മോശയുടെ വടി

മോശയുടെ വടി

പുറപ്പാട് പുസ്തകപ്രകാരം മോശയുടെ കൈയില്‍ എപ്പോഴും ഒരു വടിയുണ്ടായിരുന്നു. ഈ വടിയുപയോഗിച്ചാണ് അദ്ദേഹം എല്ലാ അദ്ഭുതങ്ങളും ചെയ്തിരുന്നത്. ഒരിക്കല്‍ കഠിനഹൃദയനായ ഫറവോയുടെ മുന്നിലെത്തിയ മോശയോട് അടയാളം ആവശ്യപ്പെട്ടു. ദൈവം കല്പിച്ചിരുന്നപ്രകാരം അഹറോനോട് അവന്‍റെ വടിയെടുത്ത് ഫറവോയുടെ മുന്നിലിടാന്‍ മോശ പറഞ്ഞു. അത് സര്‍പ്പമായി മാറി. ഫറവോ തന്‍റെ മന്ത്രവാദികളെയും വിജ്ഞന്‍മാരെയും വിളിച്ചുവരുത്തി. അവരോരോരുത്തരും തങ്ങളുടെ വടികള്‍ നിലത്തിട്ടപ്പോള്‍ അവയും സര്‍പ്പങ്ങളായി മാറി. എന്നാല്‍ അഹറോന്‍റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു. ഈ വടിയുപയോഗിച്ചുതന്നെയാണ് നദീജലത്തെ രക്തമാക്കി മാറ്റിയതും (പുറ. 7:8-25). ചാവുകടല്‍ രണ്ടായി പിളര്‍ന്ന് വീഥിയൊരുക്കിയതും പാറ പിളര്‍ത്തി കുടിജലം ഒഴുക്കിയതും ഫറവോയുടെ കഠിനഹൃദയമിളക്കി. ഇസ്രായേല്‍ജനത്തെ മോചിപ്പിക്കാന്‍ പിന്നീട് നടത്തിയ പല അടയാളങ്ങളും ഈ വടി കൊണ്ടുതന്നെയാണ്.

ഒടുവില്‍ അമലേക്യര്‍ റഫിദീമില്‍ വന്ന് ഇസ്രായേല്ക്കാരെ ആക്രമിച്ചു. മോശ ജോഷ്വയോടു പറഞ്ഞു: ഞാന്‍ ദൈവത്തിന്‍റെ വടി കൈയിലെടുത്ത് മലമുകളില്‍ നില്ക്കും… മോശ പറഞ്ഞതനുസരിച്ച് ജോഷ്വ അമലേക്യരുമായി യുദ്ധം ചെയ്തു. മോശ, അഹറോന്‍, ഹൂര്‍ എന്നിവര്‍ മലമുകളില്‍ കയറിനിന്നു. മോശ വടിയുമായി കരങ്ങളുയര്‍ത്തിപ്പിടിച്ചിരുന്നപ്പോഴെല്ലാം ഇസ്രായേല്‍ വിജയിച്ചുകൊണ്ടിരുന്നു. കരം താഴ്ന്നപ്പോഴെല്ലാം അമലേക്യര്‍ വിജയിച്ചു (പുറ 17:8-12).

മോശ കൈയിലേന്തിയ വടി സംരക്ഷണത്തിന്‍റെയും സാന്നിദ്ധ്യത്തിന്‍റെയും പ്രതീകമായിരുന്നു. ദൈവം തന്‍റെ കൂടെ എപ്പോഴും ഉണ്ടായിരുന്നുവെന്ന് ഓര്‍മ്മിപ്പിച്ചു അത്. സംഭവിച്ചതെല്ലാം തന്‍റെ കഴിവുകൊണ്ടല്ല, ദൈവമാണതെല്ലാം ചെയ്തത് എന്നോര്‍മിപ്പിച്ചു വടി. അതുകൊണ്ടുതന്നെ മോശയുടെ ബലഹീനതയെ നിത്യം ഓര്‍മിപ്പിച്ചു അത്.

പുറപ്പാട് 4:20-ല്‍ ഈ വടിയെ വിശേഷിപ്പിക്കുന്നത് "ദൈവത്തിന്‍റെ വടി" എന്നാണ്. മോശ ദൈവത്തിന്‍റെ വടി ഉയര്‍ത്തിപ്പിടിച്ച് പ്രാര്‍ത്ഥിച്ചപ്പോഴാണ് ജോഷ്വ യുദ്ധം ജയിച്ചത്. ദൈവം കൂടെയുള്ളപ്പോള്‍ നാം ആരെ ഭയക്കണം? ആരുണ്ട് നമ്മെ തോല്പിക്കാന്‍? പ്രാര്‍ത്ഥനയുടെ വടി കൈവിട്ടവരൊക്കെ തോറ്റിട്ടുണ്ട്. ദൈവജനത്തെ നയിക്കാനുള്ള ദൗത്യവും വിളിയും ലഭിച്ചിട്ടുള്ള ഇടയന്മാരുടെ ബലവും ശക്തിയും അവരുടെ പ്രാര്‍ത്ഥനാനുഭവമാണെന്ന് മോശ ഓര്‍മിപ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org