നഷ്ടമായ പരസ്പരവിശ്വാസം ജീവിതം തകർക്കുമ്പോൾ

നഷ്ടമായ പരസ്പരവിശ്വാസം ജീവിതം തകർക്കുമ്പോൾ

വിപിന്‍ വി. റോള്‍ഡന്‍റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍, പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist, Sunrise Hospital, Cochin Universiry & Roldants Behaviour Studio, Cochin

യുവജന പ്രശ്നങ്ങളിലൂടെയുള്ള ഒരു യുവമനഃശാസ്ത്രജ്ഞന്‍റെ പരീക്ഷണയാത്രകള്‍….

എനിക്കവളെ നൂറുശതമാനവും വിശ്വാസമായിരുന്നു. അത്രയ്ക്കിഷ്ടമായിരുന്നു എനിക്കവളെ. ഒരു രീതിയിലും യാതൊരു തരത്തിലും കുറ്റംകണ്ടുപിടിക്കാന്‍ പറ്റാത്ത തരത്തിലുള്ള വ്യക്തിത്വം. അവളുടെ പുഞ്ചിരിയും ഇടപെടലും സംസാരവുമെല്ലാം എന്നെ ശരിക്കും പറഞ്ഞാല്‍ അവളുടെ അടിമയാക്കി കളഞ്ഞു. അവളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ് ലക്ഷക്കണക്കിന് രൂപയുടെ സഹായം ഞാന്‍ ചെയ്തിട്ടുണ്ട്. എന്‍റെ ഏറ്റം നല്ല സുഹൃത്തായ അവളെ എന്‍റെ ജീവിതസഖിയാക്കാന്‍ ഞാന്‍ കാത്തിരിക്കേ, എല്ലാമറിയാവുന്നവളായിട്ടും അവള്‍ എന്നോടുള്ള സകലബന്ധവും ഉപേക്ഷിച്ച് മറ്റൊരുവന്‍റെ പിന്നാലെ പോയിക്കളഞ്ഞു. ഡോക്ടര്‍ പറയൂ, ഇനി ഞാന്‍ മനുഷ്യരെ വിശ്വസിക്കണമോ വേണ്ടയോ?"

കെട്ടി… ചതിക്കപ്പെട്ടു
"വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് മറ്റൊരു മതത്തില്‍പ്പെട്ട ആളെ ഞാന്‍ വിവാഹം കഴിച്ചത്. മതത്തിനപ്പുറത്ത് എനിക്ക് വേണ്ടിയിരുന്നത് വ്യക്തിത്വവും സ്വഭാവമഹിമയുമായിരുന്നു. ജീവിതത്തിന്‍റെ ആദ്യഘട്ടം ഒരു കുഴപ്പവുമില്ലാതെ പോയി. പക്ഷേ, ഭര്‍ത്താവ് ഫോണ്‍സെക്സിനും, അശ്ലീലവീഡിയോകള്‍ക്കും അടിമയാണെന്ന് ഞാന്‍ വൈകാതെ മനസ്സിലാക്കി. പുറമെ ഡീസന്‍റ്. പക്ഷേ, ക്ലബുകളിലും മറ്റും സ്ഥിരസന്ദര്‍ശനവും മദ്യപാനവും ഒക്കെ ഹോബിയായിരുന്നു. എന്നെ പ്രണയിച്ച സമയത്ത് ഇതെല്ലാം തന്ത്രപരമായി മറച്ചു വയ്ക്കുന്നതില്‍ ആളു വിജയിച്ചു. ഞാനിതു ചോദ്യം ചെയ്തപ്പോള്‍ ഇന്നുവരെ കാണാത്ത മുഖഭാവത്തോടെ എന്‍റെ നേരെ തട്ടിക്കയറുകയും ദേഷ്യപ്പെടുകയും ചെയ്തിട്ട് പറഞ്ഞു. "ഞാന്‍ പണ്ടേ ഇങ്ങനാ, നീയായിട്ട് എന്നെ നന്നാക്കേണ്ടാ"ന്ന്. "എങ്കില്‍ എന്തുകൊണ്ട് എന്നോടു പറഞ്ഞില്ല, നിങ്ങളുടെ ഈ ശീലങ്ങള്‍." എന്നു ഞാന്‍ ചോദിച്ചപ്പോള്‍ എന്നെ നോക്കി കളിയാക്കി ചിരിച്ചു. തകര്‍ന്നുപോയി ഞാന്‍. ഇതൊരു ക്ലിയര്‍ ചീറ്റിംഗ് ആയിരുന്നു. ഞാന്‍ വെറുത്തുപോയി അങ്ങേരെ. ഞാന്‍ എന്തു ചെയ്യണം.

ഞാന്‍ രക്ഷിച്ചവന്‍ എന്നെ ചതിച്ചു
ഒരാപത്തില്‍പ്പെട്ടപ്പോള്‍ ഒരു പോലീസ് കേസില്‍നിന്നും എനിക്ക് സഹായിക്കാന്‍ സാധിച്ച ഒരു ആര്‍ക്കിടെക്റ്റ് സുഹൃത്ത് എനിക്കുണ്ട്. എനിക്കൊരു ആവശ്യം വന്നപ്പോള്‍ എന്‍റെ ഓഫീസിന്‍റെ പണി വിശ്വാസപൂര്‍വ്വം ഏല്പിച്ചു. 45 ദിവസങ്ങള്‍കൊണ്ട് 10 ലക്ഷം രൂപയ്ക്കത്ത് പണിതീര്‍ത്തുതരാം എന്നു വാക്കുപറഞ്ഞ് കാശുവാങ്ങിച്ച് പണി തുടങ്ങിയ ആള്‍ പല ന്യായങ്ങളും പറഞ്ഞ് പലപ്പോഴായി 17 ലക്ഷം രൂപ എന്‍റെ കയ്യില്‍ നിന്നും വാങ്ങി. 6 മാസമായിട്ടും ഇന്‍റീരിയര്‍ ഡിസൈനിംഗ് 50% പോലും ആയിട്ടില്ലെന്നുമാത്രമല്ല, ഇനിയും രണ്ടു ലക്ഷം രൂപകൂടികൊടുത്താല്‍ ബാക്കി ചെയ്യുന്നതിനെപ്പറ്റി ആലോചിക്കാം എന്നുപറഞ്ഞ് 100%വും ചതിച്ചു. മുപ്പതിനായിരം രൂപയിലധികം ഓരോ മാസവും വാടക കൊടുത്ത് അത് ഒരു വഴിയായി. 35 ലക്ഷം രൂപയുടെ ഒരു പ്രൊജക്ട് ഈ ഓഫീസ് തക്കസമയത്ത് തീരാത്തതുകൊണ്ട് നഷ്ടപ്പെട്ടു. അയാളെ ഞാന്‍ ഒരു ആപത്ഘട്ടത്തില്‍ രക്ഷിച്ചയാളാണെന്നുള്ള സാമാന്യബോധം പോലുമില്ലാതെയുള്ള പെരുമാറ്റം. എന്നെ വല്ലാണ്ട് തകര്‍ത്തുകളഞ്ഞു. എനിക്ക് എല്ലാവരിലുമുള്ള വിശ്വാസം നഷ്ടമാകുന്നു. ഞാന്‍ മനുഷ്യരെ എങ്ങനെ വിശ്വസിക്കും. ആരെയും വിശ്വസിക്കാതെ നമുക്കെങ്ങനെ ജീവിക്കാനാകും? ഞാനെന്തു ചെയ്യണം സാര്‍?

ചതിവിന്‍റെ നിരാശ കൂമ്പാരത്തില്‍
വിശ്വസിച്ചിട്ട് ചതിവുപറ്റിയതിന്‍റെ നിരാശക്കൂമ്പാരത്തില്‍ പെട്ടുകിടക്കുന്നവര്‍ അനവധിയാണ്. ഭാര്യ ഭര്‍ത്താവിനെ, ഭര്‍ത്താവ് ഭാര്യയെ, ഭര്‍ത്തൃവീട്ടുകാര്‍ ഭാര്യവീട്ടുകാരെ, ഭാര്യവീട്ടുകാര്‍ ഭര്‍ത്തൃവീട്ടുകാരെ, ഉറ്റ ചങ്ങാതികളായിരുന്നവര്‍ പരസ്പരം, ബിസിനസ്സ് പങ്കാളികള്‍, കാമുകീകാമുകന്മാര്‍, സ്ഥലമിടപാടില്‍പെട്ടവര്‍, കോഴ്സ് അഡ്മിഷന്‍ തുടങ്ങിയ കരിയര്‍, തൊഴില്‍ മേഖലകള്‍ തുടങ്ങി ഇലക്ഷന്‍ സമയത്ത് വാഗ്ദാനങ്ങള്‍ നിരത്തി പിന്നീടു വോട്ടര്‍മാരെ പറ്റിക്കുന്ന മാറിമാറി വരുന്ന സര്‍ക്കാരടക്കം ചതിവിന്‍റെയും വഞ്ചനയുടെയും എപ്പിസോഡുകള്‍ യാതൊരു മടിയുമില്ലാതെ ജീവിതവഴികളില്‍ ടെലികാസ്റ്റ് ചെയ്യുമ്പോള്‍ തകര്‍ന്നടിഞ്ഞുപോകുന്ന ജീവിതങ്ങളെ ആരും അറിയുന്നില്ല. അറിഞ്ഞാലൊട്ട് തിരിഞ്ഞു നോക്കാറുമില്ല.

വിശ്വാസം നഷ്ടമായാല്‍
കുടുംബജീവിതത്തിലും സൗഹൃദങ്ങളിലും ബിസിനസ്സിലും പ്രൊജക്ടുകളിലും കൂട്ടായ്മകളിലുമെല്ലാം മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കുന്ന, വെല്‍ഡ് ചെയ്തുറപ്പിക്കുന്ന ഘടകം പരസ്പരവിശ്വാസമാണ്. വിശ്വാസം നഷ്ടമാകുന്നവര്‍ എങ്ങനെ പരസ്പരം സഹകരിക്കും. അവരെങ്ങനെ ജീവിക്കും. അസ്വസ്ഥതയുടെയും പല്ലിറുമ്മലിന്‍റെയും ദേഷ്യത്തിന്‍റെയും നിരാശയുടെയും ഏറ്റുമുട്ടലിന്‍റെയും അന്തരീക്ഷമായിരിക്കും അവര്‍ക്കിടയിലെപ്പോഴും. അച്ഛനുമമ്മയ്ക്കും പരസ്പരവിശ്വാസം നഷ്ടമാകുമ്പോള്‍ വിവാഹബന്ധം തകരും. അവര്‍ പിരിഞ്ഞാല്‍ മക്കള്‍ വഴിയാധാരമാകും. കോടികള്‍ നിക്ഷേപിച്ച ബിസിനസ്സ് സാമ്രാജ്യം തകര്‍ന്നാല്‍ രണ്ടുകൂട്ടരും കടക്കാരാകും, നൂറു കണക്കിന് തൊഴിലാളികളുടെ ജീവിതം വഴിമുട്ടും.

വന്നവഴിയേ പിന്നിലേക്ക് നടക്കാം
പോയവിശ്വാസം എങ്ങനെ തിരിച്ചെടുക്കാം എന്നതാണ് പലരും ചോദിക്കുന്ന ചോദ്യം. 'തിരിച്ചുകിട്ടിയാലും പഴയ അത്ര സ്മൂത്ത് ആകുമോ' എന്ന സംശയം വേറെയും. ബന്ധങ്ങള്‍ക്കിടയില്‍ വലിയ ഒരു വിടവ് എന്നേക്കും നിലനിര്‍ത്തി ഇടുന്നത് ഒട്ടും ഉചിതവുമല്ല. ധാരണയിലുണ്ടായ പിശകുകളോ തെറ്റിദ്ധാരണകളോ ആണ് ബന്ധം തകരാന്‍ കാരണം. അവന്‍/അവള്‍ എന്നെ സ്നേഹിക്കുന്നു, എന്നെ സപ്പോര്‍ട്ട് ചെയ്യുന്നു. എന്‍റെ വളര്‍ച്ച ആഗ്രഹിക്കുന്നു എന്ന ധാരണ പല പ്രവൃത്തികളിലൂടെ മറ്റേയാള്‍ തകര്‍ക്കുമ്പോഴോ, തെറ്റ് ചെയ്യാത്ത ഒരാളെക്കുറിച്ച് മറ്റാരെങ്കിലും മോശമായി പറഞ്ഞ് തെറ്റിദ്ധരിക്കുമ്പോഴോ ഒക്കെ പരസ്പര വിശ്വാസം തകരാം എന്നതിനാല്‍ തിരികെ വരണമെങ്കില്‍ വന്നവഴിയെ അല്പം ദൂരം പിന്നിലേക്ക് നടക്കണം. എവിടെയാണ് തെറ്റിയത്, എന്നാണ് തെറ്റിത്തുടങ്ങിയത്, കാരണം ശരിക്കും എന്താണ്, അതില്‍ തന്‍റെ പങ്ക് എത്രത്തോളമാണ്, തന്‍റെ ശ്രദ്ധക്കുറവോ നോട്ടക്കുറവോ പരിഗണനക്കുറവോ അടക്കം എന്തെങ്കിലും വില്ലനായിട്ടുണ്ടോ, എന്ന് ആത്മപരിശോധന നടത്തി സ്വയം ക്ഷമിക്കുക, സ്വയം തിരുത്തുക, സ്വയം മനസ്സിലാക്കുക എന്നതാണ് ആദ്യത്തെ പടി.

മിണ്ടാം പരിഹരിക്കാം
പരസ്പരവിശ്വാസം നഷ്ടപ്പെട്ട് ബന്ധം തകര്‍ന്നവര്‍ അത് പുനഃസ്ഥാപിക്കാന്‍ നേരിട്ടോ വിശ്വസ്തരായ മൂന്നാമതൊരാളു വഴിയോ ആശയവിനിമയം നടത്തണം. മധ്യവര്‍ത്തി രണ്ടാളുടെയും സങ്കടങ്ങളും പരാതികളും മറ്റേയാളിന്‍റെ മനസ്സിനെ സാന്ത്വനിപ്പിക്കുമാറ് പങ്കുവച്ച്, വിരോധത്തിന്‍റെ അളവ് കുറപ്പിച്ചിട്ട് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കും, ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. സ്വയം ക്ഷമിക്കുകയും പരസ്പരം ക്ഷമിക്കുകയും ചെയ്യുന്ന മനോഭാവം ആര്‍ജ്ജിക്കുക എന്നതാണ് ഏറ്റം ബുദ്ധിമുട്ടും ഏറ്റവും പ്രധാനവും. ആരും പൂര്‍ണ്ണരല്ല എന്ന തത്ത്വത്തില്‍ നിന്നുകൊണ്ട് ആത്മീയമായ മുന്നൊരുക്കത്തോടെ ഭാര്യാഭര്‍ത്താക്കന്മാര്‍, ബിസിനസ്സ് പങ്കാളികള്‍, സുഹൃത്തുക്കള്‍, കമിതാക്കള്‍ തുടങ്ങി എത്രയധികം ആളുകള്‍ തകര്‍ന്നബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്. ആളുകളെ അവരുടെ കുറവുകളോടുകൂടി തന്നെ അംഗീകരിക്കാന്‍ നമുക്കു സാധിച്ചാല്‍ മനഃസ്വസ്ഥത നമ്മെത്തേടിയെത്തും. സ്നേഹം നമ്മുടെ സ്ഥായീഭാവമാകുമ്പോള്‍ ശത്രുത അലിഞ്ഞുപോകും. 'I flow in Love' എന്ന മന്ത്രം നമ്മില്‍ തത്തിക്കളിച്ചാല്‍ നമ്മില്‍നിന്നു പുറപ്പെടുന്നതു സ്നേഹം മാത്രമാകും. യഥാര്‍ത്ഥ സ്നേഹത്തെത്തുടര്‍ന്ന് ആര്‍ക്കു വഞ്ചിക്കാനാകും. അബദ്ധങ്ങള്‍ പിണഞ്ഞവര്‍ക്ക് തിരികെയെത്താന്‍ സ്നേഹംതന്നെ തുണ. വേറെന്ത് വഴി?! അല്ലെ?!!

പരസ്പരവിശ്വാസം നഷ്ടമായാൽ

1) പകച്ചുപോകാം… പകവേണ്ട: ഏറ്റവുമടുത്ത ആളില്‍നിന്നും തിക്താനുഭവങ്ങളുണ്ടാകുമ്പോള്‍ ആരും പകച്ചുപോകും. അടുപ്പം അകല്ചയാകും. സ്നേഹം പകയാകാം. പക നമ്മെ വഴിതെറ്റിക്കാം. ജാഗ്രതൈ

2) പ്രതികാരമല്ല – വേണ്ടത് പരിഹാരം: നമ്മെ വഞ്ചിച്ചവരോട് പ്രതികാരം ചെയ്യാനായിരിക്കും മനസ്സ് ആവശ്യപ്പെടുക. No use. പ്രതികാര നടപടികള്‍ നമ്മെ കൂടുതല്‍ തളര്‍ത്തും. പ്രശ്നം സങ്കീര്‍ണ്ണമാക്കും. വേണ്ടത് പരിഹാരമാണ്. അതിനുള്ള steps എടുക്കുക.

3) അംഗീകരിക്കാം; ക്ഷമിക്കാം: ചതിവു പറ്റിക്കഴിഞ്ഞാല്‍ മനസ്സ് പെട്ടെന്ന് തളരുമെങ്കിലും ഇടറിവീഴാതിരിക്കാന്‍ സംഭവിച്ചതിനെ എല്ലാം അംഗീകരിക്കാന്‍ തയ്യാറാവുക എന്നതു മാത്രമേ പരിഹാരമുള്ളൂ. ക്ഷമിക്കാന്‍ സാധിച്ചാലേ അതിന്‍റെ ക്ഷീണം നമ്മില്‍നിന്നു മാറൂ. ഇല്ലെങ്കില്‍ ദിനംതോറും നാം തളരും.

4) ധനനഷ്ടത്തിനും പരിഹാരം ക്ഷമയോ: കാശുപോയവന്‍ ക്ഷമിച്ചോണ്ടിരുന്നാല്‍ മതിയോ? കേസു കൊടുക്കണോ? രണ്ടും രണ്ടാണ്. നാം ആ വ്യക്തിയോടാണ് ക്ഷമിക്കുന്നത്. അയാള്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ധനനഷ്ടം വരുത്തിയവയെങ്കില്‍ അതിന് ലീഗല്‍ നടപടികള്‍ വേണ്ടവയാണെങ്കില്‍ നിയമം നിയമത്തിന്‍റെ വഴിക്ക് പോകും. പക്ഷേ, നമ്മുടെ ഉള്ളില്‍ വിരോധം നിറഞ്ഞ് ചങ്കുപൊട്ടല്‍ ഒഴിവാകും.

5) പോയത് തിരികെ പിടിക്കാം: ദാമ്പത്യത്തില്‍, സൗഹൃദങ്ങളില്‍ പരസ്പരവിശ്വാസം നഷ്ടമായാലും അത് പരിഹരിച്ച് തിരിച്ചു പുതുജീവിതം തുടങ്ങാന്‍ നാം തയ്യാറാകണം. തനിയെ തര്‍ക്കമകറ്റാനാകുന്നില്ലെങ്കില്‍ നിങ്ങളുടെ ബന്ധങ്ങളിലെ മുറിവുണക്കാന്‍, മനസ്സിനെ ചേര്‍ത്തുനിര്‍ത്താന്‍ ഒരു നല്ല ഫാമിലി കൗണ്‍സലിംഗ് മതിയാകും. വിദഗ്ദ്ധ മനഃശാസ്ത്രജ്ഞര്‍ നിങ്ങളുടെ ജീവിതം കരുപിടിപ്പിക്കാന്‍ സഹായിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org