ന്യൂയര്‍ സമ്മാനം

ന്യൂയര്‍ സമ്മാനം

ഫ്രാന്‍സിസ് തറമ്മേല്‍

സമ്മാനപ്പൊതി തുറന്നു നോക്കി എട്ടു വയസ്സുകാരന്‍ ഇമ്മാനുവേല്‍ വല്യപ്പനോടു ചോദിച്ചു: "ഇതെന്താ എനിക്കും ചേച്ചിക്കും ഒരേപോലെയുള്ള സമ്മാനങ്ങള്‍!" നിങ്ങള്‍ രണ്ടാളും എനിക്ക് ഒരുപോലെ; വല്യപ്പച്ചന്‍ മറുപടി പറഞ്ഞു. അപ്പോള്‍ പത്തു വയസ്സുകാരി മരിയാ റോസ് അനുജനോടു പറഞ്ഞു, പരാതിയും പരിഭവവും വേണ്ട. ആദ്യം നമുക്കിതു സമ്മാനിച്ച വല്യപ്പച്ചനു നന്ദി പറഞ്ഞ് ആശംസകള്‍ നേരണം. ഇമ്മാനുവേല്‍ ചേച്ചിയെ അനുസരിച്ചു. അവര്‍ രണ്ടു പേരും നന്ദിയറിയിച്ചപ്പോള്‍ വല്യപ്പച്ചന്‍ പറഞ്ഞു: "നിങ്ങള്‍ക്കും നന്മകള്‍ മാത്രം ഞാനും പ്രാര്‍ത്ഥിക്കുന്നു."

ഹായ് എത്ര സുന്ദരം! വല്യപ്പച്ചന്‍ സമ്മാനിച്ച പാവക്കുട്ടികള്‍ – മരിയദാസ് പറഞ്ഞു. ചേച്ചീ നോക്കൂ ഈ പാവക്കുട്ടി താനേ കണ്ണുകള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു. എനിക്ക് ഈ പാവക്കുട്ടി മതി. ഒരു നിമിഷം മരിയാ റോസ് അനുജന്‍ സ്വന്തമാക്കിയ പാവക്കുട്ടിയെ കൗതുകത്തോടെ എടുക്കുമ്പോള്‍ ആ പാവക്കുട്ടി താഴെ വീണു. അപ്പോള്‍ അതിന്‍റെ കണ്ണുകളുടെ സ്ഥാനത്തു വച്ചിരുന്ന നീലക്കല്ലുകള്‍ അടര്‍ന്നു ദൂരേയ്ക്കു തെറിച്ചു. ചേച്ചി എന്‍റെ പാവക്കുട്ടിയെ കണ്ണില്ലാതാക്കി; ഇമ്മാനുവേല്‍ കരച്ചിലായി! പകരം തന്‍റെ പാവക്കുട്ടിയെ നല്കാമെന്നു മരിയാറോസ് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

ഒടുവില്‍ പപ്പ അവനോടു പറഞ്ഞു, മോനേ ഒരാള്‍ക്കൊരു അബദ്ധം പറ്റിപ്പോയാല്‍ മനംനൊന്ത് നമ്മള്‍ അവരുടെകൂടെ നില്ക്കുകയല്ലേ വേണ്ടത്. അല്ലാതെ വലിയ തെറ്റുകാരിയാക്കി എന്തിനു നീ ചേച്ചിയെ വിഷമിപ്പിക്കുന്നു." ഇതൊന്നും അവന്‍റെ കരച്ചില്‍ നിര്‍ത്താനായില്ല. വാശിയോടെതന്നെ ഇമ്മാനുവേല്‍ രാത്രിഭക്ഷണം ഉപേക്ഷിച്ചുറങ്ങി.

എങ്കിലും വേറൊരു സ്വപ്നലോകത്തിലവന്‍ ഉണര്‍ന്നു. അവിടെയവനു കാണുവാനായതു വല്യപ്പച്ചനെപ്പോലൊരാള്‍ ഊന്നുവടിയുടെ സഹായത്തില്‍ നടന്നുനീങ്ങുന്നു. ആ മനുഷ്യന്‍റെ തപ്പിത്തടഞ്ഞുള്ള നടപ്പുകണ്ട് അവന്‍ മനസ്സിലാക്കി, അയാളുടെ കണ്ണുകള്‍ക്കു കാഴ്ചയില്ല. അവന്‍ ഓടിച്ചെന്ന് ആ മനുഷ്യനെ സഹായിക്കുവാനൊരുങ്ങുമ്പോള്‍ അവന്‍ ആ കാഴ്ച കണ്ടു! അതിസുന്ദരമായ ഒരു പാവക്കുട്ടി അയാളുടെ ഇടതു കയ്യില്‍. എങ്ങനെയെങ്കിലും ആ പാവക്കുട്ടിയെ സ്വന്തമാക്കണം എന്ന ചിന്ത അവനിലുണ്ടായപ്പോള്‍ അവന്‍റെ സഹായകരങ്ങള്‍ ഇടറി. ആ മനുഷ്യന്‍ രണ്ടുവട്ടം താഴെ വീണു. വീണ്ടും അവന്‍റെ സഹായത്തിലുയര്‍ന്നു നിന്നപ്പോള്‍ ആ മനുഷ്യന്‍ അവനോടു പറഞ്ഞു; ഞാന്‍ നിനക്കു തരുവാനായി കരുതിയ സമ്മാനം എന്‍റെ വീഴ്ചയില്‍ നിനക്കു നഷ്ടമായി! ദൈവത്തിന്‍റെ കയ്യിലെ സമ്മാനമാണു തനിക്കു നഷ്ടമായതെന്ന തിരിച്ചറിവോടെ അവന്‍ സ്വപ്നലോകം വിട്ടുണര്‍ന്നു. യുക്തിയോടെ ദൈവത്തെ വിളിച്ചവന്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ അവന്‍റെ ഓര്‍മയില്‍ ആദ്യം വന്നതു പപ്പ പറഞ്ഞുതന്നിട്ടുളള വാക്കുകളാണ്. വയസ്സായ മനുഷ്യരെ നമ്മുടെ ഏറ്റവും വലിയ സമ്പാദ്യമായി കാണണം. മാതാപിതാക്കളില്‍ നിന്നുള്ള നല്ല അറിവുകള്‍ കൂട്ടിനുണ്ടായിട്ടും ആ പാവം അപ്പൂപ്പന്‍റെ വീഴ്ചയിലും താന്‍ കൊതിച്ചതു സ്വന്തം നേട്ടം മാത്രമാണ്. ഇരുകൈകളുംകൊണ്ടു നമ്മള്‍ മറ്റൊരാളില്‍ നിന്നു സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ ആ സമ്മാനത്തിന്‍റെ രൂപഭംഗിയോ അതിന്‍റെ വലിപ്പമോ ചെറുപ്പമോ അല്ല അളക്കേണ്ടത്. സമ്മാനം നല്കുന്നയാളുടെ നല്ല ഹൃദയമാണ് ആദ്യം കാണേണ്ടത്! കണ്ടതൊന്നും സ്വപ്നമല്ല; അവന്‍റെയുളളിലെ നല്ലതല്ലാത്ത ചിന്തകളാണെന്ന് ഉറപ്പിച്ച് ഇമ്മാനുവേല്‍ ദൈവത്തോടു മാപ്പു പറഞ്ഞു ചേച്ചിക്ക് അരികിലേക്കു നടന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org