മുല്ലപൂവിനെ മറക്കരുതേ

മുല്ലപൂവിനെ മറക്കരുതേ

വീടും തൊടിയും

ജോഷി മുഞ്ഞനാട്ട്

പഴയകാലങ്ങളില്‍ വീട്ടുമുറ്റങ്ങളില്‍ മുല്ലച്ചെടിക്കും ഒരു സ്ഥാനം നല്കിയിരുന്നു. അത്രമാത്രം മുല്ലപ്പൂവിനെ വീട്ടമ്മമാര്‍ സ്നേഹിച്ചിരുന്നതായി കാണാം. അടുത്തകാലത്ത് മുല്ലപൂവിന്‍റെ ഡിമാന്‍റ് വര്‍ദ്ധിച്ചതോടെ പല വീട്ടമ്മമാരും മുല്ല'പൂ' കൃഷിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

തലയില്‍ ചൂടാനും മാലകെട്ടാനും മാത്രമല്ല – നേത്ര സംരക്ഷണത്തിനും അലങ്കാരത്തിനുമെല്ലാം പേരുകേട്ടതാണ് നമ്മുടെ മുല്ലപൂ. ഇതിന്‍റെ സൗരഭ്യം ആരെയും ഒന്ന് ആകര്‍ഷിക്കുക തന്നെ ചെയ്യും. മുല്ല പലയിനങ്ങള്‍ ഉണ്ടെങ്കിലും വീട്ടുവളപ്പുകളില്‍ കൃഷിചെയ്യാന്‍ അനുയോജ്യമായി കാണുന്നത് കുറ്റിമുല്ലയാണ്.

കൂടുതലായി കൃഷിക്കും ആദായത്തിനും ഏറെ ഉപയോഗിക്കുന്നത് കുറ്റിമുല്ലയാണ്. മാല ഉണ്ടാക്കാനും സുഗന്ധതൈലം വാറ്റാനും മുല്ലപൂ ഉപയോഗിക്കുന്നു. മുല്ലപൂ വാറ്റിയെടുക്കുന്ന സുഗന്ധ തൈലത്തില്‍ നല്ല കയറ്റുമതി സാധ്യതയും ഉണ്ട്. ഈ തൈലം ഔഷധനിര്‍മ്മാണത്തിനും ഉപയോഗിക്കുന്നു.

നല്ല സൂര്യപ്രകാശം ഉള്ള സ്ഥലത്ത് കുഴിയെടുത്ത് അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് നട്ടു വളര്‍ത്താം. ഗുണ്ടുമല്ല, വിരൂപാക്ഷി, സൂചിമല്ലി, മോട്ടിയ, മദനബാണം, രാമബാണം തുടങ്ങിയവ നടാന്‍ യോജിച്ച കുറ്റിമുല്ല ഇനങ്ങള്‍ ആണ്. വേരിപിടിപ്പിച്ച കമ്പുകള്‍ ആണ് പ്രധാന നടീല്‍ വസ്തുവായി ഉപയോഗിച്ചുവരുന്നത്. കര്‍ഷകരില്‍ നിന്നോ കാര്‍ഷിക നേഴ്സറികളില്‍ നിന്നോ ആവശ്യാനുസരണം 'തൈ'കള്‍ വാങ്ങിനടാം. 'ജൂ ണ്‍' മുതല്‍ 'ഓഗസ്റ്റ്' വരെയാണ് നടീല്‍കാലം. വലിയ ഗോബാഗുകളിലും, വലിയ ചട്ടികളിലും പ്ലാ സ്റ്റിക്ക് ചാക്കുകളിലും മറ്റും ഇവ നട്ടുവളര്‍ത്താം. നട്ടശേഷം 'നന' ആവശ്യമാണ്. വേനലില്‍ നന്നായി 'നന'ച്ചുകൊടുക്കുകയും ചെയ്യണം. സമയാസമയങ്ങളില്‍ കളയെടുപ്പ് നടത്തി വളപ്രയോഗം നടത്തണം.

ചെടിയുടെ ഉയരം ക്രമീകരിക്കുന്നതിനും 'പൂ'വിടല്‍ കൂട്ടുന്നതിനും രണ്ടാം വര്‍ഷം മുതല്‍ എല്ലാവര്‍ഷവും കൊമ്പ് കോതണം. നട്ട് രണ്ടരമാസം മുതല്‍ 'പൂ'വിട്ടു തുടങ്ങുമെങ്കിലും ആറുമാസം വരെ ഉണ്ടാകുന്ന മൊട്ടുകള്‍ നീക്കം ചെയ്യാറുണ്ട്. നട്ട് മൂന്നാം വര്‍ഷം മുതല്‍ നല്ല രീതിയില്‍ പൂക്കള്‍ ലഭിക്കും.

വൈകുന്നേരം രണ്ടോ മൂന്നോ മുല്ല'പൂ' മൊട്ട് പറിച്ചെടുത്ത് കിടപ്പുമുറികളില്‍ വെച്ചാല്‍ മുറിക്കുള്ളില്‍ നല്ല മണം ലഭിക്കും. അന്തരീക്ഷ വായുവിനെ ശുദ്ധമാക്കുന്നതിനും ഇവയ്ക്കു കഴിവുള്ളതായി പറയപ്പെടുന്നു. അതിനാല്‍ തന്നെ വീടിന്‍റെ മുറ്റങ്ങളിലും പരസരങ്ങളിലും ഒരു മുല്ലച്ചെടിക്കു കൂടി സ്ഥാനം നല്കുന്നത് ഉചിതമാണ്. എന്തൊക്കെ ആയാലും മുല്ല'പൂ'വിന്‍റെ സൗരഭ്യവും അതിന്‍റെ ഗുണങ്ങളും വിലപ്പെട്ടതാണെന്ന കാര്യം നാം മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org