
മാതൃപാഠങ്ങള്‍
മക്കളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കള്‍
എടുക്കേണ്ട നിലപാടുകളെക്കുറിച്ചും കരുതലിനെക്കുറിച്ചും
ഒരമ്മയുടെ ജീവിതകാഴ്ചകളുടെ പംക്തി….
ഷൈനി ടോമി
സാഹചര്യങ്ങളോടുള്ള ഒരാളുടെ പ്രതികരണം വ്യക്തിത്വത്തിന്‍റെ ഉരകല്ലാണ്. അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങള്‍ പ്രകൃതി ഒരുക്കിവച്ചിട്ടുണ്ട്. എല്ലാവരും അതിലൂടെ കടന്നുപോയേ തീരൂ. അനുകൂലമായ സാഹചര്യങ്ങളോടും പ്രതികൂലമായ സാഹചര്യങ്ങളോടും ഓരോരുത്തരും ഏതു മനോഭാവത്തോടെയാണ് പൊരുത്തപ്പെടുന്നത് എന്നതാണ് വൈകാരിക പക്വത. വൈകാരിക പക്വത ഉള്ളവര്‍ക്കേ വിവേകപൂര്‍വ്വം ജീവിക്കാന്‍ കഴിയൂ.
ഒരു പ്രഗത്ഭ കത്തോലിക്കാ കുടുംബത്തില്‍ ഒരു സൗഹൃദസന്ദര്‍ശനത്തിനിടയില്‍, ചില വിഷയങ്ങളെക്കുറിച്ചു സംസാരിക്കേണ്ടി വന്നു. കുടുംബാംഗങ്ങളെല്ലാവരും അവരവരുടെ ഭാഗം പറഞ്ഞു. ശബ്ദം കൂടിക്കൂടി ഓരോരുത്തരും മേല്‍ക്കൈ നേടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അപ്പന്‍റെ ശബ്ദം കുറച്ചുകൂടി ഉയര്‍ന്നു. പെട്ടെന്ന് ഇരുപതു വയസ്സുള്ള മകള്‍ വലിയ മുഴക്കത്തോടെ പറഞ്ഞു: 'ഷട്ട്അപ്പ്.' എല്ലാവരും നിശബ്ദരായി.
'അപ്പനോട് ഇങ്ങനെ പറയാന്‍ പാടില്ല' എന്ന് പറയാന്‍ ശ്രമിച്ച എന്നെയും അവള്‍ നിശബ്ദയാക്കി 'വൈനോട്ട്' എന്ന മറ്റൊരു വാക്കുകൊണ്ട്.
തെറ്റ് പറഞ്ഞു ബോധ്യപ്പെടുത്തുവാന്‍ പോലും കഴിയുന്നില്ല. തെറ്റു, തെറ്റാണെന്നു തിരിച്ചറിയാതെ എങ്ങനെ അനുതാപമുണ്ടാകും? അനുതാപമില്ലാതെ തിരുത്തല്‍ സംഭവിക്കില്ലല്ലോ. തിരുത്തപ്പെടാത്ത ഓരോ തെറ്റും കൂടുതല്‍ ഗൗരവമുള്ള തെറ്റിലേക്കു നയിക്കുന്നു.
ഒരാളുടെ വിധിയെ മാറ്റിയെഴുതാന്‍ മാത്രം ശക്തമായ ഒരു സവിശേഷഗുണമാണ് പശ്ചാത്താപം. എന്താണു പശ്ചാത്താപം എന്ന് ഇന്നത്തെ കുട്ടികളില്‍ (മുതിര്‍ന്നവരിലും) എത്ര പേര്‍ക്കറിയാം. ആരാണ് അവര്‍ക്ക് ഇതു പറഞ്ഞുകൊടുക്കുക? വൈകാരിക പക്വത തീരെ ഇല്ലാത്തവര്‍ക്ക് പശ്ചാത്താപം ഉണ്ടാകില്ല. പക്വമായ നീതിബോധമുള്ളപ്പോഴേ പാപബോധവും ഉളവാകൂ. അപ്പോഴല്ലേ ക്ഷമ ആഗ്രഹിക്കുന്നത്. രണ്ടുനാള്‍ മുന്‍പ് തിരുവല്ല എന്നൊരു ചെറുപട്ടണത്തില്‍, നടുറോഡില്‍വച്ച് പട്ടാപകല്‍ ഒരു പെണ്‍കുട്ടിയെ തീയിട്ടു. പ്രതികാരം ചെയ്തതാണ് കൂട്ടുകാരനായി കരുതിയിരുന്ന ആണ്‍കുട്ടി. അമ്പലത്തില്‍വച്ചുണ്ടായ ഒരു വാക്കുതര്‍ക്കത്തിന്‍റെ പേരില്‍ കരമനയില്‍ ഒരു യുവാവിനെ മറ്റു ചില യുവാക്കള്‍ അടിച്ചും ഇടിച്ചും കൊന്നു. രാഷ്ട്രീയകൊലപാതകങ്ങള്‍ക്കു കണക്കുപോലുമില്ല. മലയാളിയുടെ മനസ്സിന് എന്തുപറ്റി?
2019 മാര്‍ച്ച് 11-ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത ഇതിനോടു ചേര്‍ത്തുവയ്ക്കുന്നു. ലോകത്തിലേക്കും വച്ച് മനുഷ്യജീവന് ഭീഷണിയായ രാജ്യം സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് ആണ്. അവിടെ ഒന്നരകോടി കുട്ടികള്‍ പട്ടിണികൊണ്ടു മരിക്കുന്നു. 10 ലക്ഷം കുട്ടികള്‍ക്ക് കുടിവെള്ള ദാരിദ്ര്യം. പോഷകാഹാരം കുട്ടികള്‍ക്ക് ലഭിക്കാറേയില്ല. പോരാത്തതിന് ജീവനോടെയുള്ള കുട്ടികളെയെല്ലാം പട്ടാളത്തില്‍ ചേര്‍ക്കുന്നു. ഡയമണ്ട്, സ്വര്‍ണ്ണം, കൊബാള്‍ട്ട്, മെര്‍ക്കുറി തുടങ്ങി എത്രയെത്ര മൂലകങ്ങളുടെ ഘനികളുണ്ടവിടെ. എന്നിട്ടും ആ ധനികരാജ്യത്തെ കുട്ടികള്‍ ദാരിദ്ര്യംമൂലം മരിക്കുന്നു. മതങ്ങളുടെ പേരുപറഞ്ഞ് കുറച്ചാളുകള്‍ ഈ ധനമെല്ലാം കൊള്ളയടിക്കുന്നു; തമ്മിലടിപ്പിക്കുന്നു.
തിരുത്താനാകാത്തവിധം അത്യാഗ്രഹം, അഹന്ത, സ്വാര്‍ത്ഥത തുടങ്ങിയ പാപങ്ങളുടെ അടിമകളായി ജീവിച്ചു മരിക്കുന്നു.
നമ്മള്‍ മലയാളികള്‍ക്കും അടിച്ചമര്‍ത്തലിന്‍റെയും പീഡനത്തിന്‍റെയും ക്രൂരമായ ഒരു ഭൂതകാലമുണ്ട്. ആ കാലത്തിന്‍റെ ഭൂതങ്ങള്‍ വീണ്ടും തലപൊക്കിയിട്ടുമുണ്ട്. ഇനി തിരുത്താന്‍ വൈകിയാല്‍ കേരളം സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്‍റെ പാത സ്വീകരിക്കുവാനിടവരും.
അത് ഒഴിവാകണമെങ്കില്‍ രാഷ്ട്രം ഉണരണം. ആത്മീയാചാര്യന്മാര്‍, ഭൗതികനേതാക്കളെ ഉണര്‍ത്തണം. സ്കൂളുകളില്‍ കുട്ടികള്‍ക്ക് വൈകാരിക പക്വതകൂടി പാഠ്യവിഷയമാക്കണം. തലച്ചോറിന്‍റെ വിഭ്രമാവസ്ഥ തിരിച്ചറിഞ്ഞു ചികിത്സിക്കാന്‍ മാതാപിതാക്കള്‍ക്കും പ്രോത്സാഹനം നല്കണം.
നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നല്ല ഭാവി ഉണ്ടാകണമെങ്കില്‍ ആദ്യം വേണ്ടത് സംയമനം പാലിക്കുവാനും, നീതിപൂര്‍വ്വം പെരുമാറുവാനുമുള്ള കഴിവാണ്. അതിന് തിരുത്തലുകള്‍ കൂടിയേ തീരൂ. എല്ലാം സ്വയം പഠിച്ചെടുക്കുവാന്‍ കഴിയില്ല. തെറ്റു ചൂണ്ടിക്കാട്ടാനാളുവേണം. തിരുത്താന്‍ മനസ്സും വേണം.
മുതിര്‍ന്നവര്‍ക്ക് കുട്ടികളുടെ തെറ്റു ചൂണ്ടിക്കാണിച്ച് അതു തെറ്റാണെന്നു ബോധ്യപ്പെടുത്താന്‍ കഴിയണം. തെറ്റ് തെറ്റാകുന്നത് അതിന് നശീകരണശക്തി ഉള്ളതുകൊണ്ടാണ്. തെറ്റ്, അത് ചെയ്യുന്നവനെയും നശിപ്പിക്കും, അതുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നവരെയും നശിപ്പിക്കും. പുറമെ മധുരം പുരട്ടിയ വിഷവസ്തുവാണ് തെറ്റെന്ന് കുഞ്ഞുങ്ങള്‍ മനസ്സിലാക്കണം. തെറ്റു തിരുത്താന്‍ മാതാപിതാക്കള്‍ ഭയപ്പെടരുത്. കുട്ടികള്‍ വാശിപിടിച്ചാലും തെറ്റ് അംഗീകരിക്കുകയുമരുത്. ചെറിയ പ്രായത്തിലേ നമുക്കവരോടു പറയാം, മാതാപിതാക്കള്‍ക്കറിയാന്‍ പാടില്ലാത്ത ഒരു കാര്യവും മക്കളുടെ ജീവിതത്തില്‍ ഉണ്ടാകാന്‍ പാടില്ല. അതു തെറ്റാണ്. അങ്ങനെ നിഷ്കളങ്കത അറ്റുപോകുംമുന്‍പ്, ഗോപ്യമായി ചെയ്തതിനെ ഓര്‍ത്ത് പശ്ചാത്തപിക്കാന്‍ അവര്‍ പഠിക്കട്ടെ.