നേന്ത്രപ്പഴത്തിന്റെ ​ഗുണങ്ങൾ

നേന്ത്രപ്പഴത്തിന്റെ ​ഗുണങ്ങൾ

നേന്ത്രപ്പഴം ഒരു സമ്പൂര്‍ണ്ണ ആഹാരമായി കണക്കാക്കപ്പെടുന്നു. ഒട്ടനവധി ഔഷധഗുണങ്ങളുടെയും പോഷകഗുണങ്ങളുടെയും ഉറവിടം കൂടിയാണ് നമ്മുടെ നേന്ത്രപ്പഴം. മനുഷ്യശരീരത്തിന്‍റെ ശരിയായ വളര്‍ച്ചയ്ക്ക് അത്യാശ്യമായ ഘടകങ്ങളാണ് മിനറലുകള്‍ അഥവാ ധാതുക്കള്‍. പത്തോളം ധാതുക്കള്‍ നമ്മുടെ ശരീരത്തിന് ആവശ്യമുണ്ട്. ധാതുക്കളുടെ കലവറയാണ് നല്ലവണ്ണം പഴുത്ത ഒരു നേന്ത്രപ്പഴം.

കാല്‍സിയം, പ്രോട്ടീന്‍, നാരുകള്‍, ധാതുക്കള്‍, കൊഴുപ്പ്, ജലാംശം, ഇരുമ്പ്, കരോട്ടിന്‍, വൈറ്റമിന്‍ എ.സി.ഡി. തുടങ്ങിയവയെല്ലാം തന്നെ വിവിധ അളവില്‍ നേന്ത്രപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കഴിക്കുവാന്‍ ഇഷ്ടപ്പെടുന്ന ഒരു ഫലം കൂടിയാണ് ഇവ.

ശിശുക്കള്‍ക്ക് ഇത് വളരെ നല്ലൊരു ഭക്ഷണപദാര്‍ത്ഥമാണ്. നേന്ത്രപ്പഴം തൈരില്‍ ഉടച്ചുചേര്‍ത്ത് അല്പം തേനും ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ ശരീരശക്തിയും പ്രതിരോധവും വര്‍ദ്ധിക്കും. പണ്ടുകാലം മുതലെ കുഞ്ഞുങ്ങള്‍ക്ക് ഏത്തക്കാപൊടി തയ്യാറാക്കി കുറുക്കിക്കൊടുക്കുന്ന ഒരു സമ്പ്രദായം കേരളത്തില്‍ ഉണ്ട്. കുഞ്ഞുങ്ങള്‍ക്ക് നല്ലൊരു ആഹാരമാണിത്.

നേന്ത്രക്കായ ഉണക്കിപ്പൊടിച്ചത് കുറുക്കിയോ കഞ്ഞിയുടെ രൂപത്തിലോ കഴിക്കുന്നത് വയറുവേദന, അതിസാരം, ആമാശയവ്രണം, മുത്രാശയരോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ആശ്വാസം കിട്ടാന്‍ ഉപകരിക്കും.

തീപൊള്ളിയ ഭാഗത്ത് നല്ലവണ്ണം പാകമായി പഴുത്തനേന്ത്രപ്പഴം ഉടച്ചുപ്പരത്തിയിട്ടാല്‍ പൊള്ളലിന് ശമനം ഉണ്ടാവും.
സൗന്ദര്യസംരക്ഷണത്തിനും നേന്ത്രപ്പഴം നല്ലതാണ്. നിത്യവും ഓരോ നേന്ത്രപ്പഴം ഭക്ഷിക്കുന്നത് ആരോഗ്യം കാത്തുപരിപാലിക്കുവാന്‍ ഉപകരിക്കും.

നേന്ത്രപ്പഴം പനിനീരില്‍ ചാലിച്ച് പുരട്ടിയാല്‍ മുഖത്തെ കുരുക്കള്‍, കലകള്‍ എന്നിവ മാറി മുഖശോഭ വര്‍ദ്ധിക്കുവാന്‍ ഉപകരിക്കും. നേന്ത്രപ്പഴത്തിന്‍റെ തൊലിയും ഔഷധഗുണമുള്ളതാണ്. ടൈഫോയ്ഡ്, അതിസാരം, കുടല്‍പുണ്ണ്, പ്രമേഹം, ക്ഷയം, മലബന്ധം തുടങ്ങി പലവിധ രോഗത്തിനും നേന്ത്രപ്പഴം ഉപയോഗിക്കാറുണ്ട്.

തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാനുള്ള കഴിവ് നേന്ത്രപ്പഴത്തിനുണ്ട്. അതുകൊണ്ടുതന്നെ തളര്‍ച്ചയകറ്റാനും നേന്ത്രപ്പഴം ഉത്തമമാണ്. ഒട്ടനവധി രോഗങ്ങള്‍ക്ക് പ്രതിവിധിയാണ് നമ്മുടെ നേന്ത്രപ്പഴം.

ലോകത്ത് ഏറ്റവും അധികം ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ഫലവര്‍ഗ്ഗം കൂടിയാണ് നേന്ത്രപ്പഴം. ഇംഗ്ലീഷില്‍ 'ബനാന' എന്നും സംസ്കൃതത്തില്‍ രംഭാഫലം എന്നും അറിയപ്പെടുന്ന ഇവ 'മ്യൂസേസി' കുലത്തില്‍പ്പെടുന്നു.

ക്ഷീണവും തളര്‍ച്ചയും മാറുവാന്‍ നേന്ത്രപ്പഴം ഭക്ഷിക്കുന്നത് നല്ലതാണ്. ഏറ്റവും വലിയ ഔഷധിയായ വാഴക്ക് മലയാളിയുടെ ജീവിതത്തില്‍ മുഖ്യമായ സ്ഥാനമുണ്ട്. വാഴപ്പഴം നമുക്ക് ഭക്ഷണത്തിനൊപ്പം പൂജാദ്രവ്യവുമാണ്. വാഴയില നമുക്ക് ഊണിനുള്ള വിശിഷ്ടമായ പാത്രം മുതല്‍ മരണക്കിടക്കവരെ ആകാറുണ്ട്. മലയാളിയുടെ മാത്രമായ ഓണത്തിന്‍റെയും ഓണവിഭവത്തിന്‍റെയും ചുക്കാന്‍പിടിക്കുന്നത് വാഴയും നേന്ത്രപ്പഴവുമാണെന്നത് അതിന്‍റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

വളരെയധികം ഔഷധഗുണങ്ങളുടെയും പോഷകഗുണങ്ങളുടെയും കലവറയാണ് നമ്മുടെ നേന്ത്രപ്പഴം എന്ന കാര്യം മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org