മൂറോന്‍

മൂറോന്‍

മൂറോന്‍ എന്ന ഗ്രീക്ക് പദത്തിനു വിശുദ്ധ തൈലം എന്നാണര്‍ത്ഥം. സഭാപിതാക്കന്മാരുടെ എഴുത്തുകളില്‍ മാമ്മോദീസ, തൈലാഭിഷേകം എന്നിവയില്‍ ഉപയോഗിക്കുന്ന തൈലമാണിത്. ശ്ലീഹന്മാരു ടെ പിന്‍ഗാമികളായ മെത്രാന്മാര്‍ കൂദാശ ചെയ്യുന്ന തൈലമാണിത്. പ്രത്യേകമായ സുഗന്ധക്കൂട്ടാണ് ഇതിന് ഉപയോഗിക്കുന്നത്. പഴയ നിയമത്തില്‍ അഭിഷേകത്തിനായുള്ള സുഗന്ധക്കൂട്ട് നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ത്താവ് നല്കുന്നുണ്ട് (പുറ. 30:22-28). മെത്രാന്മാര്‍ക്കു മാത്രമേ മൂറോന്‍ കൂദാശ ചെയ്യുവാന്‍ അധികാരമുള്ളൂ. മൂറോന്‍ ഉപയോഗിക്കുന്നതു മെത്രാന്മാരുടെ ശ്ലൈഹിക ശുശ്രൂഷയോടും സഭയോടുമുള്ള ദൃഢബന്ധത്തെ സൂചിപ്പിക്കുന്നു.

ദൈവം ദൈവജനത്തെ ഭൗതിക വസ്തുക്കളിലൂടെ സ്പര്‍ശിക്കുന്നതായി വിശുദ്ധ ഗ്രന്ഥം സാക്ഷിക്കുന്നു. സൃഷ്ടപ്രപഞ്ചത്തിലെ ദാനങ്ങളെ അവിടുന്നു തന്‍റെ ശുശ്രൂഷയ്ക്കായി സ്വീകരിച്ചുകൊണ്ടു ദൈവ-മനുഷ്യ കണ്ടുമുട്ടലിനുള്ള ഉപകരണമായി അവയെ ഉപയോഗിക്കുന്നു.

വിശുദ്ധ അംബ്രോസ് ഈ തൈലത്തെ കൃപയുടെ തൈലമെന്നു വിശേഷിപ്പിക്കുന്നു. അതു രാജാക്കന്മാരെയും പുരോഹിതന്മാരെയും സൃഷ്ടിക്കുന്നു എന്നും അദ്ദേഹം എഴുതുന്നു. ഏ.ഡി. 381-ലെ കൗണ്‍സില്‍ ഓഫ് കോണ്‍സ്റ്റാന്‍റിനോപ്പിള്‍, 398-ലെ കൗണ്‍സില്‍ ഓഫ് ടൊലേഡോ (Toledo) എന്നീ സഭാസിനഡുകള്‍ മനുഷ്യവിശുദ്ധീകരണത്തിനായുള്ള തൈലം എന്നാണിതിനെ വിശേഷിപ്പിക്കുക.

തൈലാഭിഷേകത്തിന്‍റെ അവശ്യഘടകമായി മൂറോന്‍ ഉണ്ടാവണമെന്ന് എവുജിന്‍ നാലാമന്‍ പാപ്പ (1431-1447) പഠിപ്പിക്കുന്നു. ശ്ലൈഹിക കാലഘട്ടം മുതല്‍ മൂറോന്‍ കൂദാശകളില്‍ ഉപയോഗിച്ചിരുന്നു എന്നു വി. തോമസ് അക്വിനാസ് സമര്‍ത്ഥിക്കുന്നു.

ഒലിവെണ്ണയും ബാള്‍സവുമാണ് ഈ തൈലത്തിലെ പ്രധാന ഘടകങ്ങള്‍. രാജാക്കന്മാരുടെയും പ്രധാന പുരോഹിതന്മാരുടെയും അഭിഷേകത്തിനും ലേവായരുടെ പട്ടത്തിനും ഒലിവെണ്ണ ഉപയോഗിച്ചിരുന്നു.

ചില പ്രത്യേക മരങ്ങളുടെയും ചെടികളുടെയും തടിയില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന സുഗന്ധതൈലമാണു ബാള്‍സം.

ഗ്രീക്ക് പൗരസ്ത്യസഭകള്‍ നാല്പതോളം സുഗന്ധക്കൂട്ടുകള്‍ ഇതിനായി ഉപയോഗിക്കുന്നു. യൂദയായില്‍ നിന്നും അറേബ്യയില്‍നിന്നുമാണ് ഇത് ആദ്യകാലങ്ങളില്‍ ലഭിച്ചിരുന്നത്. ആറാം നൂറ്റാണ്ടിലെ "ഗ്രിഗോറിയന്‍ സാക്രമെന്‍ററി"യിലാണു ബാള്‍സം ഉപയോഗത്തെക്കുറിച്ച് ആദ്യമായി കാണുന്നത്.

അപ്പസ്തോലിക് കോണ്‍സ്റ്റിറ്റ്യൂഷനും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും (390) മൂന്നാം ബാര്‍ഗാ കൗണ്‍സി ലും (572) മെത്രാന്മാരാണു മൂറോന്‍ കൂദാശ ചെയ്യേണ്ടത് എന്നു വ്യക്തമാക്കുന്നു. വളരെ ആദരപൂര്‍വം സൗകര്യപ്രദമായ ഏതു ദിവസവും നടത്തിയിരുന്ന ഈ കര്‍മ്മം കാലക്രമത്തില്‍ പാശ്ചാത്യസഭയില്‍ പെസഹാവ്യാഴാഴ്ച എന്നു നിശ്ചയിച്ചു. 12 വൈദികരും ഏഴു മ്ശംശാനമാരും ഏഴു ഹെവ്പ്പദിയാക്ക്നമാരും മെത്രാനോടൊപ്പം ഉണ്ടായിരിക്കണം എന്ന ആദ്യകാല നിഷ്കര്‍ഷ പൗരോഹിത്യകൂട്ടായ്മയെ വ്യക്തമാക്കുന്നു. വെള്ളിപ്പാത്രങ്ങളിലാണു തൈലം ഒരുക്കിയിരുന്നതും സൂക്ഷിച്ചിരുന്നതും. കര്‍മ്മാവസാനം എല്ലാ ശുശ്രൂഷകരും മൂന്നു തവണ അഗാധമായി ആചാരം ചെയ്തു തൈലത്തെ വണങ്ങിയിരുന്നതായും കാണുന്നു.

"പരിശുദ്ധാത്മാവിന്‍റെ ദാനത്തിന്‍റെ മുദ്രയുടെ കൗദാശിക അടയാളമെന്ന നിലയില്‍ അഭിഷേകകര്‍മ്മങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന വിശുദ്ധ തൈലം (ക്രിസം/മൂറോന്‍) പരമ്പരാഗതമായി മദ്ബഹായില്‍ ഒരു സുരക്ഷിതസ്ഥാനത്തു സൂക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തുവരുന്നു" (മതബോധനഗ്രന്ഥം 1183).

ഒലിവെണ്ണ അതില്‍ത്തന്നെ വിലയേറിയതും പകര്‍ന്നു നല്കാവുന്നതും (Diffussive) നിലനില്ക്കുന്നതുമാണ് (abiding) എന്നതിനാല്‍ അതു കൗദാശിക കൃപാവരത്തെ സൂചിപ്പിക്കുന്നു. ബാള്‍സം ഹൃദ്യമായ സുഗന്ധതൈലമാണ്. ക്രിസ്തീയ പുണ്യത്തിന്‍റെ മധുരിമയെ അതു സൂചിപ്പിക്കുന്നു. എണ്ണ ശക്തീകരിക്കുകയും രോഗങ്ങള്‍ ഭേദമാക്കുകയും ചെയ്യുമ്പോള്‍ (ലൂക്കാ 10:34) ബാള്‍സം കേടുകൂടാതെ സൂക്ഷിക്കുന്നു. ഇവ കൃപാവരത്തിന്‍റെ നിറവിനെയും ആത്മീയശക്തിയെയും സൂചിപ്പിക്കുന്നു. പാപത്തിന്‍റെ ശക്തിയെ എതിരിടുവാനും ക്രൈസ്തവപുണ്യങ്ങളുടെ സൗരഭ്യം പരത്തുവാനും ഇതു പ്രചോദിപ്പിക്കുന്നു (2 കൊറി. 2:15).

അഭിഷേകതൈലം തയ്യാറാക്കുന്നതിനുള്ള നിര്‍ദ്ദേശത്തില്‍ (പുറ. 30:22-30) ഒലിവെണ്ണയുണ്ടായിരിക്കണമെന്നു കാണുന്നു. ഈ തൈലത്തെ വിശുദ്ധ തൈലമെന്നാണു തിരുവചനം വിളിക്കുന്നത്. സ്ഥലങ്ങളെയും വസ്തുക്കളെയും വ്യക്തികളെയും അഭിഷേകം ചെയ്യുന്നതിനുള്ളതാണ് വിശുദ്ധ തൈലം. തലമുറതോറും ദൈവത്തിനായുള്ള അഭിഷേകതൈലമായ ഇതു സാധാരണക്കാരന്‍റെമേല്‍ ഒഴിക്കരുത് എന്നും, ഇതേ ചേരുവയില്‍ മറ്റുള്ളവര്‍ തൈലം ഉണ്ടാക്കരുതെന്നും കര്‍ക്കശ നിര്‍ദ്ദേശമുണ്ട്. പരിമളത്തിനുവേണ്ടി ഇപ്രകാരം തൈലം നിര്‍മ്മിക്കുന്നവരെ ദൈവജനത്തില്‍ നിന്നും വേര്‍തിരിക്കണമെന്നും തിരുവചനഭാഗം പഠിപ്പിക്കുന്നു.

തൈലാഭിഷേകം ചെയ്യുന്നതു വിശുദ്ധീകരണത്തിനുവേണ്ടിയാണ് (ലേവ്യ. 8:10). ശുദ്ധീകരണം മാനുഷികപ്രവൃത്തിയും വിശുദ്ധീകരണം ദൈവികപ്രവൃത്തിയുമാണ്. വിശുദ്ധീകരണം വേര്‍തിരിക്കലാണ്. "എന്‍റെ മുമ്പില്‍ നിങ്ങള്‍ വിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍ കര്‍ത്താവായ ഞാന്‍ പരിശുദ്ധനാണ്. നിങ്ങള്‍ എനിക്കു സ്വന്തമാകേണ്ടതിനു ഞാന്‍ നിങ്ങളെ മറ്റു ജനങ്ങളില്‍ നിന്നു വേര്‍തിരിച്ചിരിക്കുന്നു" (ലേവ്യര്‍ 20:26). തൈലാഭിഷേകം സ്വീകരിച്ചവന്‍ തന്നെത്തന്നെ അശുദ്ധനാക്കരുത്. കാരണം ദൈവത്തിന്‍റെ അഭിഷേകതൈലത്തിന്‍റെ കിരീടം അവന്‍റെ മേലുണ്ട് (ലേവ്യര്‍ 21:10-12). കിരീടം മഹത്ത്വത്തെ സൂചിപ്പിക്കുന്നു. വിശുദ്ധരായി നാമകരണം ചെയ്യപ്പെട്ടവരുടെ രൂപങ്ങളില്‍ കിരീടം വയ്ക്കുന്നത് അവരുടെ സ്വര്‍ഗീയമഹത്ത്വത്തെ സൂചിപ്പിക്കുന്നതിനുവേണ്ടിയാണ്.

അഭിഷേകത്തിലൂടെ വേര്‍തിരിക്കുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നവന് അധികാരവും കൈവരു ന്നു. 1 സാമു. 16:13: "കര്‍ത്താവു കല്പിച്ചു: എഴുന്നേറ്റ് അവനെ അഭിഷേകം ചെയ്യുക. തിരഞ്ഞെടുക്കപ്പെട്ടവന്‍ അവന്‍ തന്നെ. സാമുവേല്‍ ദാവീദിനെ സഹോദരന്മാരുടെ മുമ്പില്‍വച്ചു കുഴലിലെ തൈലംകൊണ്ട് അഭിഷേകം ചെയ്തു. അന്നുമുതല്‍ കര്‍ത്താവിന്‍റെ ആത്മാവ് ദാവീദിന്‍റെ മേല്‍ ശക്തമായി ആവസിച്ചു." ദാവീദനെ രാജാവായി, ഇസ്രായേലിന്‍റെ അധികാരിയായി നിയമിച്ചു. ഇപ്രകാരം ദൈവത്താല്‍ അഭിഷേകം ചെയ്യപ്പെട്ടവരുടെമേല്‍ അതിക്രമം കാട്ടാന്‍ പാടില്ല. "കര്‍ത്താവിന്‍റെ അഭിഷിക്തന്‍റെ മേല്‍ കൈവയ്ക്കരുത്" (1 സാമു. 24:6-9).

അഭിഷിക്തന്‍ എന്നാണല്ലോ മിശിഹാ എന്ന വാക്കിനര്‍ത്ഥം. ദൈവപുത്രനായ ഈശോ ദൈവത്തിന്‍റെ അഭിഷിക്തനാണ് (ലൂക്കാ 4:18; 3-22). താന്‍ അഭിഷേകം ചെയ്യപ്പെട്ടവനാണ് എന്ന് ഏശയ്യാ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട് ഈശോ സമര്‍ത്ഥിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org