ആരോ​ഗ്യമുള്ള ശരീരം

ആരോ​ഗ്യമുള്ള ശരീരം

മാതൃപാഠങ്ങള്‍

ഷൈനി ടോമി

മക്കളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കള്‍ എടുക്കേണ്ട നിലപാടുകളെക്കുറിച്ചും കരുതലിനെക്കുറിച്ചും ഒരമ്മയുടെ ജീവിതകാഴ്ചകളുടെ പംക്തി….

"മനുഷ്യ മനസ്സിന്‍റെ ജനാലകളിലൂടെ 'കംപാഷന്‍' ഒളിച്ചോടിപ്പോകുന്നതാണ് രോഗാതുരമായ ആധുനികജീവിതത്തിന്‍റെ കാരണം." ഇന്നു ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രമുഖനും, വിദഗ്ദ്ധനുമായ ലോകപ്രശസ്ത ഹൃദ്രോഗവിദഗ്ദ്ധന്‍ ഡോ. ഹെഡ്ഗേ പറയുന്നു. മരുന്നുകളും, ഡോക്ടര്‍മാരും, ആശുപത്രിയും എല്ലാം സാമ്പത്തികലാഭം എന്ന നെഗറ്റീവ് എനര്‍ജിയുടെ പിടിയിലായിക്കഴിഞ്ഞിരിക്കുന്നുവത്രേ. ആധുനികവൈദ്യശാസ്ത്രത്തിന് ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള സംവിധാനമില്ല. രോഗം ചികിത്സിക്കുവാനുള്ള പഠിപ്പേ ഉള്ളൂ. ചെറിയ മക്കള്‍വരെ വലിയ രോഗങ്ങളുമായി ആശുപത്രി വരാന്തയില്‍ സമയം നഷ്ടപ്പെടുത്തുന്നു. ആര്‍ത്തുല്ലസിച്ചു കളിച്ചുനടക്കേണ്ട കാലം ആണ് അവര്‍ക്ക് നഷ്ടപ്പെടുന്നത്. സ്വാഭാവികമായ ഒരു ശൈശവകാലം അതിന്‍റെ ഊഷ്മളതയോടും കൗതുകങ്ങളോടും, നന്മോന്മുഖമായ വളര്‍ച്ചാ സാധ്യതയോടുംകൂടി ഇല്ലാതായിരിക്കുന്നു, ഒരു വലിയ സംഘം കുഞ്ഞുങ്ങള്‍ക്ക്.

തലമുറകളിലേക്ക് ആരോഗ്യം കൈമാറാന്‍, ബുദ്ധിയും പണവും മാത്രം മതിയാവുകയില്ല. ഭൂമിയില്‍ ജീവിക്കുന്നവര്‍ക്കെല്ലാം ഭക്ഷിക്കുവാന്‍ സസ്യങ്ങളും, മത്സ്യമാംസങ്ങളും ആദിമുതലേ ഇവിടെ ഒരുക്കിവച്ചിട്ടുണ്ട്. അവ ഭക്ഷിച്ചുവളരാന്‍ കൈകാലുകള്‍ തന്നു. പോരാത്തതിനു വേണ്ടതിലധികം ബുദ്ധിയും മനുഷ്യനു നല്കപ്പെട്ടിട്ടുണ്ട്. ബുദ്ധി അമിതമായി ഉപയോഗിച്ച്, അദ്ധ്വാനിക്കാതെ തിന്നുന്നത് നമ്മള്‍ ശീലവുമാക്കി.

ശരീരത്തിന്‍റെ ഊര്‍ജ്ജസ്വലത നഷ്ടപ്പെട്ടപ്പോള്‍ സ്വഭാവികമായും മനസ്സിന്‍റെ ഊഷ്മളതയും നഷ്ടപ്പെട്ടു. ആകാശം കാണാനുള്ള കഴിവു മനസ്സിനു നഷ്ടമായപ്പോള്‍, അതു ഭൂമിയില്‍ ചുരുണ്ടുകൂടി. അമിത സുഖലോലുപതയുടേയും, അമിത ആലസ്യത്തിന്‍റേയും അകാലരതിയുടെയും മുള്ളുകള്‍ കുഞ്ഞുശരീരങ്ങളിലെ മനസ്സിനേയും അതിന്‍റെ ഉള്‍ച്ചെപ്പിലെ ആത്മാവിനെയും പാതാളത്തിലേക്കു നോക്കാന്‍ മാത്രം അവസരം കൊടുത്തു.

മനുഷ്യന്‍റെ ആരോഗ്യം അവന്‍റെ ആത്മചൈതന്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ശാസ്ത്രീയ യാഥാര്‍ത്ഥ്യം. ആത്മീയ ഉണര്‍വു നേടാതെ ആരോഗ്യം മെച്ചപ്പെടുകയില്ല എന്നു മനുഷ്യസ്നേഹികളായ ശാസ്ത്രജ്ഞര്‍ വിളിച്ചുപറയുന്നുണ്ടെങ്കിലും, ആരോഗ്യകച്ചവടക്കാര്‍ അതു പൂഴ്ത്തിവച്ചിരിക്കുന്നു. ഒരുവേള അവര്‍ക്ക് അതും കച്ചവടം ചെയ്യാന്‍ കഴിഞ്ഞേക്കും.

ശരിയായ ആത്മീയത എന്താണ്? അത് നമ്മള്‍ എന്ന മനോഭാവമാണ്. ഞാന്‍ എന്ന മനോഭാവം അപകടമാണ്. ഡോ. ഹെഡ്ഗേ പറയുന്നത്, "I is for illness" എന്നാണ്. സഹജീവികളെക്കൂടി പരിഗണിച്ചുകൊണ്ടുള്ള ജീവിതമാണ് ആരോഗ്യകരമായ ജീവിതം. മറ്റുള്ളവരെ അവര്‍ ആയിരിക്കുന്ന രീതിയില്‍ അംഗീകരിക്കാനും, പരിഗണിക്കാനും കുഞ്ഞുങ്ങള്‍ക്കു കഴിയും. അതു മുതിര്‍ന്നവര്‍ നശിപ്പിക്കാതിരുന്നാല്‍ മാത്രം മതി. ജീവിതത്തിന്‍റെ സുതാര്യത നിലനിര്‍ത്താന്‍ കഴിയുക എന്നത്, ആരോഗ്യം നിലനിര്‍ത്തുക എന്നതു തന്നെയാണ്. സുതാര്യതയുള്ളപ്പോള്‍, സത്യസന്ധത ഉണ്ടായിരിക്കും. സത്യസന്ധതയുടെ സഹോദരിയാണ് നീതി. സത്യവും, നീതിയും ഉള്ള ആളില്‍, അനുകമ്പയുടെ ഉറവ ഒഴുകിക്കൊണ്ടേ ഇരിക്കും. ഈ ഉറവ, ആത്മീയതയുടെ നിറവാണ്.

പക്ഷെ, പ്രശസ്തി മോഹിച്ചോ, ലാഭം നോക്കിയോ പ്രകടിപ്പിക്കുന്ന കാരുണ്യത്തിന് അവനവനില്‍ വലിയ തോതില്‍ ആരോഗ്യം വളര്‍ത്താന്‍ കഴിയില്ല എന്നും ഓര്‍ക്കണം.

ആരോഗ്യം എന്നത് തൃപ്തിയുമായി അടുത്തു നില്‍ക്കുന്നു. ശരീരത്തെക്കുറിച്ചു പരാതിയില്ലാത്തതാണ് ആരോഗ്യം. മനസ്സിനു സംതൃപ്തിയുണ്ടെങ്കില്‍ അയാള്‍ക്ക് മാനസികാരോഗ്യം ഉണ്ട്. ലൈംഗീകാരോഗ്യം എന്താണെന്നതാണ് ഇന്ന് ഏറ്റവും കൂടുതല്‍ വിശകലനം ആവശ്യമുള്ള വസ്തുത എന്നു വിചാരിച്ചു പോകുന്നു.

കുഞ്ഞുപെണ്‍ശരീരത്തെപോലും, ലൈംഗികാസക്തി ശമിപ്പിക്കാന്‍ ഉപയോഗിക്കുന്ന മുതിര്‍ന്നവര്‍ക്ക് എന്തുതരം ലൈംഗികതയാണുള്ളത്? ശൈശവം വിടാത്ത ആണ്‍പൈതലുകളെ രതിമോഹികളാക്കുന്നത് ആരാണ്? എന്താണ്? എത്ര പൈശാചികമായാണ് കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നത്? കുഞ്ഞുശരീരങ്ങളും മനസ്സുകളും തകര്‍ക്കപ്പെടുന്ന സമൂഹമാണ് നമ്മുടേത്.

അഭ്യസ്തവിദ്യരും, സമൂഹത്തിലെ ഉന്നതസ്ഥാനീയരും, നിയമനിര്‍മ്മാതാക്കളും, നിയമപാലകരും, നികുതിപ്പണം കൊണ്ടു അറമാദിക്കുന്നവരും, പത്രക്കാരും, ഡോക്ടര്‍മാരും, അമ്മമാരും വരെ കുഞ്ഞുടലുകളെ ചവിട്ടി അരക്കുന്നു; വാക്കുകൊണ്ടും പ്രവൃത്തിക്കൊണ്ടും.

ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ട കുഞ്ഞുങ്ങളില്‍ ആരോഗ്യം എന്നത് ഒരു സാധ്യതപോലും അല്ല എന്ന് ആരും ഓര്‍ക്കുന്നേയില്ല.

ആത്മീയചൈതന്യമില്ലാതെ, ആത്മീയകച്ചവടം കൊഴുപ്പിക്കുന്ന ഫ്രോഡുകള്‍, ജ്ഞാനികളായ ആത്മീയഗുരുക്കന്മാരെ അനഭിമതരായി ചിത്രീകരിക്കുന്നു. പരസ്യങ്ങള്‍ സാത്താന്മാര്‍ക്ക് അനുകൂലം തന്നെ. കച്ചവടത്തിലൂടെ നന്മ വളരില്ല. നന്മയ്ക്കു വളരാന്‍ നല്ല നിലം വേണം. പാറകളും മുള്‍പ്പടര്‍പ്പുകളും ഇല്ലാത്ത, ചവിട്ടേല്ക്കാത്ത ഒരുക്കപ്പെട്ട നിലങ്ങള്‍ ആണ് ഇന്നാവശ്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org