നര ബാധിച്ചവര്‍

കവിത

റെനി ബിജു, ചൂണ്ടി

കൊട്ടിഘോഷിച്ചു ജീവിച്ചയെനിക്കുമിന്നിതാ
വാര്‍ദ്ധക്യത്തിന്‍ നര ബാധിച്ചുവോ?
എന്‍റെ ആശയത്തിനുമാഗ്രഹത്തിനു-
മെല്ലാം നര ബാധിച്ചുവെന്നോ?
മക്കളെന്നോളമെത്തിയിപ്പോ-
ളവരതാ എന്നെ ശാസിച്ചിടുന്നു
പ്രായമേറിയാല്‍ അടങ്ങിയൊതുങ്ങി
മിണ്ടാതെ കഴിഞ്ഞീടണം…
കണ്ണിനും കാതിനും നരയാദ്യം
ബാധിച്ചിരുന്നെങ്കിലെന്നു കൊതിച്ചു
പോയെങ്കിലുമെന്‍റെ…ഹൃദയമാണാദ്യം നരച്ചത്.

സ്നേഹചുംബനം നല്‍കാന്‍ കൊതിച്ചൊരു
ചെറുമകനെയെന്നില്‍ നിന്നകറ്റിടുന്നു
അല്പമാശ്വാസത്തിനായി പങ്കയൊന്നു
ചലിപ്പിച്ചിടുമ്പോള്‍ കറന്‍റുബില്‍ കൂടുമത്രേ
ഒറ്റപ്പെടലിന്നാവലാതി തിരിച്ചറിഞ്ഞി-
ല്ലെങ്കിലെന്‍ മനം തകരുമായിരുന്നില്ല
നരബാധിച്ചൊരെന്‍ ഹൃദയത്തിനാശ്വാസം
മരണം മാത്രമെന്നു തിരിച്ചറിഞ്ഞു ഞാന്‍.

വേഗത്തില്‍ മരിച്ചുപോയ ഭാര്യയെത്ര ഭാഗ്യം ചെയ്തവള്‍…
നരയ്ക്കാതെ മരിച്ചതിനാല്‍ മക്കള്‍ കണ്ണീരോടെ വിടചൊല്ലി
നാവിനും കൈകാലിനും വിറ
ബാധിച്ചൊരാ ആയുസ്സേറിയ ഞാന്‍
കടന്നുപോകുമ്പോഴാനക്കണ്ണീരൊഴിക്കീടും മക്കള്‍.
ഇനിയൊരു ജന്മമുണ്ടെങ്കിലെന്നെ
മനുഷ്യനാക്കി ജനിപ്പിച്ചീടല്ലേ, ദൈവമേ…
പ്രായമേറിയ യേതൊരാളും പേടിച്ചീടേണ-
മിന്നിന്‍റെ സ്വാര്‍ത്ഥരാം മക്കളെ…

(വാര്‍ദ്ധക്യ ചിന്തകളാല്‍ നീറി വീടുകളിലും വൃദ്ധമന്ദിരങ്ങളിലും ഒറ്റപ്പെട്ടു കഴിയുന്ന മാതാപിതാക്കളുടെ ആത്മനൊമ്പരങ്ങള്‍ക്കായ് സമര്‍പ്പിക്കുന്നു.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org