Latest News
|^| Home -> Suppliments -> ULife -> മെട്രോയില്‍നിന്ന് ഓടയിലേക്കിറങ്ങേണ്ടി വരുമ്പോള്‍! വികസനത്തിലെ വൈരുദ്ധ്യങ്ങള്‍

മെട്രോയില്‍നിന്ന് ഓടയിലേക്കിറങ്ങേണ്ടി വരുമ്പോള്‍! വികസനത്തിലെ വൈരുദ്ധ്യങ്ങള്‍

Sathyadeepam

റ്റോം ജോസ് തഴുവംകുന്ന്

നമ്മുടെ മനോഭാവവും പ്രവര്‍ത്തനങ്ങളും ലോകഗതിക്കനുസരണം വ്യത്യാസപ്പെടുത്തുവാന്‍ കഴിയുന്നില്ലെങ്കില്‍ അതിനര്‍ത്ഥം നാം ലോകത്തിന്‍റെ പിന്നിലാകുന്നുവെന്നാണെന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞിട്ടുണ്ട്. നമ്മുടെ ഇന്നത്തെ വിജയഗാഥകള്‍ അടിസ്ഥാനപരമായി ലോകവികസനത്തോട് അഥവാ യഥാര്‍ത്ഥ വികസനത്തോടു ചേര്‍ന്നുപോകുന്നുണ്ടോയെന്നു വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

എന്താണു വികസനമെന്നതിന്‍റെ നിര്‍വചനം? വിമാനത്താവളവും മെട്രോയും ഉപഗ്രഹവി ക്ഷേപണവും തുടങ്ങി കാഴ്ചയുടെ ഉപരിപ്ലവതയില്‍ ഉയര്‍ന്നുനില്ക്കുന്ന ഒന്നു മാത്രമാണോ? ലോകത്തിന്‍റെ ‘വാര്‍ത്ത’ കൊച്ചി മെട്രോയിലേക്കു കേന്ദ്രീകൃതമായപ്പോഴും വാര്‍ത്തയ്ക്കൊപ്പമുള്ള വാര്‍ത്തയുടെ ‘മുഖം’ ദയനീയമായിരുന്നു. മെട്രോ കുതിച്ചു പായുമ്പോള്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ കിടന്നുറങ്ങുന്നത് വരാന്തകളില്‍… എലിയും പൂച്ചയും നായ്ക്കളും ഒപ്പം കശപിശയുമായി വരാന്തകളില്‍ അങ്ങിങ്ങു പാഞ്ഞു നടക്കുന്നു. പലവിധ പനികള്‍ ബാധിച്ചവരും കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഒരേ വരാന്തയില്‍ കിടന്നു ചികിത്സ തേടുന്ന കാഴ്ച നമ്മുടെ കണ്ണുകള്‍ക്ക് മങ്ങലേല്പിക്കുന്നില്ലേ? ചികിത്സ കിട്ടാതെയും ചികിത്സിക്കാനാകാതെയും ചികിത്സാപ്പിഴവിനാലും പലരും അകാലചരമമടയുന്ന വേദനയും ഒപ്പം കാണാം.

നായ്ക്കളും പശുക്കളും സുഖമായി നിയമം ആസ്വദിക്കുകയും ആരോഗ്യത്തോടെ സ്വൈര്യവിഹാരം നടത്തുകയും ചെയ്യുമ്പോള്‍ പാവം മനുഷ്യരെ കൊതുകുകള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു. മെട്രോയുടെ സൗന്ദര്യം ആസ്വദിച്ചു മനംമയങ്ങി നില്ക്കുന്ന നാമൊക്ക മെട്രോയുടെ പരിസരക്കാഴ്ചകളും അഥവാ നമ്മുടെ പരിസ്ഥിതിയുടെ ശോച്യാവസ്ഥകൂടി കാണണം, ചിന്തിക്കണം. വൃത്തിഹീനതയുടെയും പരിസ്ഥിതിബോധമില്ലായ്മയുടെയും ഉദാഹരണമായി നമുക്കു ചുറ്റം ധാരാളം കാഴ്ചകള്‍ കാണാം. നമ്മുടെ നിരത്തുകള്‍ ബസ്സ് സ്റ്റാന്‍റുകള്‍, റെയില്‍വേസ്റ്റേഷനുകള്‍, ആശുപത്രി പരിസരങ്ങള്‍ പൊതു ടോയ്ലറ്റുകള്‍, ഹോട്ടലുകളും പിന്നാമ്പുറങ്ങളും, സര്‍ക്കാര്‍ സ്കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ വിമാനത്താവള പരിസരങ്ങള്‍, ചുരുക്കത്തില്‍ അടിസ്ഥാനവികസനമില്ലാത്ത നാടായി ഈ നാടു മാറുന്നതു നാമറിയാത്തതാണോ, അറിയില്ലെന്നു നടിക്കുന്നതാണോ?

ശുദ്ധവായു, ശുദ്ധജലം, പാര്‍പ്പിടം, വിദ്യാഭ്യാസം ആരോഗ്യസുരക്ഷ, നല്ല ഭക്ഷണം തുടങ്ങി മനുഷ്യന്‍റെ അടിസ്ഥാനാവശ്യങ്ങള്‍ ഇന്നും രാഷ്ട്രീയവേദികളിലെ പ്രസംഗവിഷയമാണ്; പരിഹരിക്കപ്പെടാതെ കിടക്കുന്ന സാധാരണക്കാരുടെ ആവലാതികളിലാണു രാഷ്ട്രീയക്കാരുടെ ‘ചവിട്ടുപടി’ സ്ഥാപിതമായിരിക്കുന്നതെന്നു തോന്നുന്നു. നില്ക്കാതെ മഴ പെയ്യുമ്പോള്‍, വെള്ളപ്പൊക്ക ദിരുതാശ്വാസം വെയിലത്തു വാടിക്കരിയുമ്പോള്‍, വരള്‍ച്ചാ ദുരിതാശ്വാസം ഒന്നിലും ദീര്‍ഘവീക്ഷണമെന്ന ഭരണപാടവം ഒരിക്കലുമില്ല. ദാരിദ്ര്യത്തിന്‍റെ പിച്ചച്ചട്ടിയാണു രാഷ്ട്രീയത്തിന്‍റെ വിളനിലമെന്നു തോന്നിപ്പോകുന്നു!

അടിസ്ഥാന വികസനം അഥവാ വികസനത്തിന്‍റെ ജനകീയത ഒപ്പമെത്തുമ്പോഴാണു വികസനത്തിനു സാമൂഹ്യമാനം കൈവരുന്നത്. സ്വര്‍ണഗോപുരത്തില്‍ പട്ടിണി കിടന്നു മരിക്കുന്ന വികസനം വെറും ഉപരിപ്ലവമല്ലേ? നമ്മുടെയിടയില്‍ ഭക്ഷണം കിട്ടാതെയും മരുന്നു വാങ്ങാനാകാതെയും യഥാസമയം യുക്തമായ ചികിത്സ കിട്ടാതെയും മരിക്കുന്നവര്‍ ഇന്നുമില്ലേ? ഹൈടെക് ആശുപത്രിയും സാറ്റലൈറ്റ് എഡ്യൂക്കേഷനും വീഡിയോ കോണ്‍ഫെറന്‍സും വഴി വിദൂരവിക്ഷേപിതചികിത്സാരീതികളും ഒക്കെയുണ്ടെന്ന് അഭിമാനിക്കുന്ന നാട്ടില്‍ സാധാരണക്കാരനു പരിഗണന കിട്ടുന്നുണ്ടോ? പലരുടെയും പനിമരണത്തിന് വേണ്ടത്ര പരിഗണനയില്ലായ്മയുടെയോ ശ്രദ്ധക്കുറവിന്‍റെയോ ഒക്കെ കാരണങ്ങളില്ലേ? നല്ല മരുന്നും നല്ല ചികിത്സയും ലഭിക്കണമെങ്കില്‍ ഡോക്ടറെ ‘കാണേണ്ടതുപോലെ കാണണ’മെന്ന അലിഖിത നിയമം ഇന്നുമിവിടെയില്ലേ? മുഖ്യധാരാ വിദ്യാഭ്യാസമെന്നത് ഇന്നു പ്രസക്തമാണോ? വിദ്യാഭ്യാസവും പണവും തമ്മില്‍ കൂട്ടിയിണക്കപ്പെട്ടില്ലേ? ബുദ്ധിയും താലന്തും എന്നതിനേക്കാള്‍ പണമുള്ളവര്‍ക്കു ‘നല്ല വി ദ്യാഭ്യാസം’ എന്ന മിഥ്യാധാരണ സമൂഹത്തില്‍ പടര്‍ന്നില്ലേ?

സര്‍ക്കാര്‍ ഓഫീസുകള്‍ കൈക്കൂലിയുടെ രംഗമായി മാറുകയും കൈക്കൂലി കൊടുക്കാതിരുന്നാല്‍ ഒരുപക്ഷേ ആത്മഹത്യയിലേക്കെത്തുന്നതിലേക്കു പൊതുജനത്തെ കൊണ്ടെത്തിക്കുകയും ചെയ്യുന്നതില്‍ വികസനമെന്നതുണ്ടോ? കര്‍ഷകര്‍ നമുക്കിടയില്‍ സംസ്കാരവും സമൃദ്ധിയും കൊണ്ടെത്തിക്കുന്ന ഒന്നാംനിര പൗരന്മാരാണെന്നിരിക്കെ നമുക്കിടയില്‍ അവഗണിക്കപ്പെടുന്ന വര്‍ഗമായി കര്‍ഷകര്‍ മാറിക്കൊണ്ടിരിക്കുന്നു. കര്‍ഷകരുടെ വിയര്‍പ്പുകൊണ്ടു വിപണിയും വിശപ്പും വിശേഷങ്ങളാല്‍ പൂരിതമാകുമ്പോള്‍ വിപണിയെല്ലാം വിലക്കെടുക്കുന്ന ‘ചൂഷണം’ വികസിതമാകുന്നു. കര്‍ഷകര്‍ ‘ജീവശ്വാസ’ ത്തിനായി നട്ടം തിരിയുന്നു. ഒരിടത്തും പരിഗണന കിട്ടാത്ത വിഭാഗമായി കര്‍ഷകര്‍ മാറുകയും എന്നാല്‍ പ്രസംഗമെല്ലാം കര്‍ഷകരുടെ ക്ഷേമത്തെക്കുറിച്ചു മാത്രമാകുകയും ചെയ്യുന്നു. കൃഷിയിടത്തിലെത്താത്ത സബ്സിഡികളാണു കൂടുതലും. ഫയലുകളില്‍ ‘സമൃദ്ധി’ കൊഴുക്കുമ്പോഴും നെല്‍ വയലുകള്‍ അനാഥമാകുന്നു; കൃഷിപ്പണികള്‍ക്കു മനുഷ്യവിഭവശേഷി കുറഞ്ഞുവരുമ്പോഴും ‘തൊഴിലുറപ്പു പദ്ധതി’യെന്ന ‘കള’യുടെ വളര്‍ച്ച ദുരൂഹമാണ്. നെല്‍വയലുകള്‍ സംരക്ഷിക്കണമെന്നും കൃഷി വളരണമെന്നും പറയുമ്പോഴും തൊഴിലുറപ്പു പദ്ധതിയുടെ ഗുണഭോക്താക്കളെ നെല്‍കൃഷിയുടെ രംഗത്തേയ്ക്ക് അയയ്ക്കാത്തതിന്‍റെ സാംഗത്യം എന്താണ്? അര്‍ത്ഥശൂന്യവും വികസനത്തിനു വിരുദ്ധവുമായ എന്തൊക്കെയോ ജോലികള്‍ ചെയ്യിച്ച് ‘ശമ്പളം’ എഴുതിമാറ്റുന്ന വികസനം വികസനമാണോ? ഖജനാവ് കാലിയാകുമെന്നല്ലാതെ കൃഷിയിടങ്ങള്‍ വളരുന്നില്ലെന്നറിയണം.

ഏതു വികസനത്തിന്‍റെയും ‘മുഖപടം’ മാറ്റിയാല്‍ കൊടിയ അഴിമതിയുടെ പിന്നാമ്പുറം കാണാം. അടിസ്ഥാനമോ ദീര്‍ഘവീക്ഷണമോ ഇല്ലാത്ത ഉപരിപ്ലവപദ്ധതിയിലൂടെ രാഷ്ട്രീയം സജീവമാക്കുന്നു. മുഖത്തു കാഴ്ചയ്ക്കു മുന്നില്‍ ക്യാരറ്റ് കെട്ടിയുറപ്പിച്ചു ദീര്‍ഘദൂരം നടക്കുവാന്‍ പ്രേരിപ്പിക്കുന്ന “ഒട്ടകശാസ്ത്രം” നമുക്കു മുന്നിലുമുണ്ട്. ഇന്നു കിട്ടും നാളെ കിട്ടും പിന്നെ കിട്ടും എന്ന പ്രതീക്ഷയില്‍ സാധാരണക്കാര്‍ ഓട്ടത്തിലാണ്. ക്യാരറ്റ് തിന്നാമെന്ന പ്രതീക്ഷയിലാണ് ഒട്ടകം നടക്കുന്നത്. പക്ഷേ, കാഴ്ചയിലൂടെ ഒട്ടകത്തെ പ്രലോഭിപ്പിക്കുക മാത്രമാണ് “ശാസ്ത്രം” ചെയ്യുന്നത്; ഒരുതരം വഞ്ചന; അത്രമാത്രം! നാട്ടില്‍ കുടിവെള്ളമില്ലെങ്കിലും നമ്മുടെ ഗവേഷണം ചൊവ്വാഗ്രഹത്തിലെ ജലസാന്നിദ്ധ്യത്തെക്കുറിച്ചായിരിക്കും. പഠനം പൂര്‍ത്തിയാകുമ്പോഴേക്കും പലരുടെയും കുടിവെള്ള സ്വപ്നം വെറും ദിവാസ്വപ്നമായി മാറുകയും ചെയ്യും!

സാരാംശത്തില്‍ സാധാരണക്കാരനു ലഭ്യമാകാത്ത വികസനം പാഴ്വേലയാണ് എന്നു പറയാം. അതാണ് ഇവിടെ അരങ്ങേറുന്നത്. എത്രമാത്രം വൃത്തിഹീനമായ ഒരു സാഹചര്യത്തിലാണു നമ്മുടെ പൊതുനിരത്തുകള്‍? നമ്മുടെ വെയ്സ്റ്റുകള്‍ മുഴുവന്‍ ഇന്നും പരിസ്ഥിതിയുടെ പരിദേവനമാണ്. വോള്‍വോ ബസ്സും ട്രെയിനും എയര്‍ലൈനുകളുമൊക്കെ അത്ഭുതപ്പെടുത്തുമ്പോഴും നമ്മുടെ ‘ആനവണ്ടികള്‍’ ഏതവസ്ഥയിലാണിന്ന്? നമ്മുടെ വഴിയോരങ്ങളിലെ ബസ്സ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ എത്രമാത്രം ‘ഹൈടെക്കാ’ണെന്നു ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ നിരത്തുകളുടെ ഓരം ചേര്‍ന്നു കെട്ടിക്കിടക്കുന്ന മൂക്കടപ്പിക്കുന്ന ദുര്‍ഗന്ധമുള്ള അഴുക്കുചാലുകള്‍ ശ്രദ്ധച്ചിട്ടുണ്ടോ? മെട്രോയുടെ ടിക്കറ്റുകള്‍ പോലും ട്രെയിനിനകത്തും പരിസരത്തും പോകുന്ന വഴിയിലുമെല്ലാം വലിച്ചെറിയുന്ന സംസ്കാരം നാം മാറ്റിയിട്ടുണ്ടോ? വെയ്സ്റ്റ് ബോക്സ് എന്നൊരു അന്വേഷണം നമ്മുടെ സംസ്കാരത്തില്‍ ഉണ്ടോ? ഉപയോഗിച്ചു വലിച്ചെറിയുന്ന നിസ്സംഗത വികസനത്തിനു യോജിക്കുന്നതാണോ?

ചോര്‍ന്നൊലിക്കുന്ന പാര്‍പ്പിടത്തിലിരുന്നു മെട്രോയുടെ കുതിച്ചുപാച്ചില്‍ ആസ്വദിക്കാനാകുന്ന വികസനസംസ്കാരം ഏതു രാജ്യത്തുനിന്നു പകര്‍ത്തിയതാണ്? മെട്രോ തന്നെ ചോര്‍ന്നൊലിച്ചു തുടങ്ങിയെന്ന വാര്‍ത്തയും നമ്മുടെ വികസനത്തിന്‍റെ ‘മുഖഛായ’ വെളിവാക്കുന്നു. പണിയെടുക്കാന്‍ മടികാണിക്കുന്ന അടിപൊളിയാളുകളുടെ നാടായ കേരളമിന്ന് അന്യ സംസ്ഥാനക്കാരുടെ വിയര്‍പ്പുകൊണ്ടു മാത്രം വികസനം പ്രസംഗിക്കാന്‍ ‘കരുത്ത്’ നേടിയിരിക്കുന്നു. നാം തിരക്കിലാണ്… വാട്സാപ്പും ഫേസ്ബുക്കും യൂട്യൂബും നാമില്ലെങ്കില്‍ അനാഥമാകില്ലേ? ത്രീജിയും ഫോര്‍ജിയും ഫൈവ്ജിയും സെല്‍ഫിയുമൊക്കെ ആരു കൈകാര്യം ചെയ്യും? മലയാളിയില്ലെങ്കില്‍ മടിയന്‍റെ ലോകം അനാഥമാകില്ലേ?

നാമിനിയെന്നാണ് യഥാര്‍ത്ഥ വികസനം സ്വായത്തമാക്കുന്നത്? “ജീവിക്കാന്‍ വേണ്ടി മരിക്കാനും തയ്യാര്‍” എന്നു പറയുന്ന കര്‍ഷകരുടെ നാട്ടില്‍ വില്ലേജാഫീസുകള്‍ വില്ലനാകുന്നതും വികസനമല്ലേ? രോഗി ചികിത്സ കിട്ടാതെ മരിക്കുമ്പോഴും ഡോക്ടര്‍ തത്ത്വശാസ്ത്രത്തിന്‍റെ സംഘടനാബോധം അഴിച്ചുവിടുന്നു. ഗൗരവത്തോടെ മുഖാമുഖം നോക്കിയാല്‍ ‘ഹര്‍ത്താല്‍’ ആഹ്വാനം ചെയ്യുന്ന നാട്ടില്‍ വികസനം കുതിച്ചുപാഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. ഗോഡൗണുകളില്‍ ഭക്ഷ്യധാന്യം ഈച്ചയും പുഴുവുമരിച്ച നായ്ക്കളുടെ കളിക്കളമായി മാറുമ്പോഴും റേഷന്‍കാര്‍ഡ് കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന്‍റെ തിരക്കിലാണു നാം; അരിക്കായി നെട്ടോട്ടമോടുമ്പോഴും മൊബൈല്‍ ഫോണിനും കമ്പ്യൂട്ടറിനും നാം വില കുറയ്ക്കും; റേഷന്‍കടകളില്‍പ്പോലും വൈഫൈ സ്ഥാപിക്കും; ജീവിതം ‘മനോഹര’മാക്കാമല്ലോ!

ക്രമസമാധാന പാലനത്തില്‍പ്പോലും രാഷ്ട്രീയവും യൂണിയനുകളും അരങ്ങു തകര്‍ത്തു ലാത്തി വീശിത്തുടങ്ങിയിരിക്കുന്നു. കൊതുകിലും രാഷ്ട്രീയം, പനിമരണത്തിലും രാഷ്ട്രീയം, ഭൂമി കയ്യേറ്റത്തിലും രാഷ്ട്രീയം, ഭക്ഷണപാനീയങ്ങളിലെ വിഷം ചേര്‍ക്കലിലും രാഷ്ട്രീയം. ഭരണപ്രതിപക്ഷങ്ങള്‍ സജീവമാകുമ്പോഴും ജനപക്ഷത്തു നില്ക്കാന്‍ ജനാധിപത്യത്തിനാകുന്നില്ല; വോട്ട് രാഷ്ട്രീയം നാടകം കളിക്കുന്നു. മരണത്തിലെ ദുരൂഹതയിലും രാഷ്ട്രീയവൈരങ്ങളുടെ നെരിപ്പോട്; പീഡനകഥകളിലും വക്കാലത്തുമായി പലവിധ ചേരിപ്പോരുകള്‍… എന്തു തര്‍ക്കത്തിനിടയിലും ‘മൃഗസംരക്ഷണം’ സജീവചര്‍ച്ചയും മനുഷ്യര്‍ക്കു കൂച്ചുവിലങ്ങുമാകുന്നു. എന്തു കഴിക്കണം, എങ്ങനെ ജീവിക്കണമെന്നൊക്കെ നിര്‍ദ്ദേശിക്കാന്‍ ‘തലയുള്ളവര്‍’ ഇവിടെയുണ്ട്. പനിമരണങ്ങള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ശോച്യാവസ്ഥയ്ക്കും മറുപടി പറയാനും ‘വികസനം’ പ്രസംഗിക്കാനും ആളില്ല!!

എവിടെയാണു നമ്മുടെ വികസനം പാളം തെറ്റിയത്!? സ്വാര്‍ത്ഥത കുമിഞ്ഞുകൂടിയ സാമൂഹികജീവിതമാണു നമ്മുടെ സ്വസ്ഥത കെടുത്തുന്നത്. എന്തു ചെയ്താലും എനിക്കെന്തു കിട്ടുമെന്ന ‘വികസനമന്ത്രം’ നമ്മെ കെണിയിലാക്കുന്നു; പ്രവര്‍ത്തനങ്ങളുടെ സുസ്ഥിതിയും തീരുമാനങ്ങളിലെ ദീര്‍ഘവീക്ഷണവും ചെന്നെത്തുന്നത് സ്വാര്‍ത്ഥതയുടെ കൂടാരത്തിലാകുന്നു. ഇതു മാറണം. വിജ്ഞാനത്തിനു മനുഷ്യത്വമുണ്ടാകണം, മനുഷ്യരെ അറിയുന്ന പ്രായോഗികതയുണ്ടാകണം, സ്വാര്‍ത്ഥതയും സ്വജനപക്ഷപാതവുമില്ലാത്ത കഠിനാദ്ധ്വാനമുണ്ടാകണം. അഴിമതിയും കൈക്കൂലിയുമില്ലാത്ത പ്രതിബദ്ധതയാര്‍ന്ന സേവനം ഉറപ്പിക്കണം. ഓരോ കാലഘട്ടത്തിന്‍റെയും പ്രശ്നങ്ങള്‍ പരിഹരിച്ചു മനുഷ്യജീവിതം സുഗമവും സുസ്ഥിരവും സംതൃപ്തവുമാക്കാന്‍ പരിശ്രമിക്കണം. വിദ്യാഭ്യാസത്തെ തൊഴില്‍ നേടാനും സമ്പത്തുണ്ടാക്കാനുമുള്ള ആയുധമാക്കാതെ സാമൂഹികമായി സമാനതകളുള്ള സംസ്കാരത്തെ സമ്പന്നമാക്കാനും സുകൃതങ്ങളുടെ വിളനിലമാക്കി പൈതൃകമായ മാനവികതയെ ഊട്ടിയുറപ്പിക്കാനാകുന്ന സേവനതത്പരതയെ പോഷിപ്പിക്കാനുമാകണം. വിദ്യാഭ്യാസമുള്ള സമൂഹത്തിന്‍റെ വളര്‍ച്ചയുടെ ആഴവും പരപ്പും തിരിച്ചറിയുന്നതു സന്തുലിതമായ സാമൂഹികജീവിതാവസ്ഥയെ മുന്‍നിര്‍ത്തിയാകണം. യാഥാര്‍ത്ഥ്യബോധമുണ്ടാകണമെന്നതാണു വികസനത്തിന്‍റെ കാതല്‍! വികസനമുഖം കുതിച്ചുപായുമ്പോഴും നമുക്കിടയിലെ ദുരിതക്കാഴ്ചകള്‍ പെരുകുന്നതിലെ അര്‍ത്ഥതലങ്ങള്‍ പഠിക്കണം, തിരുത്തണം.

മനുഷ്യരുടെ പ്രാഥമിക ജീവിതാവസ്ഥകള്‍ സാമാന്യവത്കരിക്കപ്പെടുന്ന മനുഷ്യത്വത്തിലേക്ക് എത്തിപ്പെടുന്നില്ലെങ്കില്‍ എന്തു വികസനം? മൂക്കുപൊത്തി വസ്ത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു മെട്രോയുടെ പടികള്‍ കയറി കുറേയധികം വിദൂരക്കാഴ്ചകള്‍ കണ്ടാസ്വദിച്ചു തിരികെയിറങ്ങുമ്പോഴും നമുക്കു ചുറ്റുമുള്ള ജീര്‍ണാവസ്ഥകള്‍ മാറുന്നില്ല…. വെള്ളക്കെട്ടും പൊട്ടിപ്പൊളിഞ്ഞ റോഡും ഗതാഗതക്കുരുക്കും നിയമലംഘനങ്ങളും മനുഷ്യക്കുരുതിയിലേക്കെത്തുന്ന വാഹനങ്ങളുടെ ചീറിപ്പായലുകളും തെരുവില്‍ കൂട്ടംകൂടുന്ന നായ്ക്കൂട്ടങ്ങളുടെ കുരച്ചുചാടിയെത്തുന്ന കടിച്ചുകീറലുകളും മാറുന്നുണ്ടോ? പാതയോരത്ത് അന്തിയുറങ്ങുന്ന പട്ടിണിക്കോലങ്ങളുടെ ഗദ്ഗദങ്ങള്‍ അറിയുന്നുണ്ടോ? ഒരേ കല്ലിന്മേല്‍ വീണ്ടും വീണ്ടും തട്ടിവീണു ദുരന്തത്തിലേക്കെത്തുന്ന മണ്ടന്‍വികസനവും നമുക്കിടയിലുണ്ട്; തിരുത്തപ്പെടാനാകാത്തവിധം നമ്മുടെ മനസ്സ് അവികസിതവും അന്ധവുമാകുന്നു; വികസനം താഴെത്തട്ടു മുതല്‍ തുടങ്ങണം; അതു ജനകീയമാകണം; ആരോഗ്യരംഗം പരീക്ഷണനിരീക്ഷണശാസ്ത്രത്തില്‍ അത്ഭുതാവഹമായ നേട്ടം കൊയ്യുമ്പോഴും പാവം പട്ടിണിക്കാരന്‍റെ ആരോഗ്യപരിപാലനത്തില്‍ ഈ വികസനശാസ്ത്രം പ്രായോഗികമാണോ?

വികസനത്തിനു കുതിച്ചുചാട്ടത്തിന്‍റെ കയ്യും കാലും മെയ്യും അല്ല വേണ്ടത്. ‘കണ്ണും കാതും ഹൃദയവും’ ആണ് ആവശ്യം. ഉപരിപ്ലവമായ കാഴ്ചയുടെ പച്ചപ്പരവതാനി ചെന്നെത്തുന്നതു ദാരിദ്ര്യത്തിന്‍റെ തടവറയിലാകരുത്. മനുഷ്യനു സ്വതന്ത്രമായി ജീവിച്ചു മുന്നേറാനാകുന്ന വളര്‍ച്ചയുണ്ടാകണം. എല്ലാവരെയും പരിഗണിക്കുന്ന ഹൃദയവിശാലതയുടെ മനുഷ്യത്വം പച്ചപിടിക്കണം. വളര്‍ച്ചയെന്നതു താഴെത്തട്ടുകാര്‍ക്ക് അനുഭവിച്ചറിയാനാകണം. സാധാരണക്കാര്‍ സന്തോഷമായി കഴിയുന്നതിലേക്കു സകലവിധ ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലകളും സജീവമാകണം. വിജ്ഞാനത്തിന്‍റെ നടത്തിപ്പല്ല, മറിച്ചു വികസനവിഭവങ്ങളുടെ ‘ഒരേപന്തി’യുടെ നീതിബോധമാണു ശ്രദ്ധവയ്ക്കേണ്ടത്. അപ്രാപ്യതകളുടെ കാഴ്ചയില്‍ മാത്രം വികസനം ഒതുങ്ങരുത്; സൗന്ദര്യത്തേക്കാള്‍ ശക്തവും സുദൃഢവുമാണ് ആരോഗ്യം; ആരോഗ്യത്തിനു ജാതിമത വര്‍ഗവര്‍ണ വൈജാത്യങ്ങളില്ല. ഇതുപോലെതന്നെയാണു വികസനത്തിന്‍റെ ശാസ്ത്രവും. കാഴ്ചയേക്കാള്‍ അനുഭവങ്ങളുടെ സുതാര്യതയാണു ലക്ഷ്യംവയ്ക്കേണ്ടത്. പ്രഥമവും പ്രധാനവുമായ പരിഗണന മനുഷ്യത്വമെന്ന സാമൂഹ്യനീതിയുടെ അടിത്തട്ടിലിരുന്നുകൊണ്ടാകണം. അല്ലെങ്കില്‍ വികസനം മുരടിപ്പിന്‍റെ ചോദ്യചിഹ്നങ്ങളായി മാറും. ചിന്തിക്കാം; വൈരം മറന്നു കൈകോര്‍ക്കാം; ഏകോദരസഹോദരങ്ങളായി വികസനസംസ്കാരത്തില്‍ പങ്കുചേരാം. യഥാര്‍ത്ഥ വികസനം ചര്‍ച്ചാവിഷയമാകട്ടെ. ലോകത്തിനു പിന്നിലാകാതെ എപ്പോഴും ലോകത്തിനു മാതൃകയാകുന്ന ‘മുന്നില്‍ നില്പ്’ അത്ഭുതമാകട്ടെ!! നല്ല വാര്‍ത്തകളില്‍ മാധ്യമങ്ങള്‍ ശ്രദ്ധവയ്ക്കട്ടെ!!

Leave a Comment

*
*