മറ്റുള്ളവരുടെ പ്രശ്നം എന്റേതുമാണ്

മറ്റുള്ളവരുടെ പ്രശ്നം എന്റേതുമാണ്

ജലപ്രളയം ഉണ്ടായപ്പോഴാണ് കേരളീയര്‍ ഒരു സത്യം തിരിച്ചറിഞ്ഞത്. മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനാകില്ല എന്ന്. അയല്‍വക്കത്ത് താമസിക്കുന്ന വീട്ടുകാരെപ്പോലും നേരേചൊവ്വേ കാണുകയോ മിണ്ടുകയോ ചെയ്തിട്ടില്ലാത്തവര്‍ സഹായത്തിനായി നിലവിളിക്കുകയും കൈത്താങ്ങായി ഓടിച്ചെല്ലുകയും ചെയ്ത അവസ്ഥ. ഒരു പ്രശ്നം ഉണ്ടായാല്‍ എന്നെ ബാധിക്കില്ല എന്നു പറഞ്ഞ് കൈയൊഴിഞ്ഞ് നില്‍ക്കാന്‍ നമുക്കാവില്ല. കാരണം അത് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാവരോടും ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നതുതന്നെ. ഒരു കഥയിലൂടെ അതു നമുക്കു കാണാം.

ഒരു കര്‍ഷകന്‍റെ ഫാം ഹൗസില്‍ ഒരു കുഞ്ഞെലി ജീവിച്ചിരുന്നു. ആ ഫാം ഹൗസില്‍തന്നെ ഒരു കോഴിയും പന്നിയും പശുവും ജീവിച്ചിരുന്നു. ഒരിക്കല്‍ കര്‍ഷകനും ഭാര്യയും ടൗണില്‍ പോയി വന്നപ്പോള്‍ ഒരു പായ്ക്കറ്റ് കൊണ്ടുവന്നു. അതിനുള്ളില്‍ ഭക്ഷണസാധനങ്ങളെന്തെങ്കിലുമാണോ എന്നറിയുവാന്‍ കുഞ്ഞെലി അവര്‍ പായ്ക്കറ്റ് തുറക്കുന്നത് ഒളിച്ചിരുന്നു നോക്കി.

തുറന്ന പായ്ക്കറ്റ് കണ്ട് കുഞ്ഞെലി ഞെട്ടിപ്പോയി. ഒരു എലിക്കെണിയായിരുന്നു പായ്ക്കറ്റിനുള്ളിലുണ്ടായിരുന്നത്.

ഈ വിവരമറിഞ്ഞയുടനെ കുഞ്ഞെലി ഓടി കോഴിയുടെ അടുക്കലെത്തി പറഞ്ഞു: "ദാ നമ്മുടെ ഫാം ഹൗസില്‍ ഒരു എലിക്കെണി കൊണ്ടുവന്നിരിക്കുന്നു; അത് അപകടമാണ്."

ഇതുകേട്ടു കോഴി പറഞ്ഞു: "എലിക്കെണിയും ഞാനുമായിട്ട് എന്താ ബന്ധം? അത് എന്നെ ബാധിക്കുന്ന കാര്യമേയല്ല."

അടുത്തതായി ഈ വിവരം പറയുവാന്‍ എലി സമീപിച്ചത് പന്നിയെയാണ്. വിവരം കേട്ട പന്നി പറഞ്ഞു: "സോറി, ഇതു നിന്നെ ബാധിക്കുന്ന കാര്യമല്ലേ? ഞാനെന്തിന് അതേക്കുറിച്ചോര്‍ത്ത് ഉത്കണ്ഠപ്പെടണം?"

തന്‍റെ സഹായത്തിന് അവസാനം പശുവെങ്കിലും വരുമെന്ന് എലി ചിന്തിച്ചു. കാരണം ഒരേ ഫാം ഹൗസിലെ അന്തേവാസികളാണല്ലോ അവരെല്ലാവരും. അങ്ങനെ കര്‍ഷകന്‍ എലിക്കെണി വാങ്ങിയ വിവരം പശുവിനെയും അറിയിച്ചു. ഈ പ്രതിസന്ധി നേരിടാന്‍ തന്നെ സഹായിക്കാമോയെന്ന് എലി പശുവിനോടു ചോദിച്ചു. പക്ഷേ, പശുവിന്‍റെ പ്രതികരണം വളരെ തണുത്തതായിരുന്നു. തങ്ങള്‍ ഒരേ വീട്ടില്‍ താമസിക്കുന്നു എന്നുള്ളതൊക്കെ ശരിതന്നെ. പക്ഷേ, എലിയുടെ പ്രശ്നം തന്നെ ബാധിക്കുന്നില്ലല്ലോ എന്നായിരുന്നു പശുവിന്‍റെ അഭിപ്രായം.

ഒടുവില്‍ തന്‍റെ വിധിയെ തനിച്ചുതന്നെ നേരിടുവാന്‍ എലി തീരുമാനിച്ചു.

അന്നു രാത്രി എലിക്കെണിയില്‍ ഇര വീണ ശബ്ദം കേട്ടു കര്‍ഷകനും ഭാര്യയും ഓടി എലിക്കെണിയുടെ അടുത്തെത്തി. രാത്രിയുടെ ഇരുട്ടില്‍ എന്താണു കെണിയില്‍ വീണതെന്ന് അവര്‍ക്കു തിരിച്ചറിയുവാനായില്ല.

കര്‍ഷകന്‍റെ ഭാര്യ എലിക്കെണിയുടെ അടുത്തേയ്ക്കു ചെന്നു. പെട്ടെന്നാണ് അവരുടെ കയ്യില്‍ ഒരു കൊത്തു കിട്ടിയത്. എലിക്കെണിയില്‍ കുടുങ്ങിയത് എലിയായിരുന്നില്ല. മറിച്ച് കൊടിയ വിഷമുള്ള ഒരു പാമ്പായിരുന്നു. പാമ്പിന്‍റെ വാല്‍ മാത്രമാണ് എലിക്കെണിയില്‍ കുടുങ്ങിയത്. ഇതറിയാതെ കെണിയുടെ അടുത്തേയ്ക്കു ചെന്നപ്പോഴാണ് അവര്‍ക്കു പാമ്പിന്‍റെ കടി കിട്ടിയത്. പാമ്പു കൊത്തിയ കര്‍ഷകന്‍റെ ഭാര്യ പനി പിടിച്ചു കിടപ്പിലായി. അങ്ങനെയിരിക്കെ പനിക്കു കോഴി സൂപ്പ് അത്യുത്തമമാണെന്ന് ആരോ കര്‍ഷകനോടു പറഞ്ഞു.

അങ്ങനെ വീട്ടിലെ കോഴിയെ കൊന്ന് കര്‍ഷകന്‍ ഭാര്യയ്ക്കു സൂപ്പുണ്ടാക്കി കൊടുത്തു.

ഭാര്യയുടെ ആരോഗ്യസ്ഥിതി ദിനം പ്രതി കൂടുതല്‍ വഷളായി വന്നു. കര്‍ഷകന്‍റെ ധാരാളം സുഹൃത്തുക്കള്‍ കിടപ്പിലായ ഭാര്യയെ സന്ദര്‍ശിക്കുവാന്‍ വീട്ടിലെത്തി. അവര്‍ക്കു ഭക്ഷണമൊരുക്കുവാന്‍ കര്‍ഷകന്‍ പന്നിയെയും കശാപ്പ് ചെയ്തു.

ദിവസങ്ങള്‍ കടന്നുപോയി വിഷചികിത്സകളൊന്നും ഫലിക്കാതെ കര്‍ഷകന്‍റെ ഭാര്യ ഇഹലോകവാസം വെടിഞ്ഞു.

അവസാനം ഭാര്യയുടെ ശവസംസ്കാരത്തിനു വന്നവര്‍ക്കു ഭക്ഷണം നല്കുവാനായി കര്‍ഷകനു പശുവിനെയും അറക്കേണ്ടതായി വന്നു.

ഈ വിനകളൊക്കെയും വരുത്തിവച്ചതാകട്ടെ ഒരു എലിക്കെണിയും.

ഒരേ വീട്ടില്‍ ജീവച്ചിരുന്ന കോഴിയോടും പന്നിയോടും പശുവിനോടും കുഞ്ഞെലി എലിക്കെണിയെക്കുറിച്ചു പറഞ്ഞപ്പോള്‍ ഇതു തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല എന്നാണ് അവര്‍ മറുപടി പറഞ്ഞത്. പക്ഷേ, ആ പ്രശ്നം അവസാനം അവരുടെ ജീവന്‍ തന്നെ എടുക്കുന്നതിനു കാരണമായി തീര്‍ന്നു.

തിരിച്ചറിയുക, നമ്മുടെ ടീം അംഗങ്ങള്‍ പ്രശ്നത്തിലാകുമ്പോള്‍ നമ്മളും പ്രശ്നത്തിലാകുകയാണു ചെയ്യുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org