Latest News
|^| Home -> Suppliments -> ULife -> സംഗീതം

സംഗീതം

Sathyadeepam

യുവര്‍ കരിയര്‍

എം. ഷൈറജ്

കലകള്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. സംഗീതം, നൃത്തം, ചിത്രകല, ശില്പകല, അഭിനയം തുടങ്ങിയവയിലൊന്നിലെങ്കിലും ചെറിയ പ്രാവീണ്യം മിക്കവര്‍ക്കുമുണ്ടാവുകയും ചെയ്യും. എന്നാല്‍ ഒരു കരിയര്‍ എന്ന നിലയില്‍ കലയെ കാണുന്നവര്‍ എണ്ണത്തില്‍ കുറവാണ്. നല്ല സര്‍ഗ്ഗശേഷിയും തീവ്രമായ അഭിനിവേശവുമുള്ളവര്‍ക്ക്, പക്ഷേ, ആ സര്‍ഗ്ഗശേഷിയെത്തന്നെ കരിയറാക്കി മാറ്റുവാനുള്ള നിരവധി അവസരങ്ങളുണ്ട്. കലാപരമായ കഴിവിനെ ശാസ്ത്രീയമായി ഉന്നതതലത്തിലേക്ക് എത്തിക്കുവാന്‍ സഹായിക്കുന്ന പഠനകേന്ദ്രങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടുതാനും.

വ്യക്തിഗുണങ്ങള്‍
കലാവാസനയും പ്രാവീണ്യവും കൂടാതെ നിരീക്ഷണപാടവം, അര്‍പ്പണബോധം, ക്ഷമ, കഠിനപ്രയത്നം, പരാജയങ്ങളില്‍ തളരാതിരിക്കാനുള്ള കഴിവ് എന്നിവയും ഈ മേഖലയില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ട വ്യക്തിഗുണങ്ങളാണ്.

പഠനാവസരങ്ങള്‍
മറ്റേതു പഠനരംഗത്തേയും പോലെ ഡിപ്ലോമ പഠനത്തിനും ബിരുദപഠനത്തിനും ബിരുദാനന്തരപഠനത്തിനും കലാമേഖലയിലും അവസരമുണ്ട്. ഇഷ്ടകലയുടെ ലോകത്തെ ആഴത്തില്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്കും അതിന്‍റെ ചക്രവാളം വികസിപ്പിനാഗ്രഹിക്കുന്നവര്‍ക്കും ഗവേഷണത്തിലൂടെ പി.എച്ച്.ഡി. ബിരുദങ്ങള്‍ നേടുകയുമാവാം.

സംഗീതരംഗത്തെ കോഴ്സുകളേയും സ്ഥാപനങ്ങളേയും ഇത്തവണ പരിചയപ്പെടാം.

സംഗീതം
മനുഷ്യമനസ്സുകളിലേക്ക് നേരിട്ടുള്ള വാതായനമാണു സംഗീതം; മര്‍ത്യജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്നതും. വോക്കല്‍ മ്യൂസിക് അഥവാ വായ്പ്പാട്ട്, ഉപകരണസംഗീതം എന്നീ രണ്ടു വിഭാഗങ്ങളാണ് ഇതിലുള്ളത്. സംഗീതരീതി അനുസരിച്ച് ഫോക്ക്, ക്ലാസ്സിക്കല്‍ എന്നിങ്ങനെ ഇവയെ വീണ്ടും വിഭജിക്കാം. ഫോക്ക് സംഗീതത്തിന് ദേശകാലാന്തരങ്ങളനുസരിച്ച് ഉപവിഭാഗങ്ങളുണ്ട്. ക്ലാസ്സിക്കല്‍ സംഗീതമാകട്ടെ വെസ്റ്റേണ്‍, കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി എന്നിങ്ങനെ തരംതിരിക്കപ്പെട്ടിരിക്കുന്നു. ഇവയില്‍ കര്‍ണാട്ടിക് സംഗീതപഠനത്തിനാണു കേരളത്തില്‍ കൂടുതല്‍ അവസരങ്ങളുള്ളത്.

ബിരുദപഠനത്തിന് പ്ലസ് ടു പാസ്സാവുകയും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് പാസ്സാവുകയും വേണം. ബിരുദാനന്തരബിരുദപഠനത്തിന് ബിരുദമാണ് യോഗ്യത. പ്രവേശന പരീക്ഷയുമുണ്ടാവും.

സംഗിതസംവിധായകന്‍, മ്യൂസിക് കണ്ടക്ടര്‍, ഗായകന്‍, ഉപകരണസംഗീതജ്ഞന്‍, അധ്യാപനം എന്നിവയൊക്കെയാണ് കരിയര്‍ സാധ്യതകള്‍.
തിരുവനന്തപുരത്തെ ശ്രീ സ്വാതിതിരുനാള്‍ സംഗീതകോളജ്, പാലക്കാട് ചെമ്പൈ സംഗീത കോളജ്, തൃപ്പൂണിത്തുറയിലെ ആര്‍.എല്‍.വി. കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സ്, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല, കണ്ണൂര്‍ യൂണിവേഴ് സിറ്റി, കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ്, തിരുവനന്തപുരം വിമന്‍സ് കോളജ്, കൊല്ലം എസ്.എന്‍. വനിത കോളജ്. ചിറ്റൂര്‍ ഗവ. കോളജ്, കണ്ണൂര്‍ ലാസ്യ കോളജ് എന്നിവിടങ്ങളില്‍ പഠനാവസരങ്ങളുണ്ട്.

വോക്കല്‍, വീണ, വയലിന്‍, മൃദംഗം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, തബല, കീബോര്‍ഡ് എന്നിവയിലൊക്കെ പ്രാവീണ്യം നേടാനുപകരിക്കുന്ന ബേസിക്, ബിരുദ, ബിരുദാനന്തര കോഴ്സു കള്‍ ഈ സ്ഥാപനങ്ങളിലുണ്ട്.

കേരളത്തിനു പുറത്ത്
മറ്റു സംസ്ഥാനങ്ങളിലും സംഗീതപഠനത്തിന് വിപുലമായ അവസരങ്ങളാണുള്ളത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ണാ ട്ടിക് സംഗീതത്തിന് പ്രാധാന്യമേറും. തമിഴ്നാട്ടിലെ ഗവണ്‍മെന്‍റ് മ്യൂസിക് കോളജ്, തമിഴ്നാട് കോളജ് ഓഫ് ഫൈന്‍ ആര്‍ട്സ് ആന്‍ഡ് മ്യൂസിക് എന്നിവ ഉദാഹരണങ്ങളാണ്.
ഹിന്ദുസ്ഥാനി സംഗീതം പഠിക്കുവാന്‍ കേരളത്തിനു പുറത്താണ് മികച്ച സ്ഥാപനങ്ങളുള്ളത്. വിശ്വഭാരതി സര്‍വ്വകലാശാല, ഡല്‍ഹി സ്കൂള്‍ ഓഫ് മ്യൂസിക്, ഗ്വാളിയറിലെ ആദര്‍ശ് കലാമന്ദിര്‍, ചെന്നൈയിലെ സ്വര്‍ണ്ണഭൂമി അക്കാദമി ഓഫ് മ്യൂസിക് എന്നിങ്ങനെ പ്രമുഖ സ്ഥാപനങ്ങള്‍ നിരവധിയാണ്.

പാശ്ചാത്യസംഗീതം
ട്രിനിറ്റി കോളജ്, ബര്‍ക്ക്ലി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്, ഇല്ലിയാര്‍ഡ് സ്കൂള്‍, ക്ലവര്‍ലാന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് തുടങ്ങിയവ ആഗോളതലത്തില്‍ പേരുകേട്ട വിദേശപഠന കേന്ദ്രങ്ങളാണ്. ഇവയില്‍ ട്രിനിറ്റി കോളജ് പോലുള്ള സ്ഥാപനങ്ങള്‍ സംഗീതത്തില്‍ ഓണ്‍ലൈന്‍ ഗ്രേഡിംഗ് പരീക്ഷകള്‍ നടത്തുന്നുണ്ട്. വിദേശസംഗീത കോളജുകളിലെ ഗ്രേഡിംഗ് പരീക്ഷയ്ക്കായി നമ്മുടെ നാട്ടിലെ സ്വകാര്യ പരിശീലനസ്ഥാപനങ്ങള്‍ കോച്ചിംഗ് നല്കുന്നുണ്ട്. ഈ ഗ്രേഡിംഗുകള്‍ക്ക് സംഗീതരംഗത്ത് വിലമതിപ്പുണ്ട്.

ചെന്നൈയില്‍ ഓസ്കാര്‍ അവാര്‍ഡ് ജേതാവായ എ.ആര്‍. റഹ്മാന്‍റെ സംഗീത സ്കൂളില്‍ പാശ്ചാത്യ സംഗീതവും ഇന്‍ഡ്യന്‍ സംഗീതവും പഠിക്കാന്‍ കഴിയും. വിദ്യാഭ്യാസ യോഗ്യതയ്ക്കും പ്രായപരിധിക്കുമപ്പുറം സംഗീതാഭിരുചിയാണ് പ്രവേശനമാനദണ്ഡം.

ആദര്‍ശ് കലാമന്ദിര്‍, ഡല്‍ഹി സ്കൂള്‍ ഓഫ് മ്യൂസിക്, അക്കാദമി ഓഫ് വെസ്റ്റേണ്‍ മ്യൂസിക് തുടങ്ങിയ സ്ഥാപനങ്ങളിലും പാശ്ചാത്യ സംഗീതം പഠിക്കാം.

തൊഴില്‍ സാധ്യതകള്‍
ടെലിവിഷന്‍ ചാനലുകളുടെ എണ്ണത്തിലുള്ള വര്‍ദ്ധന സംഗീതരംഗത്തുള്ളവരുടെ തൊഴില്‍ സാധ്യത കൂട്ടിയിട്ടുണ്ട്. ആയിരത്തോളം ചാനലുകള്‍ ഇന്ന് ഇന്ത്യ യിലുണ്ട്. അവയ്ക്കായി നിരവധി ഒറിജിനല്‍ മ്യൂസിക് ദിനംപ്രതി ആവശ്യമുണ്ട്.

റേഡിയോ നിലയങ്ങള്‍, ഗവണ്‍മെന്‍റിന്‍റെ സാംസ്കാരിക സ്ഥാപനങ്ങള്‍, മ്യൂസിക് ഗ്രൂപ്പുകള്‍, പഠനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ സാധ്യതകളുണ്ട്. സ്വതന്ത്രകലാകാരനായി പെര്‍ഫോമിംഗിലൂടെയും കരിയര്‍ പടുത്തുയര്‍ത്തിയും പൊതുവെ സംഗീതാസ്വാദനത്തില്‍ വന്നിട്ടുള്ള വര്‍ദ്ധനയും നവമാധ്യമങ്ങളുടെ വളര്‍ച്ചയും സംഗീതലോകത്തിനു പുതിയ ഉണര്‍വ്വുകളാണ്.

വെബ്സൈറ്റുകള്‍
www.rlvmusiccollege.org
www.cmgmusiccollege.org
www.kmmc.in
www.viswabharati.ac.in
www.delhischoolofmusic.net
www.trinitycollege.com

Leave a Comment

*
*