പരിസ്ഥിതിയെ മറക്കാത്ത ഒരു നവകേരളത്തിനായ്…

പരിസ്ഥിതിയെ മറക്കാത്ത ഒരു നവകേരളത്തിനായ്…

ടോം ജോസ് തഴുവംകുന്ന്

കേരളം വൈവിദ്ധ്യത്തിന്‍റെ സ്വന്തം നാട്! ഇത്രയ്ക്കു ഭൂവൈവിദ്ധ്യവും മനോഹരവുമായ ഒരു സ്ഥലം ലോകത്തൊരിടത്തുമില്ലെന്നു സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. മലനാടും ഇടനാടും തീരപ്രദേശങ്ങളുമടങ്ങുന്ന സുന്ദരനാട്. പുഴകളും അരുവികളും നീര്‍ത്തടങ്ങളും പാറക്കെട്ടുകളുംകൊണ്ടു പ്രകൃത്യാല്‍തന്നെ ഒരു കരുതല്‍ ഉള്ള സ്ഥലം. അതായത് സ്വാഭാവികമായിത്തന്നെ ഒരു സുരക്ഷിതവാസത്തിനു യോഗ്യമായ ഒരിടമാണു കേരളം. പ്രകൃതി പ്രകൃതിയെത്തന്നെ സംരക്ഷിക്കുന്ന തരത്തില്‍ ദൈവം ക്രമീകരിച്ച കേരളത്തില്‍ പ്രളയം വന്നതു ദുരന്തമായതെങ്ങനെ?

വികസനമെന്നതു നാം കാണാപാഠം പഠിച്ചിരിക്കുന്നതുപോലെയാണിന്ന്. മനുഷ്യന്‍റെ സുസ്ഥിതിക്ക് തുരങ്കംവയ്ക്കുന്നതെന്തും ദുരന്തത്തിനു വഴിയൊരുക്കും. നമ്മുടെ വികസനങ്ങളിലെല്ലാം കരുതലാകേണ്ടിയിരുന്ന പരിസ്ഥിതിയുടെ സുരക്ഷയും പരിപാലനവും നാം ശ്രദ്ധിച്ചതേയില്ല. വയലുകള്‍ നികത്തിയും കുന്നുകള്‍ ഇടിച്ചുനിരത്തിയും പാറ പൊട്ടിച്ചും വികസനം നെയ്തുകൂട്ടി. ഓരോ അവസരത്തിലും അടഞ്ഞുപോകുന്ന നീര്‍ച്ചാലുകളെയും ജലം സംരക്ഷിച്ചു കരുതല്‍ ശേഖരമാക്കിയിരുന്ന ഇടങ്ങളെയും നാം സ്വാര്‍ത്ഥതയുടെ വികസനം പ്രസംഗിച്ച് അവഗണിക്കുകതന്നെ ചെയ്തു. മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനേക്കാള്‍ വെട്ടിമാറ്റുന്നതില്‍ ശ്രദ്ധിക്കുകയും കോണ്‍ക്രീറ്റ് സൗധങ്ങള്‍ പണിതുയര്‍ത്തുകയും ചെയ്യുന്നതില്‍ പരാക്രമം കാണിച്ചില്ലേ?

പുഴയൊഴുകും വഴി മനുഷ്യരാല്‍ നിര്‍മിക്കപ്പെട്ടവയല്ല. എന്നാല്‍ പുഴ വറ്റുന്നതു നോക്കിനിന്ന നാം പുഴയി ലും സ്ഥലം കയ്യേറുന്നതില്‍ താത്പര്യം കാണിച്ചു. ദീര്‍ഘകാലവിളകള്‍വരെ കൃഷി ചെയ്തു വെള്ളത്തിന്‍റെ സുഗമമായ മാര്‍ഗത്തെ നാം തടസ്സപ്പെടുത്തിയില്ലേ? പുഴകള്‍ക്ക് അതിരുകള്‍ കെട്ടിപ്പൊക്കി പുഴയുടെ വഴിയെ ഇടുങ്ങിയ ചാലുകളാക്കിയില്ലേ? വിശാലമായൊഴുകിയിരുന്ന വെള്ളത്തെ ഒരു നിശ്ചിത പൈപ്പിലൂടെ തിരിച്ചുവിട്ടാല്‍ എന്താകും അവസ്ഥ!? പുഴ പുഴയായി ഒഴുകിയിരുന്നെങ്കില്‍ ഇത്രമാത്രം വെള്ളത്തിന്‍റെ ഗതിമാറ്റം സംഭവിക്കുമായിരുന്നില്ല! അപ്രതീക്ഷിതമായെത്തിയ 'ജലശക്തി' നാലുപാടും ഇടിച്ചുകയറി ഒഴുകിയതിന്‍റെ പരിണതഫലമാണു നാം കണ്ടതും ദുരന്തമായി നമ്മിലേക്കെത്തിയതുമായ പ്രളയം! പ്രധാന വഴിയില്‍ തടസ്സമുണ്ടാകുമ്പോള്‍ പോക്കറ്റ് വഴിയിലൂടെ നാം യാത്ര ചെയ്യാന്‍ നിര്‍ബന്ധിതമാകില്ലേ?

ജലം സൂക്ഷിച്ചിരുന്ന ഏക്കറുകളോളം വരുന്ന നെല്‍പ്പാടം നികത്തി അന്താരാഷ്ട്ര വികസനം പടുത്തുയര്‍ത്തിയപ്പോഴും നാമൊന്നും വെള്ളത്തിന്‍റെ നിര്‍ഗമനമാര്‍ഗത്തെക്കുറിച്ചു ദീര്‍ഘവീക്ഷണം പുലര്‍ത്തിയില്ല. വരള്‍ച്ചയുടെ കാലത്തു വര്‍ഷത്തെക്കുറിച്ചു ചിന്തിക്കാത്ത ഒരു വികസനവീക്ഷണം നമ്മുടെ വീഴ്ചയായി മാറിയെന്നതില്‍ തര്‍ക്കിക്കാനാകുമോ? വൈദ്യുതോത്പാദനവും ജലസേചനവും മാത്രം മുന്നില്‍ കണ്ടു മനുഷ്യജീവന്‍റെ മേല്‍ കെട്ടിപ്പൊക്കിവച്ചിരിക്കുന്ന ഡാമുകള്‍ ജലം ശേഖരിക്കുന്നതിലും സൂക്ഷിക്കുന്നതിലും തുറന്നുവിടുന്നതിലുമൊക്കെ വേണ്ടത്ര ദീര്‍ഘവീക്ഷണം പുലര്‍ത്തുന്നുണ്ടോ? കാലഹരണപ്പെട്ടതും അല്ലാതെയുമായി ഇത്രമാത്രം ഡാമുകള്‍ നമുക്കു യുക്തിസഹമാണോ?

കാലഹരണപ്പെട്ടുവെന്നു സാമാന്യ ബുദ്ധിപോലും അംഗീകരിക്കുന്ന മുല്ലപ്പെരിയാര്‍ നിറഞ്ഞു കഴിയുമ്പോഴും 'കരാര്‍' കാരണമാക്കുന്ന മനുഷ്യരെ എന്തു പേരിട്ടു വിളിക്കണം? ലക്ഷക്കണക്കായ മനുഷ്യരുടെ ജീവനും സ്വത്തിനും വിലയില്ലെന്നുണ്ടോ? കാലഹരണപ്പെട്ട ഡാമിനു പ്രശ്നമില്ലെന്നു പറയുന്ന "വിദഗ്ദ്ധ സമിതി" ഒരു കാര്യം ഓര്‍ക്കുന്നതു നല്ലതാണ് വിദഗ്ദ്ധരെന്നും മുല്ലപ്പെരിയാറിന്‍റെ കുത്തൊഴുക്കിന്‍റെ വഴിയിലെ താമസക്കാരല്ലെന്നത്! ദുരന്തം മുന്നിലുണ്ടെന്ന് അറിയാമായിരുന്നിട്ടും വേണ്ടത്ര കരുതലെടുക്കാനാകാത്ത വികസനശാസ്ത്രം ആര്‍ക്കു വേണ്ടിയാണ്?

ദുരന്തമെത്താതെ പരിഹാരമില്ലെന്നൊരു 'നാട്ടുനടപ്പു' നമുക്കിടയില്‍ സംഭവിക്കുന്നുണ്ടോയെന്നു വിചിന്തനം നടത്തണം. ഇത്രമാത്രം ശാസ്ത്രം ദീര്‍ഘവീക്ഷണബന്ധിയായിരുന്നിട്ടും ഈ പ്രളയത്തിന്‍റെ ഗതിയോ ശക്തിയോ വ്യാപ്തിയോ ഊഹിക്കാന്‍ പോലുമായോ? ഒരിക്കലും വെള്ളമുയരില്ലെന്നു കരുതിയ സ്ഥലവും വെള്ളമിടിച്ചു കയറി മുക്കിയെങ്കില്‍ നമ്മുടെ പരിസ്ഥിതിക്കേറ്റ ആഘാതങ്ങളുടെ പരിണതഫലമല്ലേ? പുഴയിലേക്കു കാലാകാലം നാം വലിച്ചെറിഞ്ഞ പാഴ്വസ്തുക്കള്‍ നമ്മുടെ വീട്ടുമുറ്റത്തും പാലങ്ങളിലും ഇതര വാസയോഗ്യമായ ഇടങ്ങളിലും തിരികെയെത്തിച്ചു പുഴ, പുഴയുടെ വഴിയേ പോയില്ലേ? പുഴ സ്വയം അടിച്ചുകഴുകി വൃത്തിയാക്കിയെന്നു പറയാം. നഷ്ടങ്ങള്‍ മനുഷ്യനു മാത്രം!! പുഴയെ നാം ചെറുതാക്കി വികസനം വലുതാക്കിയപ്പോള്‍ ദുരന്തം നമ്മെ വേട്ടയാടി. ദുരന്തമുഖത്തുള്ളവര്‍ക്കേ അതിന്‍റെ ആഘാതം തിരിച്ചറിയാനാകൂ.

മഴ നിന്നു, കെടുതികളില്‍നിന്നു മോചനമായി. ഇനി നവകേരളത്തിലേക്കു കോടികളുടെ പ്രളയമെത്തുകയാണ്. സഹാനുഭൂതിയുടെ ആഴവും സൗഹാര്‍ദ്ദത്തിന്‍റെ പരപ്പുമൊക്കെ നാം തിരിച്ചറിയുന്ന നേരം! ലോകത്തിനു തന്നെ മാര്‍ഗദീപമായി മാറിയ മലയാളികളുടെ രക്ഷാപ്രവര്‍ത്തനത്തിലെ ഒത്തൊരുമ, ചങ്കുറപ്പ്!

ഇതെല്ലാം നമുക്കൊരു വിചിന്തനത്തിനും വിശകലനത്തിനും ശാശ്വതമായ പരിഹാരത്തിനുമുള്ള പാഠമാകേണ്ടേ? മഴ നിന്നോ? ന്യൂനമര്‍ദ്ദം കാലഹരണപ്പെട്ടോ? കുന്നിനു മുകള്‍പ്പരപ്പിലെ ഡാമുകള്‍ നവീകരിക്കുകയും ശാക്തീകരിക്കപ്പെടുകയും ചെയ്തുവോ? തുളുമ്പി നില്ക്കുന്ന ഡാമുകള്‍ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ തുറക്കേണ്ടി വരില്ലേ? മുല്ലപ്പെരിയാറിനെക്കുറിച്ച് ഒന്നുമറിയാത്ത കേരളത്തിനു തമിഴ് നാടിന്‍റെ മുന്നില്‍ 'മണ്ടന്‍കളി' തുടരേണ്ടി വരില്ലേ?

പ്രളയക്കെടുതിയുടെ വഴികള്‍ പഠനവിധേയമാക്കണം. ഈ വഴികളെല്ലാം ഇനിയുമൊരു കെടുതിയുടെ ഭീതിയിലാണോയെന്നും പഠിക്കണം. പുഴ ഗതി മാറാനിടയായ സാഹചര്യത്തെ തിരുത്തി പുനരാസൂത്രണം ചെയ്യണം. പാറമടകള്‍ പരിസ്ഥിതിയുടെ പാളം തെറ്റിക്കുന്നതിന് ഇട നല്കരുത്. വയലുകള്‍ നികത്തി വികസനം തയ്യാറാക്കരുത്. വെള്ളത്തിന്‍റെ നിര്‍ഗമനമാര്‍ഗത്തെയും സ്വാഭാവികസൂക്ഷിപ്പുകളെയും ഇല്ലാതാക്കരുത്. വനനശീകരണവും വിളനശീകരണവും അരുത്. പാഴ്വസ്തുക്കളുടെ നിക്ഷേപകേന്ദ്രങ്ങളാക്കി പുഴകളെയും നീര്‍ച്ചാലുകളെയും മാറ്റരുത്.

പ്രകൃതിയില്‍ കൂടി നാം ദൈവത്തിലേക്കു വളരണം. ദൈവത്തെ അനുസരിച്ചു സുരക്ഷിതമായി ജീവിക്കുവാനുള്ള പരിസ്ഥിതിയില്‍ താന്തോന്നിത്തത്തിന്‍റെ സൗധങ്ങള്‍ ഉയര്‍ത്താന്‍ തിടുക്കം കാട്ടരുത്. എല്ലാത്തിനും ഒരു സ്വാഭാവികതയുണ്ട്; അതുതന്നെയാണു ദൈവപരിപാലനയുടെ അടയാളം; അതിനെ തകിടം മറിക്കാന്‍ പാടുപെടരുത്. നാം കഴിഞ്ഞാലും ഇവിടെ ജീവിതങ്ങളുണ്ട്.

ഇനി അതിജീവനത്തിന്‍റെയും പുനരധിവാസത്തിന്‍റെയും നാളുകള്‍ ഒരുമയുടെ ദിനങ്ങളാകണമിനിയങ്ങോട്ട്. എന്നാല്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെയും ദുരിതാശ്വാസത്തിന്‍റെയും നാളുകള്‍ കടന്നു നാടു ചില തനതു ഭാവങ്ങളിലേക്കു തിരിച്ചെത്തുന്നതുപോലെ. രാഷ്ട്രീയം തലപൊക്കുന്നു; തട്ടിപ്പുകളും തിരിമറികളും വാര്‍ത്തയാകുന്നു. നൊമ്പരക്കാഴ്ചകള്‍ക്കിടയില്‍ ലാഭേച്ഛകളുടെ കൂര്‍മബുദ്ധികള്‍ ഉണരുന്നതുപോലെ തോന്നുന്നു. "പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന" നയം ഉണ്ടോയെന്നു സംശയിക്കുന്നു. ഇതു മാറണം. ദുരിതമനുഭവിക്കുന്നവര്‍ക്കു യഥാര്‍ത്ഥ ആശ്വാസം ലഭിക്കണം; അവരെല്ലാം സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തുകയും വേണം. ലോകം മുഴുവന്‍ കേരളത്തിന്‍റെ കണ്ണീര്‍ പ്രളയത്തിലേക്കു താങ്ങായെത്തുന്നുണ്ട്, യഥാവിധി അതെല്ലാം എത്തേണ്ടിടത്ത് എത്തണം. നഷ്ടങ്ങള്‍ നികത്തി പുതുജീവിതത്തിലേക്കു സകലരും കടന്നുവരണം. പണമല്ല. ഇച്ഛാശക്തിയും ആസൂത്രണവും ആത്മാര്‍ത്ഥതയും ഒത്തൊരുമയും സത്യസന്ധതയുമാണിവിടെ പ്രധാനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org