നോമ്പാചരണം – വിവിധ നോമ്പുകൾ

നോമ്പാചരണം – വിവിധ നോമ്പുകൾ

കത്തോലിക്കാ തിരുസഭയില്‍ പ്രാരംഭകാലം മുതല്‍ പലതരം നോമ്പാചരണങ്ങള്‍ നിലനിന്നിരുന്നു. സുഖ ഭോഗങ്ങള്‍ വെടിഞ്ഞും, ഭക്ഷണ പാനീയങ്ങളില്‍ നിയന്ത്രണം വരുത്തിയും (പ്രത്യേകിച്ച് ജഡികാസക്തി വര്‍ദ്ധിപ്പിക്കുന്ന മത്സ്യമാംസങ്ങളും ലഹരി പദാര്‍ത്ഥങ്ങളും ഉപേക്ഷിച്ചും) നോമ്പുദിനങ്ങള്‍ ഭക്തിപൂര്‍വ്വം ആചരിക്കുന്നു. ഇപ്പോള്‍ നിലവിലുള്ള ചില നോമ്പാചരണങ്ങള്‍.

മൂന്നുനോമ്പ്
പാപപങ്കിലമായ ജീവിതം നയിച്ചിരുന്ന നിനിവേ നിവാസികളുടെ മാനസാന്തരത്തിനുവേണ്ടി തപശ്ചര്യകള്‍ പ്രസംഗിക്കുന്നതിനായി ദൈവം യോനാ ദീര്‍ഘദര്‍ശിയെ നിയോഗിച്ചു. യാത്രാമദ്ധ്യ കൊടുങ്കാറ്റുണ്ടായപ്പോള്‍ കപ്പലില്‍ നിന്നു കടലിലേക്കെറിയപ്പെട്ട യോനായെ ഒരു വലിയ തിമിംഗലം വിഴുങ്ങി. യോനാ മൂന്ന് രാവും മൂന്ന് പകലും തിമിംഗലത്തിന്‍റെ ഉദരത്തിലായിരുന്നതിനെ അനുസ്മരിച്ചാണ് മൂന്നു നോമ്പ് ആരംഭിച്ചത് (യോനാ 2).

നോമ്പിന്‍റെ ഒന്നാം ഞായറില്‍ നിന്ന് പിന്നോട്ടെണ്ണി പ്രത്യക്ഷ വല്‍ക്കരണകാലത്തിലെ മൂന്നാമത്തെ ആഴ്ചയിലെ തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ മൂന്ന് നോമ്പ് ആചരിക്കുന്നു. ഇങ്ങനെ തിട്ടപ്പെടുത്തുന്നതുകൊണ്ട് ഇതിനെ 'പതിനെട്ടാമിട നോമ്പ്' എന്നും വിളിക്കുന്നു.

ആറുനോമ്പ്
ആഗസ്റ്റ് 6-ാം തീയതി ആചരിക്കുന്ന നമ്മുടെ കര്‍ത്താവിന്‍റെ രൂപാന്തരീകരണ തിരുനാളിനൊരുക്കമായി ആഗസ്റ്റ് 1 മുതല്‍ 6 വരെ ആചരിക്കുന്നു. (മത്താ. 17:1, മര്‍ക്കോ. 9:2)

എട്ടുനോമ്പ്
പരിശുദ്ധ കന്യാമറിയത്തിന്‍റെ പിറവിത്തിരുനാളിന് (സെപ്തം. 8) ഒരുക്കമായി ആചരിക്കുന്നു. സ്ത്രീകള്‍ സന്താനലബ്ധിക്കും, സ്ത്രീസഹജമായ രോഗങ്ങളില്‍നിന്നു മോചനം ലഭിക്കുന്നതിനും വേണ്ടി ആചരിച്ചുവരുന്നു. ഈ നോമ്പാചരണം മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ പള്ളിയോടനുബന്ധിച്ചുള്ള ഒരു പ്രത്യേക മോണ്ടളത്തില്‍ താമസിച്ചാചരിച്ചിരുന്നു. പിന്നീട് ആ രീതി നിര്‍ത്തലാക്കി.

പതിനഞ്ചുനോമ്പ്
ആഗസ്റ്റ് 15-ാം തീയതി മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണ തിരുനാളിനൊരുക്കമായി ആഗസ്റ്റ് 1 മുതല്‍ 15 വരെ ആചരിച്ചുപോരുന്നു.

ഇരുപത്തിയഞ്ച് നോമ്പ്
നമ്മുടെ കര്‍ത്താവിന്‍റെ പിറവിത്തിരുനാളിന് (ഡിസംബര്‍ 25) ഒരുക്കമായി ഡിസംബര്‍ 1 മുതല്‍ 25 വരെ ആചരിച്ചു പോരുന്നു.

അമ്പതുനോമ്പ്
നമ്മുടെ കര്‍ത്താവിന്‍റെ പീഡാനുഭവവും കുരിശുമരണവും ഉയിര്‍പ്പും ആചരിക്കുന്ന വലിയ ആഴ്ച ഉള്‍പ്പെടെയുള്ള 50 ദിവസങ്ങളില്‍ ഏഴ് ആഴ്ചകള്‍ ആചരിക്കുന്നു. ഈ നോമ്പിന്‍റെ ആരംഭത്തിലെ 1-ാം ഞായറാഴ്ചയുടെ പാതിരാത്രി മുതലാണ് നോമ്പ് ആരംഭിക്കുന്നത്. പിറ്റേ ദിവസം തിങ്കളാഴ്ച പൗരസ്ത്യ സഭയില്‍ പരമ്പരാഗതമായി 'വിഭൂതി' (കുരിശുവര) തിരുനാളും ആചരിക്കുന്നു. (മത്താ. 4:2, മര്‍ ക്കോ. 1:2) എന്നാല്‍ പാശ്ചാത്യ സഭയില്‍ വിഭുതി ബുധനാഴ്ചയാണ് നോമ്പാരംഭം.

പാതിനോമ്പ്
വലിയനോമ്പിന്‍റെ മധ്യഘട്ടത്തില്‍ ചില പ്രാദേശിക സഭകളില്‍ പാതിനോമ്പ് ആചരിച്ചു വരുന്നു. നോമ്പിന്‍റെ ചൈതന്യം തളരാതെ പുനരുജ്ജീവിപ്പിക്കുവാനാണിത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org