നിനക്ക് അവനോട് സ്നേ​ഹമാണോ?

നിനക്ക് അവനോട് സ്നേ​ഹമാണോ?

ജോര്‍ജ്ജ് മുരിങ്ങൂര്‍

ഞാനൊന്ന് ചോദിച്ചോട്ടെ. ആത്മാര്‍ത്ഥമായി നീ അവനെ സ്നേഹിക്കുന്നുണ്ടോ? സത്യം തുറന്നു പറയണം. ഉള്ള് തുറന്നു പൂര്‍ണ്ണഹൃദയത്തോടെ നിനക്കവനെ സ്നേഹിക്കാന്‍ കഴിയുന്നുണ്ടോ? ഒരു കാര്യം കൂടി ചോദിക്കട്ടെ. നീ അവനെ പൂര്‍ണ്ണഹൃദയത്തോടെ വിശ്വസിക്കുന്നുണ്ടോ? നിനക്ക് സംരക്ഷണം നല്കാന്‍ കഴിയുന്ന വിധത്തില്‍ അവന്‍ ശക്തനാണെന്ന് നീ കരുതുന്നുണ്ടോ? ഞാനൊന്നു ചോദിക്കട്ടെ.
ശരി ചോദിക്കൂ…

വിശ്വസിക്കുന്നതുകൊണ്ടാണോ സ്നേഹിക്കുന്നത്? അഥവാ സ്നേഹിക്കുന്നതു കൊണ്ടാണോ വിശ്വസിക്കുന്നത്?

ഇക്കാര്യത്തില്‍ എനിക്ക് ഒന്നേ പറയാനുള്ളൂ. സ്നേഹിക്കാന്‍ തുടങ്ങുമ്പോള്‍ വിശ്വാസം മുളച്ചുപൊന്തും; വിശ്വസിക്കാന്‍ തുടങ്ങുമ്പോള്‍ സ്നേഹവും മുളച്ചുപൊന്തും. സ്നേഹത്തില്‍നിന്ന് വിശ്വാസത്തേയോ വിശ്വാസത്തില്‍നിന്ന് സ്നേഹത്തേയോ വേര്‍തിരിക്കാന്‍ ശ്രമിക്കേണ്ടതില്ല. രണ്ടും ഒന്നിച്ചുപോകുന്നു. രണ്ടും ഒന്നിച്ചു തഴച്ചുവളരുകയും ചെയ്യുന്നു. നിന്‍റെ ചോദ്യത്തിനു ഞാന്‍ മറുപടി പറഞ്ഞു. എന്‍റെ ചോദ്യത്തിനു നീ മറുപടി പറഞ്ഞില്ല. ചോദ്യം ഞാന്‍ ആവര്‍ത്തിക്കട്ടെ. നീ അവനെ സ്നേഹിക്കുന്നുണ്ടോ? അവന്‍റെ കൂടെ നടന്നാല്‍ നിന്‍റെ ആഗ്രഹങ്ങളൊക്കെയും നേടിയെടുക്കാന്‍ സാധിക്കും. ആ ഒരു ചിന്തയല്ലേ അവന്‍റെ പിന്നാലെ പോകാന്‍ നിന്നെ പ്രേരിപ്പിക്കുന്നത്? അവന്‍റെ കൂടെ നടന്നിട്ട് നിന്‍റെ പ്രശ്നങ്ങള്‍ക്കൊന്നിനും പരിഹാരം കിട്ടിയില്ലെങ്കില്‍ നിനക്കവനെ സ്നേഹിക്കാന്‍ കഴിയുമോ? അവനെ പ്രതി, അവനുവേണ്ടി നിന്‍റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ബലി കൊടുക്കാന്‍ നിനക്കു കഴിയുമോ? നീ അവനെ സ്നേഹിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ നിനക്കുതന്നെ ഒരു സംശയം. നീ അവന്‍റെ പുറകെ നടക്കുന്നത് സ്നേഹം കൊണ്ടല്ല എന്നു പറഞ്ഞാല്‍ നിനക്കത് നിഷേധിക്കാന്‍ കഴിയുമോ? അവന്‍റെ പിന്നാലെ നടന്നാല്‍ എന്തെങ്കിലും കിട്ടിയെങ്കിലായി. അത്രയേയുള്ളൂ നിന്‍റെ സ്നേഹത്തിന്‍റെ ആഴം! ഇനി മറ്റൊരു ചോദ്യം. അവന്‍ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് നിനക്ക് വിശ്വാസമുണ്ടോ? അക്കാര്യത്തില്‍ നിനക്ക് ഉറച്ചബോധ്യങ്ങളുണ്ടോ? അവന്‍ നിന്നെ സ്നേഹിക്കുന്നുണ്ടോ എന്ന കാര്യത്തിലും നിനക്കു സംശയമുണ്ടോ? അവന്‍ നിന്നെ ആത്മാര്‍ത്ഥതയോടെ, പൂര്‍ണ്ണ ഹൃദയത്തോടെ സ്നേഹിക്കുന്നുണ്ട്. എങ്കിലും നീ സംശയത്തിലാണ്. അവന്‍റെ സ്നേഹം ലഭിക്കാന്‍ തക്കവണ്ണം നിനക്കു യോഗ്യതകളൊന്നുമില്ലെന്ന് നീ കരുതുന്നു. ഓര്‍മ്മവച്ച നാള്‍ മുതല്‍, അവനെക്കുറിച്ച് കേള്‍ക്കുന്നതുകൊണ്ട് നീ അവന്‍റെ പിന്നാലെ പോകുന്നുവെന്നുമാത്രം. നിന്‍റെ വീട്ടില്‍വച്ച്, നിന്‍റെ പള്ളിയില്‍വച്ച്, നീ പഠിച്ച വിദ്യാലയത്തില്‍ വെച്ച് നീ അവനെക്കുറിച്ചുകേട്ടിട്ടുണ്ട്. എന്നാല്‍ നീ അവന്‍റെ അടുത്ത് എത്തിയിട്ടില്ല; അതുകൊണ്ട് നീ അവനെ അനുഭവിച്ചറിഞ്ഞിട്ടില്ല. നീ ഇപ്പോള്‍ യൗവ്വനത്തിലേക്ക് കടന്നിരിക്കുന്നു. എന്നിട്ടും നിനക്ക് അവനെക്കുറിച്ച് വ്യക്തമായ ധാരണകളൊന്നുമില്ല. അതുകൊണ്ട് നിന്‍റെ ആത്മാവില്‍ അവനെ അനുഭവിച്ചറിയാന്‍ നീ ആഗ്രഹിച്ചിട്ടില്ല. അവന്‍റെ പുറകെ നടക്കുന്നവരില്‍ ഒരാള്‍ മാത്രമാണ് നീ. മുമ്പേ പോകുന്നവനോടു ചേര്‍ന്നു നടക്കാന്‍ നിനക്ക് കൊതിയൊന്നുമില്ല. നിന്നോടുള്ള സ്നേഹത്തെപ്രതി അവന് വളരെയേറെ സഹിക്കേണ്ടി വന്നു. നിനക്കുവേണ്ടി വഴിയൊരുക്കാന്‍ നിന്‍റെ മുമ്പോട്ടുള്ള യാത്രയില്‍ തടസ്സങ്ങള്‍ എടുത്തുമാറ്റാന്‍; അങ്ങകലെയുള്ള പവിത്രമായ പ്രകാശഭവനത്തിലേക്കുള്ള നിന്‍റെ യാത്ര സുഗമമാക്കാന്‍; അതിനുവേണ്ടിയാണ് നിന്‍റെ മുമ്പില്‍ നടന്ന് അവന്‍ നിന്നെ നയിച്ചത്. അതിന് അവന്‍ വലിയ വില കൊടുക്കേണ്ടി വന്നു. അവന്‍ നിനക്കു വേണ്ടി അടിയും തൊഴിയും അപമാനങ്ങളും നിശബ്ദനായി സഹിച്ചു. ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി, അര്‍ദ്ധപ്രാണനായി മാറിയതും അവന്‍ മരക്കുരിശിലേറി ബലിയായിത്തീര്‍ന്നതും നിനക്കുവേണ്ടിയാണ്. സ്വര്‍ഗ്ഗീയ പ്രഭാവത്തോടെ ഉയിര്‍ത്തെഴുന്നേറ്റതും നിനക്കുവേണ്ടിയാണ്. ഇനി പറയൂ, അവന്‍ നിന്നെ സ്നേഹിച്ചില്ലേ? പൂര്‍ണ്ണഹൃദയത്തോടെ ഇപ്പോഴും നിന്നെ സ്നേഹിക്കുന്നില്ലേ? പറയൂ, നിനക്കവനോട് സ്നേഹമാണോ….?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org