Latest News
|^| Home -> Suppliments -> CATplus -> ജ്ഞാനത്തിലും പ്രായത്തിലും

ജ്ഞാനത്തിലും പ്രായത്തിലും

Sathyadeepam

അപകടങ്ങള്‍ അനവധി പതിയിരിപ്പുണ്ട്, വിദ്യാലയങ്ങളിലും അവയുടെ പരിസരങ്ങളിലും. രാഷ്ട്രീയത്തിന്‍റെ അതിപ്രസരം, മയക്കുമരുന്നുകള്‍, മദ്യപാനം, പുകവലി, അശ്ലീലസാഹിത്യം, ചീത്ത സിനിമകള്‍… ഇങ്ങനെ പലതും നമ്മെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്.

കൃഷിക്കാരന്‍ നല്ല വിത്ത് വിതച്ചിട്ട്പോയി. എന്നാല്‍ ആളുകള്‍ ഉറക്കമായപ്പോള്‍ ശത്രു വന്നു ഗോതമ്പിനിടയില്‍ കള വിതച്ചിട്ടു കടന്നുകളഞ്ഞു. ചെടികള്‍ വളര്‍ന്നു കതിരായപ്പോള്‍ കളകളും പ്രത്യക്ഷപ്പെട്ടു. രണ്ടും ഒന്നിച്ചു വളര്‍ന്നു. വേലക്കാര്‍ ചെന്നു വീട്ടുടമസ്ഥനോടു ചോദിച്ചു: “യജമാനനേ, അങ്ങ് വയലില്‍ നല്ല വിത്തല്ലേ വിതച്ചത്? പിന്നെ കളകളുണ്ടായത് എവിടെനിന്ന്?” അയാള്‍ പറഞ്ഞു: “ശത്രുവാണ് ഇതു ചെയ്തത്.” വേലക്കാര്‍ പറഞ്ഞു: “ഞങ്ങള്‍ കളകള്‍ പറിച്ചുകളയട്ടെയോ?” കൃഷിക്കാരന്‍ പറഞ്ഞു: “വേണ്ട, രണ്ടും ഒന്നിച്ചു വളരട്ടെ. കൊയ്ത്തുകാലമാകുമ്പോള്‍ കളകള്‍ ആദ്യം ശേഖരിച്ചു തീയില്‍ ചുട്ടുകളയാം. ഗോതമ്പ് ധാന്യപ്പുരയില്‍ സംഭരിക്കുകയും ചെയ്യാം” (മത്താ. 13:24-30).

സ്കൂള്‍ വളപ്പില്‍ മയക്കുമരുന്നുകളും അശ്ലീലവും കൂട്ടിക്കൊണ്ടുവരുന്ന ശത്രു പിശാചാണ്. പിശാച് തന്‍റെ പ്രവര്‍ത്തനങ്ങളില്‍നിന്നു വിരമിക്കുമെന്നു പ്രതീക്ഷിക്കേണ്ടതില്ല. ഉപമയിലെ കൃഷിക്കാരന്‍ ഭയപ്പെടുന്നതായി പറയുന്നില്ല. വിത്ത് മുളയ്ക്കും, വളരും, ശക്തിപ്രാപിക്കും, കളയെ അടിപ്പെടുത്തും, നല്ല ഫലം പുറപ്പെടുവിക്കും എന്ന ശുഭാപ്തിവിശ്വാസമാണ് അദ്ദേഹത്തിനുള്ളത്. ഒരുപക്ഷേ, കളകള്‍ നല്ല തൈകള്‍ക്കു വളര്‍ന്നുയരാനുള്ള മാത്സര്യബുദ്ധി നല്കുന്നുണ്ടാവണം. മരങ്ങള്‍ അടുത്തടുത്ത് നില്ക്കുമ്പോള്‍ സൂര്യപ്രകാശത്തിനായി മത്സരിച്ചു ദ്രുതഗതിയില്‍ വളര്‍ന്നുയരുന്നതു നമ്മള്‍ കണ്ടിട്ടുണ്ടല്ലോ.

നല്ല വിത്തുകളാണു നാം. വളരണം, പൈശാചികശക്തികളെ നേരിടണം, തകര്‍ക്കണം, ഫലം പുറപ്പെടുവിക്കണം. ചുറ്റും കാണുന്ന തിന്മകളെ വെല്ലുവിളിച്ച് അവയെ കീഴടക്കണം. യേശുവിന്‍റെ വളര്‍ച്ചയെക്കുറിച്ചുള്ള വാക്യത്തിലേക്കു നമുക്ക് ഒന്നുകൂടെ ശ്രദ്ധ തിരിക്കാം. “അവന്‍ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു” (ലൂക്കാ 2: 52).

ചിലര്‍ പ്രായത്തില്‍ മാത്രം വളരുന്നു. ജ്ഞാനത്തില്‍ വളര്‍ച്ച ഒട്ടും ലഭിക്കുന്നില്ല. മറ്റു ചിലര്‍ പ്രായത്തില്‍ മാത്രമല്ല, ജ്ഞാനത്തിലും വളരുന്നു. യേശു വളര്‍ന്നതു പ്രായത്തിലും ജ്ഞാനത്തിലും മാത്രമല്ല, ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയിലുമത്രേ.

ദൈവത്തിലേക്കു നയിക്കാത്ത വിദ്യാഭ്യാസമെന്നതു ലക്ഷ്യമില്ലാതെ യാത്ര ചെയ്യുന്നതുപോലെയാണ്.

സമര്‍ത്ഥരായ രണ്ടു വിദ്യാര്‍ത്ഥികള്‍ പഠിച്ചു ഡോക്ടേഴ്സായി. ഒരാള്‍ മതബോധനം ഒന്നും കൂടാതെ ജ്ഞാനത്തില്‍ മാത്രമായിരുന്നു വളര്‍ന്നത്. രണ്ടാമന്‍ മതബോധനത്തിലൂടെ ദൈവത്തിന്‍റെ പ്രീതിയിലും വളര്‍ന്നിരുന്നു. ഒന്നാമന്‍ തന്‍റെ കഴിവിനെ ധനസമ്പാദനത്തിനായി വിനിയോഗിച്ചു. ധാരാളം ഗര്‍ഭച്ഛിദ്ര ശസ്ത്രക്രിയകള്‍ നടത്തി. വലിയ ധനികനായിത്തീര്‍ന്നു. ജീവനെ രക്ഷിക്കാനായി ഡോക്ടറായവന്‍ കുഞ്ഞുങ്ങളെ കൊന്നു ധനികനായി! രണ്ടാമന്‍ പാവങ്ങളുടെ ഇടയില്‍ ജോലി ചെയ്തു. ധനമധികം നേടിയില്ല. പക്ഷേ ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതി അയാള്‍ക്കു ലഭിച്ചു. ഇതില്‍ ഏതാണു നമുക്ക് ഉചിതം?

Leave a Comment

*
*