ഔഷധ​ഗുണങ്ങൾ നിറഞ്ഞ മുള്ളാത്തച്ചക്ക

ഔഷധ​ഗുണങ്ങൾ നിറഞ്ഞ മുള്ളാത്തച്ചക്ക

ഒട്ടനവധി ഔഷധസസ്യങ്ങള്‍ നിറഞ്ഞതാണു മുള്ളാത്തച്ചക്ക. കേരളത്തിലെ ഒട്ടുമിക്കവാറും പ്രദേശങ്ങളിലുംതന്നെ ആത്ത നന്നായി വളര്‍ന്നു കാണുന്നു. നമുക്കു സുപരിചിതമായ ആത്തച്ചക്കയുടെ കുടുംബത്തിലാണു മുള്ളന്‍ ആത്തയും പെടുന്നത്. 'അനോന മ്യൂറിക്കേറ്റ്' എന്ന സസ്യശാസ്ത്രനാമത്തില്‍ ഇവ അറിയപ്പെടുന്നു.

വലിപ്പകൂടുതലും മുള്ളുകള്‍പോലെയുള്ള ഇതിന്‍റെ പുറംഭാഗവും കണ്ടാല്‍ തന്നെ ഇവയെ വേഗം തിരിച്ചറിയാന്‍ കഴിയും. പച്ചനിറത്തിലുള്ള ഇവയുടെ കായ് പഴുക്കുന്ന അവസരത്തില്‍ മഞ്ഞ നിറത്തോടുകൂടി നല്ല ഇളം പച്ചനിറമായിത്തീരുകയും ചെയ്യും. വിളഞ്ഞു പാകമായ ആത്തച്ചക്കകള്‍ പറിച്ചുവച്ചും പഴുപ്പിക്കാവുന്നതാണ്.

മുള്ളാത്തച്ചക്കയുടെ പഴത്തിനു നിരവധി ഔഷധഗുണങ്ങളുണ്ട്. പഴമാണു ഭക്ഷ്യയോഗ്യം. ഇതിന്‍റെ പഴത്തില്‍ ജലാംശം, മാംസ്യം, കൊഴുപ്പ്, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, ബി-കോംപ്ലക്സ് വിറ്റാമിനുകള്‍, നാര് തുടങ്ങിയവ വിവിധ അളവില്‍ അടങ്ങിയിരിക്കുന്നു. പഴം പിളര്‍ന്നാല്‍ മുട്ടയും പാലും ചേര്‍ത്തു തണുപ്പിച്ചുണ്ടാക്കുന്ന കസ്റ്റാര്‍ഡിനോടു തുല്യമായ കഴമ്പു കാണാം. ഇതിന്‍റെ ഉള്ളിലായി കുരുക്കളും ഉണ്ടാകും. ഈ കുരുക്കള്‍ പാകിയും തൈകള്‍ തയ്യാറാക്കാം. അല്പം പുളിരസത്തോടുകൂടിയ മധുരമാണു പഴത്തിലുള്ളത്. ഇരുമ്പിന്‍റെ ഏറ്റവും മെച്ചപ്പെട്ട ഒരു ശേഖരമാണ് ഇവ. അമിതദാഹം, ക്ഷീണം, വിളര്‍ച്ച എന്നിവയ്ക്കു വളരെ നല്ലതാണ് ഈ ഫലം. ഫ്രിഡ്ജില്‍വച്ച് തണുപ്പിച്ചെടുത്തും ഉപയോഗിക്കാം. കുട്ടികളും മുതിര്‍ന്നവരും ഒന്നുപോലെ ഇഷ്ടപ്പെടുന്നതാണ് ഈ ഫലം. മൂത്രതടസ്സം, കരള്‍രോഗം, വയറിളക്കം, വാതവേദന, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ഇവ
ഉപയോഗിക്കാറുണ്ട്. അടുത്തകാലത്തായി ഈ ഫലത്തിന്‍റെ ഡിമാന്‍റ് വര്‍ദ്ധിച്ചിട്ടുണ്ട്. ഈ ഇനത്തില്‍പ്പെട്ട ആത്ത, ക്യൂബ, ബര്‍മ്മ എന്നീ രാജ്യങ്ങളിലാണു കൂടുതലായി കണ്ടുവരുന്നത്. ഇവയില്‍ത്തന്നെ പല ഇനങ്ങളും കണ്ടുവരുന്നു.

വിളഞ്ഞു പാകമായ ആത്തച്ചക്കയുടെ കുരു പാകി തൈകള്‍ വളര്‍ത്താം. പോളിത്തീന്‍ കവറില്‍ മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ നിറച്ച് വിത്ത് പാകി തൈകള്‍ കിളിര്‍പ്പിക്കാം. തൈകള്‍ വളര്‍ന്നശേഷം അനുയോജ്യമായ കൃഷിസ്ഥലത്തേയ്ക്കു മാറ്റിനടാം. ധാരാളം ശാഖോപശാഖകളോടെ വളരുന്ന ഇവ കാണാന്‍ തന്നെ ഭംഗിയുള്ള ഒരു ചെറുവൃക്ഷമാണ്. മിക്കവാറും എല്ലാ മണ്ണിലും തന്നെ നന്നായി വളര്‍ന്നു കാണുന്നു.

അനുയോജ്യമായ കൃഷിസ്ഥലത്തെ കുഴിയില്‍ ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ അടിവളമായി ചേര്‍ത്തു തൈ നടാം. തുടര്‍ന്നു ചുവട്ടില്‍ കളയെടുപ്പു നടത്തി വളപ്രയോഗം നടത്തണം. വേനലില്‍ നന്നായി നനച്ചുകൊടുക്കണം. കാര്യമായ രോഗബാധയൊന്നും ഇവയെ ബാധിച്ചു കാണാറില്ല.

നമ്മുടെ വീട്ടുവളപ്പിലെ കൃഷിയിടത്തില്‍ ഒരു മുള്‍ ആത്തമരം വച്ചുപിടിപ്പിച്ചാല്‍ അതുകൊണ്ടു നമ്മുടെ ആരോഗ്യം മെച്ചപ്പെടുകയും ഒരുവേള നമുക്ക് അതൊരു ആദായമാര്‍ഗമാകുകകൂടി ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org