Latest News
|^| Home -> Suppliments -> Familiya -> നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരാണോ?

നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരാണോ?

Sathyadeepam

ഡോ. കെ.വി. റീത്താമ്മ
പ്രസിഡന്‍റ്,
അന്തര്‍ദ്ദേശീയ സീറോ-മലബാര്‍
മാതൃവേദി

ഫ്രഞ്ചു സാഹിത്യകാരനായ വിക്ടര്‍ ഹ്യൂഗോ എഴുതി, “നിങ്ങളുടെ സംസ്കാരത്തെക്കുറിച്ച് ഞങ്ങളോട് പ്രസംഗിക്കണ്ട. നിങ്ങളുടെ നാട്ടിലെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ആദിവാസികളെയും കാണിച്ചു തരിക. അവരോട് നിങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്നുകണ്ട് നിങ്ങളുടെ സംസ്കാരത്തെപ്പറ്റി ഞാന്‍ വിലയിരുത്താം.” നമ്മുടെ സംസ്കാരത്തെപ്പറ്റി ഊറ്റംകൊള്ളുന്ന നാം ഈ കാഴ്ചപ്പാടില്‍ ഒന്നു ചിന്തിക്കുന്നതു നന്നായിരിക്കും.

നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരാണോ? അല്ല എന്നതാണ് ഉത്തരം. ഗര്‍ഭപാത്രത്തിലും കുടുംബത്തിലും സമൂഹമദ്ധ്യത്തിലും ഒന്നും അവര്‍ സുരക്ഷിതരല്ല. ചിത്രശലഭങ്ങളെപ്പോലെ പാറിപ്പറക്കേണ്ട കുഞ്ഞുങ്ങള്‍ ചിറകറ്റു വീഴുന്ന കാഴ്ചകളാ ണ് നാം കാണുന്നത്. അവരെ സംരക്ഷിക്കാന്‍ നിയമങ്ങളുണ്ട്, കോടതിയുണ്ട്, കമ്മീഷനുകളുണ്ട്. ഇതൊന്നും വേട്ടക്കാരില്‍നിന്നും അവരെ സംരക്ഷികാനുതകുന്നില്ല. 80% പോക്സോ കേസുകളിലും ബന്ധുക്കള്‍ തന്നെയാണ് പീഡകരായിട്ടുള്ളത്. നിഷ്ക്കളങ്ക ബാല്യത്തിനു നേര്‍ക്ക് നീളുന്ന കരാളകരങ്ങള്‍ കുടുംബത്തില്‍ നിന്നുതന്നെ ആണെന്നുള്ളതാണ് ദുഃഖസത്യം. വേലിതന്നെ വിളവുതിന്നുക എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന അനേക സംഭവങ്ങള്‍ക്ക് നാം ദിനംപ്രതി സാക്ഷ്യം വഹിക്കുന്നു. സംരക്ഷിക്കേണ്ടവര്‍ തന്നെ ചൂഷകരായി അവതരിക്കുന്ന ഭീകരകാഴ്ചകള്‍ നമ്മെ ഒരു തരം മരവിപ്പിലാഴ്ത്തുന്നു. പണ്ടൊക്കെ നമുക്കു കാവലായി ലോകം ഉണര്‍ന്നിരുന്നു. ഒരു കുഞ്ഞ് എല്ലാവരുടെയുമായിരുന്നു. കുഞ്ഞിന്‍റെ കാലിടറിയാല്‍ ആരും കാഴ്ചക്കാരായി നോക്കി നില്‍ക്കാറില്ല. ഓരോ കുഞ്ഞിന്‍റെയും സംരക്ഷണം എല്ലാവരും ഏറ്റെടുത്തിരുന്നു. ഇന്നാകട്ടെ എല്ലാവരും തന്നിലേക്ക് ചുരുങ്ങുന്നു. തന്‍റേതുമാത്രമായ ഒരു ചിപ്പിക്കുള്ളില്‍ ഒളിച്ചിരിക്കുന്നു. മിക്കപ്പോഴും ആരും ആരുടെയും കാര്യങ്ങളില്‍ ഇടപെടാറില്ല. ഇതൊരു വലിയ സാമൂഹ്യതിന്മയാണ്. കുഞ്ഞുങ്ങളുടെ അരക്ഷിതാവസ്ഥയ്ക്കുള്ള ഒരു കാരണം ഇതാണ്. നവമാധ്യമങ്ങളുടെ വഴിവിട്ട സ്വാധീനം മനുഷ്യനെ തിന്മയിലേക്കു നയിക്കുന്നു. പല സന്ദര്‍ഭങ്ങളിലും തിരിച്ചറിവില്ലാത്ത, പ്രതികരണശേഷിയില്ലാത്ത കുഞ്ഞുങ്ങള്‍ ഇത്തരം മനുഷ്യമൃഗങ്ങളുടെ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നു. ഭൂമിയിലേക്ക് പിറന്നു വീഴുന്ന ഓരോ കുഞ്ഞിനും ഓരോ കാവല്‍മാലാഖയെ ദൈവം നിയോഗിക്കുന്നു എന്നാണ് വിശ്വാസം. മാലാഖമാരെപോലും കരയിപ്പിക്കുന്ന തിന്മയുടെ ഭീകരതാണ്ഡവമാണ് പലപ്പോഴും ഭൂമിയില്‍ നടമാടുന്നത്.

നമ്മുടെയൊക്കെ വീടുകളില്‍ കയറിയിറങ്ങുന്നവര്‍, ബന്ധുക്കള്‍ ഒക്കെ പീഡകരാകുമ്പോള്‍ വീടുകള്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ ഇടം അല്ലാതായി മാറുന്നു. മിക്കവാറും പീഡനത്തിനിരയായ കുട്ടികള്‍ മനസ്സു തുറക്കുന്നത് മാതാപിതാക്കളോടല്ല, അദ്ധ്യാപകരോടോ, കൗണ്‍സിലേഴ്സിനോടോ ആണ് എന്നതും ശ്രദ്ധേയമാണ്. ഈ ബന്ധുക്കള്‍ പീഡകരാകുമ്പോള്‍, ഉപബോധമനസ്സിലെങ്കിലും വീട്ടില്‍നിന്ന് പിന്തുണ/സുരക്ഷ ലഭിക്കില്ല എന്നവര്‍ക്ക് തോന്നിയാല്‍ അത്ഭുതമില്ല. മക്കളാണ് നമുക്കു വലുത് എന്ന ആത്മവിശ്വാസം മക്കള്‍ക്കു ന്ലകാന്‍ നമുക്കു കഴിയണം. വേട്ടക്കാരന്‍റെ കെണിയില്‍ അകപ്പെട്ട മാന്‍കുട്ടിയെപ്പോലെ പീഡനങ്ങള്‍ സഹിക്കാന്‍ വിധിക്കപ്പെട്ടവരല്ല അവര്‍ എന്ന ആത്മധൈര്യം അവര്‍ക്കു നല്കാന്‍ നമുക്കു കഴിയണം. ഇരയുടെ പ്രായമോ ബന്ധമോ ഒന്നും വേട്ടക്കാര്‍ക്കു പ്രശ്നമല്ല. തക്കം പാര്‍ത്തു നടുക്കുന്ന കഴുകന്മാര്‍ നമ്മുടെ ചുറ്റും ഉണ്ട് എന്ന് മനസ്സിലാക്കി മാതാപിതാക്കള്‍ ജാഗ്രത പാലിക്കണം. സമൂഹം ഉണരണം. പീഡനങ്ങള്‍, ചൂഷണങ്ങള്‍, ഉല്‍ക്കണ്ഠകള്‍, ഒക്കെ തുറന്നു പറയാന്‍ അവസരങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കളായ നാം കൊടുക്കാറുണ്ടോ? നമ്മുടെ തിരക്കിനിടയില്‍, ജീവിതവ്യഗ്രതയില്‍ ആ കുഞ്ഞുങ്ങളെ ഒന്നു ചേര്‍ത്തുപിടിക്കാന്‍, അവരുമായി ആത്മാര്‍ത്ഥമായ ആശയവിനിമയം നടത്താന്‍, അവരുടെ ഉത്ക്കണ്ഠകളെ മാറ്റിയെടുക്കാന്‍ എത്ര മാതാപിതാക്കള്‍ ശ്രമിക്കാറുണ്ട്? ബാല്യത്തിന്‍റെ നിറം നഷ്ടപ്പെടാതെ അവരെ വളര്‍ത്തിക്കൊണ്ടുവരുവാന്‍ നമുക്കു കടമയില്ലേ?

ആരാണീ പീഡകര്‍? അതിന് ആരാണ് ഉത്തരവാദി? അതും നമ്മളിലേയ്ക്കല്ലേ വിരല്‍ ചൂണ്ടുന്നത്? കുടുംബബന്ധങ്ങളുടെ ശൈഥില്യം, മൂല്യത്തകര്‍ച്ച, മാറുന്ന ജീവിതശൈലികള്‍ തുടങ്ങിയ ഘടകങ്ങള്‍ സമൂഹത്തില്‍ ഇത്തരം പ്രവണതകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ കാരണമാകുന്നു. തീക്ഷ്ണമായ ഈശ്വരവിശ്വാസമുള്ള ഒരാള്‍ക്ക് ഒരിക്കലും അധര്‍മ്മം പ്രവര്‍ത്തിക്കുവാന്‍ കഴിയില്ല.

വാളയാര്‍ കേസുപോലെ ഇത്രയധികം അട്ടിമറിക്കപ്പെട്ട ഒരു കേസും ഈ അടുത്തകാലത്ത് കേരളത്തിലുണ്ടായിട്ടില്ല. പ്രോസിക്യൂഷനും പോലീസും ജുഡീഷ്യറിയും ഒക്കെ പ്രതിക്കൂട്ടിലാണ്. നമുക്കൊന്നറിയാം – പാര്‍ശ്വവത്ക്കരിക്കപ്പെട്ട, സമൂഹത്തിന്‍റെ പുറമ്പോക്കില്‍ ജീവിക്കുന്ന ആ പാവപ്പെട്ട കുടുംബത്തിന് നീതി ലഭിച്ചില്ല. രണ്ട് പിഞ്ച് ആത്മാക്കളുടെ രോദനം മനസ്സാക്ഷിയുള്ളവരുടെ ഉറക്കം കെടുത്തുന്നു. അന്വേഷണവും വിധിയും ഒക്കെ ആരുടെയോ താത്പര്യത്തിനുതകത്തക്കവിധം വളച്ചൊടിക്കപ്പെട്ടു. സമൂഹത്തില്‍ നടക്കുന്ന പീഡനത്തെക്കാള്‍ മോശമായ രീതിയിലാണ് അതുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നത്. സമൂഹത്തില്‍ പീഡകന്‍റെ നിലയും വിലയും കൊടിയുടെ നിറവും ഒക്കെ അനുസരിച്ചാണ് കുറ്റപത്രവും വകുപ്പുകളും ഒക്കെ ചുമത്തപ്പെടുന്നത്. പീഡകര്‍ സമൂഹത്തില്‍ മാന്യമായി വിലസുമ്പോള്‍ ഇരകള്‍ പലപ്പോഴും വിടരാതെ കൊഴിയുന്ന പൂക്കളായി മാറുന്നു.

പെണ്‍മക്കള്‍ അമ്മമാരുടെ നെഞ്ചിലെ തീയാണ്. കുഞ്ഞുമക്കള്‍ നാളെയുടെ വാഗ്ദാനങ്ങളാണ്. ഭൂമി അവര്‍ക്കും അവകാശപ്പെട്ടതാണ്. മാതാപിതാക്കള്‍ മാത്രം വിചാരിച്ചാല്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം നല്കാനാവില്ല. സമൂഹവും സര്‍ക്കാരും പ്രതിജ്ഞാബദ്ധരായാലെ നമ്മുടെ കുഞ്ഞുങ്ങളെ അന്തസ്സിലും ആത്മവിശ്വാസത്തിലും വളര്‍ത്തിക്കൊണ്ടുവരുവാന്‍ കഴിയൂ. അത് അവര്‍ക്കു നല്കുന്ന ഔദാര്യമല്ല, അവകാശമാണ്. കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ പ്രത്യേകിച്ചും കുഞ്ഞുങ്ങളുടെ നേര്‍ക്കുള്ളവ കര്‍ശനമാക്കേണ്ടതാണ്. അടച്ചുറപ്പില്ലാത്ത വീടിലും, റെയില്‍വെ സ്റ്റേഷനിലും ബസ് സ്റ്റാന്‍റിലും വഴിയോരത്തും ഉറങ്ങുന്ന കുട്ടികള്‍ക്കുപോലും സുരക്ഷിതത്വം നല്കാന്‍ കഴിയുന്ന സമൂഹമായി നാം മാറണം. എങ്കിലെ സാക്ഷരകേരളം എന്ന പേരിന് നാം അര്‍ഹരാകൂ.

Leave a Comment

*
*