ഞാൻ യൂ​ദാസിന്റെയല്ല, പത്രോസിന്റെയും

ഞാൻ യൂ​ദാസിന്റെയല്ല, പത്രോസിന്റെയും

ബ്ര. ആന്‍റണി ആപ്പാടന്‍

ഏകാന്തത പലപ്പോഴും നാം എവിടെയാണെന്ന ആകുലത നമുക്ക് സമ്മാനിക്കാറുണ്ട്. അരിസ്റ്റോട്ടില്‍ പറയുന്ന പോലെ "It is during our darkest moments that we must focus to see the light." ഈ സമയം നമ്മുടെ പതിവുകള്‍ പലതിന്‍റെയും വേഗത കുറയും, ചിന്തകളുടെ ദിശയും മാറും.

ഇഷ്ടപ്പെട്ട് നാം തിരഞ്ഞെടുക്കുന്നതല്ല ഈ ഏകാന്തതയെങ്കിലും, നാം എവിടെയാണെന്ന ചോദ്യത്തിനുത്തരം തേടാന്‍ ഇത് നമ്മെ ബലപ്പെടുത്തും. ജീവിതത്തിലെ രസങ്ങള്‍ക്കു പിറകേ മാത്രം സഞ്ചരിക്കുന്നവര്‍ക്ക് ഒരുപക്ഷേ ഇത് അസ്വസ്ഥതയായേക്കാം, പക്ഷേ ജീവിതസാരം ദര്‍ശിക്കുന്നവര്‍ക്ക് ഈ ഏകാന്തതയ്ക്കുമപ്പുറം പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു വികാരമുണ്ട്, സന്തോഷത്തിന്‍റെ അനുഭൂതിയുണ്ട്.

സുവിശേഷത്തില്‍ ജീവിതരസങ്ങള്‍ക്കു പിറകേ പോകുന്നവര്‍ക്കും ജീവിതസാരം ദര്‍ശിക്കുന്നവര്‍ക്കും അനേകം പേരുകളുണ്ട്. ചിലര്‍ അവരെ യൂദാസ് എന്നും, പത്രോസ് എന്നും വിളിക്കും. രസങ്ങള്‍ക്കു പിറകേ മാത്രം സഞ്ചരിക്കുന്നവരില്‍ നിഴലിക്കുന്നത് യൂദാസിന്‍റെ മുഖമാണ്. സാരം ദര്‍ശിക്കുന്നവരിലോ പത്രോസിന്‍റേതും. ഇരുവരും ക്രിസ്തു ശിഷ്യരായിരുന്നു, അതുമാത്രമാണ് അവര്‍ക്കുള്ള സാമ്യം. അവരെ വ്യത്യസ്തരാക്കുന്നതോ ഏകാന്തതയിലെ അവരുടെ തിരിച്ചറിവുകളും.

ഏകാന്തതയിലൂടെ മരണത്തിലേക്ക് വലിച്ചെറിയപ്പെട്ടവര്‍
വെള്ളി നാണയങ്ങള്‍ ദേവാലയത്തിലേക്ക് വലിച്ചെറിഞ്ഞിട്ട് അവന്‍ കെട്ടി ഞാന്നു ചത്തു (മത്താ 27:5). കൈവെള്ളയിലെ പണക്കിഴിയുടെ വലിപ്പത്തില്‍ മാത്രം രസം കണ്ടെത്തിയ യൂദാസിന് തന്‍റെ ജീവിതം കൈവിട്ടു പോകുന്നത് തിരിച്ചറിയാന്‍ കഴിയാതെ പോയി. വി. മത്തായി സുവിശേഷകന്‍ പറയുന്നത് യൂദാസ് പശ്ചാത്തപിച്ചു എന്നാണ് (മത്തായി 27:3).

പക്ഷേ അവന്‍റെ ഏകാന്തത അവനെ വിഴുങ്ങി കളഞ്ഞു. അവന്‍ യേശുവിന്‍റെ മുഖം ദര്‍ശിക്കുന്നതില്‍ പരാജിതനായി. അങ്ങനെ അവന്‍റെ പശ്ചാത്താപം അപൂര്‍ണ്ണവുമായി. അതാണ് അവന്‍റെ വീഴ്ച്ചയുടെ കാരണവും. വെള്ളിനാണയങ്ങള്‍ വലിച്ചെറിഞ്ഞിട്ട് യൂദാസ് ഏകാന്തതയിലൂടെ നടന്നടുത്തത് ജീവനില്‍ നിന്ന് മരണത്തിലേക്കായിരുന്നു. ഇതിനു സമാനമായ യാത്ര നടത്തുന്ന നിയമഞ്ജരേയും ഫരിസേയരെയും യോഹന്നാന്‍റെ സുവിശേഷം നമുക്ക് പരിചയപ്പെടുത്തുന്നുണ്ട്. നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ഇവളെ കല്ലെറിയട്ടെ. എന്നാല്‍ ഇതുകേട്ടപ്പോള്‍ മുതിര്‍ന്നവര്‍ തുടങ്ങി ഓരോരുത്തരായി സ്ഥലം വി ട്ടു (യോഹ. 8:7-9). യോഹന്നാന്‍റെ സുവിശേഷം പറയാതെ പറഞ്ഞുവയ്ക്കുന്ന ഒരു വലിച്ചെറിയല്‍ ഇവിടെയും ഉണ്ട്, വലിച്ചെറിയപ്പെട്ട കല്ലുകള്‍. ഗുരുവിന്‍റെ ജീവന്‍ 30 വെള്ളിത്തുട്ടുകള്‍ക്ക് മോഷ്ടിച്ച യൂദാസിന് തുല്യരാണ്, പാപത്തില്‍ പിടിക്കപ്പെട്ടവളുടെ ജീവനു നേരെ കല്ലോങ്ങിയ നിയമഞ്ജരും ഫരിസേയരും. ഈ കൂട്ടരും തങ്ങള്‍ക്കു പറ്റിയ തെറ്റ് തിരിച്ചറിഞ്ഞ് പശ്ചാത്തപിച്ചു. പക്ഷേ അത് അപൂര്‍ണ്ണമായിരുന്നു. അവരും ഏകാന്തതയിലൂടെ ജീവനില്‍നിന്ന് മരണത്തിലേക്ക് നടന്നു നീങ്ങി.

ഏകാന്തതയിലൂടെ ജീവനിലേക്ക് എടുത്തുയര്‍ത്തപ്പെട്ടവര്‍…
അവന്‍ പുറത്തുപോയി ഹൃദയം നൊന്തു കരഞ്ഞു (മത്താ. 26:27). മൂന്നു തവണ തള്ളിപ്പറഞ്ഞെങ്കിലും പത്രോസും പശ്ചാത്തപിച്ചുവെന്നു സമാന്തര സുവിശേഷങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. പത്രോസ് തന്‍റെ തെറ്റ് മനസ്സിലാക്കിയതിലോ പശ്ചാത്തപിച്ചതിലോ അല്ല വിജയിച്ചത്. അങ്ങനെയെങ്കില്‍ യൂദാസിന്‍റേതും വിജയമായിരുന്നു. ക്രിസ്തു എന്നെ കാണുന്നുണ്ട് എന്ന തിരിച്ചറിവില്‍ അവന്‍ തന്നെത്തന്നെ ക്രിസ്തുവിന്‍റെ നോട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. ഒരുപക്ഷേ തന്നെത്തന്നെ ക്രിസ്തുവിന്‍റെ നോട്ടത്തിലേക്ക് വലിച്ചെറിഞ്ഞിട്ട് പത്രോസ് നടന്നടുത്തത് ഏകാന്തതയിലൂടെ ജീവനിലേക്കായിരുന്നു.

യേശുവിന്‍റെ ഒരു നോട്ടം കൊണ്ട് തന്‍റെ ഉള്ളിലെ പശ്ചാത്താപത്തിന്‍റെ നെരിപ്പോട് ആളികത്തിക്കാന്‍ പത്രോസിനു കഴിഞ്ഞു. അവന്‍ പുറത്തുപോയി ഹൃദയംനൊന്തു കരഞ്ഞു. യേശുവെന്നെ കാണുന്നുണ്ട് എന്ന തിരിച്ചറിവ് അവനെ തന്‍റെ ഏകാന്തതയെ അതിജീവിക്കാന്‍ സഹായിച്ചു.

സമാനതകളുള്ള ഒരു വ്യക്തിത്വം യോഹന്നാന്‍റെ സുവിശേഷത്തിലെ പാപത്തില്‍ പിടിക്കപ്പെട്ട സ്ത്രീയുടെതാണ്. പാപം ചെയ്തെങ്കിലും പശ്ചാത്താപത്തിന്‍റെ ഒരു നെരിപ്പോട് ഉള്ളില്‍ വച്ച ആ സ്ത്രീയും യേശുവിന്‍റെ മുന്‍പിലായിരിക്കാന്‍ മനസു കാട്ടി. ഈ നിയമജ്ഞരെയും ഫരിസേയരെയും പോലെ ഉടനെ തന്നെ തന്‍റെ തെറ്റുകളുടെ ഏകാന്തതയിലേക്ക് അവള്‍ക്കും തിരികെ പോകാമായിരു ന്നു. പക്ഷേ യേശു എന്നെ കാണുന്നുണ്ടെന്ന തിരിച്ചറിവ് പത്രോസിനെപ്പോലെ അവളെയും യേശുവിന്‍റെ മുമ്പില്‍ പിടിച്ചുനിര്‍ത്തി.

ഞാന്‍ വലിച്ചെറിയപ്പെടേണ്ടത്
പത്രോസിനെപ്പോലെ, പാപത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെപ്പോലെ ഹൃദയം നൊന്തു കരയുവാന്‍ യഥാര്‍ത്ഥ പശ്ചാത്താപം വഴിതെളിക്കും. പശ്ചാത്താപം പൂര്‍ണ്ണമാകണമെങ്കില്‍ അത് ദൈവസന്നിധിയില്‍ ആയിരിക്കണം. ദൈവസന്നിധിയില്‍ വന്നു നില്‍ക്കാന്‍ എന്നെ തടസ്സപ്പെടുത്തുന്നത് എന്‍റെ ഏകാന്തതയായിരിക്കാം. അവിടെയെല്ലാം ദൈവം എന്നെ കാണുന്നുണ്ട്, എന്‍റെ കൂടെയുണ്ട് എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. ഞാന്‍ എറിയപ്പെടേണ്ടത് ഈ ഏകാന്തതയില്‍നിന്ന് ദൈവത്തിന്‍റെ കരങ്ങളിലേക്കാണ്. അതിനുള്ള യഥാര്‍ത്ഥ മാര്‍ഗ്ഗം അനുരഞ്ജന കൂദാശയാണ്. എന്‍റെ വിഴു പ്പുകളലക്കുന്ന ഒരു തടിയല്ല കുമ്പസാരക്കൂട്, മറിച്ച് ഞാന്‍ എവിടെയാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന, ഞാന്‍ ആരാണെന്ന് കാണിച്ചുതരുന്ന കണ്ണാടിയാണ്. പാപത്തെക്കുറിച്ചുള്ള ബോധത്തിലേക്ക് ഞാന്‍ ഉണരുമ്പോള്‍ ക്രിസ്തുവില്‍നിന്ന് എത്രമാത്രം അകലെയാണ് ഞാന്‍ എന്നു കൂടിയുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണത്. എന്‍റെ ഏകാന്തത ഞാന്‍ എവിടെയാണെന്ന തിരിച്ചറിവ് എനിക്കു സമ്മാനിക്കുമ്പോള്‍ അത് പശ്ചാത്താപത്തിലേക്ക് വഴി തുറക്കും. എന്‍റെ കഴിവുകളോടും, കുറവുകളോടും കൂടെ ഞാന്‍ ദൈവ സന്നിധിയില്‍ സ്വീകരിക്കപ്പെടും. ഞാനും ദൈവവുമായുള്ള ഈ അനുരഞ്ജനം സാധ്യമാക്കുന്ന വിശുദ്ധമായ കവാടമാണ് അത്.

അനുരഞ്ജനം പൂര്‍ണ്ണമാക്കുന്നത് മനം നുറുങ്ങിയ കരച്ചിലുകളാണ്. കരുണാമയനായ ദൈവത്തിന്‍റെ നോട്ടത്തിനു നേരെ എനിക്ക് മുഖം കൊടുക്കാന്‍ അത് അനിവാര്യമാണ്. ഈ അനുരഞ്ജനത്തിന് ഒന്നും തടസ്സമാകരുത്. ഏകാന്തതയെ അതിജീവിക്കുന്ന ആഴമേറിയ പശ്ചാത്താപത്തില്‍ നിന്ന് നമ്മെത്തന്നെ വലിച്ചെറിയുന്നതിനായിത്തീരട്ടെ ഓരോ അനുരഞ്ജനവും. ഓര്‍ക്കുക, തെറ്റുകള്‍ മാനുഷികമാണ്, അത് അംഗീകരിക്കുവാന്‍ ഏകാന്തതയിലും കാരുണ്യവാനായ ദൈവവുമായി രമ്യപ്പെടുവാന്‍ നമ്മെത്തന്നെ ദൈവസന്നിധിയിലേക്ക് നമുക്ക് വലിച്ചെറിയാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org