്ലാത്ത യുക്തിവാദികള്‍ പോലും മനുഷ്യനും മൃഗങ്ങളില്‍നിന്നും വ്യത്യസ്തമായി ഒരാത്മാവുണ്ടെന്നതു നിഷേധിക്കും എന്നു തോന്നുന്നില്ല.

എല്ലാ ജീവജാലങ്ങള്‍ക്കും പ്രത്യുത്പാദനത്തിനാവശ്യമായ ലൈംഗിക പ്രേരണയുണ്ട്. കൗമാരത്തില്‍ ശരീരം അതിനായി പരുവപ്പെടുന്നു. ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. അതവരില്‍ ലൈംഗിക പ്രേരണകള്‍ ഉണര്‍ത്തുന്നു. ഇക്കാലത്തെ വൈകാരിക ക്ലേശങ്ങള്‍, പക്വമായി കൈകാര്യം ചെയ്യുവാന്‍ പരിശീലിപ്പിക്കപ്പെടേണ്ടതല്ലേ?

ശരീരത്തിന്‍റെ ചോദനകളെ അഴിച്ചുവിടുന്നതാണു സ്വാതന്ത്ര്യം എന്ന് ഇക്കാലത്തു ചില കുട്ടികള്‍ കരുതും. അതിനവരെ പ്രേരിപ്പിക്കുന്ന പല ഘടകങ്ങളുമുണ്ട്. വേണമെങ്കില്‍ ഇക്കാലത്ത് അപ്പഴപ്പഴത്തെ തോന്നലുകള്‍ക്കനുസരിച്ചു പാമ്പുകളെപ്പോലെ ഇണചേര്‍ന്ന്, ലക്ഷ്യവും മാര്‍ഗവും ജീവിതവും ലൈംഗികസുഖം തേടല്‍ മാത്രമാണെന്നും അതാണു പരമാനന്ദവും സ്വാതന്ത്ര്യവും എന്നും തെറ്റിദ്ധരിച്ചു ശരീരത്തില്‍ മാത്രം കുടുങ്ങി ഇഴഞ്ഞിഴഞ്ഞു ജീവിക്കുകയോ മരിക്കുകയോ ചെയ്യാം. നിഷ്കപടതയുടെയും സുതാര്യതയുടെയും കളങ്കമറ്റ സ്നേഹത്തിന്‍റെയും അനന്തസാദ്ധ്യതയായ സ്വര്‍ഗീയാനന്ദവും അനുഭവവും ഇവര്‍ക്ക് അന്യമാകും എന്നു മാത്രം.

ശരീരത്തിന്‍റെ സ്വര്‍ഗത്തോളം എത്താനുള്ള മോഹമാണു യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം. കുഞ്ഞുന്നാളിലെതന്നെ നന്മയുടെയും സ്നേഹത്തിന്‍റെയും സമ്പൂര്‍ണതയായ സ്വര്‍ഗത്തെ കുഞ്ഞുങ്ങള്‍ക്കു പരിചയപ്പെടുത്തികൊടുക്കണം.

സ്വര്‍ഗം യാഥാര്‍ത്ഥ്യംതന്നെയാണ്. എങ്കിലും അതു വിശ്വസിക്കാന്‍ കഴിയാത്തവര്‍ക്ക് അതൊരു നല്ല സങ്കല്പം മാത്രമായിരിക്കട്ടെ. കാമാര്‍ത്തരായ വൃദ്ധര്‍, പിഞ്ചുബാലികമാരെ പ്രാപിച്ചു സുഖം തേടുന്ന ഇടങ്ങളെങ്കിലും നരകമെന്നു പരിചയപ്പെടുത്തട്ടെ കുട്ടികള്‍ക്ക്. യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നതു പമ്പരവിഡ്ഢികളല്ലേ? പാടാന്‍ ഇഷ്ടമുള്ള കുട്ടി ലോകത്തെ മുഴുവന്‍ ആനന്ദിപ്പിക്കുവാന്‍ കഴിയുന്ന പാട്ടുകാരനാകാന്‍ മോഹിക്കട്ടെ. കുസൃതിക്കാരനാകാന്‍ മോഹിക്കട്ടെ. കുസൃതിക്കാരന്‍ കുട്ടി ഒളിമ്പിക്സ് മോഹിക്കട്ടെ. ഏറ്റവും മികച്ചതിനുവേണ്ടിയുള്ള ആശ മാതാപിതാക്കള്‍ കുഞ്ഞുങ്ങളിലേക്കൊഴുക്കി കെടുക്കണം. ആ സ്നേഹത്തിന്‍റെ ഒഴുക്കില്‍ അവര്‍ക്കു സ്വര്‍ഗം സ്വപ്നം കാണാന്‍ കഴിയും. അപ്പോഴവര്‍ അദ്ധ്വാനിക്കും. ചതി പറ്റുമ്പോള്‍ തിരികെ ചതിക്കാന്‍ ആസൂത്രണം ചെയ്യാതെ, സുതാര്യതയെ ഇഷ്ടപ്പെടും. വക്രതയെ ഒഴിവാക്കാന്‍ പഠിക്കും. അങ്ങനെ അങ്ങനെ അവരുടെ ചിറകുകള്‍ മുളച്ചുവളരും. ഒരിക്കലവര്‍ സ്വര്‍ഗം ലക്ഷ്യമാക്കി പറക്കാന്‍ തനിയെ പഠിച്ചുകൊള്ളും.

അധികാരവും സ്വാധീനവും ഉപയോഗിച്ചു നേടുന്ന നേട്ടങ്ങള്‍ക്കൊന്നും വ്യക്തിയുടെ “ബെസ്റ്റ്” പുറത്തുകൊണ്ടുവരുവാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പരമമായ ആനന്ദം ആസ്വദിക്കാനുമാകില്ല. ഈ ആനന്ദം ഒരിക്കല്‍ അറിഞ്ഞവര്‍ അതിനുവേണ്ടി മറ്റെല്ലാം ഉപേക്ഷിക്കും. അച്ചടക്കം, സ്വാതന്ത്ര്യം, സുതാര്യത, സത്യസന്ധത, നീതി, ന്യായം, സമര്‍പ്പണം, പ്രയത്നം തുടങ്ങിയ നന്മകള്‍ക്കൊക്കെ പ്രസക്തിയുണ്ടാകുന്നത് ഇവിടെയാണ്.

അര്‍ദ്ധരാത്രിയില്‍ റോഡില്‍ ചുംബനസമരം നടത്താനുള്ള സ്വാതന്ത്ര്യസമരം നമുക്കു നരകമേ നേടിത്തരൂ എന്ന് ഉറപ്പാണ്. പക്ഷേ, അതു തിരിച്ചറിയാന്‍ വിവേകമുണ്ടായിരിക്കണം. വിവേകം സ്വര്‍ഗത്തിനു മാത്രം ദാനം ചെയ്യാന്‍ കഴിയുന്ന അമൂല്യസമ്പത്താണ് എന്നു മാത്രം അറിയുക എല്ലാ മാതാപിതാക്കളും.

Leave a Comment

*
*