Latest News
|^| Home -> Suppliments -> Baladeepam -> മൂല്യങ്ങളുടെ വിജയം

മൂല്യങ്ങളുടെ വിജയം

Sathyadeepam

സമ്പത്തും സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞുനിന്ന ഒരു രാജ്യത്തിലെ രാജാവിനു മക്കളില്ലായിരുന്നു. തന്‍റെ കാലശേഷം ആരു രാജ്യം ഭരിക്കണമെന്ന ചോദ്യമുയര്‍ന്നപ്പോള്‍ രാജാവ് ഒരു തീരുമാനമെടുത്തു. പ്രജകളായവരും 25 വയസ്സില്‍ താഴെ പ്രായമുള്ളവരുമായ യുവാക്കളില്‍ നിന്നു തന്‍റെ അനന്തരാവകാശിയെ കണ്ടെത്തുക.

അങ്ങനെ 25 വയസ്സില്‍ താഴെയുള്ള ചെറുപ്പക്കാരെല്ലാവരും രാജകൊട്ടാരത്തിലേക്കു ക്ഷണിക്കപ്പെട്ടു. വളരെയധികം ആകാംക്ഷയോടെയാണ് ഓരോരുത്തരും കൊട്ടാരത്തിലെത്തിയത്. രാജാവ് എങ്ങനെയായിരിക്കും തങ്ങളില്‍ നിന്ന് ഒരാളെ അനന്തരാവകാശിയായി തിരഞ്ഞെടുക്കുക? അതിന് എന്തു പരീക്ഷണമായിരിക്കും തങ്ങള്‍ നേരിടേണ്ടി വരിക എന്നിങ്ങനെ ഒരായിരം ചോദ്യങ്ങള്‍ അവരുടെ മനസ്സില്‍ മിന്നിത്തെളിഞ്ഞു. അവരുടെ ആകാംക്ഷ മുറിച്ചുകൊണ്ടു രാജാവു ഡര്‍ബാര്‍ ഹാളിലേക്കു കടന്നുവന്നു.

അദ്ദേഹം കൂടുതലായൊന്നും സംസാരിച്ചില്ല. പകരം എല്ലാവര്‍ക്കും ചില ചെടികളുടെ വിത്ത് നല്കി. എന്നിട്ടു പറഞ്ഞു: “നിങ്ങള്‍ ഈ വിത്ത് കൊണ്ടുപോയി നന്നായി നട്ടു പരിപാലിച്ച് ആറുമാസത്തിനുശേഷം തിരിച്ചുവരിക. ആരാണ് ഏറ്റവും മികച്ച രീതിയില്‍ ഈ ചെടിയെ പരിപാലിക്കുന്നതെന്നു ഞാന്‍ നോക്കട്ടെ. അവരില്‍ ഒരാളായിരിക്കും അടുത്ത രാജാവ്.”

എല്ലാവരും വളരെ ആവേശത്തോടുകൂടി വിത്തുകളും സ്വീകരിച്ചു തങ്ങളുടെ വീടുകളിലേക്കു മടങ്ങി.

ലീ എന്ന ചെറുപ്പക്കാരനും അക്കൂട്ടത്തിലുണ്ടായിരുന്നു. അച്ഛനെ ചെറുപ്പത്തില്‍ നഷ്ടപ്പെട്ട ലീയെ വളര്‍ത്തി വലുതാക്കിയത് അമ്മയാണ്. സത്യസന്ധതയുടെയും മൂല്യബോധത്തിന്‍റെയും ബാലപാഠങ്ങള്‍ നന്നേ ചെറുപ്പത്തിലെ ലീക്ക് അമ്മ പറഞ്ഞുകൊടുത്തിരുന്നു.

പക്ഷേ, ലീ നന്നായി പരിചരിച്ചിട്ടും വെള്ളമൊഴിച്ചിട്ടുമൊന്നും അവന്‍ ചെടിച്ചട്ടിയില്‍ നട്ട വിത്ത് കിളിര്‍ത്തില്ല.

ലീക്കു വളരെ വിഷമമായി. അതിനിടയില്‍ കൂട്ടുകാരുടെ ചെവിയില്‍ നിന്നും തങ്ങളുടെ ചെടികള്‍ തഴച്ചുവളരുന്നു എന്ന വാര്‍ത്ത ലീ കേള്‍ക്കുന്നുണ്ടായിരുന്നു.

ലീ പരിശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു. പക്ഷേ, ആറു മാസം അടുക്കാറായിട്ടും ലീയുടെ വിത്തിനു കാര്യമായ മാറ്റമൊന്നും സംഭവിച്ചില്ല.

രാജാവിന്‍റെ അടുക്കല്‍ മടങ്ങിയെത്തേണ്ട ദിവസമായി നിരാശനായ ലീ അമ്മയോടു പറഞ്ഞു: “അമ്മേ ഞാന്‍ കൊട്ടാരത്തിലേക്കു പോകുന്നില്ല.”

അമ്മ മകനെ പ്രോത്സാഹിപ്പിച്ചു. “നീ ശ്രമിക്കാഞ്ഞിട്ടല്ലല്ലോ വിത്ത് കിളിര്‍ക്കാതിരുന്നത്. എന്തായാലും നീ കൊട്ടാരത്തില്‍ പോയി രാജാവിനെ മുഖം കാണിക്കണം.”

അമ്മയുടെ നിര്‍ബന്ധത്താല്‍ ശൂന്യമായ ചട്ടിയുമായി ലീ കൊട്ടാരത്തിലേക്കു യാത്രയായി. അവിടെ ആ രാജ്യ ത്തെ 25 വയസ്സില്‍ താഴെയുള്ള ചെറുപ്പക്കാരെല്ലാവരും ഒത്തുകൂടിയിരുന്നു.

എല്ലാവരുടെയും ചെടിച്ചട്ടികളില്‍ നിറവും മണവുമുള്ള മനോഹരമായ ചെടികള്‍ തഴച്ചു വളര്‍ന്നു നിന്നിരുന്നു.

ലീയുടെ ഒഴിഞ്ഞ ചെടിച്ചട്ടി കണ്ട് അവരവനെ കളിയാക്കുവാനാരംഭിച്ചു.

രാജാവ് ഒഴിഞ്ഞ ചെടിച്ചട്ടി കാണുമ്പോള്‍ കോപാകുലനാകുമെന്നും അവനെ കൊന്നുകളയുമെന്നും പറഞ്ഞ് അവരവനെ പേടിപ്പിച്ചു.

ഭയചകിതനായ ലീ കൊട്ടാരത്തിന്‍റെ ഒരു ഒഴിഞ്ഞ മൂലയിലേക്കു മാറിയിരുന്നു.

രാജാവ് ഹാളിലേക്കു കടന്നുവന്നു. അദ്ദേഹം ഹാളിലുടനീളം തന്‍റെ കണ്ണുകള്‍ പായിച്ചു.

മികച്ച ചെടികളുമായി നില്ക്കുന്ന ചെറുപ്പക്കാരെ അദ്ദേഹം മാറി മാറി നോക്കി. തങ്ങള്‍ക്കു രാജാവു മാര്‍ക്കിടുകയായിരിക്കും എന്നാണ് അപ്പോള്‍ അവര്‍ ധരിച്ചത്.

കൊട്ടാരത്തിന്‍റെ ഒരു മൂലയ്ക്കു ഭയചകിതനായി, ശൂന്യമായ ചെടിച്ചട്ടിയുമായി നില്ക്കുന്ന ലീയെ രാജാവു കണ്ടു.

രാജാവ് അവനെ സിംഹാസനത്തിനടുത്തേയ്ക്കു വിളിപ്പിച്ചു.

“ലീയെ ശിക്ഷിക്കുവാനായിരിക്കും രാജാവ് വിളിക്കുന്നത്. അവിടെ കൂടിയിരുന്ന ചെറുപ്പക്കാര്‍ പിറുപിറുത്തു.

അടുത്തെത്തിയ ലീയെ ആശ്ലേഷിച്ചുകൊണ്ടു രാജാവ് പറഞ്ഞു: “ഇവനാണ് അടുത്ത രാജാവ്. കാരണം ഇവന്‍ സ ത്യസന്ധനാണ്. ഞാന്‍ നിങ്ങള്‍ക്കു നല്കിയ വിത്തുകള്‍ ചൂടുവെള്ളത്തില്‍ ഇട്ടവയായിരുന്നു. അവയ്ക്കൊരിക്കലും കിളിര്‍ക്കുവാന്‍ സാധിക്കുകയില്ല. ഒരു ഭരണാധികാരിക്കു വേണ്ട ഏറ്റവും മികച്ച ഗുണമായ സത്യസന്ധത ഇവനിലുണ്ട്.”

ഇതു കേട്ടു മറ്റുള്ളവര്‍ ഇളിഭ്യരായി ലജ്ജിച്ചു തലതാഴ് ത്തി മടങ്ങി.

ജീവിതത്തില്‍ വിജയം ആഗ്രഹിക്കുന്ന ഓരോരുത്തരുടെയും കണ്ണു തുറപ്പിക്കേണ്ട കഥയാണിത്.

കാരണം ലീയുടെ ജീവിതത്തില്‍ സംഭവിച്ചതുപോലെ മഹത്തായ നേട്ടങ്ങള്‍ നിങ്ങളെയും തേടിയെത്തണമെങ്കില്‍ സത്യസന്ധതയും മൂല്യങ്ങളും നിങ്ങള്‍ മുറുകെപ്പിടിച്ചേ മതിയാകൂ.

മറ്റുള്ളവരെ ഉപയോഗിച്ച് എനിക്ക് എങ്ങനെ നേട്ടമുണ്ടാക്കാം എന്നതായിരിക്കരുത് നിങ്ങളുടെ ചിന്താഗതി. മറിച്ചു മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ എനിക്കും വളരാം എന്ന തരത്തിലുള്ള മനോഭാവമാണു നിങ്ങള്‍ക്കുണ്ടാകേണ്ടത്.

മൂല്യങ്ങളുടെ അടിത്തറയില്ലാത്ത ജീവിതവിജയം ജലത്തില്‍ വരയ്ക്കുന്ന രേഖപോലെയാണ്.

Leave a Comment

*
*