നല്ല നടപ്പ്

ഓര്‍മ്മ

കെ.വി. ബേബി

നടപ്പ് എന്നു കേട്ടാല്‍ ഓര്‍മ്മവരും അപ്പാപ്പനെ. അമ്മയുടെ അപ്പന്‍. വരാപ്പുഴ പുത്തന്‍പള്ളിയിലെ തളിയത്ത് കൊച്ചൗസേപ്പ്. 1960. അന്ന് എന്തോ കാര്യത്തിന് അപ്പാപ്പന്‍ അങ്കമാലിക്കടുത്തു മൂക്കന്നൂരുള്ള എന്‍റെ വീട്ടില്‍ വന്നു. തൊട്ടടുത്തുള്ള തറവാട്ടില്‍ ചെന്നപ്പോള്‍ തോമാ ഇളയപ്പന്‍ ആ വീട്ടിലെ പട്ടിയെ തല്ലുന്നതു കണ്ടു. നീയെന്തിനാടാ ഈ മിണ്ടാപ്രാണിയെ ഇങ്ങനെയിട്ട് തല്ലുന്നത്? ഇത് ഒരു കുരുത്തം കെട്ട അനുസരണയില്ലാത്ത ഒന്നിനും കൊള്ളാത്ത പട്ടി. എനിക്കിതിനെ വേണ്ട. മൂന്നു തവണ അകലെ കൊണ്ടുപോയി കളഞ്ഞു. എന്തു കാര്യം, പട്ടി അടുത്ത ദിവസം ഇവിടെയെത്തും – മടുത്തു. ഒരു തോക്കുണ്ടായിരുന്നെങ്കില്‍ വെടിവച്ചു കൊല്ലാമായിരുന്നു.

അങ്ങനെയാണെങ്കില്‍ ഇതിനെ നീ എനിക്കു തരാമോ? ഓ, എടുത്തോ, അങ്ങനെയെങ്കിലും ഈ ശല്യം ഒഴിവായിക്കിട്ടുമല്ലോ – അടുത്ത ദിവസം വെളുപ്പിനു മൂന്നു മണിക്കു അപ്പാപ്പന്‍ ഉണര്‍ന്നു. കൈയില്‍ കരുതിയിരുന്ന ചങ്ങലയില്‍ പട്ടിയെ കൊളുത്തി നടപ്പു തുടങ്ങി. മൂക്കന്നൂര്‍ മുതല്‍ പുത്തന്‍ പള്ളിവരെ. ഏകദേശം 40 കിലോമീറ്റര്‍. നടന്നു നടന്നു നടന്ന് അവര്‍ പുത്തന്‍ പള്ളിയിലെത്തിയത് കാലത്ത് 8 മണിക്ക്. ഇങ്ങനെയൊരു നീണ്ട നടപ്പ് ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാന്‍ തന്നെ സാധ്യമാവുമോ? ആ നായ അപ്പാപ്പന്‍റെ സ്നേഹവാത്സല്യങ്ങളുടെ തലോടലേറ്റ് നല്ലവനായി, നല്ല നായ. അവന്‍ ആ വീടിന്‍റെ കൂറുള്ള കാവല്‍ക്കാരനായി. ആ വീട്ടിലെ ഒരംഗമായി.

വീണ്ടും ആ നീണ്ട നടപ്പിലേക്കു തിരിച്ചുവരാം. നമ്മുടെ പൂര്‍വ്വികര്‍ നല്ല ഒന്നാംതരം നടപ്പുകാരായിരുന്നു. വാഹന സൗകര്യം കുറവായിരുന്ന അക്കാലത്ത് നടപ്പ് ഒരാവശ്യമായിരുന്നു. അത് സോദ്ദേശ്യ നടപ്പായിരുന്നു. ചന്തയില്‍ പോകാന്‍, പള്ളിയില്‍ പോകാന്‍, സ്കൂളില്‍ പോകാന്‍, അമ്പലത്തില്‍ പോകാന്‍, വൈദ്യനെ കാണാന്‍, വൈദ്യനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരാന്‍, എണ്ണയാട്ടുവാന്‍, ആശുപത്രിയില്‍ പോകാന്‍, പെരുനാളിനും ഉത്സവത്തിനും പോകാന്‍, സിനിമ, നാടകം, കഥാപ്രസംഗം എന്നിവയ്ക്കു പോകാന്‍ എന്നു തുടങ്ങി നിരവധിയനവധി ആവശ്യങ്ങള്‍ക്കുള്ള നടപ്പ്. അക്കാലത്തു ചുമടെടുത്തുപോലും ദീര്‍ഘദൂരം സഞ്ചരിക്കാന്‍ ആളുകള്‍ക്കു ഒരു മടിയും ഉണ്ടായിരുന്നില്ല. വഴിയരികിലെ ചുമടുതാങ്ങികളേയും ഓര്‍ക്കാം. അക്കാലത്ത് കുട്ടികള്‍ മൂന്നും നാലും അഞ്ചും ആറും കിലോമീറ്ററൊക്കെ നടന്നാണ് സ്കൂളിലേക്കു പോയിരുന്നത്. വൈകിട്ട് തിരിച്ചും ഇതേ ദൂരം നടപ്പുതന്നെ. കൂട്ടുകാരൊത്ത് കൂട്ടമായി വെടിപറഞ്ഞും മാവിലെറിഞ്ഞും കുസൃതികാട്ടിയും നടന്നിരുന്ന ആ നടപ്പായിരുന്നു നടപ്പ്! – എണ്‍പതു കഴിഞ്ഞിട്ടും വടി കുത്തിപ്പിടിച്ചു നടന്നു 4 കിലോമീറ്റര്‍ അകലെയുള്ള കരയാംപറമ്പ് ഷാപ്പില്‍ പോയി കള്ളു കുടിച്ചു കൂള്‍ കൂളായി തിരിച്ചുവന്നിരുന്ന അപ്പൂപ്പന്‍. ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന നല്ല നടപ്പുകളില്‍ ചിലത്: വല്ലപ്പോഴും സിനിമ കാണാന്‍ 6 കിലോമീറ്റര്‍ അകലെയുള്ള അങ്കമാലിയിലേക്കുള്ള നടത്തം. മാസത്തിലൊരിക്കല്‍ അപ്പന്‍റെയൊപ്പം ഒരു തുണി സഞ്ചിയുമായി അങ്കമാലിച്ചന്തയിലേക്കുള്ള ഷോപ്പിങ്ങ് നടത്തം. തിരിച്ചുപോരുമ്പോള്‍ സഞ്ചിയില്‍ പലചരക്ക്, ഉണക്ക മീന്‍, എണ്ണ എന്നിത്യാദി. പച്ചക്കറി ഇല്ലായെന്നതു അടിവരയിട്ടു പറയണം. കാരണം, അക്കാലത്തു ഗ്രാമങ്ങളില്‍ വീട്ടുപറമ്പില്‍ ആവശ്യത്തിനു പച്ചക്കറിയുണ്ടാവും. പിന്നെ എന്തിനു വിലകൊടുത്തു വാങ്ങണം.

പിന്നെ, മൂക്കന്നൂര്‍ അനാഥശാല സ്കൂള്‍ ഗ്രൗണ്ടിലെ നാടകം, കഥാപ്രസംഗം, ഗാനമേള എന്നിവയ്ക്കുള്ള നടപ്പ്. മൂക്കന്നൂര്‍ പള്ളിയിലേക്കുള്ള ഭക്തിയാരാധനാ നടപ്പ്, കുര്‍ബാന നടപ്പ്. പെരുന്നാള്‍ നടപ്പ്. അമ്പലത്തിലേക്ക് ഉത്സവനടപ്പ്. മൂക്കന്നൂര്‍ വീട്ടില്‍നിന്നു തുറവൂര്‍ സ്കൂള്‍ വരെ. 5 കിലോമീറ്റര്‍ നടന്നു പഠിച്ചത്. എറണാകുളത്തെ മുത്തിയമ്മയുടെ വീട്ടില്‍ ചെന്നാല്‍ പിന്നെ നടപ്പുത്സവം! സിനിമ കാണാന്‍, പള്ളിയില്‍ പോകാന്‍, പാര്‍ക്കില്‍ പോകാന്‍, കായലരികത്തു കാറ്റുകൊള്ളാന്‍ (വലയെറിയാനല്ലേ), നടക്കാന്‍ പോകാന്‍, പള്ളികള്‍ കാണാന്‍, ഇങ്ങനെ എത്രയെത്ര നടപ്പുകള്‍ക്ക് സ്കോപ്പുള്ള പട്ടണമാണ് എറണാകുളം! – ഇക്കാലത്തെ നടപ്പ് കൂടുതലും വ്യായാമ നടപ്പ്. കൈവീശിയെറിഞ്ഞു ആഞ്ഞു കുതിച്ചുള്ള ആ നടപ്പ് എന്തിനെന്നോ? ആരോഗ്യത്തിനുവേണ്ടി. കൂടുതല്‍ കാലം ജീവിച്ചിരിക്കാന്‍, വേഗം തട്ടിപ്പോവാതിരിക്കാന്‍. പണ്ടത്തെ നടപ്പ് ജീവിക്കാന്‍. ഇന്നത്തെ നടപ്പ് ജീവിച്ച് ഇരിക്കാന്‍, കൂടുതല്‍ കാലം ഈ ഭൂമിയില്‍ ഇരിക്കാന്‍, ഇരുന്നു വാഴാന്‍.

നടപ്പുദോഷം ഉള്ളയാളെ നല്ല നടപ്പിനു വിട്ടു എന്നു വാര്‍ത്ത. എന്‍റെ നിഘണ്ടുവില്‍ നടപ്പുദോഷം ഇല്ല; നല്ല നടപ്പേ ഉള്ളൂ. കാരണം, എനിക്കു നടപ്പ് നല്ലതേയുള്ളൂ. നടപ്പായ നടപ്പെല്ലാം എനിക്കു നല്ലത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org