മറ്റുള്ളവരുടെ അഭിപ്രായങ്ങൾ എപ്പോഴും ശരിയാകണമെന്നില്ല

മറ്റുള്ളവരുടെ അഭിപ്രായങ്ങൾ എപ്പോഴും ശരിയാകണമെന്നില്ല

മറ്റുള്ളവര്‍ക്ക് നമ്മെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല.

സ്കൂള്‍ ബാസ്ക്കറ്റ്ബോള്‍ ടീമിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കഴിവില്ലെന്നു പറഞ്ഞ് കോച്ച് തിരിച്ചയച്ച വ്യക്തിയാണ് പിന്നീട് ബാസ്ക്കറ്റ്ബോള്‍ രംഗത്തെ രാജാവായി മാറിയ മൈക്കിള്‍ ജോര്‍ഡാന്‍.

മിക്കിമൗസ് പരമ്പരകളുടെ സ്രഷ്ടാവായ വാള്‍ട്ട് ഡിസ്നി ഡിസ്നിലാന്‍ഡ് ആരംഭിക്കുന്നതിനായുള്ള ലോണിനായി ബാങ്കുകളെ സമീപിച്ചപ്പോള്‍ ഏകദേശം നൂറോളം ബാങ്കുകളാണ് ആ പ്രൊജക്ടിനു സാധ്യതയില്ലെന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്‍റെ ലോണ്‍ അപേക്ഷ തള്ളിയത്. പില്‍ക്കാലത്ത് അദ്ദേഹം ആരംഭിച്ച ഡിസ്നിലാന്‍ഡ് എന്ന ഫാന്‍റസി പാര്‍ക്ക് ബിസിനസ് ലോകത്തെ തന്നെ വിന്‍വിജയങ്ങളിലൊന്നായി മാറി.

"നിന്നെക്കൊണ്ട് കുടുംബത്തിന് ഒരു പ്രയോജനവുമില്ല. നീ കുടുംബത്തിന് നാണക്കേടുണ്ടാക്കും." ഒരു കൗമാരക്കാരനോട് അയാളുടെ അച്ഛന്‍ പറഞ്ഞ വാക്കുകളാണിവ. ഈ വ്യക്തിയാണ് പിന്നീട് പരിണാമ സിദ്ധാന്തത്തിലൂടെ ശാസ്ത്രലോകത്തെ അത്ഭുതമായി മാറിയ ചാള്‍സ് ഡാര്‍വിന്‍.

ഒരു പുസ്തകം പ്രസാധകര്‍ 140 തവണ തിരസ്ക്കരിച്ചാല്‍ ആ പുസ്തകത്തിന്‍റെ ഭാവിയെന്താകും? ഇന്ന് 800 ലക്ഷം കോപ്പികള്‍ അറുപത് വ്യത്യസ്ത ടൈറ്റിലുകളിലായി ഇറങ്ങിയിട്ടുള്ള 'ചിക്കന്‍ സൂപ്പ് ഫോള്‍ ദ സോള്‍' പരമ്പരയിലെ ആദ്യപുസ്തകം പ്രസിദ്ധീകരിക്കുവാന്‍ കൊള്ളില്ലെന്നു പറഞ്ഞത് ഒന്നും രണ്ടുമല്ല നൂറ്റിനാല്പ്പത് പ്രസാധകരാണ്.

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തോല്ക്കുകയും, മണ്ടനെന്നു വിളിച്ച് മറ്റുള്ളവര്‍ ആക്ഷേപിക്കുകയും ചെയ്ത വ്യക്തിയാണ് പില്‍ക്കാലത്ത് പ്രശസ്ത പ്രഭാഷകനും ഇംഗ്ലണ്ടിന്‍റെ പ്രധാനമന്ത്രിയുമായി മാറിയ വിന്‍സ്റ്റന്‍ ചര്‍ച്ചില്‍.

ഒരു ഹോളിവുഡ് താരമായി മാറുക എന്ന മോഹവുമായി 'ഓള്‍ മൈ ചില്‍ഡ്രന്‍' എന്ന സിനിമയുടെ ഓഡീഷനില്‍ പങ്കെടുക്കുകയും അഭിനയിക്കുവാനുള്ള കഴിവില്ലായെന്നു പറഞ്ഞ് തിരസ്കരിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് ഇന്ന് ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരിലൊരാളായ ജൂലിയ റോബര്‍ട്ട്സ്.

സ്കൂളില്‍ മോശമായ പ്രകടനം കാഴ്ചവയ്ക്കുകയും, ഏവരുടെയും പരിഹാസപാത്രമാവുകയും ചെയ്ത ഒരു വ്യക്തി പിന്നീട് കുടുംബ ഫാം ഏറ്റെടുത്ത് നടത്തി. ആ വ്യക്തിയാണ് പിന്നീട് പ്രശസ്ത ശാസ്ത്രജ്ഞനായ സര്‍ ഐസക് ന്യൂട്ടണായി അറിയപ്പെട്ടത്.

ലോകത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിലൊന്നായ സ്റ്റാര്‍വാര്‍സ് നിര്‍മ്മിക്കുന്നതിനുവേണ്ടി സമീപിച്ചപ്പോള്‍ ഹോളിവുഡിലെ ഒട്ടുമിക്ക സിനിമ നിര്‍മ്മാണ കമ്പനികളും ഇതിനു വേണ്ടത്ര സാധ്യതയില്ലെന്നു പറഞ്ഞ് കൈയ്യൊഴിഞ്ഞു. അവസാനം ട്വെന്‍റിയത്ത് സെഞ്ച്വറി ഫോക്സ് നിര്‍മ്മിച്ച ഈ സിനിമ ഹോളിവുഡിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി മാറി.

നാലുവയസ്സുവരെ സംസാരിക്കാതിരുന്ന ബാലനെക്കുറിച്ച് ടീച്ചര്‍ മാര്‍ പറഞ്ഞ അഭിപ്രായം ഇങ്ങനെയായിരുന്നു: "ഇവന്‍ ജീവിതത്തില്‍ ഒന്നുമാകുവാന്‍ പോകുന്നില്ല." ഈ വ്യക്തിയാണ് ശാസ്ത്രലോകത്തെ അത്ഭുതപ്രതിഭയായി മാറിയ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍.

മുകളില്‍ പ്രസ്താവിച്ച വ്യക്തിത്വങ്ങളെക്കുറിച്ച് പലരും ശരി എന്നു തോന്നി പറഞ്ഞ കാര്യങ്ങള്‍ തികച്ചും തെറ്റായിരുന്നുവെന്ന് കാലം തെളിയിച്ചു.

മറ്റുള്ളവര്‍ക്ക് നമ്മെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org