പ്രകൃതിയും ശാസ്ത്രവും

പ്രകൃതിയും ശാസ്ത്രവും

എന്താണ് പ്രകൃതിക്ഷോഭവും പ്രകൃതി ദുരന്തവും തമ്മിലുള്ള വ്യത്യാസം?…. പ്രകൃതിക്ഷോഭം സ്വാഭാവികമായ പ്രതിഭാസമാണ്. എന്നാല്‍ അത് ജീവന് അപകടം വരുത്തുമ്പോള്‍ പ്രകൃതിദുരന്തമായിത്തീരുന്നു. നമുക്കറിയാം ഈ പ്രളയവും ഭൂമികുലുക്കവും ഉരുള്‍പൊട്ടലും സുനാമിയും കത്രീനയുമൊക്കെ സ്വാഭാവിക പ്രതിഭാസങ്ങളാണെന്ന്. അനേകായിരങ്ങളെ കൊന്നൊടുക്കിയപ്പോള്‍ ഇവ ദുരന്തങ്ങളായി മാറി.

കൊടുങ്കാറ്റ്, അഗ്നിപര്‍വ്വതസ്ഫോടനം തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളുടെ ഉത്ഭവ-ഗതിവിഗതികളെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്കാന്‍ ശാസ്ത്രത്തിനു കഴിയും. ശാസ്ത്രസാങ്കേതിക ഉപകരണങ്ങളുടെ സഹായത്താല്‍ പ്രകൃതിക്ഷോഭത്തെക്കുറിച്ച് വസ്തുനിഷ്ഠമായ സൂചനകള്‍ നല്കാനും ശാസ്ത്രത്തിനു കഴിയും. അങ്ങനെ സംഭവിക്കാവുന്ന അപായത്തിന്‍റെ തീവ്രത കുറയ്ക്കാനും കാര്യക്ഷമമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും ശാസ്ത്രവിദ്യ ഉപകരിക്കുന്നു. എന്നാല്‍ ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും ദുരന്തത്തിനു മുമ്പില്‍ നാം നിസ്സഹായരാകുന്നില്ലേ?

വാസ്തവത്തില്‍ ശാസ്ത്രത്തെ നാം മനസ്സിലാക്കേണ്ടത് അതുള്‍ക്കൊള്ളുന്ന ലോകവീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ്. സമകാലീന ശാസ്ത്രം വിടര്‍ത്തിയെടുക്കുന്നത് ഒരു ചലനാത്മക ലോകവീക്ഷണമാണ്. ഈ പ്രപഞ്ചത്തിന്‍റെ തുടക്കം പോലും ഒരു മഹാവിസ്ഫോടനത്തോടെയായിരുന്നെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം. അതുകൊണ്ട് ക്ഷോഭവും കുലുക്കവുമെല്ലാം പ്രപഞ്ചത്തിന്‍റെ നിലനില്പ്പിന്‍റെ തന്നെ ഭാഗമാണ്, തികച്ചും സ്വാഭാവികവുമാണ്. എല്ലാം ചലിക്കുന്നു. പ്രപഞ്ചത്തിലെ എല്ലാ യാഥാര്‍ത്ഥ്യങ്ങളും നിരന്തരം ചലനാത്മകമാണ്. വസ്തു ഊര്‍ജ്ജമാണ്. ഊര്‍ജ്ജം ചലനാത്മകമാണ്. പ്രപഞ്ചത്തിന്‍റെ സംതുലിതാവസ്ഥയിലേക്കുള്ള പ്രയാണത്തില്‍ ക്ഷോഭമുണ്ടാകും. അതിനാല്‍ പ്രകൃതിക്ഷോഭങ്ങള്‍ പരിഹരിക്കേണ്ട പ്രശ്നമല്ല, മറിച്ച് ഗ്രഹിക്കേണ്ട പ്രപഞ്ചരഹസ്യങ്ങളാണ്. പ്രശ്നപരിഹാരം തേടിയാല്‍ നാം നിരാശരാകും. മനുഷ്യജീവിതത്തെ ഹാനികരമായി ബാധിക്കുമ്പോഴാണ് പ്രകൃതിക്ഷോഭങ്ങള്‍ ദുരന്തമായി മാറുന്നത്. ദുരന്തങ്ങള്‍ രണ്ടു തരത്തിലുണ്ട്. വന്നുഭവിക്കുന്ന ദുരന്തങ്ങളുണ്ട്. വരുത്തിവയ്ക്കുന്ന ദുരന്തങ്ങളുമുണ്ട്. വരുത്തിവയ്ക്കുന്നവയെ ദുരീകരിക്കണമെങ്കില്‍ ലോകമനസ്സാക്ഷി ഉണരേണ്ടതുണ്ട്. പ്രകൃതിയെ സ്നേഹിച്ചും പരിപാലിച്ചും ആദരിച്ചും വലിയൊരു പരിധിവരെ ദുരന്തങ്ങളെ ഇല്ലാതാക്കാം.

ഭൂകമ്പത്തിന്‍റെയും ഉരുള്‍പൊട്ടലിന്‍റെയും മറ്റു പ്രകൃതിക്ഷോഭങ്ങളുടെയും ദുരന്തത്തിന്‍റെയും ഈ കാലഘട്ടത്തില്‍ നാം വളര്‍ത്തിയെടുക്കേണ്ടത് ഒരു ചലനാത്മക ലോകവീക്ഷണമാണ്. പ്രപഞ്ച യാഥാര്‍ത്ഥ്യങ്ങളെ അവയുടെ ചലനാത്മകതയില്‍ ഉള്‍ക്കൊള്ളാന്‍ ശാസ്ത്രത്തെപ്പോലെതന്നെ മതങ്ങളും നമ്മെ സഹായിക്കുന്നു. പ്രതികൂല ജീവിതസാഹചര്യങ്ങളില്‍ തളരാതെയും പതാറാതെയും മുന്നേറാനുള്ള ഉള്‍ക്കരുത്ത് പ്രദാനം ചെയ്യാന്‍ ഈശ്വരവിശ്വാസത്തിനു കഴിയും. മറ്റുള്ളവരുടെ വേദനയില്‍ പങ്കുചേരാനും ആശ്വസിപ്പിക്കാനും ഈ വിശ്വാസം പ്രചോദനമാകും. ജീവിതത്തിന് അര്‍ത്ഥവും ലക്ഷ്യവും കൈവരുകയും ചെയ്യും.

ചുരുക്കത്തില്‍ പ്രപഞ്ചത്തെയും പ്രാപഞ്ചിക പ്രതിഭാസങ്ങളെയും തുറവിയോടെ നോക്കിക്കാണാന്‍ ശാസ്ത്ര-മതമൂല്യങ്ങള്‍ മനുഷ്യനെ സഹായിക്കുകയാണ് വേണ്ടത്. അപ്പോള്‍ മനുഷ്യജീവിതം കൂടുതല്‍ ക്രിയാത്മകമാക്കാന്‍ കഴിയും. ഈയൊരു തുറവിയുണ്ടായതിനാലാണ് ജലപ്രളയവും സുനാമിയും കൊടുങ്കാറ്റും വന്നപ്പോള്‍ ആളുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. ലോകരാഷ്ട്രങ്ങള്‍ ഔദാര്യത്തോടെ സഹായിച്ചപ്പോളും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നപ്പോളും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സന്നദ്ധ സംഘടനകള്‍ മുന്‍കൈയ്യെടുത്തപ്പോളും നാം മനുഷ്യത്വം ദര്‍ശിക്കുകയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org