മൈക്രോബയോളജി

മൈക്രോബയോളജി

യുവര്‍ കരിയര്‍

എം. ഷൈറജ്

ആധുനികകാലത്ത് ഏറെ പ്രാധാന്യം ആര്‍ജ്ജിച്ച പഠനശാഖകളിലൊന്നാണ് മൈക്രോബയോളജി. പേരു സൂചിപ്പിക്കുംപോലെ മൈക്രോബുകളുടെ അഥവാ നഗ്നനേത്രങ്ങള്‍ക്കു ഗോചരമല്ലാത്ത സൂക്ഷ്മജീവികളെക്കുറിച്ചുള്ള പഠനമാണ് ഈ മേഖലയിലുള്ളത്. മൈക്രോ ഓര്‍ഗാനിസങ്ങളുടെ ജീവിതചക്രവും മനുഷ്യനിലും മറ്റു സസ്യജന്തുജാലങ്ങളിലും ഇവയ്ക്കു സ്വാധീനവും മറ്റും പഠനവിധേയമാവുന്നു.

മെഡിസിന്‍, ഔഷധ ഗവേഷണ-നിര്‍മ്മാണ മേഖല, ടെക്സ്റ്റൈല്‍, ലതര്‍, ഭക്ഷ്യമേഖല, പ്രതിരോധവകുപ്പ് തുടങ്ങി നിരവധി മേഖലകളില്‍ മൈക്രോബയോളജിസ്റ്റുകളുടെ സേവനം ആവശ്യമായിവരും. ഇവ കൂടാതെ, രോഗചികിത്സ, കൃഷി, ഹോര്‍ട്ടികള്‍ചര്‍, സ്പെയ്സ് സയന്‍സ് വൈറോളജി, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലും ഈ ശാസ്ത്രശാഖയുടെ മുന്നേറ്റങ്ങള്‍ നേട്ടമാവുകയും തന്മൂലം ഈ മേഖലകളിലൊക്കെ മൈക്രോബയോളജിസ്റ്റുകള്‍ക്ക് കരിയര്‍ സാധ്യതകള്‍ വര്‍ദ്ധിക്കുകയും ചെയ്യും.

ഗവേഷണ ശാഖ
മൈക്രോബയോളജിയില്‍ പഠനം ആഗ്രഹിക്കുന്ന കുട്ടികള്‍ ആദ്യമേ മനസ്സിലാക്കേണ്ട ഒരു വസ്തുത, ഗവേഷണത്തിനും ആഴത്തിലുള്ള പഠനത്തിനും ഏറെ പ്രാധാന്യമുള്ള പഠനശാഖയാണിതെന്നതാണ്. ബിരുദതലത്തിലോ ബിരുദാനന്തര ബിരുദതലത്തിലോ പഠനം അവസാനിപ്പിക്കുന്നവര്‍ക്ക് കരിയര്‍ സാധ്യതകളും കരിയര്‍ വളര്‍ച്ചയും പരിമിതമാകാനിടയുണ്ട്. ഗവേഷണത്തിലൂടെ Ph.D. നേടുകയും ആഴത്തിലുള്ള അറിവു നേടുകയും ചെയ്യുന്നവര്‍ക്ക് ഏറ്റവും മികച്ച കരിയറുകളിലൊന്നാവുമിത്.

വ്യക്തിഗുണങ്ങള്‍
സൂക്ഷ്മജീവികളിലും അവയെക്കുറിച്ചുള്ള പഠനത്തിലുമുള്ള താത്പര്യം, ക്രമാനുഗതമായി കാര്യങ്ങള്‍ അപഗ്രഥിക്കുവാനുള്ള കഴിവ്, അന്വേഷണാത്മക മനസ്സ്, ദീര്‍ഘനേരം ജോലി ചെയ്യുവാനുള്ള താത്പര്യം, നിരീക്ഷണപാടവം, മൗലികത തുടങ്ങിയവയൊക്കെ മൈക്രോബയോളജിസ്റ്റുകള്‍ക്കു വേണ്ട വ്യക്തിഗുണങ്ങളാണ്.

ശാഖകള്‍
മെഡിക്കല്‍ മൈക്രോബയോളജി, അപ്ലൈഡ് മൈക്രോബയോളജി, ഇന്‍റസ്ട്രിയല്‍ മൈക്രോബയോളജി, മറൈന്‍ മൈക്രോബയോളജി, അഗ്രികള്‍ച്ചറല്‍ മൈക്രോബയോളജി, സോയില്‍ മൈക്രോബയോളജി, ഫുഡ് മൈക്രോബയോളജി, വാട്ടര്‍ മൈക്രോബയോളജി എന്നിങ്ങനെ നിരവധി ശാഖകള്‍ ഈ ശാസ്ത്രത്തിനുണ്ട്.

പേരു സൂചിപ്പിക്കുന്ന വിവിധ മേഖലകളില്‍ സൂക്ഷ്മജീവികളുടെ സ്വാധീനം പഠിക്കുകയും അവയെ മനുഷ്യജീവന് ഏറ്റവും പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് ഓരോ ശാഖയുടെയും ലക്ഷ്യം.
ഭാരലോഹങ്ങളുടെ റേഡിയോ ആക്ടിവിറ്റിയെ പ്രതിരോധിക്കല്‍, കടലില്‍ എണ്ണചോര്‍ച്ചയുണ്ടാകുന്ന സ്ഥലങ്ങളുടെ ശുദ്ധീകരണം, അന്തരീക്ഷത്തിലെ കാര്‍ബണ്‍ കണികകളുടെ തോതുകുറയ്ക്കല്‍ തുടങ്ങിയ മേഖലകളില്‍ പോലും മൈക്രോബയോളജിക്ക് പ്രധാന പങ്കുവഹിക്കാനാവുമെന്ന വസ്തുത ഈ ശാസ്ത്രശാഖയുടെ വിശാലതയ്ക്കു തെളിവാണ്.

പഠനം
ബിരുദതലത്തില്‍ B.Sc. Microbiology കോഴ്സിലൂടെ പഠനം ആരംഭിക്കാം. എന്നാല്‍ മൈക്രോബയോളജിയില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ ബിരുദതലത്തില്‍ ഈ വിഷയം ഐഛികമായി പഠിക്കണമെന്നു നിര്‍ബന്ധമില്ല. പ്ലസ് ടു(ഫിസിക്സ്, കെമിസ്ട്രി, ബയോളജി)വിനു ശേഷം ഏതെങ്കിലുമൊരു ബയോളജിക്കല്‍ ശാഖയിലോ കെമിസ്ട്രിയിലോ ബിരുദം നേടിയതിനു ശേഷവും മൈക്രോബയോളജിയില്‍ ഗൗരവപഠനം തുടങ്ങാം.

M.Sc. Microbiology ആണ് ബിരുദാനന്തരബിരുദം. രണ്ടു വര്‍ഷത്തെ കോഴ്സാണിത്. പല യൂണിവേഴ്സിറ്റികളിലും അഡ്മിഷന് പ്രവേശന പരീക്ഷയുണ്ട്.

ബിരുദാനന്തര ബിരുദത്തിനു ശേഷം ഗവേഷണത്തിലൂടെ Ph.D. യും നേടാം.

പഠനകേന്ദ്രങ്ങള്‍
കേരളത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കോഴിക്കോട് സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ മൈക്രോ ബയോളജി പി.ജി. പഠനത്തിനും ഗവേഷണത്തിനും അവസരവുമുണ്ട്.

താരതമ്യേന പുതിയ പഠനശാഖയാണെങ്കിലും ഇന്ത്യയിലെ ഒട്ടുമിക്ക സര്‍വ്വകലാശാലകളിലും മൈക്രോബയോളജി കോഴ്സുകളുണ്ട്.

ഡല്‍ഹി യൂണിവേഴ്സിറ്റി, ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയുടെ സ്കൂള്‍ ഓഫ് ലൈഫ് സയന്‍സ് ആന്‍റ് ബയോടെക്നോളജി, ബാംഗ്ലൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ മൈക്രോബയോളജി ആന്‍റ് സെല്‍ ബയോളജി ഡിപ്പാര്‍ട്ട്മെന്‍റ്, നാഷ്ണല്‍ സെന്‍റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ് തുടങ്ങിയവയൊക്കെ ഇന്ത്യയിലെ മികച്ച മൈക്രോബയോളജി ഉപരിപഠന-ഗവേഷണ സ്ഥാപനങ്ങളില്‍ പെടും.

വെബ്സൈറ്റ്
www.jnu.ac.in
www.iisc.ernet.in
www.ncbs.res.in
www.du.ac.in

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org