നീതിയും സത്യവും പുലരേണ്ട നാളുകൾ

നീതിയും സത്യവും പുലരേണ്ട നാളുകൾ

ഫാ. വര്‍ഗീസ് തൊട്ടിയില്‍

ദുരന്തങ്ങളുടെയും പ്രകൃതിക്ഷോഭങ്ങളുടെയും വറുതിയുടെയുമൊക്കെ നാളുകളിലാണ് മനുഷ്യന്‍ എല്ലാം മറന്ന് ഒരു ഫ്ളാറ്റ് ഫോമില്‍ ഒരുമിച്ചു കൂടുന്നത്. മനുഷ്യത്വത്തിന്‍റെ തനിമയാര്‍ന്ന ആവിഷ്ക്കാരങ്ങളും പ്രകടനങ്ങളും ദുരന്തഭൂമികയില്‍ പൊതുവെ കാണാന്‍ കഴിയും. എന്നാല്‍ ഇതിനിടയിലും ചൂഷണത്തിന്‍റെയും മുതലെടുപ്പിന്‍റെയും രഹസ്യ അജന്‍റകളുമായി സഹായഹസ്തം നീട്ടുന്ന ചിലരുണ്ടെന്നുള്ളത് നമ്മെ അമ്പരിപ്പിക്കുന്ന കാഴ്ചയാണ്.

പേമാരിയും ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും കനത്ത നാശം വിതച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും മതവിഭാഗങ്ങളും കൈകോര്‍ത്തുനിന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നത് ശ്ലാഘനീയമാണ്. എന്നാല്‍ ഇതിനിടയിലും ദുരന്തഭൂമികയിലേക്ക് കനിവായി പെയ്തിറങ്ങുന്ന കാരുണ്യത്തിന്‍റെ ഉറവകളെ വിവിധ വഴികളിലൂടെ തിരിച്ചുവിട്ടും, പിടിച്ചെടുത്തും ജീവിക്കുന്ന മുതലെടുപ്പിന്‍റെ രാഷ്ട്രീയവും സാക്ഷര കേരളത്തില്‍ അരങ്ങേറുന്നുണ്ട് എന്നത് അപമാനകരമാണ്. സുനാമി ഫണ്ടിന്‍റെ വിനിയോഗം, കടല്‍വെള്ളം ഒട്ടുമെത്താത്ത ഹൈറേഞ്ചിലെ മനുഷ്യരിലേക്കും പ്രസ്ഥാനങ്ങളിലേക്കും എത്തിച്ചേര്‍ന്നതുകണ്ട് മൂക്കത്ത് വിരല്‍ വച്ചിട്ടുണ്ട് പണ്ട് നമ്മള്‍. കേന്ദ്രത്തില്‍ നിന്നും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്ന ഫണ്ടുകള്‍ അര്‍ഹരായവര്‍ക്ക് പൂര്‍ണമായി ലഭിക്കുമോ എന്നതും ചില ഭൂതകാല സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സന്ദേഹജനകമായ കാര്യമാണ്.

മാവേലി നാടുവാണിരുന്ന കാലത്തില്‍ മാത്രമല്ല, മനുഷ്യരൊന്നായിരുന്നത്. ദൗര്‍ഭാഗ്യങ്ങളുടെയും ദുരന്തങ്ങളുടെയുമിടയിലും മനുഷ്യര്‍ ഒന്നായിത്തീരാറുണ്ട്. എന്നാല്‍ ഈ കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അരിയും മറ്റു ഭക്ഷണസാധനങ്ങളും വിതരണം ചെയ്യാനെത്തിയവരോട്, സ്വീകരിക്കുന്നവരില്‍ ചിലര്‍ മതവും ജാതിയും ചോദിച്ചതും ചില പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും പേരില്‍ കാരുണ്യ ഹസ്തം നീട്ടി ദുരിതമനുഭവിക്കുന്നവര്‍ക്കിടയിലേക്കെത്തിയവര്‍ തങ്ങളുടെ പ്രസ്ഥാനത്തിലും സംഘടനയിലും പെട്ടവര്‍ക്കു മാത്രം ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്തതും സാംസ്കാരിക കേരളത്തിന് തീര്‍ത്തും അപമാനകരമായി. ഓരോ സമുദായത്തിന്‍റെയും സംഘടനകളുടെയും പേരില്‍ ശേഖരിച്ച അരിയും മറ്റു വിഭവങ്ങളും ആ സമുദായത്തിന്‍റെ, സംഘടനയുടെ പേരില്‍ത്തന്നെ വിതരണം ചെയ്യണമെന്ന നിര്‍ബന്ധബുദ്ധിയും ചിലര്‍ പ്രകടിപ്പിക്കുകയുണ്ടായി.

നവോത്ഥാന മൂല്യങ്ങളില്‍ നിന്ന് കേരളം ഏറെ അകന്നുപോകുന്നതിന്‍റെയും സങ്കുചിത ചിന്തകള്‍ വര്‍ദ്ധമാനമാകുന്നതിന്‍റെയും പ്രത്യക്ഷ അടയാളങ്ങളാണ് ദുരിതമനുഭവിക്കുന്നവര്‍ക്കിടയിലും കാണപ്പെടുന്ന ചൂഷണങ്ങളും ചേരിതിരിവുകളും. ഭാരതം സ്വാതന്ത്ര്യത്തിന്‍റെ 71-ാം പിറന്നാള്‍ ആഘോഷിക്കുകയും കേരളം ഓണത്തിന്‍റെ ഉത്സവനാളുകളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന ഈ ദിനങ്ങളില്‍, യഥാര്‍ത്ഥ മാനവികതയെക്കുറിച്ചും സ്വാതന്ത്ര്യബോധത്തെക്കുറിച്ചും നാം ആശങ്കപ്പെടേണ്ടി വരുന്നു, ഇനിയും എന്നത് ഭയജനകമായ കാര്യമാണ്. അതിര്‍വരമ്പുകളില്ലാതാകുന്ന, മനുഷ്യരെല്ലാരുമൊന്നുപോലെ ജീ വിക്കുന്ന നല്ല നാളെയെ സ്വപ്നം കാണാനല്ല, ഈ ദിനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുക; മറിച്ച് വര്‍ത്തമാനകാലത്തിന്‍റെ ഇരകളില്‍ നാം സ്വീകരിക്കുന്ന നിലപാടുകളും തീരുമാനങ്ങളും ഇടപെടലുകളും വഴി നാം യഥാര്‍ത്ഥ മനുഷ്യരായി ജീവിക്കുകയാണ് വേണ്ടത്. നമ്മുടെ ചുറ്റും അരങ്ങേറുന്ന പ്രകൃതിക്ഷോഭത്തിന്‍റെ ഈ നാളുകളില്‍ ചേരിതിരിവിന്‍റെയും ചൂഷണത്തിന്‍റെയും യാതൊരു ലാഞ്ചനകളുമില്ലാതെ നമുക്ക് സത്യസപരാവാം. നീതിബോധമുള്ളവരാകാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org