മാനസിക പീഡനം അഥവാ Mental Torture

മാനസിക പീഡനം അഥവാ Mental Torture

യുവജന പ്രശ്നങ്ങളിലൂടെയുള്ള ഒരു യുവമനഃശാസ്ത്രജ്ഞന്‍റെ പരീക്ഷണയാത്രകള്‍….

വിപിന്‍ വി. റോള്‍ഡന്‍റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍,
പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist,
Sunrise Hospital, Cochin Universiry &
Roldants Behaviour Studio, Cochin

കരഞ്ഞു കലങ്ങിയ കണ്ണുകളും, കരുവാളിച്ച മുഖവും, ദുര്‍ബലമായ ശബ്ദവുമായിരുന്നു രജിത(പേര് വ്യാജം) യുടെ ഫസ്റ്റ് ലുക്ക്. അവര്‍ എന്‍റെ ബിഹേവിയര്‍ സ്റ്റുഡിയോയില്‍ വരുമ്പോള്‍. ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാന്‍ പറ്റുന്ന, പന്തികേടുകള്‍ മാത്രം നിറഞ്ഞ ജീവിതം ജീവിച്ചതിന്‍റെ സാക്ഷ്യപത്രമായിരുന്നു അവരുടെ രൂപം. ശാന്തമായി ഇരിക്കാനും സ്വസ്ഥമായി സംസാരിക്കാനും അവരെ ഞാന്‍ സഹായിച്ചപ്പോള്‍ വരണ്ടുപോയ ആ മുഖത്ത് പ്രതീക്ഷയുടെ ഒരു മുന്നലൊളി ഞാന്‍ കണ്ടു. പതിയെ അവര്‍ സംസാരിച്ചു തുടങ്ങി. "രണ്ടു വര്‍ഷമായി സാറിനെ കാണാന്‍ ഞാനാഗ്രഹിക്കുന്നു. ഞാന്‍ വിളിച്ച ഘട്ടങ്ങളിലെല്ലാം അപ്പോയ്മെന്‍റുകള്‍ നിറഞ്ഞുപോയതുകൊണ്ട് എനിക്ക് ലഭിച്ചില്ല. പലപ്പോഴും കിട്ടാതായപ്പോള്‍ ഏറ്റം നിര്‍ഭാഗ്യവതി ഞാനാണെന്ന് എനിക്കു തോന്നി." അവര്‍ ഒന്നു നിര്‍ത്തി, ദീര്‍ഘനിശ്വാസം വിട്ടു. എന്നിട്ട് തലയുയര്‍ത്തി പറഞ്ഞു. "സാറിനെക്കണ്ടാല്‍ എന്‍റെ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് മനസ്സു പറയുന്നുണ്ടായിരുന്നു. ഇപ്പോള്‍ ഇവിടെ ഇരിക്കുമ്പോള്‍ത്തന്നെ ഒരു സുരക്ഷിതത്വം തോന്നുന്നു. മനസ്സ് ശാന്തമായി…" അവര്‍ പുഞ്ചുരിച്ചു; ഞാനും. "ഞാനെങ്ങിനെയാണ് സഹായിക്കേണ്ടത് രജിത. എന്തു കാര്യമാണെങ്കിലും നമുക്ക് സംസാരിക്കാം. ഏതു പ്രശ്നമാണെങ്കിലും നമുക്കൊരുമിച്ച് പരിഹാരവഴികള്‍ കണ്ടുപിടിക്കാം. റിലാക്സ്." ഞാന്‍ പറഞ്ഞു.

സാര്‍, I am absued. Abused for last 5 years. അവള്‍ നിര്‍ത്തി. ഞങ്ങള്‍ക്കിടയില്‍ തെല്ലിട മൗനം. അതു ഭേദിച്ച് അവള്‍ തുടര്‍ന്നു. 'എന്‍റെ ഭര്‍ത്താവാണ് എന്നെ abuse ചെയ്യുന്നത്. ശാരീരികമായല്ല, മാനസികമായിട്ട്. കടുത്ത മാനസിക പീഡനം താങ്ങാനാകാതെ ഞാന്‍ തളര്‍ന്നു. ശാപവാക്കുകളും, കുത്തുവാക്കുകളും, പരിഹാസവും, തരംതാഴ്ത്തലും, ഇകഴ്ത്തലും നിത്യസംഭവങ്ങളാണ്. വീട്ടുകാരുടെയും നാട്ടുകാരുടെയും മുമ്പില്‍വച്ച് തരംകിട്ടിയാല്‍ എന്നെ അപഹസിച്ച് സംസാരിക്കുമ്പോള്‍ ക്രൂരമായൊരു ആനന്ദം ഭര്‍ത്താവിന്‍റെ മുഖത്ത് തെളിയുന്നു. എന്നെ വെറുപ്പാണ്. ഒരിറ്റു സ്നേഹമില്ല. ഒരു മകളുണ്ട്. അവളോട് കുഴപ്പമില്ല. പക്ഷേ, എന്നോട് ഒരു ശത്രുവിനെപ്പോലെ പെരുമാറുന്നു. ഞാന്‍ കാലുപിടിച്ച് കരഞ്ഞു പറഞ്ഞിട്ടും എന്നോടുള്ള രീതിയില്‍ ഒരു മാറ്റവുമില്ല. കരഞ്ഞുകരഞ്ഞ് ഞാന്‍ തളര്‍ന്നു. കുഞ്ഞിനെ ഓര്‍ത്താണ് മരിക്കാതിരിക്കുന്നത്. പക്ഷേ, ഒരടിപോലും ഈ രീതിയില്‍ പോകാനാവില്ല. അത്രയ്ക്കും മടുത്തു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. രജിതയുടെ മാനസികാവസ്ഥ മനസ്സിലാക്കി അതിനെ പരിഹരിക്കാന്‍ വേണ്ട മാര്‍ഗ്ഗങ്ങളിലൂടെ സെക്ഷന്‍ തുടര്‍ന്നു.

വ്യാപകം മാനസികപീഡനം
പീഡനം എന്ന വാക്ക് കേള്‍ക്കുമ്പോഴേ നമ്മുടെ മനസ്സില്‍ വരുന്നത് ലൈംഗിക ചൂഷണത്തിന്‍റെ ചിത്രങ്ങളാണ്. ഗാര്‍ഹിക പീഡനം അഥവാ domestic violence നമുക്ക് തരുന്നത് ശാരീരിക പീഡനത്തിന്‍റെ നേര്‍ചിത്രങ്ങളാണ്. പക്ഷേ, വ്യാപകമായിട്ടുള്ളതും എന്നാല്‍ ഭാഗികമായോ, മുഴുവനായോ ആളുകള്‍ അവഗണിക്കുന്നതുമായ മേഖല മാനസിക പീഡനത്തിന്‍റെ നൊമ്പരങ്ങളാണ്. പരിഗണിക്കപ്പെടാതെ പോകുന്ന മൗനനൊമ്പരങ്ങളും, അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളും അതിതീവ്ര വിഷാദത്തിലേയ്ക്കും, ആത്മഹത്യയിലേയ്ക്കുമൊക്കെ നയിക്കുന്ന വിഷവാഹിനികളാണെന്ന് പീഡകരും പീഡിപ്പിക്കപ്പെടുന്നവരും തിരിച്ചറിയുമ്പോഴേയ്ക്കും എല്ലാം കൈവിട്ടുപോയിരിക്കും.

നാക്ക്… വാക്ക്… മുറിവ്…
നാക്കാണ് നാശകാരി. നാവ് അതിനിഷ്ടമുള്ളിടത്തേയ്ക്ക് ചലിക്കപ്പെടുമ്പോള്‍, വാക്ക് മനസ്സിനെ കുത്തിമുറിവേല്പിക്കുന്നു. മുറിവ് പഴുക്കും, ചലം നിറയും, മരുന്ന് വച്ചില്ലെങ്കില്‍ അത് അപകടകാരിയാകും. ജീവനുതന്നെ ഭീഷണിയാകും. ദാമ്പത്യത്തകര്‍ച്ചകള്‍, പ്രണയ പരാജയങ്ങള്‍, വ്യക്തിബന്ധത്തിന്‍റെ ഉലച്ചിലുകള്‍, ബന്ധുജനങ്ങള്‍ക്കിടയിലുള്ള ഭിന്നതകള്‍, അയല്‍ക്കാര്‍ തമ്മിലുള്ള ശത്രുതകള്‍, സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, മാതാപിതാക്കള്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ, മാതാപിതാക്കളും മക്കളും തമ്മിലുള്ള കലഹങ്ങള്‍ എന്നിവയിലെല്ലാം മാനസികവേദനകളാണ് മുഖ്യപ്രതി. മനസ്സു വേദനിക്കുമ്പോള്‍ ബന്ധങ്ങള്‍ തകരുന്നു. മുറിവേല്പിക്കപ്പെടുന്ന മനസ്സുകള്‍ കണ്ടെത്തപ്പെടാതിരിക്കുകയോ കണ്ടെത്തിയാലും അവഗണിക്കപ്പെടുകയോ ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞതെല്ലാം തുടര്‍ക്കഥകളാകുന്നു.

തകര്‍ച്ചയ്ക്കു കാരണം മാനസികമുറിവുകള്‍
ഒരു പ്രസ്ഥാനം തകരുന്നത് ശാരീരിക പീഡനങ്ങള്‍ കൊണ്ടല്ല, അംഗങ്ങള്‍ പരസ്പരം ഏല്പിക്കുന്ന മാനസിക മുറിവുകള്‍ മൂലമാണ്. ഓഫീസുകളിലും സ്ഥാപനങ്ങളിലുമെല്ലാം പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയോ, നഷ്ടങ്ങള്‍ കുന്നുകൂടുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിലുള്ള തൊഴിലാളികളും മാനേജുമെന്‍റുമെല്ലാം പരസ്പരം ഏല്പിച്ചിട്ടുള്ള മുറിവുകള്‍, ചെറുതും വലുതുമായ മാനസിക പീഡകള്‍ ഒക്കെയാണ് കാരണം. ശാരീരികമുറിവുകള്‍ വെച്ചുകെട്ടി സൗഖ്യമാക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ട് നിറഞ്ഞതാണ് മാനസിക മുറിവുകള്‍ ഉണക്കാനും കരിക്കാനും.

മിസ്റ്റര്‍ സാഡിസ്റ്റും മിസ്സിസ് സാഡിസ്റ്റും, മുറിവേല്പിക്കല്‍ കലയും
വ്യക്തിബന്ധങ്ങളാണ് ജീവിതവിജയത്തിന്‍റെ കാതല്‍. ഭാര്യയും ഭര്‍ത്താവുമായിക്കോട്ടെ, ബിസിനസ്സ് പങ്കാളികളായിക്കോട്ടെ, ആരുമായിക്കൊള്ളട്ടെ. നമ്മുടെ വാക്കുകളും പ്രവൃത്തികളും മറ്റൊരാളെ മുറിവേല്പിക്കുന്ന തരത്തില്‍ 'മുനവെച്ചതും', 'മൂര്‍ച്ച കൂടി'യതുമാണോയെന്ന് പരിശോധിക്കണം. നമ്മുടെ ഉള്ളില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന ചെറുമുറിവുകള്‍ വലിയ വ്രണമായിക്കഴിഞ്ഞതുകൊണ്ടാകാം നമ്മള്‍ തരം കിട്ടുമ്പോഴെല്ലാം മറ്റൊരാളെ കുത്തിമുറിവേല്പിച്ച് തളര്‍ത്തുകയും, അവര്‍ വേദനിക്കുമ്പോള്‍ ഉള്ളില്‍ 'ആനന്ദലബ്ദിക്കിനിയെന്തുവേണം' എന്ന മൂഡ് നിലനിര്‍ത്തുകയും ചെയ്യുന്നത്. പതിയെപ്പതിയെ നമുക്ക് 'മിസ്റ്റര്‍/മിസ്സ് സാഡിസ്റ്റ്' എന്ന നെറ്റിപ്പട്ടവും പുരസ്ക്കാരവും ലഭിക്കുകയും 'വൃത്തി തീരെയില്ലാത്ത', അഴുക്കു വ്യക്തിത്വമായി മാറുകയും 'മുറിവേല്പിക്കല്‍ കല'യില്‍ അഗ്രഗണ്യരാവുകയും വെറുക്കപ്പെട്ടവരാകുകയും ചെയ്യുന്നത്.

ജെ.സി.ബി. വേണോ ലൈഫ് ഹാപ്പിയാക്കാന്‍
നമ്മെ നിരന്തരം മാനസികപീഡനം ഏല്പിക്കുന്നവര്‍ക്ക് നമ്മോടെന്തോ ഒരു പ്രശ്നം പരിഹരിക്കാനുണ്ടാകും എന്ന് തിരിച്ചറിയണം. നാം തന്നെയോ, ഇരുക്കൂട്ടര്‍ക്കും സ്വീകാര്യനായ ഒരു വ്യക്തിയോ മുന്‍കൈ എടുത്ത് പരസ്പരമുള്ള പ്രശ്നങ്ങള്‍, തുറന്നു ചര്‍ച്ച ചെയ്യാനും പരിഹരിക്കാനുമായാല്‍ ലൈഫ് ഹാപ്പിയാകും. മറ്റൊരാളെ മുറിവേല്പിക്കുന്ന ശൈലിയില്‍ നിന്നും മാറാനാകുന്നില്ലെങ്കിലും, മറ്റുള്ളവരാല്‍ മുറിവേല്പിക്കപ്പെട്ട അവസ്ഥയില്‍ നിന്ന് പുറത്തു വരാനാകുന്നില്ലെങ്കിലും മനഃശാസ്ത്ര സഹായം തേടാന്‍ മടിക്കരുത്. മുള്ളുകൊണ്ടെടുക്കേണ്ടത് ജെസിബി കൊണ്ടെടുക്കേണ്ട അവസ്ഥയിലേക്കെത്തിക്കാതിരിക്കാം.

1. 'മനസ്സിലാക്കാം' നിങ്ങളെയും അപരനെയും
സെല്‍ഫ് അവയര്‍നെസ്സും, പാര്‍ട്ണര്‍ അവയര്‍നെസ്സും അത്യാവശ്യം. 'മനസ്സിലാക്കി' പെരുമാറിയാല്‍ മറ്റേയാളിന്‍റെ വാക്കുകള്‍ നമുക്ക് ഏശത്തേയില്ല.

2. ഓ, അതങ്ങനാണ് ഭായ്…
ചിലര്‍ക്ക് കുത്തിനോവിക്കല്‍ ഒരു കലയായിരിക്കാം; ചാക്യാര്‍കുത്ത് പോലെ. ചാക്യാരോട് നമുക്ക് ദേഷ്യം വരാറില്ലല്ലോ, മറ്റേയാള്‍ അങ്ങനെയൊക്കെയാണ് എന്ന് അംഗീകരിക്കാന്‍ ശീലിച്ചാല്‍ എപ്പോഴും നമ്മള്‍ ഹാപ്പി!

3. അയ്യോ തൊടല്ലേ, തൊട്ടാവാടിയാണ്
നമ്മളും നമ്മുടെ പങ്കാളിയും, കുടുംബാംഗവും, സഹപ്രവര്‍ത്തകനുമൊക്കെ ചിലപ്പോള്‍ തൊട്ടാവാടി ഗ്രൂപ്പില്‍പ്പെട്ടവരാകും. തമാശ പറഞ്ഞാല്‍ പോലും ചിലര്‍ക്ക് ഫീല്‍ ആകും. മറ്റുള്ള തൊട്ടാവാടികളെ അറിഞ്ഞു പെരുമാറുക. സ്വന്തം തൊട്ടാവാടിത്തരം മാറ്റുക.

4. വ്യാഖ്യാനിച്ചു വഷളാക്കല്ലേ
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ത്തന്നെ അതെല്ലാം അതേപടി നെഞ്ചിന്‍കൂടിനുള്ളിലേയ്ക്ക് ആവാഹിച്ചെടുക്കേണ്ട, വ്യാഖ്യാനിച്ചു വിഷമിക്കുകയും വേണ്ട. തള്ളേണ്ടത് തള്ളുക. വേണ്ടതു മാത്രം എടുക്കാം.

5. കുരുങ്ങരുത് ചൂണ്ടയില്‍
മറ്റൊരാളുടെ വൈകാരികതയുടെ ചൂണ്ടയില്‍ കുരുങ്ങാത്ത രീതിയില്‍ വേണം നാം നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്താന്‍. അഥവാ കുരുങ്ങിയാലും സ്വയമെയോ, മനഃശാസ്ത്ര സഹായത്താലോ ഊരിപ്പോരണം. സ്വന്തം മൂഡ് കുളമാക്കരുത്.

6. മാറ്റുവിന്‍ സ്വഭാവങ്ങളെ
മാനസിക പീഡനം ഏല്പിക്കുന്ന കാര്യത്തില്‍ പ്രത്യേക താത്പര്യമുള്ളയാളാണ് നിങ്ങളെങ്കില്‍ അതുമൊരു മാനസിക വൈകല്യമാണെന്ന് തിരിച്ചറിയുക. മനഃശാസ്ത്ര സഹായത്തോടെ മാറ്റുക. നിങ്ങളും ഹാപ്പിയാകും. മറ്റുള്ളവരും ഹാപ്പിയാകും.

Mob: 9744075722
vipinroldant@gmail.com
www.roldantrejuvenation.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org