അന്യോന്യം ആനന്ദിപ്പിക്കണം

അന്യോന്യം ആനന്ദിപ്പിക്കണം

മാതൃപാഠങ്ങള്‍

ഷൈനി ടോമി

ഒരു പഴയ ഓര്‍മ. രാവിലെ ജോലിക്കെത്തുന്ന ഡ്രൈവര്‍ വാഹനത്തില്‍ കയറിയാലുടന്‍ കണ്ണുകളടച്ചു പ്രാര്‍ത്ഥനാപൂര്‍വം സ്റ്റിയറിങ്ങ് തൊട്ടു കണ്ണോടു ചേര്‍ക്കുന്ന ഒരു മിനിറ്റുകൊണ്ടു തീരുന്ന ആ പ്രാര്‍ത്ഥനയില്‍ ഒരു ദിവസത്തെ മുഴുവന്‍ അദ്ധ്വാനത്തിന്‍റെയും നന്ദിപൂര്‍വകമായ സമര്‍പ്പണവും ദൈവാശ്രയത്വവും നന്ദിയുമൊക്കെയുണ്ട്. തൊഴിലുപകരണങ്ങളോടും തൊഴിലിടങ്ങളോടും ആദരവു പുലര്‍ത്തിയിരുന്ന പഴയ തലമുറ പിന്‍മുറക്കാര്‍ക്കു വളരെ നല്ല ഒരു തൊഴില്‍സംസ്കാരം പരിചയപ്പെടുത്തുകകൂടി ചെയ്യുകയായിരുന്നു.

തടിയില്‍ കൊത്തുപണി ചെയ്തുകൊണ്ടേയിരിക്കുന്ന ഒരു കലാകരന്‍ തന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗവും പണിപ്പുരയില്‍ത്തന്നെ. അവിടെ അദ്ദേഹം അലൗകികമായൊരു സ്വച്ഛത അനുഭവിക്കുന്നുണ്ടത്രേ! എല്ലാ കലാകാരന്മാരും സ്വന്തം കലാസൃഷ്ടിയുടെ നിമിഷങ്ങളില്‍ ആനന്ദിക്കുന്നു. എല്ലാ തൊഴിലിലും കലാംശമുണ്ട്. മനസ്സിലെ ആര്‍ദ്രഭാവമാണതു കണ്ടെത്തേണ്ടത് എന്നു മാത്രം!

കുലത്തൊഴിലുകളുടെ കാലഘട്ടത്തില്‍ കുടുംബാംഗങ്ങളെല്ലാം കുടുംബനാഥനെ ജോലിയില്‍ സഹായിച്ചിരുന്നു. നമുക്കു സുപരിചിതനായ യൗസേപ്പിതാവിന്‍റെ കുടുംബത്തിലും ഇതുതന്നെയാണു നടന്നിരുന്നത്. തടികള്‍ അളന്നു മുറിച്ചും ചിന്തേരിട്ടു രൂപപ്പെടുത്തുന്ന ഭര്‍ത്താവിനെ മറിയം ഏതൊക്കെ വിധത്തില്‍ സഹായിച്ചിട്ടുണ്ടാവും. പണിയിടം അടിച്ചുവാരിയും ആഹാരം വച്ചുണ്ടാക്കിയും വസ്ത്രങ്ങള്‍ കഴുകിയുമൊക്കെ സഹായിച്ചിട്ടുണ്ടാകും. അവരുടെ മകന്‍ അതു നോക്കി പഠിച്ചിട്ടുമുണ്ടാകും. ആ പണിശാലയില്‍ നിന്നുമാണു കുഞ്ഞീശോ അദ്ധ്വാനിക്കാന്‍ പഠിച്ചത്; തൊഴില്‍ പഠിച്ചത്.

തൊഴില്‍ ജീവിതത്തിന്‍റെ ഭാഗംതന്നെയാണ്. ഭക്ഷണം കഴിക്കാന്‍ തൊഴിലെടുക്കണം. ശരീരത്തെ ബലപ്പെടുത്തുന്നതു തൊഴിലാണ്. മനസ്സിന്‍റെ വിമലീകരണവും കുടുംബത്തിന്‍റെ സുസ്ഥിതിയും സന്തോഷവും തൊഴില്‍ സംസ്കാരമാണു നിശ്ചയിക്കുന്നത്.

ശീതീകരിച്ച കോര്‍പ്പറേറ്റ് ഓഫീസ് മുറികളിലെ ജോലികള്‍ മാത്രമാണു തൊഴില്‍ എന്നു ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നു. മുറ്റമടിക്കുന്നതും പാത്രം കഴുകുന്നതും മണ്ണു കിളയ്ക്കുന്നതും വിത്തു വിതയ്ക്കുന്നതും ആഹാരമുണ്ടാക്കുന്നതും തൊഴില്‍ തന്നെയാണ്.

ധനസമ്പാദനത്തിനുള്ള മാര്‍ഗം മാത്രമായി തൊഴിലിനെ കണക്കാക്കുമ്പോള്‍, ജോലിഭാരം കഠിനമായി തോന്നുന്നു; അധികാരഗര്‍വിനും സ്റ്റാറ്റസ് പ്രകടനത്തിനുമാകുമ്പോള്‍ മടുപ്പും അതൃപ്തിയും ഉണ്ടാകും.

സാധാരണക്കാര്‍ക്കിടയില്‍ ഏറ്റവും അംഗീകാരമുള്ള തൊഴിലാണ് ഒരു ഡോക്ടറുടേത്. എങ്കിലും കോടിക്കണക്കിനു രൂപ ചെലവാക്കി സ്വാശ്രയ കോളജുകളില്‍ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ക്കു ചെലവായ പണം മുതലാക്കാനുള്ള വഴികള്‍ ആലോചിക്കാതിരിക്കാനാകുമോ?

ഡോക്ടറാകാന്‍, രാവും പകലും പഠിച്ചുതള്ളുന്ന പുസ്തകത്താളുകളില്‍ നിന്നുമാത്രം സേവനസന്നദ്ധത, കാരുണ്യം, അനുകമ്പ, നീതിബോധം, സത്യസന്ധത മുതലായ ആതുരസേവകര്‍ക്ക് അത്യാവശ്യമായ സോഫ്റ്റ് സ്കില്ലുകള്‍ സ്വായത്തമാക്കാനാകുമോ? 'തോല്‍വി', 'ജയം' എന്നീ വാക്കുകളിലേക്കു മാത്രം ചുരുങ്ങുപ്പോകുന്ന പഠനകാലം നഷ്ടപ്പെടുത്തുന്നതു സമ്പര്‍ക്കത്തിന്‍റെയും സഹാനുഭൂതിയുടെയും അക്ഷയഖനികളാണ്.

നമ്മുടെ കാലത്തെ അതിരുകടന്ന പഠനമാത്സര്യത്തില്‍ ഏതു തൊഴിലിനും അത്യാവശ്യം വേണ്ട മാനുഷികമൂല്യങ്ങള്‍ മുരടിച്ചുപോകുന്ന ഒരവസ്ഥയുണ്ട്. ഓരോ തൊഴിലിലും ദൈവാംശമുണ്ട്. ആ അംശത്തെ വെളിച്ചത്തു കൊണ്ടുവരുമ്പോഴാണു തൊഴില്‍ ആനന്ദദായകമാകുന്നത്.

എല്ലാ തൊഴിലുകളും സമൂഹത്തിന്‍റെ നിലനില്പിനും പുരോഗമനത്തിനും അത്യാവശ്യമാണ്. എന്നിട്ടും ഏറ്റവും എളിയ കുടുംബത്തെ 'തിരുക്കുടുംബ'മെന്നു വിളിക്കുന്നു എന്നല്ലാതെ നമ്മളിലാരും എളിയ തൊഴിലുകള്‍ ചെയ്യാനിഷ്ടപ്പെടുന്നില്ല. കൂടുതല്‍ പണം, അധികാരം, ഗ്ലാമര്‍ ഒക്കെയുള്ള ജോലി നേടുക മാത്രമാണു ജീവിതത്തിന്‍റെ ഏകലക്ഷ്യമെന്നുപോലും തെറ്റിദ്ധരിച്ചിരിക്കുകയല്ലേ നമ്മള്‍?

ഓരോരുത്തരുടെയും തൊഴില്‍ അവരവര്‍ക്കു പ്രാര്‍ത്ഥനയാകട്ടെ. അങ്ങനെ തൊഴിലിലൂടെ നിത്യേന ശുദ്ധീകൃതരാകാം നമുക്ക്. വിയര്‍പ്പിലൂടെ ശരീരവും ദീര്‍ഘശ്വസനത്തിലൂടെ മനസ്സും ശുദ്ധീകരി ക്കപ്പെടട്ടെ. കുഞ്ഞുങ്ങളോട് ആവര്‍ത്തിച്ചു പറഞ്ഞുകേള്‍പ്പിക്കാനൊരു കുഞ്ഞു സന്ദേശം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org