ഔഷധ​ഗുണങ്ങൾ നിറഞ്ഞ മുരിങ്ങ

ഔഷധ​ഗുണങ്ങൾ നിറഞ്ഞ മുരിങ്ങ

നമ്മുടെ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തുവാന്‍ പറ്റിയ മുരിങ്ങ ഒരു ഔഷധ വൃക്ഷം കൂടിയാണ്. ഇതിന്‍റെ ഇലയും, കായും, പൂവും ഭക്ഷ്യയോഗ്യമാണ്. നിരവധി ഔഷധ ഗുണങ്ങള്‍ നിറഞ്ഞ വൃക്ഷം കൂടിയാണ് മുരിങ്ങ.

'മോറിന്‍ ഗോസി' കുലത്തില്‍പ്പെട്ട ഇതിന്‍റെ ബോട്ടാണിക്കല്‍ പേര് 'മൊരിം ഗോ ഔലിഫറാ" എന്നാണ്. വിറ്റാമിന്‍ 'എ' ധാരാളമായി ഇതിന്‍റെ ഇലയില്‍ (മുരിങ്ങയില) അടങ്ങിയിരിക്കുന്നു. പ്രകൃതിദത്തമായ പോഷകഘടകങ്ങള്‍ നിറഞ്ഞതാണ് മുരിങ്ങ ഇലയും കായും വിറ്റാമിനുകളും. ധാതു ലവണങ്ങളും അത്യാവശ്യമായ എല്ലാ അമിനോ അമ്ലങ്ങളും ഇതില്‍പ്പെടുന്നു. തോരന്‍, സൂപ്പ് എന്നിവ തയ്യാറാക്കുവാന്‍ വളരെ നല്ലതാണ് ഇതിന്‍റെ ഇലകള്‍. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള ഇലക്കറിയിനമാണ് മുരിങ്ങ. പച്ചക്കറികളില്‍ പ്രഥമ സ്ഥാനീയനാണ് ഇവ. മുരിങ്ങയില ആരോഗ്യത്തിന് വളരെ നല്ലതാണ്.

ഉന്മേഷവും ആരോഗ്യവും സിദ്ധിക്കുന്നതിന് മുരിങ്ങയില മാത്രമല്ല, മുരിങ്ങപ്പൂവും, കായും ഉത്തമമാണ്. ഒട്ടനവധി രോഗങ്ങള്‍ക്ക് ആശ്വാസം നല്കുവാന്‍ നമ്മുടെ മുരിങ്ങയ്ക്കു കഴിയും.

ഇലക്കറികളില്‍ മികച്ചതാണ് മുരിങ്ങയില. എല്ലാ പ്രായക്കാരും തന്നെ ഇവ ഉപയോഗിച്ചു വരുന്നു. ആരോഗ്യത്തിനും രോഗങ്ങളെ തടഞ്ഞു നിര്‍ത്തുന്നതിനും ഇവയ്ക്കു കഴിവുള്ളതായി കാണുന്നു.

പ്രമേഹം, രക്താതിമര്‍ദ്ദം, വൃക്കരോഗം, നേത്രരോഗം, ഹൃദ്രോഗം, വാതരോഗങ്ങള്‍, ഉദരസംബന്ധമായ രോഗങ്ങള്‍ തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്ക് പ്രതിവിധിയായി ഉപയോഗിക്കുവാന്‍ പറ്റിയതാണ് മുരിങ്ങയില, കായ്, പൂവ് എന്നിവ. 'മുരിങ്ങപൂവ്' തോരന്‍ വെയ്ക്കുവാന്‍ നല്ലതാണ്. ചക്കക്കുരു – മുരിങ്ങക്കാ – മാങ്ങാച്ചാറ് – മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്. ഇവയുടെ സ്വാദും ഗുണവും ഒന്ന് വേറെ തന്നെയാണ്. അവിയലിലെ ഒരു പ്രധാന ഘടകവും 'മുരിങ്ങക്കായ്' ആണ്. എന്തായാലും മുരിങ്ങയെയും വിഭവങ്ങളെയും നമുക്ക് മറക്കാന്‍ പറ്റില്ല. അത്രമാത്രം ഇവ സ്വാധീനം ചെലുത്തുന്നു. മുരിങ്ങയുടെ തൊലി ഔഷധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്. നിരവധി ഔഷധ-പോഷക ഗുണങ്ങള്‍ നിറഞ്ഞ മുരിങ്ങയ്ക്ക് നമ്മുടെ വീട്ടുവളപ്പിലെ കൃഷിയിടത്തില്‍ സ്ഥാനം നല്കുവാന്‍ ഓരോ കര്‍ഷക മിത്രങ്ങളും ശ്രമിക്കേണ്ടതുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org