|^| Home -> Suppliments -> Familiya -> സുഖലോലുപത നമുക്കു വേണോ?

സുഖലോലുപത നമുക്കു വേണോ?

Sathyadeepam

മാതൃപാഠങ്ങള്‍

ഷൈനി ടോമി

മക്കളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കള്‍ എടുക്കേണ്ട നിലപാടുകളെക്കുറിച്ചും കരുതലിനെക്കുറിച്ചും ഒരമ്മയുടെ ജീവിതകാഴ്ചകളുടെ പംക്തി….

നമ്മുടെ കാലത്ത് ഏറ്റവും അപകടകരമായി നിലനില്ക്കുന്ന കെണിയാണു സുഖലോലുപത. അതില്‍നിന്നും സുരക്ഷിതമായ അകലം സൂക്ഷിക്കുവാന്‍ ആത്മീയ മനുഷ്യര്‍പോലും ക്ലേശിക്കുന്നതു കാണാം. സാധാരണക്കാരായ പാവങ്ങള്‍ സുഖലോലുപത ലക്ഷ്യംവച്ചു കുട്ടികളുടെ വിദ്യാഭ്യാസംപോലും നിജപ്പെടുത്തുന്നു; അവരുടെ അഭിരുചി കണക്കിലെടുക്കാതെ. ലളിതജീവിതം അനുവര്‍ത്തിക്കുന്ന ചെറിയവര്‍ അതിവേഗം പാര്‍ശ്വവത്കരിക്കപ്പെടകയോ വംശനാശപ്പെടുകയോ ചെയ്യുന്നു.

100 വര്‍ഷങ്ങള്‍ക്കപ്പുറം കേരളത്തില്‍ ഇത്തരക്കാരുടെ വളരെ ചെറിയൊരു സംഘം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നു മഹാഭൂരിപക്ഷവും കൈകാലുകള്‍കൊണ്ട് അദ്ധ്വാനിച്ചു ജീവിച്ചു. മുക്കുവന്‍റെയും ഭൂതത്തിന്‍റെയും കഥ അറിയില്ലേ? ഇടു കുടുക്കേ ചോറും കറിയും എന്നു പറയുമ്പോള്‍ ചോറു വിളമ്പിയ ഭൂതത്തെപ്പോലെ ടെക്നോളജി നമ്മുടെ വിരല്‍ സ്പര്‍ശം കാത്തുനില്ക്കുന്നു, എന്തും എവിടെനിന്നും കൊണ്ടുവന്നുതരാന്‍ ആവശ്യമുള്ളതിനേക്കാളധികം ആവശ്യമില്ലാത്തതു സ്വന്തമാക്കി, സ്വന്തമാക്കി മനുഷ്യര്‍ ജീവിതത്തിന്‍റെ സൗന്ദര്യം കാണാതെയും അറിയാതെയും മരിച്ചുപോകുന്നു. നിറമുള്ള കുപ്പായത്തിനുള്ളിലെ രോഗാതുരമായ ശരീരവും അന്ധകാരം നിറഞ്ഞ മനസ്സും വ്യക്തികളെ തീര്‍ത്തും അസംതൃപ്തരാക്കുന്നു, എന്നേക്കുംതന്നെ.

ഉള്ളിലെ ഇരുട്ടകലാന്‍ വെളിച്ചം വേണം. സത്യത്തിനു മാത്രമേ, സൂര്യവെളിച്ചം തരാന്‍ കഴിയൂ. അസത്യം കൂരിരുട്ടാണ്. ഇതൊരു സാമാന്യജ്ഞാനം മാത്രമാണ്. പ്രകൃതിയിലേക്കു നോക്കിയാല്‍ ഈ സത്യം കാണാം. നേരം പുലരുന്നതും ഇരുളുന്നതും സിംഹം ഇരപിടിക്കുന്നും മാന്‍കൂട്ടം അതു കണ്ടറിഞ്ഞോടുന്നതുമെല്ലാം നേരുകളല്ലേ? ബ്രിട്ടീഷ് സാമ്രാജ്യത്തെ മുട്ടുകുത്തിച്ച മാഹാത്മജിക്കു സത്യമുണ്ടായിരുന്നു ഉള്ളില്‍. അതുകൊണ്ടാണ്, തോക്കുകള്‍ക്കു നേരെ തോര്‍ത്തുമുണ്ടും ഉടുത്ത് പൊരുതിയത്. വമ്പന്മാരെത്രയാണ് ആ ദരിദ്രനെന്നു തോന്നിക്കുന്ന മനുഷ്യനു മുമ്പില്‍ കുനിഞ്ഞുനിന്നത്. ഇപ്പോഴിതാ ഒരു നമ്പിനാരായണന്‍. സത്യം മാത്രം കൂട്ടുപിടിച്ചു രാജ്യത്തെ മുഴുവന്‍ ചെറുതാക്കിക്കളഞ്ഞില്ലേ? എന്നിട്ടും ദുരിതാശ്വാസനിധിയില്‍ നിന്നുപോലും മോഷ്ടിക്കാന്‍ തരം നോക്കിയിരിക്കുന്ന മലയാളികളില്‍ ഉന്നതരും ഉണ്ടെന്നത് എത്രയോ അപമാനകരമാണ്. പിന്നെ എന്തിനായിരുന്നു, നമുക്കീ വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെ എന്നും തോന്നിപ്പോകുന്നു.

സത്യാന്വേഷണമായിരിക്കണം ജീവിതലക്ഷ്യമെന്നു മക്കള്‍ക്കു നമ്മള്‍ മാത്രമേ പറഞ്ഞു പഠിപ്പിക്കുവാനുളളൂ. ഗാന്ധിജിക്കത് അച്ഛന്‍ പറഞ്ഞുകൊടുത്തു. കുഞ്ഞുങ്ങളെ ആദ്യം പഠിപ്പിക്കേണ്ടതും പരിശീലിപ്പിക്കേണ്ടതും സത്യം പറയുവാനും ചെയ്യുവാനുംതന്നെയാണ്. അങ്ങനെയായാല്‍ അവര്‍ മുതിര്‍ന്നു കഴിയുമ്പോള്‍ ചൂഷകരാകില്ല. ജോലിക്കുള്ള ന്യായമായ കൂലിയല്ലാതെ കൈക്കൂലി ആഗ്രഹിക്കില്ല. ജീവിക്കാനുള്ള ഭൂമിയും വഴികളുമല്ലാതെ കുന്നും പുഴയും മോഹിക്കില്ല.

പരി. മറിയം ദേവാലയത്തില്‍ വേദശാസ്ത്രീകളുമായി സംവാദത്തിലായിരുന്ന മകനെ തിരികെ വിളിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോന്നു. വീട്ടില്‍ അപ്പനെ ജോലിയില്‍ സഹായിക്കാന്‍ മകനോടു പറഞ്ഞു. തന്‍റെ മകന്‍റെ ജ്ഞാനത്തില്‍ അവള്‍ മതിമറന്നാഹ്ലാദിച്ചില്ല. തങ്ങള്‍ മറ്റുള്ളവരേക്കാള്‍ മഹത്ത്വമുള്ളവരാണെന്നു ഭാവിച്ചില്ല. എല്ലാവരെയും ഇപ്പോള്‍ത്തന്നെ രക്ഷിക്കട്ടെ എന്നു കരുതിയില്ല. തങ്ങള്‍ ദൈവത്തിനു വേണ്ടപ്പെട്ടവരാണെന്നു തെളിയിക്കാനും ശ്രമിച്ചില്ല. മകനു പ്രായവും പക്വതയും ആകുംവരെ അപ്പന്‍റെ കീഴിലായിരിക്കണമെന്നവള്‍ അറിഞ്ഞു. ദൈവപുത്രന്‍ മരപ്പണി ചെയ്യുകയോ എന്നമ്പരന്നില്ല. അന്നത്തേതിനു കായികാദ്ധ്വാനം ചെയ്യുന്നതില്‍ അപമാനവും തോന്നിയില്ല. ദൈവനിശ്ചയപ്രകാരം എല്ലാം സംഭവിച്ചുകൊള്ളും എന്നവള്‍ മനസ്സിലാക്കി, മറ്റുള്ളവരെപ്പോലെ സാധാരണക്കാരിയായി ജീവിച്ചു. ഈ സുതാര്യതയും തുറവിയുമാണ് ഒരാളുടെ സത്യസന്ധത.

സ്വന്തം ഗര്‍ഭപാത്രത്തിന്‍റെ നിഗൂഢതയും ഒളിച്ചോട്ടവും കന്യാത്വവുമെല്ലാം ആ കുടുംബത്തിന്‍റെ സത്യസന്ധതയുടെ മകുടമായിത്തീര്‍ന്നു. സത്യസന്ധര്‍ക്കു സുഖലോലുപരാകാനാകില്ല. സുഖലോലുപത അസത്യം കൊണ്ടു കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരംപോലെയാണ്. അത് ഏതു നിമിഷവും ജീവിതത്തെ നിലംപരിശാക്കിയേക്കാം.

ഇതറിഞ്ഞു വളരാന്‍ കഴിയുന്ന മക്കള്‍ ഭാഗ്യപ്പെട്ടവരാണ്. അവരുടെ കൈകളിലാണ്, അവരുടെ കൈകളില്‍ മാത്രമാണു കേരളത്തിന്‍റെ സുരക്ഷിതത്വം ഭദ്രമായിരിക്കുന്നത്.

Leave a Comment

*
*