ശൈശവത്തില്‍ പരിചയിക്കേണ്ട സദ്സംഭാഷണങ്ങള്‍

ശൈശവത്തില്‍ പരിചയിക്കേണ്ട സദ്സംഭാഷണങ്ങള്‍

മാതൃപാഠങ്ങള്‍

ഷൈനി ടോമി

മറിയം എന്ന ഗ്രാമീണസ്ത്രീയുടെ ഉദരത്തില്‍ 'ദൈവവചനം' മാംസം ധരിച്ചു. മറ്റു പെണ്‍കുട്ടികളില്‍ നിന്ന് എന്തു മേന്മയാണു മറിയം എന്ന ആ സാധു പെണ്‍കുട്ടിക്കുണ്ടായിരുന്നത്. ദൈവം അവളില്‍ നിക്ഷേപിച്ച ആ വചനവിത്ത് നൂറുമേനി ഫലം പുറപ്പെടുവിച്ചത് എന്തുകൊണ്ടായിരിക്കും? ഓരോ സ്ത്രീയും പ്രത്യേകിച്ച് ഓരോ അമ്മയും ആഴത്തില്‍ ധ്യാനിക്കേണ്ട വിഷയമാണിത് എന്നെനിക്കു തോന്നുന്നു.

'നന്മനിറഞ്ഞ മറിയമേ സ്വസ്തി' എന്ന മാലാഖയുടെ അഭിവാദനസ്വരം വ്യക്തമായി കേള്‍ക്കാനും മറ്റു ശബ്ദകോലാഹലങ്ങളില്‍ നിന്ന് വേര്‍തിരിച്ചു ശ്രദ്ധിക്കുവാനും അവള്‍ക്കു കഴിഞ്ഞു. അതെന്തുകൊണ്ടാവും? സംസാരിക്കുന്നതിനേക്കാള്‍ ശ്രവിക്കുവാനുള്ള ക്ഷമ അവള്‍ക്കുണ്ടായിരുന്നതുകൊണ്ടല്ലേ? നമ്മുടെ പ്രാര്‍ത്ഥനാവേളകള്‍ അധരവ്യായാമങ്ങള്‍ മാത്രമാണോ എന്നു ചിന്തിക്കുവാന്‍ ഇക്കാര്യം നമ്മെ വെല്ലുവിളിക്കുന്നു. ഇന്നും വ്യാഖ്യാനങ്ങള്‍ക്കതീതമായ ആ രഹസ്യം അവള്‍ക്കു വെളിപ്പെടുത്തപ്പെട്ടപ്പോള്‍ അവള്‍ പ്രതികരിച്ചത് 'ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്ക് എന്നില്‍ ഭവിക്കട്ടെ' എന്നു മാത്രമായിരുന്നു. ഇതിലും പക്വമായ പ്രതികരണം വേറെ ഉണ്ടോ? ആ പ്രതികരണത്തില്‍ ധൈര്യമുണ്ട്, ദൈവത്തോട് അനുസരണയുണ്ട്, എളിമയുണ്ട്, നിശ്ചയദാര്‍ഢ്യമുണ്ട്, ഉത്തരവാദിത്വ ബോധമുണ്ട്, ആഴമേറിയ വിശ്വാസമുണ്ട്.

അസാധാരണമായതു സംഭവിച്ചതിലുള്ള സംഭ്രമമോ ഉത്കണ്ഠയോ വിഷാദമോ അമിതാവേശമോ അവള്‍ പ്രകടിപ്പിച്ചില്ല. വാക്കുകളുടെ മിതത്വം എത്ര മനോഹരമായിരിക്കുന്നു. ബാക്കിയൊക്കെ അവള്‍ ഹൃദയത്തില്‍ സംഗ്രഹിച്ചു. പ്രായവും പക്വതയും വിദ്യാഭ്യാസയോഗ്യതയും ലോകപരിചയവുമൊക്കെ അവളേക്കാള്‍ ഏറെ ഉണ്ടായിട്ടും നമുക്കാര്‍ക്കും എന്തുകൊണ്ടാണു സംഭാഷണത്തില്‍ മിതത്വം പാലിക്കാന്‍ കഴിയാതെ പോകുന്നത്?

നമ്മള്‍ സ്ത്രീകള്‍ സ്വതവേ സംസാരിക്കുവാന്‍ ഏറെ ഇഷ്ടമുള്ളവരാണ്. അകംപൊള്ളയായതുകൊണ്ടാണു ചെണ്ട ഉച്ചത്തില്‍ ശബ്ദം പുറപ്പെടുവിക്കുന്നത് എന്നു പറയാറുണ്ട്. നമ്മുടെയൊക്കെ ഉള്ളില്‍ കാമ്പില്ലാന്നുണ്ടോ? വളരെ ചെറിയ ഒരു മത്സരവിജയമോ സാമ്പത്തികനേട്ടമോ മറ്റോ ഉണ്ടായാല്‍ അത്യുത്സാഹത്തോടെ നമ്മള്‍ അതു കാണുന്നവരോടൊക്കെ പൊടിപ്പും തൊങ്ങലും വച്ചുകെട്ടി പറഞ്ഞുകൊണ്ടിരിക്കും. ഒരു ചെറിയ സങ്കടം വന്നാലോ, അതും എന്നെ ആശ്വസിപ്പിക്കാനാരുമില്ലേ എന്ന മട്ടില്‍ പറയും. മറ്റുള്ളവരെ കണ്ടുമുട്ടുമ്പോഴൊക്കെ നമ്മള്‍ എന്തിനാണിത്ര ആവേശത്തോടെ സംസാരിക്കുന്നത്! ദൈവവചനം ഒന്നുമല്ലല്ലോ. പിന്നെ എന്താണെന്ന് ആലോചിച്ചോളൂ. സ്വയം സ്തുതിപ്പുകള്‍, കുറ്റപ്പെടുത്തലുകള്‍, ശകാരം, പരദൂഷണം, പരിഹാസം, അപവാദം, നിന്ദനം, പൊങ്ങച്ചം… സ്വന്തം ശരീരത്തില്‍ കുടുങ്ങിപ്പോകാത്ത ഒരു വ്യക്തിത്വം പരിപോഷിപ്പിക്കുവാന്‍ നമ്മള്‍ ശ്രദ്ധിച്ചിട്ടില്ലെങ്കില്‍പ്പിന്നെ എങ്ങനെയാണു നമ്മുടെ മക്കളുടെ വ്യക്തിത്വം ശോഭനമാക്കുവാന്‍ നമുക്കു കഴിയുന്നത്? നമുക്കില്ലാത്തത് എങ്ങനെയാണ് അവര്‍ക്കു നല്കാന്‍ കഴിയുന്നത്?

നാവിന്‍റെ ശക്തി ആയുധങ്ങളുടേതിനേക്കാള്‍ കൂടുതലാണ്. സത്യം പറയുന്ന നേതാക്കന്മാരെ സാമ്രാജ്യങ്ങള്‍പോലും ഭയക്കുന്നതു നമ്മള്‍ ചരിത്രത്തില്‍ വായിച്ചിട്ടുണ്ട്. നാവിന് അഗ്നിയാകാന്‍ കഴിയും. തിന്മയെ ചാമ്പലാക്കാനും നന്മയെ ചൂടേകി പരിപോഷിപ്പിക്കാനും അമ്മയുടെ അധരങ്ങളില്‍ നിന്ന് അമൃതുപോലെ പൊഴിയുന്ന വാക്കുകള്‍ക്കു കഴിയുന്നുണ്ട്. അതിന് ഉദാഹരണമാണു കാനായിലെ അത്ഭുതം. ഇന്ത്യന്‍ പുരാണകഥകളിലെ ശക്തരായ അമ്മമാര്‍ പറഞ്ഞ വാക്കുകള്‍ വെറും കഥാമുഹൂര്‍ത്തങ്ങളായി തള്ളിക്കളയണ്ട. വിവേകാനന്ദനും ശ്രീനാരായണഗുരുവും നല്ല അമ്മമാരുടെ മക്കളാണെന്നും ചരിത്രം സാക്ഷിക്കുന്നു.

ഉദരത്തിലായിരിക്കുന്ന നാളുതൊട്ടേ, നമുക്കു കുഞ്ഞുങ്ങളോടു വിശുദ്ധ പദങ്ങള്‍ പറഞ്ഞുതുടങ്ങാമല്ലോ. താരാട്ടുപാട്ടിലൂടെയും കഥകളിലൂടെയും പിന്നെയും കുഞ്ഞിക്കാതുകള്‍ നല്ല വാക്കുകള്‍ കേട്ടു വളരട്ടെ. അസഭ്യം പറയുന്ന ടെലിവിഷന്‍ പരിപാടികളില്‍നിന്നും സിനിമകളില്‍നിന്നും ശ്രദ്ധാപൂര്‍വം അവരെ മാറ്റിനിര്‍ത്തുകകൂടി ചെയ്താലോ? ഉദാത്തമായ കലകള്‍ അഭ്യസിപ്പിക്കുന്നതും നല്ല സാഹിത്യം പരിചയിപ്പിക്കുന്നതും സദ്സംഭാഷണരീതി പിന്തുടരാനവര്‍ക്കു പരിശീലനമാകും. ശൈശവത്തില്‍ പഠിപ്പിക്കുന്ന ഇത്തരം ശീലങ്ങള്‍ പിന്നീടുള്ള ജീവിതത്തിലും അവര്‍ തുടര്‍ന്നുകൊള്ളും.

മനുഷ്യനു ദൈവത്തിന്‍റെ സാദൃശ്യം നല്കുന്നതു സത്യം സംസാരിക്കുവാനുള്ള കഴിവുകൂടിയല്ലേ? കന്യാമറിയത്തിന്‍റെ മകന്‍ നാവുകൊണ്ടു സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. അതു മറിയമാണു യേശുവിനെ പഠിപ്പിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org