മൊബൈൽ ഫോൺ അഡിക്ഷനിൽ നിന്നു പ്രക‍‍‍‍ൃതിയുടെ മടിത്തട്ടിലേക്കു നടക്കാം

മൊബൈൽ ഫോൺ അഡിക്ഷനിൽ നിന്നു പ്രക‍‍‍‍ൃതിയുടെ മടിത്തട്ടിലേക്കു നടക്കാം

ആധുനിക ജീവിതശൈലിയിലെ വിദ്യാഭ്യാസപരമായ വളര്‍ച്ചയായിട്ടാണു മൊബൈല്‍ ഫോണിന്‍റെ ഉപയോഗത്തെ പലരും വിശേഷിപ്പിക്കുന്നത്. മൊബൈലിന്‍റെ അമിതമായ ഉപയോഗം കുട്ടികളില്‍ ഓര്‍മ്മക്കുറവ്, ചിന്താശേഷിയില്ലായ്മ, ഉറക്കമില്ലായ്മ, കണ്ണുനീര്‍ വറ്റുക, സൗഹൃദമനോഭാവം ഇല്ലാതാക്കുക, രോഗങ്ങള്‍ ഉണ്ടാക്കുക, അക്രമവാസന ഉണ്ടാക്കുക തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ടെന്നു പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ശാരീരികവും മാനസികവുമായ വളര്‍ച്ചയെ നശിപ്പിക്കുന്ന രീതികളെ ആഡംബരത്തിന്‍റെ പേരില്‍ നാം അനുവദിച്ചുകൊടുക്കരുത്. പരസ്പരമുള്ള സൗഹൃദജീവിതം ഇന്നു കുട്ടികളിലില്ല. വീട്ടില്‍ നിന്നു പുറത്തിറങ്ങി പുറംലോകത്തെ മനസ്സിലാക്കുന്ന ശീലവും ഇന്നത്തെ ജീവിതത്തിലില്ല. മറ്റുള്ളവരുടെ മുന്നില്‍ പ്രൗഢി കാട്ടി നില്ക്കണമെന്ന ചിന്തയാണു ഭൂരിഭാഗത്തിനുമുള്ളത്. ഈ ചിന്തകളാണു സമാധാനം നശിപ്പിക്കുന്നതോടൊപ്പം കുടുംബജീവിതവും തകര്‍ക്കുന്നത്.

ചുറ്റുപാടുകളില്‍ നിന്നാണ് ഓരോന്നും മനസ്സിലാക്കുന്നത്. ശാരീരികവും മാനസികവുമായുള്ള വളര്‍ച്ചയില്‍ നമ്മുടെ പാരിസ്ഥിതിക സ്ഥിതി ഒരുപാടു സ്വാധീനം ചെലുത്തുന്നുണ്ട്. മാനസിക ഉല്ലാസത്തോടെ ആരോഗ്യപൂര്‍ണമായി വളരാന്‍ പ്രകൃതി വഹിക്കുന്ന പങ്കു ചെറുതല്ല. എന്നാല്‍ ആധുനിക ജീവിതശൈലിയെ തുടര്‍ന്നു പ്രകൃതിയില്‍ നിന്ന് അകന്നാണു നാം ജീവിക്കുന്നത്. ആധുനിക താത്പര്യങ്ങളും ഇഷ്ടങ്ങളും ഒരു ഭ്രമമായി മാറുന്ന കാഴ്ചയാണു നമ്മുടെ മുന്നില്‍ കാണുന്നത്. ഈ അഡിക്ഷനെ പോസിറ്റീവായി കാണാന്‍ പാടില്ല. ജീവിതം നെറ്റില്‍ നിന്നോ സിനിമകളില്‍ നിന്നോ പഠിക്കാന്‍ പറ്റില്ല. തിരക്കിനിടയില്‍ ഇങ്ങനെയൊക്കെ ലൈഫ്, സ്റ്റൈല്‍ ആക്കിയാല്‍ മതിയെന്ന ധാരണ കണ്ണീരിലും വീഴ്ചയിലുമാണ് അവസാനിക്കുന്നത്.

വാത്സല്യവതിയായ അമ്മയെപ്പോലെ നന്മയിലേക്കു നയിക്കുന്ന പ്രകൃതിയെ നാം തിരിച്ചറിയണം. ഇതിനെ അവഗണിക്കുമ്പോഴാണു രോഗാവസ്ഥയിലേക്കു നമ്മുടെ ശരീരം മാറുന്നത്. മൊബൈലും ഇന്‍റര്‍നെറ്റുമായി മുറികള്‍ക്കുള്ളില്‍ കഴിഞ്ഞുകൂടുന്നവരുടെ ജീവിതം മുരടിച്ചു തീരുന്നതു പ്രകൃതിയുമായി ഒരു ബന്ധവും സ്ഥാപിക്കാത്തതുകൊണ്ടാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org