മഴവില്ല്

മഴവില്ല്

ഒരിക്കല്‍ നിറങ്ങളെല്ലാം ഒത്തുകൂടി. ഓരോന്നു പറഞ്ഞുപറഞ്ഞ് വലിയ വഴക്കായി. താനാണ് ഏറ്റവും മികച്ചവന്‍ എന്നായിരുന്നു ഓരോരുത്തരുടെയും വാദം. ഏറ്റവും പ്രസക്തനും ഉപകാരിയും മികച്ചവനും താനാണ് എന്ന് ഓരോ നിറവും വീറോടെ വാദിച്ചതിനാല്‍ പോരു മൂത്തു.

പച്ച പറഞ്ഞു: വാസ്തവത്തില്‍ ഞാനാണ് ഏറ്റവും പ്രധാനി. ജീവന്‍റെയും പ്രതീക്ഷയുടെയും അടയാളം. പുല്ലിലും മരത്തിലും ഇലയിലുമെല്ലാം 'ഞാന്‍' മയം! ഞാനില്ലെങ്കില്‍ മൃഗങ്ങള്‍ ചത്തതുതന്നെ. നിങ്ങള്‍ ചുറ്റും നോക്ക്, ഞാനാണ് എങ്ങും നിറഞ്ഞുനില്‍ക്കുന്നത്.

നീല തടസം പറഞ്ഞു: എടോ പച്ചേ, നീ ഭൂമിയെപ്പറ്റിമാത്രം ചിന്തിക്കുന്നതു കൊണ്ടാണിത്. ആകാശവും കടലും നോക്ക്. ഞാനില്ലെങ്കില്‍ വെള്ളമില്ല; വെള്ളമില്ലെങ്കില്‍ ജീവനില്ല. ആകാശനീലിമയാണ് പ്രപഞ്ചത്തിനാകെ പ്രശാന്തിയേകുന്നത്. ഞാനില്ലെങ്കില്‍ എല്ലാം തീര്‍ന്നതുതന്നെ.

മഞ്ഞ പല്ലിറുമ്മി: നിങ്ങളെല്ലാം ശുംഭന്മാരാണ്. എന്നെ നോക്ക്. ഞാനാണ് ഈ ലോകത്തിന് പ്രകാശമേകുന്നത്; സൂര്യനില്ലെങ്കില്‍ ലോകമില്ലല്ലോ. നക്ഷത്രങ്ങളും സൂര്യനും താരഗണങ്ങളുമൊക്കെ എന്നെയാണ് സ്വീകരിച്ചിരിക്കുക. സൂര്യ കാന്തിപ്പൂക്കളിലേക്ക് നോക്ക്. പ്രപഞ്ചം മുഴുവന്‍ പുഞ്ചിരി തൂകി നില്‍ക്കുന്നതു കാണാം.

ഓറഞ്ചുനിറം പറയാന്‍ ഓങ്ങിനില്‍ക്കുകയായിരുന്നു: ആരോഗ്യത്തിന്‍റെയും ശക്തിയുടെയും നിറമാണ് ഞാന്‍. എന്നെ എല്ലായിടത്തുമൊന്നും കണ്ടില്ലെന്നു വരാം. പക്ഷേ, ഞാന്‍ അമൂല്യനാണ്. ഞാനാണ് വൈറ്റമിനെ ചുമക്കുന്നത്. കാരറ്റിലും ഓറഞ്ചിലും മാങ്ങയിലും കുമ്പളങ്ങയിലുമൊക്കെ ഞാനല്ലേ നിറഞ്ഞു നില്‍ക്കുന്നത്. ഞാന്‍ സൂര്യാസ്തമനത്തിലും സൂര്യോദയത്തിലും സന്നിഹിതനായാലുണ്ടല്ലോ പിന്നെ എന്‍റേത് പതിനേഴഴകാണ്.

ചുമപ്പ് ഒട്ടും വിട്ടുകൊടുത്തില്ല: ഞാനാണ് നിങ്ങളുടെയെല്ലാം രാജാവ്. ഞാനാണ് രക്തം. ജീവരക്തം. അപകടത്തിന്‍റെയും ആഡംബരത്തിന്‍റെയും നിറം. ഞാനാണ് അഗ്നി. ഞാനില്ലെങ്കില്‍ ഭൂമി ശൂന്യം. വികാരത്തിന്‍റെയും സ്നേഹത്തിന്‍റെയും നിറം ഞാന്‍തന്നെ.

കരിഞ്ചുമപ്പ് ഇങ്ങനെ പറഞ്ഞു: ഞാനാണ് ഹേ, അധികാരത്തിന്‍റെയും രാജകീയപ്രൗഢിയുടെയും നിറം. രാജാക്കന്മാരും മെത്രാന്മാരും എന്നെയാണ് എപ്പോഴും കൂടെക്കൂട്ടുന്നത്. എനിക്കാണ് വിവരമുള്ളത്.

ഇന്‍ഡിഗോ ആണ് അവസാനമായി സംസാരിച്ചത്, വളരെ ശാന്തമായി, എന്നാല്‍ പ്രൗഢിയോടെ: നിങ്ങളേവരും എന്നെപ്പറ്റി ഓര്‍ക്കുവിന്‍. ഞാനാണ് നിശബ്ദതയുടെ നിറം. ചിന്തയുടെയും ആലോചനയുടെയും നിറം. പലതും സന്തുലിതമാക്കാന്‍ എന്‍റെ നിറം കൂടിയേതീരൂ.

നിറങ്ങള്‍ ഇപ്രകാരം വീരവാദം മുഴക്കി. തങ്ങള്‍ക്കാണ് മേല്‍ക്കോയ്മയെന്ന വീമ്പിളക്കല്‍. അവരുടെ വഴക്ക് ഏറെ ഉച്ചത്തിലായി.

പെട്ടെന്ന് ഇടി മുഴങ്ങി. മഴ പെയ്തു. നിറങ്ങള്‍ ഞെട്ടിവിറച്ചു. അവര്‍ സുരക്ഷിത സങ്കേതങ്ങള്‍ തേടി.
മഴച്ചാര്‍ത്തിനിടെ മഴ സംസാരിച്ചു തുടങ്ങി: "മണ്ടശിരോമണികളേ, തമ്മില്‍ വഴക്കുണ്ടാക്കുന്നോ. നിങ്ങളൊക്കെ പ്രത്യേക കാര്യങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നവരാണെന്ന് അറിയില്ലേ. അത് വ്യത്യസ്തവും തനിമയാര്‍ന്നതുമാണ്. എല്ലാവരും കൈകോര്‍ത്ത് എന്‍റെയടുത്ത് വരിക."

നിറങ്ങള്‍ ഒത്തുചേര്‍ന്ന് കൈകോര്‍ത്തു.

മഴ തുടര്‍ന്നു: "ഇന്നു മുതല്‍ ഞാന്‍ പെയ്തു തുടങ്ങുമ്പോള്‍ നിങ്ങള്‍ ഓരോരുത്തരായി ആകാശവിതാനത്തില്‍ ഒന്നിച്ച് അണിനിരക്കണം. സുന്ദരമായൊരു മഴവില്ലായി അത് രൂപപ്പെടും. അത് നാളത്തെ പ്രത്യാശയുടെ സൂചനയാണ്. വഴക്കെല്ലാം ഒടുങ്ങിയതിന്‍റെ തെളിവ്."

പിന്നെ ഭൂമിയില്‍ മഴ പെയ്യുമ്പോഴൊക്കെ നിറങ്ങള്‍ കൈപിടിച്ചു നില്‍ക്കും. നാം പരസ്പരം വേണ്ടപ്പെട്ടവരാണെന്ന് ഓര്‍മപ്പെടുത്താന്‍. പരസ്പരം പോരടിക്കാതെ പ്രോത്സാഹിപ്പിച്ചു ജീവിച്ചാല്‍ മാരിവില്ലായി നിറയാം എന്ന ഓര്‍മപ്പെടുത്തല്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org