എങ്ങനെ നല്ല ഒരു ഭർത്താവാകാം

എങ്ങനെ നല്ല ഒരു ഭർത്താവാകാം

കുടുംബജീവിതബന്ധങ്ങളെ ബലപ്പെടുത്താന്‍,
സ്മാര്‍ട്ടാക്കാന്‍ ഒരു ഫാമിലി കൗണ്‍സിലറുടെ അനുഭവപാഠങ്ങള്‍

വിപിന്‍ വി. റോള്‍ഡന്‍റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍, പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist, Sunrise Hospital, Cochin University
& Roldants Behaviour Studio, Cochin

"വിരലൊന്നില്ലെങ്കിലും, വീരനല്ലെങ്കിലും ഭര്‍ത്താവു നിങ്ങള്‍ മതി… ഒരു മുഴംതുണി വാങ്ങിത്തന്നാല്‍ മതി'…. ഇത് പഴയൊരു സിനിമാഗാനമാണ്. ഈ പാട്ടൊക്കെ അന്നു പാടിയതു പാടി, ഒരു മുഴം തുണിയുമായി മാത്രം ചെന്നാല്‍ നല്ല ഭര്‍ത്താവാകാം എന്നു കരുതിയാല്‍ അത് 'സ്വപ്നങ്ങളില്‍ മാത്രം.' ഒരു 'ലോക്കല്‍ കെട്ടിയോന്' 'കിടുകെട്ടിയോനാകാന്‍' അധികം മെനക്കെടാതെ തന്നെ നടപ്പില്‍ വരുത്താവുന്ന ചില 'മെയ്ക്ക് ഓവറുകള്‍' ഉണ്ട്.

സ്നേഹം മണിച്ചിത്രത്താഴിട്ടു പൂട്ടല്ലേ; ബന്ധം 'പൂട്ടി'പോകും.
ഹസ്ബന്‍റിന് സ്നേഹമുള്ളിലുണ്ടെന്നെനിക്കറിയാം. പക്ഷേ, അത് പ്രകടിപ്പിക്കാത്തിടത്തോളം കാലം 'കഴിക്കാത്ത ഭക്ഷണവും വായിക്കാത്ത പുസ്തകവും' പോലായിപ്പോകും ജീവിതം. ഇത് ഭാര്യമാരുടെ പൊതു പരാതിയാണ്. സ്നേഹം പ്രകടിപ്പിക്കുന്നതില്‍ 'recession' കാണിക്കരുത്. സാമീപ്യവും ആശ്ലേഷവും, ചുംബനങ്ങളും എത്ര കൂടുതല്‍ കൊടുത്താലും ഭാര്യ ഹാപ്പി. എന്നുവച്ച് 6 ചുംബനം, 5 കെട്ടിപ്പിടുത്തം, 3 സാമീപ്യം എന്ന രീതിയില്‍ കണക്കുവച്ച് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ എടുക്കുന്നതുപോലെയാകരുത് സ്നേഹപ്രകടനങ്ങള്‍. ഉള്ളില്‍നിന്നും വരട്ടെ…, ഭാര്യയുടെ ഉള്ളം തൊടട്ടെ.

ചെവിതുറക്കാം, മിഴികളും, സംസാരിക്കാം, കേള്‍ക്കാം:
ഭാര്യയ്ക്ക് ഒത്തിരി കാര്യങ്ങള്‍ സംസാരിക്കാനുണ്ടാകും. വിശേഷങ്ങളെല്ലാം പറയാനും, ഭര്‍ത്താവിന്‍റെ വിശേഷങ്ങള്‍ കേള്‍ക്കാനും ഒത്തിരി ആഗ്രഹവുമുണ്ട്. അവളോട് പൊട്ടിത്തെറിക്കരുത്, അവളെ അവഗണിക്കരുത്, സംസാരിക്കണം, ശാന്തമായി കേള്‍ക്കണം. അവള്‍ സംസാരിക്കുമ്പോള്‍ മൊബൈലില്‍ കുത്തിക്കൊണ്ടിരിക്കാതെ അവള്‍ പറയുന്നതില്‍ താത്പര്യത്തോടെ ശ്രദ്ധ കൊടുത്തിരുന്നാല്‍ തന്നെ ഭാര്യമാരുടെ മനോഭാരം മുക്കാലും കുറയും. 'നീ പറഞ്ഞോളൂ, ഞാന്‍ കേള്‍ക്കുന്നുണ്ട്.' എന്നു പറഞ്ഞ്, പത്രമാസികകളിലോ, കംപ്യൂട്ടറിലോ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നാല്‍, കെട്ടിയോന്‍റെ തലയ്ക്കിട്ട് ഉലക്കക്കൊണ്ടടിക്കാന്‍ ഭാര്യയ്ക്ക് തോന്നിപ്പോകും. അതിലവളെ തെറ്റുപറയാന്‍ പറ്റില്ല.

മറഞ്ഞുനില്‍ക്കാതെ, മാറിനില്‍ക്കാതെ, മുന്നില്‍ നില്ക്കാം:
എന്തു കാര്യമുണ്ടെങ്കിലും 'അത് നീ ചെയ്യ്' എന്നു പറഞ്ഞ് ഉത്തരവാദിത്വത്തില്‍നിന്ന് escape അടിക്കുന്ന 'ഭര്‍ത്താവീസ്' കേട്ടോളൂ, നിങ്ങളുടെ ഭാര്യയ്ക്ക് നിങ്ങള്‍ മുന്നില്‍നിന്ന് നയിക്കുന്നതാണ് ഇഷ്ടം. ഭര്‍ത്താവ് എന്ന നിലയിലും കുടുംബനാഥന്‍ ആയും നിങ്ങള്‍ ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ നിങ്ങള്‍ തന്നെ ചെയ്തില്ലെങ്കില്‍ ഭാര്യയുടെ മനസ്സില്‍ നിങ്ങളുടെ നിലവാരമിടിയും. കാലാവസ്ഥാ പ്രവചനമനുസരിച്ച് കുടുംബവഴക്കുകള്‍ക്ക് സാധ്യത, ഇടിയോടുകൂടിയും, ഇടിയില്ലാതെയും കനത്തമഴയ്ക്കും കൊടുങ്കാറ്റിനും 'കട്ടസാധ്യത.' ജാഗ്രതൈ.

പണം കായ്ക്കും മരമായില്ലെങ്കി ലും പണം വേണം ഭര്‍ത്താവേ:
'ഞാനെന്താ പണം കായ്ക്കും മരമോ?' എന്ന് കാശ് ചോദിക്കുമ്പോള്‍ ആക്രോശിക്കുന്നവരും 'ദണ്ണപ്പെടുന്ന'വരുമുണ്ട്. വെറുതെ സീനാക്കീട്ട് കാര്യമില്ല. 'കിലുക്കം' സിനിമയിലെ ജോജി പറയുന്നതുപോലെ 'സ്നേഹിക്കാനൊരു ഹൃദയവും താലോലിക്കാന്‍ രണ്ട് കൈകളും മാത്രമേ എനിക്കുള്ളൂ' എന്നു പറഞ്ഞ് പ്രണയാര്‍ദ്രമായങ്ങിരുന്നാലും ഉച്ചയാകുമ്പോള്‍ വിശക്കും. 'താലോലിച്ചതു മതി, ചേട്ടന്‍ പോയി പണിയെടുക്ക്, കാശുവേണ്ടേ' എന്ന് ഏത് പ്രണയാര്‍ദ്രയായ ഭാര്യയും പറയും. ഭാര്യമാരേക്കാള്‍ സാമ്പത്തിക കാര്യങ്ങളില്‍ മുന്‍കൈ എടുക്കേണ്ടത് ഭര്‍ത്താക്കന്മാരാണ്. ബാങ്കിടപാടുകളും, ലോണും, ചിട്ടിയും ഒക്കെ സമയാസമയങ്ങളില്‍ കൈകാര്യം ചെയ്താല്‍ നിങ്ങളൊരു സൂപ്പര്‍ ഹീറോയാകും. സാമ്പത്തികാസൂത്രണം (Financial Planing) ഇല്ലാതെ കടം വരുത്തിവയ്ക്കുകയും, തോന്നുന്നതുപോലെ ചെലവഴിക്കുകയും, കൂട്ടുക്കാര്‍ക്കെല്ലാം കടംകൊടുക്കുകയും, തിരിച്ചുമേടിക്കാന്‍ അമാന്തിക്കുകയും ഒക്കെ ചെയ്ത് കുബേരകുടുംബത്തെ കുചേലകുടുംബമാക്കാന്‍ ഭര്‍ത്താവിന്‍റെ അനാസ്ഥ ഒന്നുമാത്രം മതി. ശ്രദ്ധിച്ചോളൂട്ടോ.

ദുഃശീലനോ, സദ്ശീലനോ നിങ്ങള്‍? മാറ്റണം ദുഃശീലങ്ങള്‍:
എന്‍റെ ഭര്‍ത്താവും മോഡേണാണെന്നു കാണിക്കാന്‍ ക്ലബിലും പാര്‍ട്ടികളിലും അല്പസ്വല്പം കഴിക്കുന്ന ഭര്‍ത്താവിനെ ഓര്‍ത്ത് പുളകിതയാകുന്ന ചില 'ബോധ'മില്ലാത്ത ഭാര്യമാരൊഴികെ ഭൂരിപക്ഷം ഭാര്യമാരും ആഗ്രഹിക്കുന്നത് തന്‍റെ ഭര്‍ത്താവ് മദ്യപാനവും പുകവലിയും, മയക്കുമരുന്നുകളും, ഇന്‍റര്‍നെറ്റ് അഡിക്ഷനും, സോഷ്യല്‍മീഡിയ അഡിക്ഷനും, 'പോണ്‍' വീഡിയോകളുടെ അടിമയും ഒന്നുമാകരുതെന്നുതന്നെയാണ്. ഇതില്‍ പരാമര്‍ശിക്കാത്ത ദുഃശ്ശീലങ്ങളുടെ നീണ്ടനിരതന്നെയുണ്ട്. "മേല്പറഞ്ഞ ദുഃശീലങ്ങളൊന്നുമില്ല സാര്‍ എനിക്ക്, അക്കാര്യത്തില്‍ ഞാന്‍ ഡീസന്‍റാണ്. പക്ഷേ, എനിക്ക് വിവാഹത്തിനു പുറത്ത് പല റിലേഷന്‍സുമുണ്ട്. ഒന്നു മുറിയുമ്പോള്‍ അടുത്തതു വരുന്നു. ഈ ദുഃശീലം മാറ്റാനാകുന്നില്ല" എന്നു പറഞ്ഞു കൗണ്‍സിലിംഗിനു വരുന്ന ഭര്‍ത്താക്കന്മാരുമുണ്ട്. മുകളില്‍ പരാമര്‍ശിച്ച എല്ലാ ദുഃശീലങ്ങളെക്കാളും മാരകമായ ഈ ദുഃശീലം മൂലം തകര്‍ന്നടിയുന്ന കുടുംബങ്ങള്‍ അനവധി. ആഗ്രഹമുണ്ടെങ്കില്‍ ഏതു ദുഃശീലവും മനഃശാസ്ത്ര സഹായത്തോടെ മാറ്റാം, മാന്യമായി ജീവിക്കാം എന്ന് ഭര്‍ത്താവേ അങ്ങ് തിരിച്ചറിഞ്ഞാലും. ദേഷ്യം, പൊട്ടിത്തെറിക്കല്‍, ദേഹോപദ്രവമേല്പിക്കല്‍, ചീത്തവിളിക്കല്‍, കുറ്റംപറയല്‍ തുടങ്ങിയ എല്ലാ ദുഃശീലങ്ങളെയും കണ്ടെത്തി മാറ്റൂ.

കിടപ്പറയില്‍ കട്ടപ്പയാകരുത്, ബാഹുബലി ടോണ്‍ കലക്കും:
ഭര്‍ത്താവേ കിടപ്പറ കട്ടപ്പയുടെ അങ്കത്തട്ടല്ല. പെട്ടെന്ന് ഫീസ് അടച്ചുപോകേണ്ട കാഷ് കൗണ്ടറുമല്ല. 'ദാ വന്നു, ദാ പോയി'ന്നു പറഞ്ഞ്, ഭര്‍ത്താവ് കര്‍മ്മങ്ങള്‍ കഴിച്ച്, പോത്തുപോലെ കൂര്‍ക്കം വലിച്ചുറങ്ങുമ്പോള്‍, ഭാര്യയിലെ വൈകാരിക കടല്‍, ചൂടുപിടിച്ചു വരുന്നതേ ഉണ്ടാകൂ. പല ഭാര്യമാരുടെയും മൂഡ് ഭര്‍ത്താവിനോട് 'കലിപ്പ് ഡാ' പോലാക്കുന്നത് സ്ത്രീമനസ്സും ശരീരവും മനസ്സിലാക്കാത്ത കിടപ്പറ സമീപനങ്ങളാണ്. സ്നേഹപൂര്‍വ്വം സംസാരിക്കാനും, പരസ്പരം സ്നേഹപ്രകടനങ്ങളിലൂടെ ഉണര്‍ത്താനും, 'ദേവസേന'യെ പ്രണയാതുരയാക്കുന്ന ബാഹുബലി ടോണ്‍ കിടപ്പറയില്‍ സൃഷ്ടിക്കാനാകണം. അത് ഉള്ളില്‍നിന്നും വരുന്ന പ്രണയമാണ്. എന്തു ലൈംഗിക പ്രതിസന്ധിയും ഒരു ജനിസ്റ്റിന്‍റെയോ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്‍റെയോ സഹായത്തോടെ ഉടന്‍ പരിഹരിച്ച് കിടപ്പറ ആത്മബന്ധത്തിന്‍റെ, പുത്തനുണര്‍വിന്‍റെ വേദിയാക്കാന്‍ ഭര്‍ത്താവ് മുന്‍കൈ എടുക്കണം.

കുടുംബം ഉലയ്ക്കുന്ന വില്ലനെ വരുതിയിലാക്കൂ… വേണം സെല്‍ഫോണ്‍ പോളിസി:
ഒരുപാട് കാരണങ്ങള്‍ മൂലം തകര്‍ന്നിരുന്ന കുടുംബം ഇപ്പോള്‍ ഒരൊറ്റ കാരണത്താല്‍, ആടിയുലയുകയാണ്. വില്ലന്‍ മറ്റാരുമല്ല, നമ്മുടെ സെല്‍ഫോണ്‍ തന്നെ. ഭാര്യയുടെ മൊബൈല്‍ കൂടെക്കൂടെ പരിശോധിക്കുന്ന ഭര്‍ത്താവും, ഭര്‍ത്താവിന്‍റെ മൊബൈല്‍ 'ചെക്കണ' ഭാര്യയും സംശയത്തിന്‍റെ വിത്തുകള്‍ മുളപ്പിക്കുകയുമാണ്. സുതാര്യമാകട്ടെ, സംസാരങ്ങളും ചാറ്റും, സെല്‍ഫോണ്‍ ഉപയോഗവും. ഒളിച്ചും പാത്തും, ബാത്ത്റൂമില്‍ കയറി കതകടച്ചുമുള്ള മൊബൈല്‍ ഉപയോഗങ്ങള്‍ കട്ടസീനാകുന്നുണ്ട് കുടുംബങ്ങളില്‍. പാസ്വേഡ് ഇട്ട് മൊബൈല്‍ പൂട്ടരുത്. രണ്ടാളും അഥവാ പാസ്വേര്‍ഡ് പരസ്പരം അറിഞ്ഞിരിക്കണം. എന്നാല്‍ നിരന്തരമായ പരിശോധനാ രീതികള്‍ മറ്റേയാളെ ചൊടിപ്പിക്കും. എന്‍റെ ഭാര്യയ്ക്ക് കാണാന്‍ പറ്റാത്തതൊന്നും, എന്‍റെ ഭര്‍ത്താവിന് നോക്കാന്‍ പറ്റാത്തതൊന്നും എന്‍റെ മൊബൈലില്‍ ഉണ്ടാകാന്‍ പാടില്ല എന്ന ഉറപ്പുണ്ടാകുന്ന രീതിയില്‍ നമ്മുടെ വ്യക്തിത്വത്തെ ശുദ്ധീകരിക്കണം. ഇല്ലെങ്കില്‍ ഒരു സെല്‍ഫോണ്‍ മതി ജീവിതം മാറിമറിയാന്‍.

ഭര്‍ത്താവ് അച്ഛനുമാണ് മക്കളുടെ വളര്‍ച്ചയില്‍ തുല്യപങ്കാളിയും
മക്കളുടെ സ്വഭാവ രൂപവത്ക്കരണത്തിലും പഠനത്തിലും കഴിവുകളുടെ വളര്‍ച്ചയിലും അച്ചന്‍ സ്ട്രോങ്ങായി നി ലകൊള്ളണം. 'നീ പഠിപ്പിച്ചോ, നീ നോക്കിക്കോ, എന്ന മട്ടില്‍ നേരത്തെ പോകുകയും താമസിച്ചു മാത്രം വീട്ടില്‍ വരികയും ചെയ്യുന്ന രീതിയില്‍ ഭര്‍ത്താവ് തിരക്കില്‍പ്പെട്ട് ജീവിച്ചാല്‍ മക്കളെ വളര്‍ത്തുന്ന കാര്യത്തില്‍ ഭാര്യ ഒറ്റയ്ക്കായിപ്പോകും. തന്‍റെ ഭര്‍ത്താവ് മക്കളുടെ റോള്‍ മോഡല്‍ ആകണം എന്ന് ഏതൊരു ഭാര്യയും ആഗ്രഹിക്കും. പേരന്‍റിംഗില്‍ ഡബിള്‍ സ്റ്റാന്‍റ് എടുക്കാതെ ഏതൊരു കാര്യവും ഭാര്യയുമായി ആലോചിച്ച് വീട്ടില്‍ നടപ്പില്‍ വരുത്താനായില്ലെങ്കില്‍ അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത് ശൈലി മക്കളുടെ ജീവിതം അധോഗതിയാക്കും.

സ്മാര്‍ട്ടാകൂ… മള്‍ട്ടിറോളില്‍
ഭര്‍ത്താവും അച്ഛനും മാത്രമല്ല നിങ്ങള്‍. മകനാണ്, ആങ്ങളയാണ്, മരുമകനാണ്, അങ്കിള്‍ ആണ്. ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥനാണ്. സാമൂഹ്യജീവിയാണ്. ഓരോ റോളും നല്ല രീതിയില്‍ കൊണ്ടുനടക്കാനാകുമ്പോഴേ ആ മേഖലയില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ കുറയൂ. ഭാര്യയുടെ അഭിമാനമാകൂ.

മൈ വൈഫ്, മൈ ലൈഫ്
വിവാഹജീവിതത്തില്‍ 'My wife No. 1' പോളിസി ഭര്‍ത്താവു മനസ്സിലാക്കിയിരിക്കണം. വിവാഹശേഷം മാതാപിതാക്കളോ സഹോദരങ്ങളോ കൂട്ടുകാരോ, നാട്ടുകാരോ, ബിസിനസ്സോ, ജോലിയോ 'No. 1' ആയാല്‍ അത് രാജനീതിയല്ല. ഭാര്യയ്ക്കും 'My husband No. 1' പോളിസി ആകുന്നത് ഭാര്യയെ 'No. 1 in my life' എന്ന ശൈലി പുലര്‍ത്തുമ്പോഴാണ്. കാമുകന്‍ ഭര്‍ത്താവാകുമ്പോള്‍ മരിച്ചുകളയാം എന്നു വിചാരിച്ച് പുരുഷമേധാവിത്വം അടിച്ചേല്പിക്കാന്‍ ശ്രമിച്ചതാണ് പല ന്യൂജന്‍ ഭര്‍ത്താക്കന്മാരുടെയും വില കളഞ്ഞതും mutual divorce കള്‍ കൂടിയതും. ഒന്നു ശ്രദ്ധിച്ചാട്ടേ.

മേല്പറഞ്ഞ കാര്യങ്ങളിലെല്ലാം സ്വയം ശരിയാകാന്‍ പറ്റിയില്ലെങ്കില്‍, അനാവശ്യ ദേഷ്യങ്ങളും ഈഗോയും കുടുംബവഴക്കുകളും തര്‍ക്കങ്ങളുമൊക്കെ പരിഹരിക്കാന്‍ മനഃശാസ്ത്ര സഹായം തേടുന്നതില്‍ മടി കാണിക്കരുത്. New sen physchology, 'smart hus'നെയും superb Hubby യെയും mould ചെയ്തെടുക്കാന്‍ husband makeover പരിശീലനങ്ങള്‍ വ്യക്തിപരമായും ഗ്രൂപ്പായുമൊക്കെ നല്കുന്നുണ്ട്. ഭാര്യഭര്‍ത്താക്കന്മാരുടെ ബന്ധം സുദൃഢമാക്കുന്നതിനായി നല്കുന്ന family enrichment coaching ന്‍റെ ഭാഗമാണിതെല്ലാം. ആശ്വാസമായി അല്ലെ. husbands happy ആയാല്‍ wifes ഉം happy. So, be a happy husband.

Mob: 9744075722
www.roldantz.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org