ഭൗതികതയോടുള്ള നിര്‍മമത

ഭൗതികതയോടുള്ള നിര്‍മമത

മാതൃപാഠങ്ങള്‍

ഷൈനി ടോമി

നമ്മുടെ വിശുദ്ധ ഇടങ്ങളിലെ ആഡംബരങ്ങളും ആര്‍ഭാടങ്ങളും ദൈവാനുഗ്രഹം നേടിത്തരുന്നുണ്ടോ? സമ്പത്തിന്‍റെ കാര്യവിചാരിപ്പും പണക്കൊഴുപ്പുമത്സരവും ആര്‍ക്കെങ്കിലും നല്ല ജീവിതം നയിക്കുവാന്‍ പ്രേരണയാകുമോ? സമ്പന്നര്‍ സ്വര്‍ഗത്തില്‍ പോകുന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനേക്കാള്‍ പ്രയാസമാണെന്നു പറഞ്ഞ ഗുരുവിനെ നമുക്കു മനസ്സിലാക്കുവാന്‍ കഴിയുന്നെങ്കിലുമുണ്ടോ?

ഭൂമിയില്‍ ഇന്നുവരെ ഉണ്ടായതില്‍വച്ച് ഏറ്റവും മനോഹരമായ കുടുംബം എങ്ങനെയാണു തങ്ങളുടെ പ്രതിസന്ധികളെ അതിജീവിച്ചതെന്നു നോക്കിക്കാണാനൊന്നു ശ്രമിച്ചുനോക്കാം.

കടിഞ്ഞൂല്‍ ഗര്‍ഭകാലം ഛര്‍ദ്ദി, ക്ഷീണം ഒക്കെയുടെയും കാലമാണ്. മിക്ക വീടുകളിലും സ്ത്രീക്കു വളരെ മെച്ചപ്പെട്ട പരിചരണവും പരിഗണനയും ലഭിക്കുന്ന കാലം. എന്നിട്ടും അമ്മ മറിയത്തിന് അതിനു ഭാഗ്യമുണ്ടായില്ല. സുദീര്‍ഘവും ക്ലേശകരവുമായ യാത്രയുടെ നാളുകളായിരുന്നു അമ്മയ്ക്കു ഗര്‍ഭകാലം. ഒടുവില്‍ കഴുതപ്പുറത്തിരിക്കുമ്പോള്‍ പ്രസവവേദനയും ആരംഭിച്ചു. സ്ത്രീകളാരും തുണയ്ക്കില്ല. ഔസേപ്പിതാവ്, സത്രത്തിലിടമന്വേഷിച്ച് അലയുകയായിരുന്നു. ആരും കരുണ കാട്ടിയില്ല; സമ്പന്നരോ ദരിദ്രരോ സഹയാത്രികരോ സ്ഥലവാസികളോ ആരും. ഒരുപാടു മനുഷ്യര്‍ ചുറ്റും അടച്ചുറപ്പുള്ള ഇടങ്ങളില്‍ സ്വന്തം സുരക്ഷയും സുഖവും നേടിയതില്‍ സന്തോഷിച്ചുറങ്ങിയ ആ രാത്രി, പരിശുദ്ധ മറിയം പ്രസവിക്കുവാന്‍ ഒരു ഇടം കണ്ടെത്തിയതു പുല്‍ത്തൊട്ടിയിലായിരുന്നു. ചാണകവും മൂത്രവും മണക്കുന്ന ഇടത്ത് അമ്മ പ്രസവിച്ചു!

സകല മനുഷ്യര്‍ക്കുംവേണ്ടിയുള്ള രക്ഷകനാണ് ഉദരത്തില്‍ എന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. ആ പദവി അവള്‍ താത്കാലിക സൗകര്യത്തിനുവേണ്ടി ആര്‍ക്കു മുന്നിലും പണയം വച്ചില്ല. വചനത്തിനു വളരാന്‍ ഉദരം നല്കിയിട്ടും ദൈവം കരുണ കാണിച്ചില്ലല്ലോ എന്നു വിലപിച്ചില്ല. പ്രസവിക്കുവാന്‍ ഇടം തരണമെന്നു മുട്ടുകുത്തി പ്രാര്‍ത്ഥിച്ചുപോലുമില്ല. തന്നിലെ ദൈവസാന്നിദ്ധ്യത്തിലു ള്ള അടിയുറച്ച വിശ്വാസം, മറിയത്തെ ധീരവനിതയാക്കി. എന്തും നന്മയ്ക്കായി പരിണമിപ്പിക്കുവാന്‍ കഴിയുന്ന ദൈവത്തില്‍ ഉപാധികളില്ലാതെ ആശ്രയിച്ചു. കടിഞ്ഞൂല്‍ പ്രസവം, പശുക്കളുടെ മാത്രം സാന്നിദ്ധ്യത്തില്‍.

നമ്മള്‍ സ്ത്രീകളെങ്കിലും സ്വയം അത്തരമൊരു സാഹചര്യത്തില്‍ ആയിരുന്നെങ്കില്‍, എന്താകുമായിരുന്നു പ്രതികരണം എന്ന് ആലോചിച്ചുനോക്കേണ്ടതല്ലേ?
ദൈവം അനുവദിച്ച സാഹചര്യത്തെ അംഗീകരിക്കുവാനുള്ള വലിയൊരാഹ്വാനമാണു മറിയം നിശ്ശബ്ദമായി മുന്നോട്ടുവയ്ക്കുന്നത്. ചെറിയ അസൗകര്യങ്ങള്‍ പോലും സഹിക്കാന്‍ കഴിയാതെ, കൊച്ചുകൊച്ചു അപമാനങ്ങളെപ്പോലും ഭയന്ന്, ഒളിച്ചോടുകയും ആത്മഹത്യ ചെയ്യുകയും കൊല്ലുകയുമൊക്കെ ചെയ്യുന്ന മനുഷ്യരുടെ എണ്ണം പെരുകുന്നുണ്ടെന്നാണു പഠനങ്ങളൊക്കെ തരുന്ന സൂചന.

ഇവിടെ മറിയത്തെ രാജ്ഞിയായി അംഗീകരിക്കുകയും സ്നേഹിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്ന നമുക്കു നിഷ്ക്രിയരാകാന്‍ കഴിയില്ല. മറിയം കാണിച്ചുതരുന്നതുപോലെ പ്രതിസന്ധികളെ ധൈര്യസമേതം നേരിട്ട് കാണിച്ചുകൊടുക്കണം നാമും. ഇതു കാലഘട്ടത്തിന്‍റെ വെല്ലുവിളിയാണ്, ഓരോ അമ്മയും ഏറ്റെടുക്കേണ്ട വെല്ലുവിളി.

തന്‍റെ ജീവിതത്തില്‍ ദൈവം അനുവദിച്ച സഹനങ്ങളെ പ്രത്യാശാപൂര്‍വം അതിജീവിച്ചപ്പോള്‍ മറിയത്തിനു സ്വര്‍ഗീയാനുഭവം ഉണ്ടായി. തന്‍റെ കുഞ്ഞിനെ സ്തുതിച്ചു പാടി മാലാഖമാര്‍ ഭൂമിയിലെത്തി. ആകാശത്തു പുതിയൊരു നക്ഷത്രം ഉദിച്ചു. ആട്ടിടയന്മാരും രാജാക്കന്മാരും അമ്മയെയും കുഞ്ഞിനെയും കാണാനും ശുശ്രൂഷിക്കാനും എത്തി. മനുഷ്യരുടെ ഇടപെടലില്ലാതെ സ്വര്‍ഗമൊരുക്കിയ ഈ ആഘോഷപരിപാടികള്‍ ഏത് ഇവന്‍റ് മാനേജ് ഗ്രൂപ്പിനാണ് ഒരുക്കാന്‍ കഴിയുക!

പിന്നെ എന്തിനായിരുന്നു ഇത്രയേറെ ക്ലേശങ്ങള്‍ മറിയത്തിനും ഭര്‍ത്താവിനും നല്കിയത്? സ്വര്‍ഗം ഭൂമിയെ തൊടാന്‍ തടസ്സമായ ഭൗതികസൗകര്യങ്ങളെല്ലാം ഒഴിവാക്കാനായിരുന്നിരിക്കണം. സ്വര്‍ഗീയസംഗീതം കേള്‍ക്കാന്‍ കഴിയണമെങ്കില്‍, സ്വര്‍ഗീയാനന്ദമനുഭവിക്കണമെങ്കില്‍ ഭൗതികതയോടുള്ള പൂര്‍ണമായ നിര്‍മമത ആവശ്യമായിരിക്കാം. ദൈവം നിയോഗങ്ങള്‍ ഏല്പിക്കുവാനായി പ്രവര്‍ത്തകരെ വേര്‍തിരിച്ചു പരിശീലിപ്പിക്കുന്ന രീ തി ഇതാണെന്നുകൂടി നമ്മള്‍ അറിയേണ്ടതല്ലേ? ഭൗതികസൗകര്യങ്ങള്‍ കൂട്ടിക്കിട്ടുവാനായിട്ടു പള്ളിയില്‍ പോകുന്നവരാണു നമ്മളെങ്കില്‍ ഒന്നു മാറി ചിന്തിച്ചുനോക്കാം. ദൈവം അനുവദിച്ചു നല്കു ന്ന സാഹചര്യങ്ങളും സാദ്ധ്യതകളും നൂറു ശതമാനം സന്മസ്സോടെ നന്ദിപൂര്‍വം സ്വീകരിച്ചു ദൈവത്തിനു കീഴ്വഴങ്ങുന്നവരായി രൂപാന്തരപ്പെടാം. അസൂയപ്പെടാതെ, ആര്‍ത്തിയില്ലാതെ, പകയില്ലാതെ, പരിഭവിക്കാതെ, റെക്കമന്‍റേഷനും ഔദാര്യത്തിനും പിന്നാലെ നിരന്തരം പായാതെ, ദൈവത്തെ നോക്കി, അവിടുന്നില്‍ ആശ്രയിച്ചു ശാന്തരായി നമുക്ക് അദ്ധ്വാനിച്ചു ജീവിക്കാം. ക്ലേശങ്ങളും ആദരവുകളും ജീവിതത്തിന്‍റെ സന്തുലനം നിലനിര്‍ത്തട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org