തൊഴിലിടങ്ങളിലെ മാനസികാരോ​ഗ്യം

തൊഴിലിടങ്ങളിലെ മാനസികാരോ​ഗ്യം

ഡോ. ജയപ്രകാശ്
(കുസുമഗിരി മെന്‍റല്‍ ഹെല്‍ത്ത് സെന്‍റര്‍, കാക്കനാട്)

മാനസികാരോഗ്യക്കുറവ് ഇന്നു തൊഴിലിടങ്ങളില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ജോലിയില്‍ നേരിടുന്ന സമ്മര്‍ദ്ദ ങ്ങളാണ് മുഖ്യമായും മാനസികാരോഗ്യക്കുറവിലേക്ക് നയിക്കുന്നത്. തൊഴിലിടങ്ങളിലെ ജോലിഭാരവും വൈവിധ്യമാര്‍ന്ന ജോലികളും സമ്മര്‍ദ്ദങ്ങള്‍ക്കിടയാക്കും. ഇതു നിരന്തരം തുടരുകയോ നീണ്ടുനില്‍ക്കുകയോ ചെയ്താല്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിച്ച് മാനസിക രോഗാവസ്ഥയില്‍ എത്തിച്ചേരും.

പൊതുവേ നോക്കിയാല്‍ പത്തു പേരില്‍ നാലുപേരെങ്കിലും തൊഴില്‍ സ്ഥലങ്ങളില്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണെന്നു കാണാം. ഇതില്‍ പുരുഷന്മാരുടെ അനുപാതമാണു കൂടുതല്‍. 83% പുരുഷന്മാര്‍ ഇത്തരത്തില്‍ മാനസികസമ്മര്‍ദ്ദങ്ങള്‍ നേരിടുമ്പോള്‍ സ്ത്രീകളില്‍ 72% ഇത്തരത്തില്‍ മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. തൊഴിലിടങ്ങളിലെ മാനസികപ്രശ്നങ്ങള്‍ കുടുംബപ്രശ്നങ്ങള്‍ക്കും വഴി തുറക്കുന്നുണ്ട്. പത്തുപേരില്‍ ഏഴുപേരുടെ കുടുംബങ്ങളില്‍ ഇതുമൂലം പലവിധ അസ്വസ്ഥതകള്‍ ഉടലെടുക്കുന്നുണ്ടെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.

തൊഴിലിടങ്ങളിലെ സമ്മര്‍ദ്ദങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങള്‍ ജോലിഭാരം, പ്രോത്സാഹനമില്ലായ്മ, ജോലിയില്‍ വ്യക്തതക്കുറവ്, മറ്റുള്ളവരുടെ പരിഹാസം, അവഗണന, ജോലികളില്‍ നിന്നുള്ള മാറ്റങ്ങള്‍, കഴിവില്ല എന്ന തോന്നല്‍, പരിജ്ഞാനമില്ലായ്മ തുടങ്ങിയവയാണ്. വ്യക്തിയുടെ പ്രായം, ആരോഗ്യം, വ്യക്തിത്വം തുടങ്ങിയവയും ഇതുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. നിസ്സാരകാര്യങ്ങള്‍ക്കുവരെ ഉത്ക്കണ്ഠാകുലരാകുന്നവരുണ്ട്. എന്നാല്‍ പ്രതിസന്ധികളെയും പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്ത് തന്‍റേടത്തോടെ അതിനെ നേരിടുന്നവരുമുണ്ട്. ഈ വ്യക്തിത്വ വൈശിഷ്ടങ്ങള്‍ മാനസികാരോഗ്യത്തിന്‍റെ തലത്തില്‍ ഏറെ പ്രധാനപ്പെട്ടതു തന്നെയാണ്.

തന്‍റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും. തൊഴിലിന്‍റെ സ്വഭാവത്തെക്കുറിച്ചും മനസ്സിലാക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് മാനസിക പിരിമുറുക്കങ്ങളും സമ്മര്‍ദ്ദങ്ങളും ഉണ്ടാവുക സ്വാഭാവികം മാത്രം. സമാധാനവും സ്വസ്ഥതയുമില്ലാത്ത കുടുംബാന്തരീക്ഷം, കലഹങ്ങള്‍, മദ്യപാനം… തുടങ്ങിയവയുടെയൊക്കെ പ്രത്യാഘാതങ്ങള്‍ തൊഴില്‍ രംഗത്തും പ്രകടമാകും.

അമിതമായ ഉത്ക്കണ്ഠയുടെ ലക്ഷണങ്ങള്‍ പലതാണ്. തികച്ചും ഭയജന്യമായ ഒരന്തരീക്ഷമാണ് അതുയര്‍ത്തുന്നത്. അതിനോടുബന്ധപ്പെട്ടു പല ശാരീരിക പ്രശ്നങ്ങളും ഉടലെടുക്കും. ഹൃദയമിടിപ്പ് കൂടുക, ശരീരം വിയര്‍ക്കുക, തലകറക്കം, രക്തസമ്മര്‍ദ്ദ വ്യതിയാനം, ഉറക്കക്കുറവ്, പലതരത്തിലുള്ള വേദനകള്‍ തുടങ്ങിയ ശാരീരിക ലക്ഷണങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഈ വേദനകള്‍ക്കൊന്നും ശാസ്ത്രീയ കാരണങ്ങള്‍ ഉണ്ടാകണമെന്നില്ല. മനസ്സു മായി ബന്ധപ്പെട്ടാണിവ നില്‍ക്കു ന്നത്. ധൈര്യക്കുറവ്, അമിതമായ ഭയം എന്നീ ലക്ഷണങ്ങള്‍ മനസ്സിനെ അസ്വസ്ഥപ്പെടുത്തുമ്പോള്‍ ഇത്തരം ശാരീരിക വൈഷമ്യങ്ങളും അലട്ടുന്നതായി തോന്നും.

മാനസിക പ്രശ്നങ്ങള്‍ക്കു പരിഹാരം തേടാന്‍ മനഃശാസ്ത്രജ്ഞന്‍, മാനസികരോഗ വിദഗ്ദ്ധന്‍, ഫിസിഷ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീമിനെ സമീപിക്കുകയാണു വേണ്ടത്. സൈക്കോ തെറാപ്പിയടക്കമുള്ള ചികിത്സകള്‍ വേണ്ടിവരും. രോഗിയുടെ പ്രയാസങ്ങള്‍ വിവേചിച്ചറിഞ്ഞ് മതിയായ പരിശീലനം നല്‍കണം. സ്വഭാവത്തിലും ജീവിതരീതികളിലും വരുത്തേണ്ട മാറ്റങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. രോഗിയുടെ ചിന്തകളെയും മനോഭാവങ്ങളെയും കൗണ്‍സലിംഗിലൂടെ പരിവര്‍ത്തിപ്പിക്കണം. അതുപോലെ അയാളുടെ മനോവ്യാപാരത്തില്‍ യുക്തിചിന്ത വര്‍ദ്ധിപ്പിക്കുകയും വേണം. ശരിയും തെറ്റും, സത്യവും മിഥ്യയും വിവേചിക്കാനുള്ള പരിശീലനങ്ങളും സംവാദങ്ങളും നടക്കണം. അമിതമായ ഉത്ക്കണ്ഠയ്ക്കു ശമനം കാണാന്‍ ചില മരുന്നുകളും കഴിക്കേണ്ടതായി വരും. യോഗ, ധ്യാനം തുടങ്ങിയവപോലെ മനസ്സിനെ സ്വസ്ഥമാക്കുന്ന എക്സര്‍സൈസുകളും വേണ്ടിവരും. ഭക്ഷണരീതിയും പ്രധാനപ്പെട്ടതാണ്. ചായ, കാപ്പി, മധുരപലഹാരങ്ങള്‍, ചോക്ലേറ്റ്, മദ്യം, പുകയില തുടങ്ങിയവയുടെ അമിത ഉപയോഗം നിയന്ത്രിക്കണം. ഒപ്പം തൊഴിലിടങ്ങളില്‍ തന്‍റെ മുന്‍ഗണനകള്‍ കണ്ടെത്തി അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താനും കഴിയണം. തൊഴില്‍ സ്ഥലത്ത് എന്തിനാണ് പ്രാമുഖ്യം നല്‍കേണ്ടതെന്നു ഉറപ്പിക്കണം. ജോലിയുടെ സ്വഭാവമനുസരിച്ചുള്ള വിശ്രമം, വ്യായാമം, തുടങ്ങിയവ പരിശീലിക്കണം. തുടര്‍ച്ചയായ ജോലി ആരെയും വിഷമിപ്പിക്കും.

ഉത്ക്കണ്ഠ നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ അതു സാവധാനം വിഷാദരോഗത്തിലേക്ക് നയിക്കും. ലോകവ്യാപകമായി നോക്കിയാല്‍ 1.9% പുരുഷന്മാരും 3.2% സ്ത്രീകളും വിഷാദരോഗി കളാണ്. 2020 ആകുമ്പോഴേക്കും ഇത് ഇരട്ടിയായി വര്‍ദ്ധിക്കുമെന്നാണ് സൂചനകള്‍. ലോകത്താകമാനമുള്ള വിഷാദരോഗികളില്‍ ഏറ്റവുമധികം പേര്‍ ഇന്ത്യയിലാണെന്നതാണു യാഥാര്‍ത്ഥ്യം. ആഗോളതലത്തില്‍ നോക്കിയാല്‍ 36 ശതമാനവും ഇന്ത്യയിലാണ്. ഉയര്‍ന്ന വരുമാനക്കാരിലാണ് വിഷാദരോഗം കൂടുതല്‍ ദൃശ്യമാകുന്നതെന്നാണ് കണക്ക്. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളാണ് വിഷാദരോഗത്തിനു കൂടുതല്‍ അടിപ്പെടുന്നത്. ഇതില്‍ ശ്രദ്ധേയമായത്, 25 മുതല്‍ പ്രായക്കാരായ പ്രവര്‍ത്തനക്ഷമരും ഊര്‍ജ്ജസ്വലരുമായ വിഭാഗക്കാരിലാണ് ഈ രോഗം വര്‍ദ്ധിതമായി കാണുന്നത് എന്നതാണ്. വിഷാദ രോഗത്തോടനുബന്ധിച്ച് ശാരീരിക രോഗവും വന്നുപെടാം. പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. 80 ശതമാനം വിഷാദ രോഗങ്ങളും ചികിത്സിച്ചു ഭേദപ്പെടുത്താവുന്നതാണെങ്കിലും 50 ശതമാനം പോലും ഇവിടെ ചികിത്സിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത.

തൊഴിലാളികളെയും ജീവനക്കാരെയും പ്രശംസിക്കുക, സന്തോഷകരവും സഹായകരവു മായ അന്തരീക്ഷം സൃഷ്ടിക്കുക, മൂല്യവ്യവസ്ഥകളും വിശ്വാസങ്ങളും പ്രതിഫലിപ്പിക്കുന്ന ഒരു സംസ്ക്കാരം സംജാതമാക്കുക, മനക്ലേശം കൈകാര്യം ചെയ്യുക, അപമാനം ഇല്ലാതാക്കുക, സര്‍വോപരി മാനസികാരോഗ്യ സംരക്ഷണം തൊഴിലിടങ്ങളില്‍ ഉറപ്പാക്കുക – ഇത്തരത്തില്‍ മാനുഷീകവും ക്രിയാത്മകവുമായ സമീപനങ്ങള്‍ സ്വീകരിച്ചുകൊണ്ട് നമ്മുടെ തൊഴില്‍ മേഖലകളില്‍ മാനസികാരോഗ്യം നിലനിറുത്താനും അതിലൂടെ ആരോഗ്യകരമായ ഒരു തൊഴില്‍ സംസ്ക്കാരം വളര്‍ത്തിയെടുക്കാനും കഴിയും.

(അഭിമുഖ സംഭാഷണത്തെ ആസ്പദമാക്കി സീനിയര്‍ സബ്-എഡിറ്റര്‍ ഫ്രാങ്ക്ളിന്‍ എം. തയ്യാറാക്കിയത്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org