മെത്രാനും വൈദികസമിതിയും

മെത്രാനും വൈദികസമിതിയും

ഡോ. ജോസ് ചിറമേല്‍
(പ്രസിഡന്‍റ്, സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ട്രിബ്യൂണല്‍)

ചോദ്യം
രൂപതയിലെ അജപാലനപരമായ കാര്യങ്ങളില്‍ ഉപദേശം വഴി സഹായിക്കുന്നതിനായി വൈദികരുടെ ഒരു പ്രതിനിധിസംഘം എല്ലാ രൂപതകളിലും ഉണ്ടായിരിക്കണമെന്നുണ്ടല്ലോ. വൈദികസമിതിയുടെ രൂപീകരണം, പ്രാധാന്യം എന്നിവയെപ്പറ്റി വിവരിക്കാമോ?

ഉത്തരം
സഭയുടെ ശുശ്രൂഷകളിലും ഭരണക്രമത്തിലും ദൈവജനത്തിന്‍റെ യോജിച്ചുള്ള പ്രവര്‍ത്തനം ക്രിസ്തുവിന്‍റെ മൗതീകശരീരമാകുന്ന സഭയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. സഭാ ഭരണക്രമത്തില്‍ ഈ സഹകരണം ഉറപ്പുവരുത്തേണ്ടതുമാണ്. സഭയുടെ ചരിത്രം പരിശോധിച്ചാല്‍ വൈദികരുടെയും അല്മായരുടെയും സഹകരണം മെത്രാന്മാര്‍ എല്ലായ്പോഴും തേടിയിരുന്നതായി കാണാന്‍ കഴിയും.

മെത്രാന്‍ പദവിയിലുള്ളവരും വൈദികപദവിയിലുള്ളവരും തമ്മിലുള്ള സഹകരണത്തിന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ദൈവശാസ്ത്രപരമായ അടിസ്ഥാനം നല്കുകയുണ്ടായി. ഓരോ രൂപതയിലും മെത്രാനും വൈദികരും തമ്മില്‍ ഒരു ഹയരാര്‍ക്കിക്കല്‍ കൂട്ടായ്മ നിലനില്ക്കുന്നുണ്ട്. വ്യത്യസ്തമായ തലത്തിലാണെങ്കിലും മെത്രാനും വൈദികരും ഒരേ ശുശ്രൂഷ തന്നെയാണ് ചെയ്യുന്നത്. ദൈവശാസ്ത്രപരമായ ഈ അടിസ്ഥാനം രൂപതാഭരണത്തില്‍ മെത്രാനും വൈദികരും തമ്മിലുള്ള ചര്‍ച്ചകളുടെയും സഹകരണത്തിന്‍റെയും ആവശ്യകത വ്യക്തമാക്കുന്നുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആവര്‍ത്തിച്ചാവശ്യപ്പെടുന്നതും ഈ കൂട്ടുത്തരവാദിത്വമാണ്. തത്ഫലമായി, എല്ലാ രൂപതകളിലും മേല്പറഞ്ഞ സഹകരണം ഉറപ്പാക്കാന്‍ വൈദികസമിതി ഉണ്ടാകണമെന്ന് കൗണ്‍സില്‍ ഉദ്ബോധിപ്പിക്കുന്നു.

1983-ലെ ലത്തീന്‍ നിയമസംഹിതയിലും 1990-ലെ പൗരസ്ത്യ നിയമസംഹിതയിലും രൂപതാതലത്തില്‍ മെത്രാന്‍റെയും വൈദികരുടെയും സഹകരിച്ചുള്ള പ്രവര്‍ത്തനത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് എല്ലാ രൂപതകളിലും വൈദികരുടെ ഒരു സമിതി ഉണ്ടായിരിക്കണമെന്ന് നിഷ്കര്‍ഷിച്ചു. രൂപതാഭരണത്തില്‍ മെത്രാനു ഭരമേല്പിച്ചിരിക്കുന്ന ദൈവജനത്തിന്‍റെ അജപാലന കര്‍മ്മം കാര്യക്ഷമമായി പരിപോഷിപ്പിക്കുക എന്നതാണ് വൈദികസമിതിയുടെ പ്രധാന ഉത്തരവാദിത്വം. സഹകരണത്തിന്‍റെ പ്രാധാന്യം എത്ര പ്രധാനപ്പെട്ടതാണെന്ന് കാണിക്കുവാന്‍വേണ്ടി രൂപതാമെത്രാന്‍ ചില നിയമപരമായ പ്രവൃത്തികള്‍ ചെയ്യുന്നതിനു മുന്‍പ് ഈ സമിതിയുമായി ആലോചിക്കേണ്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രൂപതയിലെ വൈദികസമൂഹത്തെ പ്രതിനിധീകരിക്കുന്ന വൈദികരുടെ സംഘമാണ് വൈദികസമിതി. മെത്രാന്‍ രൂപതാഭരണം ഏറ്റെടുത്തശേഷം ഒരു വര്‍ഷത്തിനുള്ളില്‍ വൈദിക സമിതി പുതുതായി സ്ഥാപിക്കേണ്ടതാണ്. എപ്രകാരമായിരിക്കണം ഈ സമിതി രൂപീകരിക്കേണ്ടതെന്ന് നിയമത്തില്‍ വ്യക്തമായി പറയുന്നില്ല.

വൈദിക സമിതിയുടെ രൂപീകരണം
വൈദിക സമിതിയുടെ രൂപീകരണത്തില്‍ മൂന്ന് ഘട്ടങ്ങളുണ്ടെന്ന് കാണാന്‍ കഴിയും.

1. വൈദിക സമിതിയിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് അറിയിപ്പ് നല്കികൊണ്ടുള്ള വിജ്ഞാപനം. തെരഞ്ഞെടുപ്പിന്‍റെ സമയം, തെരഞ്ഞെടുപ്പിന്‍റെ രീതി എന്നിവ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കണം.

2. മെത്രാന്‍ നേരത്തെ അംഗീകരിച്ചിട്ടുള്ള നിയമനടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ്.

3. തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകള്‍ രൂപതയുടെ ഔദ്യോഗിക ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കുക.

ഈ ഘട്ടത്തില്‍ മെത്രാന് താല്പര്യമുള്ള പക്ഷം ഏതാനും പേരെ വൈദികസമിതിയിലേക്ക് സ്വതന്ത്രമായി നിയമിക്കാവുന്നതാണ്. കൂടാതെ, നിയമപ്രകാരം ചില വൈദികര്‍ എക്സ് ഒഫീഷ്യോ അംഗങ്ങളായും വൈദികസമിതിയില്‍ ഉണ്ടാകും. ഇവരെയെല്ലാം ഉള്‍കൊള്ളിച്ചുകൊണ്ടാകും മെത്രാന്‍ വൈദികസമിതി രൂപീകരിച്ചുകൊണ്ടുള്ള ഡിക്രി പുറപ്പെടുവിക്കുന്നത്. അതോടെയാണ് വൈദിക സമിതി നിലവില്‍ വരുന്നത്.

വൈദികസമിതി വിളിച്ചുകൂട്ടുന്നതും യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുന്നതും മെത്രാനാണ്. വൈദിക സമിതി ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ തീരുമാനിക്കുന്നതും മെത്രാന്‍ തന്നെ. ഏതെങ്കിലും പ്രത്യേക കാര്യങ്ങള്‍ക്കായി കമ്മിറ്റികളെയോ കമ്മീഷനുകളെയോ വൈദികസമിതിയില്‍നിന്ന് തെരഞ്ഞെടുക്കുന്നതിനെപ്പറ്റി സഭാനിയമത്തില്‍ പ്രതിപാദിക്കുന്നില്ല. എന്നാല്‍, വൈദികസമിതിയുടെ നിയമാവലിയില്‍ (statute) ഇപ്രകാരം കമ്മിറ്റികള്‍ക്കോ കമ്മീഷനുകള്‍ക്കോ രൂപം നല്കുന്നതിനെപ്പറ്റി പ്രതിപാദിച്ച് അതനുസരിച്ച് ചെയ്യാവുന്നതാണ്.

നിയമ സംഹിതകളിലെ വ്യത്യാസങ്ങള്‍
വൈദിക സമിതിയെപ്പറ്റി പ്രതിപാദിക്കുന്ന കാനോനകള്‍ക്ക് ലത്തീന്‍ നിയമസംഹിതയിലും പൗരസ്ത്യ നിയമസംഹിതയിലും ഏറെ സാമ്യമുണ്ടെങ്കിലും ചില പ്രകടമായ വ്യത്യാസങ്ങള്‍ കാണാവുന്നതാണ്:

1. എക്സാര്‍ക്കി (exarchy) രൂപതയുമായി വളരെ സാമ്യമുള്ള ഭരണസംവിധാനമായതിനാല്‍ രൂപതാ ഭരണസംവിധാനത്തിലുള്ള വൈദിക സമിതി എക്സാര്‍ക്കിയിലും ഉണ്ടാകേണ്ടതാണെന്ന് പൗരസ്ത്യ നിയമസംഹിത വ്യക്തമാക്കുന്നു (CCEO. c. 319/1). പൗരസ്ത്യ നിയമസംഹിത വിഭാവനം ചെയ്യുന്ന എക്സാര്‍ക്കിക്ക് തുല്യമാണ് ലത്തീന്‍ നിയമത്തിലെ വികാരിയാത്തുകളും പ്രീഫെക്ചറുകളും. എന്നാല്‍ ഇവിടങ്ങളില്‍ വികാരിയോ പ്രീഫെക്ടോ മിഷണറിമാരായ മൂന്ന് പുരോഹിതരെങ്കിലും ഉള്‍പ്പെടുന്ന ഒരു കൗണ്‍സില്‍ സ്ഥാപിച്ചാല്‍ മതി (CIC.C.495/2).

2. വൈദിക സമിതിയുടെ രൂപീകരണത്തെ സംബന്ധിച്ചു പറയുമ്പോള്‍, ഓരോ സ്വയാധികാരസഭയുടെയും പ്രത്യേക നിയമമാനദണ്ഡ പ്രകാരം ഒരു നിശ്ചിത ഭാഗം അംഗങ്ങളെ വൈദികര്‍തന്നെ തെരഞ്ഞെടുക്കേണ്ടതാണെന്ന് പൗരസ്ത്യ നിയമസംഹിത പറയുന്നു (CIC.C.495/2). എന്നാല്‍, ലത്തീന്‍ നിയമസംഹിതയനുസരിച്ച്, ഏകദേശം പകുതി അംഗങ്ങളെ പൊതു കാനോനകളുടെ നിര്‍ദ്ദേശങ്ങള്‍ക്കും നിയമാവലിക്കുമനുസൃതം വൈദികര്‍തന്നെ സ്വതന്ത്രമായി തെരഞ്ഞെടുക്കേണ്ടതാണ്.

3. പ്രധാനപ്പെട്ട കാര്യങ്ങളില്‍, പ്രത്യേകിച്ചും പൊതുനിയമത്തില്‍ വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍, വൈദികസമിതിയോട് മെത്രാന്‍ ആലോചിച്ചിരിക്കണം. ലത്തീന്‍ നിയമസംഹിതയിലെന്ന പോലെ പൗരസ്ത്യ നിയമസംഹിതയിലും ചുരുങ്ങിയത് ഏഴ് സാഹചര്യങ്ങളിലെങ്കിലും മെത്രാന്‍ വൈദികസമിതിയോട് ആലോചിക്കേണ്ടതായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്.

A. രൂപതായോഗം വിളിച്ചുകൂട്ടുന്നതിനുമുന്‍പ് മെത്രാന്‍ വൈദി ക സമിതിയുമായി ആലോചിച്ചിരിക്കണം (CCEO. c. 236).

B. ഫൊറോനകള്‍ സ്ഥാപിക്കുക, പുനഃസംവിധാനം ചെയ്യുക, നിര്‍ത്തലാക്കുക എന്നിവയ്ക്ക് മുന്‍പ് വൈദികസമിതിയുമായി ആലോചിക്കണം (CCEO.c.276/2).

C. ദേശീയത, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ക്രൈസ്തവവിശ്വാസികള്‍ക്ക് വ്യക്തി അധിഷ്ഠിത ഇടവകകള്‍ (Personal parishes) സ്ഥാപിക്കുന്നതിന് മുന്‍പ് വൈദികസമിതിയുമായി ആലോചിക്കണം (CCEO.c. 280/1).

D. ഇടവകകള്‍ സ്ഥാപിക്കുക, പുനഃസംവിധാനം ചെയ്യുക, ഇല്ലാതാക്കുക എന്നിവ വൈദികസമിതിയുമായി ആലോചിച്ചശേഷമേ പാടുള്ളൂ (CCEO.c. 280/2).

E. സന്ന്യാസ സഭയുടെയോ സന്ന്യസ്തരുടെ രീതിയില്‍ കൂട്ടായ ജീവിതം നയിക്കുന്ന സമൂഹത്തിന്‍റെയോ മേജര്‍ സുപ്പീരിയറുടെ അനുവാദത്തോടെ അതേ സഭയുടെയോ സമൂഹത്തിന്‍റെയോ ദൈവാലയത്തില്‍ ഇടവക സ്ഥാപിക്കുന്നതിന് മുന്‍പ് മെത്രാന്‍ വൈദികസമിതിയോട് ആലോചിക്കണം.

ഇക്കാര്യത്തിന് സന്ന്യാസ സമൂഹത്തിന്‍റെ മേജര്‍ സുപ്പീരിയറുടെ സമ്മതവും വാങ്ങിച്ചിരിക്കണം. ഇടവക സ്ഥാപനം സംബന്ധിച്ച് രൂപതാ മെത്രാനും മേജര്‍ സുപ്പീരിയറുമായി രേഖാമൂലമുള്ള ഉടമ്പടി നടത്തിയിരിക്കണം. ഇടവക വികാരിയുടെ നിയമനം, ഇടവകജനം, രൂപതയ്ക്കും ഇടവകയ്ക്കും സന്ന്യാസ സമൂഹത്തിനും പരസ്പരമുള്ള അവകാശങ്ങള്‍, ചുമതലകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഉടമ്പടിയില്‍ വ്യക്തമാക്കിയിരിക്കണം. ഇടവകയുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉടമ്പടിയില്‍ ഉണ്ടായിരിക്കണം.

F. വിശ്വാസികള്‍ നല്കുന്ന പണം, വി. കുര്‍ബാനയുടെ നിയോഗം ഒഴിച്ച്, ഇടവകയുടെ പൊതുഫണ്ടിലേയ്ക്ക് മുതല്‍ക്കൂട്ടേണ്ടതാണ്. ഇവയുടെ ഉപയോഗത്തെക്കുറിച്ചും വൈദികരുടെ വേതനത്തെ സംബന്ധിച്ചുമൊക്കെ നിയമങ്ങള്‍ ഉണ്ടാക്കുന്നതിന് മുന്‍പ് മെത്രാന്‍ വൈദിക സമിതിയുമായി ആലോചിക്കണം (CCEO.c. 291).

G. ദേവാലയം മറ്റ് ലൗകികമായ (മാന്യമായ) കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണമെങ്കില്‍ വൈദികസമിതിയോട് ആലോചിക്കണം (CCEO.c. 873/2).

ഒ. അന്വേഷണ വിധേയമായി ഒരു വൈദികനെ സ്ഥലം മാറ്റുന്നതിനു മുന്‍പ് വൈദികസമിതി തെരഞ്ഞെടുക്കുന്ന രണ്ടു വൈദികരുമായി മെത്രാന്‍ ആലോചിക്കണം (CCEO. c. 1391/1).

4. പൗരസ്ത്യ നിയമപ്രകാരം രൂപതയില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സ്ഥാപിക്കുന്നതിന് മെത്രാന്‍ വൈദികസമിതിയോട് ആലോചിക്കേണ്ടതില്ല (CCEO.c.272). എന്നാല്‍, ലത്തീന്‍ നിയമമനുസരിച്ച്, വൈദികസമിതിയുമായി ആലോചിച്ചശേഷം ഉചിതമെന്ന് തീരുമാനിക്കുന്ന പക്ഷമാണ് അജപാലന സമിതിക്ക് മെത്രാന്‍ രൂപംകൊടുക്കുന്നത് (CIC. C. 536/1). ലത്തീന്‍ നിയമമനുസരിച്ച് പുതിയ ദേവാലയം നിര്‍മ്മിക്കാന്‍ സമ്മതം നല്കുന്നതിനു മുന്‍പ് മെത്രാന്‍ വൈദിക സമിതിയുമായി ആലോചിക്കണമെന്നുണ്ട് (CIC. C. 1215/2). രൂപതാവശ്യത്തിനായി ജനങ്ങളുടെമേല്‍ നികുതി (tax) ചുമത്തുന്നതിന് മുന്‍പും മെത്രാന്‍ വൈദികസമിതിയുമായി ആലോചിക്കണം (CIC. C. 1263). എന്നാല്‍, ഇത്തരം കാര്യങ്ങള്‍ക്ക് പൗരസ്ത്യ നിയമസംഹിത വൈദികസമിതിയുമായി ആലോചിക്കണമെന്നാവശ്യപ്പെടുന്നില്ല. ഇത്തരം കാര്യങ്ങള്‍ ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും ലത്തീന്‍ നിയമവും പൗരസ്ത്യ നിയമവും വൈദിക സമിതിയെക്കുറിച്ച് പ്രതിപാദിക്കുന്ന കാര്യങ്ങളെല്ലാം ഏറെക്കുറെ തുല്യമാണ്.

1983-ലെ ലത്തീന്‍ നിയമസംഹിതയ്ക്കും 1990-ലെ പൗരസ്ത്യ നിയമസംഹിതയ്ക്കും ശേഷം വൈദികസമിതിയുടെ പ്രാധാന്യത്തെപ്പറ്റിയും വൈദികസമിതി രൂപതാഭരണത്തില്‍ നല്കേണ്ട സഹകരണത്തെ സംബന്ധിച്ചും വ്യക്തമാക്കുന്ന പല ഔദ്യോഗിക രേഖകളുമുണ്ട്. അവയില്‍ ഏറ്റം പ്രധാനപ്പെട്ടവ 1)1997-ലെ Ecclesiae de mysterio; 2) 2003-ലെ Pastores gregis; 3) 2004 ലെ Apostolorum succesores എന്നിവയാണ്.

ചുരുക്കത്തില്‍, രൂപതാഭരണത്തില്‍ മെത്രാനെ സഹായിക്കുന്ന ഉപദേശകസമിതികളില്‍ ഏറ്റം പ്രധാനപ്പെട്ടതും രൂപതകളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതുമായ ഒന്നാണ് വൈദികസമിതി. വൈദികരുടെ പ്രതിനിധികളടങ്ങിയ ഈ സമിതിയുടെ പ്രധാന ഉത്തരവാദിത്വം ദൈവജനത്തിന്‍റെ അജപാലനപരമായ നന്മയ്ക്കുതകുന്ന ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും മെത്രാന് നല്കുക എന്നതാണ്. ഫലപ്രദമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ രൂപതയിലെ നിര്‍ണ്ണായകമായ ശക്തിയാകും വൈദികസമിതി. ഫലപ്രദമായ സംഘാടനം മാത്രംപോരാ. തങ്ങളുടെ ശരിയായ ദൗ ത്യത്തെപ്പറ്റി അംഗങ്ങളും അംഗങ്ങളുടെ സഹകരണത്തിന്‍റെ ആവശ്യകത മെത്രാനും മനസ്സിലാക്കണം. വൈദികരുടെ ക്ഷേമം, അവരുടെ അജപാലന പ്രവര്‍ത്തനങ്ങള്‍, രൂപതയുടെ നന്മ തുടങ്ങിയ കാര്യങ്ങളില്‍ രൂപതയ്ക്കാവശ്യമായ നല്ല തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ മെത്രാനെ സഹായിക്കുക എന്നതാണ് തങ്ങളുടെ ഉത്തരവാദിത്വം എന്ന ചിന്ത അംഗങ്ങള്‍ക്ക് ഉണ്ടാകണം. അപ്രകാരം പ്രവര്‍ത്തിക്കുന്ന വൈദിക സമിതി രൂപതയുടെ മുതല്‍ക്കൂട്ടായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org