വിവാദ വിഷയമായ മിശിഹാ

വിവാദ വിഷയമായ മിശിഹാ

മിശിഹാ എന്നും വിവാദ വിഷയമായിരുന്നു. ഇനിയും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. ചിലര്‍ക്ക് അവന്‍ തച്ചന്‍റെ മകന്‍, മറ്റൊരു കൂട്ടര്‍ക്ക് വിപ്ലവകാരി, ഇനിയും ചിലര്‍ക്ക് കള്ളപ്രവാചകനും, ദൈവദൂഷണം പറയുന്നവനും, അവനോട് ചേര്‍ന്നുനിന്നവര്‍ക്ക് അവന്‍ മിശിഹായും ദൈവപുത്രനും രക്ഷകനും കര്‍ത്താവുമാണ്.

ഇന്നും അവന്‍ വിവാദ വിഷയംതന്നെയാണ്. അവന്‍റെ പേരില്‍ ലോകം തന്നെ രണ്ടായി തിരിഞ്ഞിരിക്കുന്നു. കാല്‍വരിയില്‍ അവനെ ക്രൂശിച്ചവരും അവനെ സ്നേഹിച്ചവരും നിലയുറപ്പിച്ചിരുന്നു. അവന്‍റെ വലതുവശത്ത് ഒരുവന്‍ അവനെ അംഗീകരിച്ചു കിടന്നിരുന്നെങ്കില്‍ ഇടതുവശത്ത് ധിക്കരിച്ചവനും കിടന്നിരുന്നു. ഈ സത്യം യുഗാന്ത്യം വരെയും ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഈശോയുടെ തന്നെ വാക്കുകളില്‍, "ഒരു ഭവനത്തില്‍ത്തന്നെ ഭിന്നതയുണ്ടായിരിക്കും. രണ്ടുപേര്‍ മൂന്നു പേര്‍ക്കും മൂന്നു പേര്‍ രണ്ടു പേര്‍ക്കും എതിരായിരിക്കും. മക്കള്‍ മാതാപിതാക്കള്‍ക്കും മാതാപിതാക്കള്‍ മക്കള്‍ക്കും എതിരായിരിക്കും." ഈശോ വിവാദ വിഷയമാകുകയാണ്. കാരണം യേശുവിനെ സമീപിക്കുന്ന ഓരോ വ്യക്തിയും സുനിശ്ചിതമായ തീരുമാനം എടുക്കേണ്ടതുണ്ട്. ഒന്നുകില്‍ യേശുവിനോട് ചേര്‍ന്നുനില്‍ക്കുക, അല്ലെങ്കില്‍ അവനെ തിരസ്കരിക്കുക.

ക്രിസ്തു ഇക്കാലത്തും തര്‍ക്കത്തിന്‍റെ അടയാളം തന്നെ. സ്വാതന്ത്ര്യത്തിന് ഹാനികരമാണ് ദൈവമെന്ന് നാം വിധി പ്രസ്താവിക്കുന്നു. മാനവീകതയ്ക്ക് തടസ്സമാണ് ക്രിസ്തു എന്ന് നാം തീരുമാനിക്കുന്നു! സ്നേഹം തന്നെയായ ക്രിസ്തുവിനെ നാം പിന്‍ചെന്നാല്‍ ബുദ്ധിശൂന്യരായിത്തീരും! ഇങ്ങനെ നീളുന്നു ആ തര്‍ക്കങ്ങള്‍.

നമ്മുടെ അന്തഃരംഗത്തില്‍ മിശിഹാ ഇന്നും വിവാദവിഷയമാകാറുണ്ട്. അവനു വേണ്ടി, അവന്‍ കാണിച്ചു തന്ന മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളാന്‍ മനഃസാക്ഷി മന്ത്രിക്കുമ്പോള്‍, അതിനെതിരായി നമ്മുടെ അഹം ചിന്തിക്കുമ്പോള്‍ മിശിഹാ നമ്മില്‍ ഒരിക്കല്‍കൂടി വിവാദവിഷയമാവുകയാണ്. സ്വയം ത്യജിച്ച് ശുശ്രൂഷ ചെയ്യണമെന്ന് മനസ്സില്‍ ദൈവപുത്രന്‍ മന്ത്രിക്കുമ്പോള്‍, സത്യത്തിന്‍റെ പാത പിന്‍ചെല്ലണമെന്ന് അവന്‍ ആവശ്യപ്പെടുമ്പോള്‍ നിര്‍മ്മല സ്വാര്‍ത്ഥത എതിരു നില്‍ക്കവേ മിശിഹാ വീണ്ടും വിവാദവിഷയമാകുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org