ദൈവം മനുഷ്യന് അത്യാവശ്യമാണ്

ദൈവം മനുഷ്യന് അത്യാവശ്യമാണ്

മാതൃപാഠങ്ങള്‍

ഷൈനി ടോമി

മക്കളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കള്‍
എടുക്കേണ്ട നിലപാടുകളെക്കുറിച്ചും കരുതലിനെക്കുറിച്ചും
ഒരമ്മയുടെ ജീവിതകാഴ്ചകളുടെ പംക്തി….

വളരെ സമര്‍ത്ഥനായിരുന്ന മൂന്നാം വര്‍ഷം IIT എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഒരു ദിവസം കോളജിന്‍റെ മൂന്നാം നിലയില്‍ നിന്നും താഴേക്കു ചാടി ആത്മഹത്യ ചെയ്തു. ജീവിതത്തിന് അര്‍ത്ഥം കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന് എഴുതിവച്ചിരുന്നു.

രണ്ടു മാസം മുമ്പ് 12-ാം ക്ലാസ്സുകാരായ രണ്ട് ആണ്‍കുട്ടികള്‍ ഒരേ ദിവസം ആത്മഹത്യ ചെയ്തു. അവര്‍ സുഹൃത്തുക്കളായിരുന്നു. അവര്‍ മരണത്തെക്കുറിച്ച് പഠിക്കാനായിരുന്നത്രേ അങ്ങനെ ചെയ്തത്.

ഇത്രനാളും പല വിഷയങ്ങള്‍ പഠിപ്പിച്ചിട്ടും ജീവന്‍റെ മൂല്യം തിരിച്ചറിയാന്‍ ആരും അവരെ പഠിപ്പിക്കാഞ്ഞതെന്താണ്?

പുതുതായി എട്ടാം ക്ലാസ്സില്‍ പഠിപ്പിക്കുന്ന സുന്ദരിയായ ടീച്ചറിനെ അമിതമായി കമന്‍റടിച്ച കുട്ടിയെ ടീച്ചര്‍ വടി എടുത്ത് അടിച്ചു. അതുകണ്ട് കുട്ടികള്‍ ചിരിച്ചു. അടികൊണ്ട കുട്ടി ക്ലാസ്സില്‍ നിന്ന് ഇറങ്ങി ഓടി സ്കൂളിലെ കിണറ്റിലേക്കു ചാടി. 22 വയസ്സുകാരിയായ ആ അധ്യാപിക ഭയന്നുപോയി. പിന്നീട് ക്ലാസ്സില്‍ പോകാന്‍ മടിച്ച അവരോട് അമ്മ പറഞ്ഞു നാളെ ക്ലാസ്സില്‍ ചെന്നാലുടന്‍ ബോര്‍ഡില്‍ ഇങ്ങനെ എഴുതണം. ഷേക്സിപയര്‍ എഴുതി: എനിക്കു ഷൂസില്ലാഞ്ഞ്, ഞാന്‍ കരഞ്ഞു. പക്ഷേ, കാലുപോലുമില്ലാത്ത ഒരാളെ കണ്ടപ്പോള്‍ ഞാന്‍ കരച്ചില്‍ നിര്‍ത്തി. ജീവിതം മുഴുവന്‍ അനുഗ്രഹങ്ങളാണ് കുട്ടികളേ. അതംഗീകരിക്കാന്‍ ശീലിക്കൂ.

രൂപഭംഗിയും ആരോഗ്യവും വിദ്യാഭ്യാസവും ഒക്കെ മറ്റു പലര്‍ക്കും ലഭിക്കാത്ത നന്മകളാണെന്നും സമ്പൂര്‍ണ്ണ നന്മയായ ദൈവം അത് ആവശ്യാനുസരണം നമുക്കോരോരുത്തര്‍ക്കും സമ്മാനിച്ചതാണെന്നും ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ടീച്ചര്‍ പഠിപ്പിച്ചു തന്നത് ഇപ്പോഴും ഞാന്‍ ഓര്‍ത്തിരിക്കുന്നു.

ജീവിതം വെല്ലുവിളികളിലൂടെയേ മുന്നേറൂ. എല്ലാ ജീവികളും വളരുന്നത് അതതിന്‍റെ വെല്ലുവിളികളെ നേരിട്ടുകൊണ്ടുതന്നെയല്ലേ? മാനും സിംഹവും ഒരേ കാട്ടില്‍ കഴിയുന്നത് അതുകൊണ്ടല്ലേ? പക്ഷെ, മനുഷ്യക്കുഞ്ഞുങ്ങള്‍ എന്തുകൊണ്ടാണ് വെല്ലുവിളികളെ ഭയന്ന് ജീവന്‍ ഉപേക്ഷിക്കുന്നത്? പ്രപഞ്ചത്തെ സൃഷ്ടിച്ച് മനോഹരമായി പ്രോഗ്രാം ചെയ്തു വച്ചിട്ടുണ്ട് ദൈവം. ദൈവനിഷേധികള്‍ക്കും ഈ നന്മ നിര്‍ലോഭമായി ലഭിക്കുന്നുണ്ട്. അത്രയും നന്മ സ്വരൂപനാണ് ദൈവം. ആ ദൈവത്തെ അറിയുവാനും ആശ്രയിക്കുവാനും കൂടി പഠിപ്പിച്ചാല്‍, ദുര്‍ബല മാനസരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു താങ്ങും ചാരും ആകും. ശാസ്ത്രത്തിന്‍റെ വലിപ്പവും ആഴവും പരപ്പും പഠിപ്പിച്ചു പഠിപ്പിച്ച്, ശാസ്ത്രത്തെ വസ്തുക്കളിലൊളിപ്പിച്ചു വച്ചവനെ ബുദ്ധിജീവികള്‍ അവഗണിച്ചു. കാര്യങ്ങളൊക്കെ ഭംഗിയായും സുഗമമായും പോകുമ്പോള്‍ ദൈവം അപ്രസക്തമായിരിക്കാം. പക്ഷെ, പരാജയങ്ങളിലും തകര്‍ച്ചകളിലും വീഴ്ചകളിലും നിന്ന് ഉയര്‍ന്ന് മുന്നേറുവാന്‍ ദൈവാശ്രയത്വം മനുഷ്യര്‍ക്ക് അത്യാവശ്യമാണ്. അതെ; ദൈവത്തെ നമുക്ക് ആവശ്യമുണ്ട്. എല്ലാ വഴികളും അടഞ്ഞെന്നു കരുതുമ്പോഴും പ്രാര്‍ത്ഥിക്കുന്നവനു മുമ്പില്‍ ദൈവം ഒരു പുതിയ വാതില്‍ തുറന്നു നല്കും. വെളിച്ചം ഉള്ളപ്പോള്‍ ഇരുട്ടിനു പ്രവേശിക്കാനാകുമോ? അതുപോലെ ദൈവം ഉള്ളിടത്ത് നിരാശയും ഭീരുത്വവും കടന്നു വരില്ല. യുക്തിവാദികളായിരുന്ന അനേകം പ്രശസ്തര്‍ അവരുടെ രോഗാവസ്ഥയില്‍ കടുത്ത നിരാശയും വിഷാദവും അനുഭവിച്ചിരുന്നു എന്നത് ചരിത്രമാണ്.

മനുഷ്യരാരും പ്രയോജനത്തിനുള്ള വസ്തുക്കളല്ല; പകരം സ്നേഹിക്കുവാനുള്ളവരാണ്. കൗമാരത്തിലും യൗവനത്തിലും സ്നേഹം തീവ്രാനുഭവവുമായിരിക്കും. അപ്പോള്‍ തൃപ്തിയാവോളം സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും ആശിച്ചുകൊണ്ടേയിരിക്കും. അപ്പോഴാണ് സ്നേഹനിരാസവും അവഗണനയും, വഞ്ചനയുമൊക്കെ, ജീവനേക്കാള്‍ വിലപ്പെട്ടതാണെന്നു തോന്നിപ്പോകുന്നത്. ഇത് സംഭവിക്കാതിരിക്കാന്‍ മെഴുകുതിരി വെട്ടവും, സൂര്യവെളിച്ചവും പോലെയാണ്, മനുഷ്യസ്നേഹവും ദൈവസ്നേഹവും എന്ന് ജീവിതരീതിയിലൂടെ കുട്ടികള്‍ പഠിച്ചിരിക്കണം. മുതിര്‍ന്നവര്‍ അവരെ പഠിപ്പിച്ചിരിക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org