എന്തിനാണ് മുൻ​ഗണന നല്കേണ്ടത്?

എന്തിനാണ് മുൻ​ഗണന നല്കേണ്ടത്?

ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളിലേക്കു രംഗപ്രവേശം ചെയ്യുമ്പോള്‍ പലപ്പോഴും മനുഷ്യനെ ഒരു നിമിഷമെങ്കിലും ചിന്തിപ്പിക്കുന്നതും കുഴപ്പിക്കുന്നതുമായ ഒന്നാണ് എന്തിനു പ്രയോരിറ്റി നല്കണം? അല്ലെങ്കില്‍ ആര്‍ക്ക് പ്രയോരിറ്റി നല്കണം എന്നത്. ഒരുതരത്തില്‍ പറഞ്ഞാല്‍ ഉത്തരം കിട്ടാതെ ഉത്തരം തേടുന്ന ഒരു ചോദ്യം.

ഇവിടെ ഈ ചോദ്യത്തിനു ജനനം മുതല്‍ അവന്‍ എങ്ങനെ ഉത്തരം നല്കുന്നു എന്നതാണു ജീവിതത്തിലും ജീവിതത്തിനുശേഷവും അവന്‍ എന്താണ് എന്നു നിര്‍ണയിക്കുന്നത്. ഓരോ മനുഷ്യനും കടന്നുചെല്ലുന്ന സമസ്തമേഖലകളിലും അവനെ തളര്‍ത്തുന്നതും വളര്‍ത്തുന്നതും ഈ പ്രയോരിറ്റി നിര്‍ണയിക്കുന്നതിലെ വ്യത്യസ്തതയാണ്.

വളര്‍ന്നു വലുതാകുന്ന കുടുംബത്തിന്‍റെ ചുറ്റുപാടു മുതല്‍ ഈ ചോദ്യം അവന് ഒരു കീറാമുട്ടിയാണ്. ഒന്നാമതായി പപ്പയെ സ്നേഹിക്കണോ അതോ അമ്മയെ സ്നേഹിക്കണോ? ഇത്തരം ഒരു കണ്‍ഫ്യൂഷന്‍ അല്പം ന്യൂജനറേഷന്‍ മാത്രമാണ് എന്നതാണു വസ്തുത. മകന് അമ്മയെയും മകള്‍ക്ക് അപ്പനോടുമാണു കൂടുതല്‍ സ്നേഹം എന്നു മനഃശാസ്ത്രം പറയുമ്പോഴും അപ്പനെയും അമ്മയെയും ഒരേപോലെ സ്നേഹിച്ചവരും സ്നേഹിക്കുന്നവരും നിരവധിയാണ്.

വിദ്യാഭ്യാസത്തിലേക്കു കടക്കുമ്പോള്‍ പ്രാധാന്യം പഠനത്തിനോ അതോ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കോ എന്നതും ഒരു വെല്ലുവിളിയാണ്. ഇവിടെ പഠനത്തിനു മാത്രം പ്രാധാന്യം നല്കി കഴിവുകളെ കുഴിച്ചുമൂടുന്നവരും കഴിവു പ്രദര്‍ശിപ്പിക്കാന്‍ മാത്രമായി വിദ്യാഭ്യാസത്തെ കണ്ടു പഠനത്തെ പരിഗണിക്കാത്ത വരും ഇന്ന് ഒരു തലവേദനയാണ്. ശാസ്ത്രീയമായി പറഞ്ഞാല്‍ എവിടെയും നമുക്കാവശ്യം എല്ലാത്തിനും ഒരു equilibrium-ത്തില്‍ കൊണ്ടുപോകാന്‍ കഴിവു നേടുക എന്നതാണ്. കാരണം എല്ലാം ജീവിതത്തില്‍ ആവശ്യമാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ വിലയിരുത്തേണ്ടതും തള്ളേണ്ടതിനെ തള്ളുകയും കൊള്ളേണ്ടതിനെ കൊള്ളുകയും ചെയ്യേണ്ടത് അവനവന്‍ തന്നെയാണ്. കാരണം എന്‍റെ ജീവിതം ജീവിക്കുന്നതും ജീവിക്കേണ്ടതും മറ്റുള്ളവനല്ല ഞാന്‍ തന്നെയാണ് എന്ന ബോദ്ധ്യം അടിസ്ഥാനപരമായി നമുക്കാവശ്യമാണ്. ഇവിടെയെല്ലാം മറ്റുള്ളവര്‍ നമുക്ക് എത്ര വേണ്ടപ്പെട്ടവരായാലും ജീവിതത്തിന്‍റെ പ്രയോരിറ്റി നിര്‍ണയിക്കാനുള്ള നമ്മുടെ അവകാശത്തിനു മറ്റുള്ളവരുടെ വ്യക്തി താത്പര്യങ്ങളെ മാത്രം മാനദണ്ഡമാക്കുന്നതു തീര്‍ത്തും അപകടകരമാണ്.

ഇത്തരത്തില്‍ കാലഘട്ടത്തിന്‍റെ ചാഞ്ചാട്ടങ്ങളെയും വേലിയേറ്റങ്ങളെയും തിരിച്ചറിഞ്ഞു സത്യമായതിനും നന്മയായതിനും നന്മയിലേക്കു നയിക്കുന്നതിനും നമ്മുടെ ജീവിതത്തില്‍ നാം പ്രയോരിറ്റി നല്കേണ്ടതുണ്ട്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇതു നിര്‍ണയിക്കുന്നതില്‍ പലരും കണ്ടുപിടിക്കുന്നതു നന്മയേക്കാള്‍ ഉപരി തെറ്റിലേക്കു നയിക്കുന്നവരെയാണ്.

ഇവിടെ ഞാന്‍ എന്ന വ്യക്തിയെ കൂടുതല്‍ അറിയാവുന്നതും എന്നിലെ കുറവുകളെയും നിറവുകളെയും തിരിച്ചറിഞ്ഞവരും മറ്റുള്ളവരേക്കാള്‍ ഉപരിയായി ഞാന്‍ തന്നെയാണ്. കാരണം മറ്റുള്ളവര്‍ക്കു നമ്മെ ഉപദേശിക്കാനും നമുക്കു മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനുമേ സാധിക്കു. എന്നാല്‍ മാറ്റം വരുത്താനും അതിനായി യത്നിക്കാനും നാം തയ്യാറാകണം. പ്രയോരിറ്റി നല്കല്‍ എന്ന പരീക്ഷയില്‍ ഉത്തരം എഴുതുന്നതിനുമുമ്പു ഞാന്‍ പഠിക്കേണ്ട വിഷയം ഞാനെന്ന വ്യക്തിയെയാണ്.

ഇത്രയും പറഞ്ഞതുവച്ചുകൊണ്ടു പ്രയോരിറ്റി നല്കേണ്ടവര്‍ക്കു പ്രയോരിറ്റി നല്കേണ്ടെന്ന്, അത് അര്‍ത്ഥമാക്കുന്നില്ല. മറിച്ച് എവിടെയും ലക്ഷ്യം ഒന്നായിരിക്കണം. മറ്റുള്ളവന്‍റെയും എന്‍റെയും നന്മ. ആര്‍ക്കൊക്കെ ജീവിതത്തില്‍ പ്രയോരിറ്റി നല്കുന്നതില്‍ നാം വിജയിച്ചാലും ദൈവത്തിനു നമ്മുടെ ജീവിതത്തില്‍ സ്ഥാനമില്ലായെങ്കില്‍ അതുകൊണ്ടു യാതൊരു പ്രയോജനവുമില്ല. ദൈവത്തിനു പ്രയോരിറ്റി നല്കാത്തവനു ദൈവവും പ്രയോരിറ്റി നല്കില്ല എന്നതു തീര്‍ച്ചയാണ്. അതിനാല്‍ നന്മയായതിനു പ്രയോരിറ്റി നല്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org